ഹണിമൂൺ യാത്രയായതുകൊണ്ട് നല്ല റൊമാന്റിക് സ്ഥലങ്ങൾ നോക്കി നടന്നു അവസാനമാണ് ഉദൈപൂർ തിരഞ്ഞെടുത്തത്. ഇൻസ്റ്റാഗ്രാമിൽ ഉദൈപൂർ എന്ന ഹാഷ്ടാഗിൽ കണ്ട ചിത്രങ്ങളൊക്കയും ഞങ്ങളുടെ തീരുമാനം ശരിവെച്ചു. അങ്ങനെ കണ്ടതും വായിച്ചറിഞ്ഞതുമായിട്ടുള്ള ഉദൈപൂരിന്റെ ചിത്രം ഹംപിപോലെ ഒരു ശാന്തസുന്ദരമായ പൗരാണിക നഗരം എന്നായിരുന്നു. പക്ഷെ വന്നിറങ്ങിയപ്പോഴേ ആ ധാരണ പൊളിച്ചെഴുതേണ്ടി വന്നു. വളരെ തിരക്കുപിടിച്ചൊരു നഗരമാണിത്. എവിടെയും ഒച്ചയും ബഹളവും, റോഡ് നിറയെ വണ്ടികളും യാതൊരു വിധ മര്യാദയുമില്ലാതെ വണ്ടിയോടിക്കുന്ന കുറെപേരും, അങ്ങനെ ഓരോനിമിഷവും നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന നഗരം. വളരെയധികം സഞ്ചാര പ്രാധാന്യമുള്ള സ്ഥലമായിട്ടുപോലും നല്ല വഴികളില്ല, ഉള്ള വഴിക്ക് വീതിയില്ല, വൃത്തിയില്ല, നല്ല പാർക്കിങ്ങില്ല . കാർ എടുത്തു കറങ്ങാൻ ഇറങ്ങുന്നവർക്ക് ഒരുദിവസം റോഡിൽ തന്നെ കിടക്കാം. അതുകൊണ്ട് ഓരോ സ്ഥലങ്ങളിലും ചെന്നെത്തുന്നത് വളരെയധികം കഷ്ടം പിടിച്ച പരിപാടിയാണ്.
ഉദൈപൂരിൽ ആദ്യം തന്നെ ഞങ്ങൾ കാണാൻ പോയത് സിറ്റി പാലസാണ്. താമസിച്ച ഉദയ ഹവേലിക്ക് സമീപമാണ് സിറ്റി പാലസ്. നടക്കാനുള്ള ദൂരം മാത്രം. കൊട്ടാരത്തിന്റെ മുൻപിലുള്ള ദാബയിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ആൾക്കൊന്നിനു മുന്നൂറുരൂപ ടിക്കറ്റുമെടുത്ത് ഒൻപതുമണിക്കുതന്നെ കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി. ചരിത്രങ്ങളൊക്കെ നന്നായി കേട്ടു മനസിലാക്കാൻ മുന്നൂറു രൂപക്ക് ഒരു ഗൈഡിനെയും കൂടെ കൂട്ടി. മഹാറാണ ഉദയാ സിംഗ് രണ്ടാമനാണ് 1559ൽ കൊട്ടാരത്തിന്റെ പണി തുടങ്ങിവെച്ചത്. പിന്നീട് നാന്നൂറുകൊല്ലത്തോളമെടുത്തു ഇന്നത്തെ ഈ നിലയിലുള്ള കൊട്ടാരമായി പണിതുയർത്താൻ. ഇതു ശെരിക്കും ഒരു കൊട്ടാരമല്ല. പത്തു പതിനൊന്നു കൊട്ടാരം കൂടുന്ന ഒരു കൊട്ടാരസമുച്ചയമാണ്. അതിൽ സിറ്റി പാലസ് മാത്രമാണ് പൊതുജനത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. മറ്റുകൊട്ടാരങ്ങളിൽ ഇപ്പോഴും രാജകുടുംബത്തിൽ പെട്ടവർ താമസിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കൊട്ടാരസമുച്ചയമാണിത്. അതുപോലെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊട്ടാരമാണ് സിറ്റി പാലസ്. ആദ്യത്തേത് മൈസൂർ കൊട്ടാരമാണ്. മുഗൾ ആക്രമണ ഭീഷണിയെ തുടർന്ന് ചിറ്റോർഘട്ടിനു പകരം തലസ്ഥാന നഗരിയായി പണിതുയർത്തിയതാണ് ഉദൈപൂർ. അതിനുപിന്നിൽ ഒരു കഥ പറയുന്നുണ്ട്. ഒരിക്കൽ ഉദയ രാജാവ് നായാട്ടിനു പോയപ്പോൾ കാട്ടിൽവെച്ചു ഒരു മുനിവര്യനെ പരിചയപെട്ടു. രാജ്യം ഏതു നിമിഷവും മുഗളൻമാർ ആക്രമിച്ചേക്കാം. ചിറ്റോർഘട്ട് സുരക്ഷിതമായ സ്ഥലമല്ല. എത്രയുംപെട്ടന്ന് തന്നെ പുതിയ ഒരു തലസ്ഥാന നഗരി പണിതുയർത്തിയില്ലെങ്കിൽ രാജ്യവും രാജകുടുംബങ്ങളും അപകടത്തിലാകുമെന്ന് മുനി രാജാവിന് മുന്നറിയിപ്പ് നൽകി. അങ്ങനെയാണ് പിച്ചോള തടാകത്തിന്റെ തീരത്തു കൊട്ടാരം പണിതതും, പിന്നീട് മേവാർ ഭരണത്തിന്റെ തലസ്ഥാനമായി ഉദൈപൂർ അവരോധിക്കപ്പെട്ടതും.
ഒന്നരകിലോമീറ്റർ നീളവും, എണ്ണൂറു മീറ്റർ വീതിയും, മുപ്പത് മീറ്റർ ഉയരവും ഇവിടുത്തെ കൊട്ടാരത്തിനു പറയുന്നുണ്ട്. മഹാറാണ പ്രതാപിന്റെ പന്ത്രണ്ടു വയസു വരെ അദ്ദേഹം ഇവിടെയാണ് ചിലവഴിച്ചത്. അദ്ദേഹത്തിന്റെ പടച്ചട്ടയും, ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നത് കാണാം. അതുമാത്രമല്ല ഉദൈപൂർ ഭരിച്ച എല്ലാ രാജക്കന്മാരുടെയും എണ്ണഛായാ ചിത്രങ്ങൾ, അവർ യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന രഥം, രാജ്ഞിമാരുടെ പല്ലക്, ഇവരെല്ലാം ഉപയോഗിച്ചിരുന്ന സ്വർണ്ണവും വെള്ളിയുംകൊണ്ട് നെയ്ത പട്ടുവസ്ത്രങ്ങൾ, പിന്നെ രാജസദസ്സ്, പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുന്ന സ്ഥലം, രാജകുടുംബത്തിലെ വിവാഹ ചടങ്ങുകൾ നടത്തുന്ന സ്ഥലം, പിന്നെ കൊട്ടാരത്തിന്റെ മട്ടുപാവിൽ വിശേഷദിവസങ്ങളിൽ രാജ്ഞി വന്നിരിക്കുന്ന സ്ഥലം. ഹോളി ആഘോഷിക്കുന്ന സ്ഥലം, കൊട്ടാരത്തിനുള്ളിലെ കലാവിരുന്ന് നടത്തുന്ന സ്ഥലം. പിന്നെ ബെൽജിയത്തിൽ നിന്നു പണ്ടുകാലത് ഇറക്കുമതി ചെയ്ത വർണ്ണ കണ്ണാടിയിൽ നിർമ്മിച്ചിരിക്കുന്ന ചുവരുകളും, ജനാലകളും. പിന്നെ കൊട്ടാരത്തിനുള്ളിലെ ക്ഷേത്രത്തിലേക്ക് നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ അങ്ങനെ ഒരുപാടു കാഴ്ചകൾ കാണാനുണ്ട് ഈ കൊട്ടാരത്തിൽ. ഇവിടം കാണാൻ വരുന്നവർ ഗൈഡിനെ കൂടെ കൂട്ടുന്നത് നന്നായിരിക്കും. കാരണം,
- നമ്മൾ കാണുന്ന ഓരോന്നിന്റെയും ചരിത്രം കേൾക്കുമ്പോൾ അല്ലെങ്കിൽ ചരിത്രം അറിഞ്ഞു യാത്രചെയ്യുമ്പോൾ നമ്മൾക്കൊരു പ്രത്യേക അനുഭൂതി ലഭിക്കും.
- പണ്ടത്തെകാലത്തെ രാജാക്കന്മാരുടെയും രാജ്ഞികളുടെയും ജീവിതചര്യ ഒക്കെ അറിയുവാൻ സാധിക്കും, കേൾക്കുമ്പോൾ അസൂയ തോന്നും. അവർക്കൊക്കെ എന്തു സുഖമായിരുന്നു.
- ചെറിയതും, ചുറ്റിപിണഞ്ഞു കിടക്കുന്നതുമായ ഇടനാഴികളാണ് ഇവിടെയുള്ളത്. ഒറ്റക്ക് ഉള്ളിലേക്ക് കയറിയാൽ വഴിതെറ്റാനും, പലതും കാണാതെ പോവാനും സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇതൊക്കെ പറഞ്ഞു തരാനും വഴികാണിക്കാനും ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് നല്ലതാണ്.
1960ലാണ് കൊട്ടാരത്തിന്റെ വസ്തുക്കൾ ഏകദേശം അൻപതു ശതമാനത്തോളം അവരുടെ തന്നെ മേൽനോട്ടത്തിൽ പൊതുജനത്തിനായി തുറന്നുകൊടുത്തത്. അന്ന് പിച്ചോള തടകത്തിന്റെ നടുവിലിരിക്കുന്ന കൊട്ടാരം താജ് ഹോട്ടലിന് കൈമാറിയിരുന്നു. അവിടെ താമസിക്കാൻ എത്രയാകും എന്നു വെറുമൊരു കൗതുകത്തിന്റെ പേരിൽ ഗൈഡിനോട് ചോദിച്ച ഞാൻ ഉത്തരം കേട്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി. ഇപ്പോഴത്തെ നിരക്ക് ഒരു രാത്രിക്ക് ഇരുപതിഏഴായിരം രൂപ. കോവിഡിന് മുൻപ് അത് എഴുപതിനായിരത്തിനു അടുത്തായിരുന്നത്രെ. പിന്നെ ഒരു രാത്രിക്ക് ആറ് ലക്ഷത്തോളം വരുന്ന റോയൽ സ്യൂട്ടുകളും അവിടുണ്ടത്രേ. ഇന്നലെ രാത്രി നടക്കാനിറങ്ങിയപ്പോൾ ഡിജി നടപ്പാലത്തിനു മുകളിൽ നിന്നു താജ് ഹോട്ടൽ കണ്ടിരുന്നു. ദീപാവലിക്ക് ചാർത്തിയ ചമയങ്ങൾ അഴിച്ചുവെക്കാതെ സുന്ദരിയായി ഉദൈപൂർ രാത്രി തിളങ്ങി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ഏകദേശം പതിനൊന്നരയോടെ പുറത്തിറങ്ങിയ ഞങ്ങൾ കൊട്ടാരത്തിന്റെ മുന്നിൽ രാജസ്ഥാനി വേഷം ധരിച്ചു ചിത്രം എടുത്തു തരുന്ന ഫോട്ടോഗ്രാഫറിന്റെ അടുത്തെത്തി. ഒരു ചിത്രത്തിന് മുന്നൂറു രൂപ. നമ്മുടെ മൊബൈലിൽ ചിത്രങ്ങൾ എടുക്കാൻ സമ്മതിക്കുകയുമില്ല. എങ്കിലും പുള്ളിയുടെ കണ്ണുവെട്ടിച്ചു ഞാൻ കുറച്ചു സെൽഫി എടുത്തു. നമ്മളോടാ കളി. സംഭവം മുന്നൂറു രൂപ വൻ കത്തിയാണെങ്കിലും നാല് ചിത്രങ്ങൾ ഞങ്ങളും എടുത്തു.
കൊട്ടാരത്തിന്റെ മുൻപിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്. ഒന്ന് ഒരു കുഞ്ഞു കൃഷ്ണ ക്ഷേത്രവും, മറ്റൊന്ന് വിഷ്ണുവിനെ ആരാധിക്കുന്ന ജഗദീഷ് ക്ഷേത്രവും. കൊത്തുപണികൾ കൊണ്ട് ശ്രേഷ്ഠമാണ് ജഗദീഷ് ക്ഷേത്രം. കുറച്ചധികം ചിത്രങ്ങൾ എടുത്തു ഒരുമണിയോടെ അവിടെ നിന്ന് ഇറങ്ങി. ശേഷം സൂരജ് പൊളിലുള്ള ബൈക്ക് റെന്റൽ ഷോപ്പിലേക്ക് നടന്നു. കാരണം വെറുമൊരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് റിക്ഷക്കാരൻ നൂറു രൂപ ചോദിച്ചു. അങ്ങനെയങ്ങു കാശ് കൊടുത്തു അവരെ പ്രോത്സാഹിപ്പിക്കാൻ നിൽക്കണ്ട എന്ന് വെച്ചു ഞങ്ങൾ രണ്ടുപേരും നടക്കാൻ തീരുമാനിച്ചു. ഏതു നാട്ടിൽ പോയാലും ഓട്ടോക്കാർ നല്ല തേപ്പാണ്. ഇവിടെ ഈ നാട് ചുറ്റിക്കാണാൻ ഒരു ദിവസത്തേക്ക് മുന്നൂറു രൂപയ്ക്കു ആക്ടിവ കിട്ടും. ഇഷ്ടംപോലെ ബൈക്ക് റെന്റൽ ഷോപ്പുകളുമുണ്ട്. ആക്ടിവ മാത്രമല്ല അവൻജർ, ബുള്ളറ്റ്, പൾസർ അങ്ങനെ പല വണ്ടികളും കിട്ടും. കുറച്ചധികം ദൂരം യാത്ര ചെയ്യാനുള്ളതുകൊണ്ട് 1300രൂപ നിരക്കിൽ എൻഫീൽഡിന്റെ ഹിമാലയനാണു ഞാൻ എടുത്തത്. അതാവുമ്പോൾ ഇനി റോഡിനെപ്പറ്റി ചിന്തിക്കണ്ടല്ലോ. പിന്നെ പിറകിൽ ദിവ്യക്ക് ഇരിക്കാനും സുഖമാണ്.
അങ്ങനെ ഞങ്ങൾ വണ്ടിയുമെടുത്തു ദാൽ ബാട്ടി ചൂർമയും കഴിച്ചു നഗരം ചുറ്റിക്കാണാൻ ഇറങ്ങി. കുറച്ചു സമയം വഴി ഒന്നും നോക്കാതെ കാണുന്ന വഴികളിലൂടെ ഒക്കെ ഒന്ന് ഓടിച്ചു. ഇവിടെ ഇപ്പോൾ ഉച്ചക്ക് 23ഡിഗ്രി ചൂടാണുള്ളത്. അതുകൊണ്ട് എത്രവേണമെങ്കിലും മുഷിപ്പ് തോന്നാതെ വണ്ടിയോടിക്കാൻ സാധിക്കും. കുറച്ചു നേരത്തെ നഗര പ്രദക്ഷിണത്തിനു ശേഷം ഞങ്ങൾ ബാദി തലാബ് തടാകവും, അതിനോട് ചേർന്ന് കിടക്കുന്ന ബാഹുബലി കുന്നിന്റെ മുകളിൽ വരെ പോയി. അവിടുന്ന് ഫത്തെ സാഗർ തടാകത്തിലേക്കും പോയി. ഫത്തെ സാഗർ തടാകത്തിന്റെ ചുറ്റും നാലടി പൊക്കത്തിൽ വരമ്പ് കെട്ടിയിട്ടുണ്ട്. ആളുകൾ അതിന്റെ മേലെ കയറി അങ്ങോട്ടും ഇങ്ങോട്ടും ഇരുന്നു സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും ഒരു ആഗ്രഹം. അങ്ങനെ ആ വരമ്പിന്റെ മുകളിൽ വലിഞ്ഞു കയറി കുത്തിയിരുന്ന് കുറച്ചുനേരം ഞങ്ങളും കത്തിവെച്ചു. അവിടുന്ന് മഹാറാണാ പ്രതാപിന്റെയും, അദ്ദേഹത്തിന്റെ കുതിര ചേതക്കിന്റെയും വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാർക്കിലെക്കു പോയി. കൊറോണ കാരണം അത് അടച്ചിട്ടതുകൊണ്ട് നിരാശരായി തിരിച്ചു പോരേണ്ടി വന്നു. ഇനി എവിടേക്ക് പോവും എന്നാലോചിച്ചപ്പോഴാണ് രാവിലെ എടുത്ത കൊട്ടാരത്തിന്റെ ടിക്കറ്റ് കയ്യിൽ ഉള്ളത് ഓർത്തത്. അഞ്ചു മണി വരെ എപ്പോൾ വേണമെങ്കിലും ആ ടിക്കറ്റ് ഉപയോഗിച്ച് കയറാൻ സാധിക്കും. എന്നാൽ പിന്നെ അവിടെ പോയി കൊറച്ചു വീഡിയോസ് എടുക്കാൻ ഞങ്ങൾ ബൈക്കിൽ യാത്ര തുടർന്നു. അവിടെയെത്തിയപ്പോഴാണ് അറിയുന്നത് നാല് മണി കഴിഞ്ഞു കൊട്ടാരത്തിന്റെ ഉള്ളിലേക്ക് പ്രവേശനമില്ല. പക്ഷെ കൊട്ടാരത്തിന്റെ മുൻപിലുള്ള നമ്മുടെ അംബാനിയുടെ മകളുടെ കല്യാണ ചടങ്ങുകൾ നടത്തിയ ഉദ്യാനത്തിൽ അഞ്ചുവരെ ഇരിക്കാം. പിന്നെ കൊട്ടാരത്തിന്റെ വശത്തിലൂടെ പിച്ചോള തടാകത്തിന്റെ തീരത്തേക്ക് മുപ്പതു രൂപ ടിക്കറ്റ് എടുത്താൽ പോവാൻ സാധിക്കും. അവിടെ ബാക്കി കൊട്ടാരങ്ങൾ കാണാം. പിന്നെ ആയിരത്തഞ്ഞൂറു രണ്ടായിരം രൂപ ചിലവാക്കാൻ ഉണ്ടെങ്കിൽ ബോട്ടിങ് ചെയ്യാം. നാന്നൂറു രൂപക്ക് കൊട്ടാരത്തിന്റെ മറുകരയിൽ ബോട്ടിങ് സൗകര്യമുണ്ടെന്നു കേട്ടിരുന്നു. ബോട്ട് ചെയ്തു പൈസ കളയാൻ താല്പര്യമില്ലാത്തത്കൊണ്ട് ഞങ്ങൾ അഞ്ചു മണിക്ക് കൊട്ടാരത്തിന്റെ പുറത്തേക്കിറങ്ങി.
പിച്ചോള തടാകത്തിന്റെ തീരത്ത് ശാന്തമായി ഇരുന്നു സൂര്യസ്തമയം കാണാൻ ഒരു ആഗ്രഹം തോന്നി. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഗംഗോർ ഘട്ടിനെ പറ്റി അറിഞ്ഞത്. നേരെ അവിടെ എത്തി. കുറെ പ്രാവുകളുണ്ടിവിടെ. ആ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന കുറെ സാധു മനുഷ്യരെ കണ്ടു. അതുപോലെതെന്നെ പ്രാവുകളെ ഓടിച്ചുവിട്ടു രസിക്കുന്ന കുരുന്നു കുട്ടികളെയും കണ്ടു. ഇവിടുത്തെ ബെഞ്ചിൽ സൂര്യസ്തമയവും കണ്ടു വെറുതെ ഇരിക്കാൻ നല്ല രസം. നല്ല തണുപ്പുകൂടെ വന്നപ്പോൾ എനിക്ക് മനസിലായി പണ്ട് colonal James Todd എന്തുകൊണ്ടാണ് ഉദൈപൂരിനെ “most romantic spot on the continent of India” എന്നു വിശേഷിപ്പിച്ചതെന്ന്. മഞ്ഞ് കൊണ്ട് അവിടെയിരുന്നു സമയം പോയതറിഞ്ഞില്ല. ഇരുൾ വീണു നല്ല രീതിയിൽ തണുപ്പ് ഏശിതുടങ്ങിയപ്പോൾ ഞങ്ങൾ റൂമിലേക്ക് തിരിച്ചു. റൂമിലെത്തിയപ്പോൾ ദിവ്യക്ക് പനിച്ചു തുടങ്ങിയിരുന്നു. പനികൂടേണ്ടന്ന് കരുതി കയ്യിൽ കരുതിയിരുന്ന മരുന്നൊക്കെ കൊടുത്തു അവളെ ആശ്വസിപ്പിച്ചു. പനി കുറഞ്ഞില്ലെങ്കിൽ നാളത്തെ യാത്ര ഒഴിവാക്കാമെന്നു മനസ്സിൽ ഒറപ്പിച്ചു ഉദൈപൂർ ഭരിച്ചിരുന്ന രാജാവായി ഞാനും, രാജ്ഞിയായി ദിവ്യയെയും സങ്കൽപ്പിച്ചു ഉറങ്ങാൻ കിടന്നു.
തുടരും..
Credits : Bullet Suku
No Comments