“ജീവിതം നല്ല സുഹൃത്തുക്കൾക്കും സാഹസികതയ്ക്കുമായുള്ളതാണ്… അത്പോലെ യാത്രകൾ ജീവിതത്തിന് അർത്ഥം നൽകുന്ന ഉപാധിയുമാണ്… അവ നമ്മുടെ പ്രിയപ്പെട്ടതാകുമ്പോൾ… ജീവിതം കൂടുതൽ സമ്പന്നമാകും.. വ്യത്യസ്‌ത പാതകളുള്ള ഒരു യാത്രപോലെയാണ് ജീവിതവും… തിരഞ്ഞെടുക്കുന്നത് ഏത് പാതയാണോ അതാകും നമ്മുടെ വിധിയായി മാറുന്നത്…. അത് തന്നെ ലക്ഷ്യമായി മാറുന്നതുവരെ വരികളിലൂടെ യാത്ര ചെയ്യുംപോലെ വഴികളിലൂടെയും യാത്ര ചെയുക…”

PART – 4

മണാലി – ലഡാക്

കസോളിൽ നിന്നും ഞങ്ങൾ പോയത് ഹിമാചൽപ്രദേശിലെ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമായ സഞ്ചാരികളുടെ പറുദീസയെന്നറിയപെടുന്ന മണാലിയിലേക്കാണ്…ഹിമാചൽപ്രദേശിന്റെ വടക്ക് ഭാഗത്തുള്ള കുളു ജില്ലയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്…സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നിരവധി ആകർഷണങ്ങളാണ് മണാലി ഒരുക്കിയിട്ടുള്ളത്…മഞ്ഞുമൂടിയ മലനിരകൾക്കിടയിലെ പ്രകൃതിഭംഗി പൂർണമായും ആസ്വദിച്ച്കൊണ്ട് സാഹസിക വിനോദങ്ങളായ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, ഹൈക്കിംഗ്, സ്കീയിങ് തുടങ്ങിയ ഒട്ടനവധി വിനോദങ്ങൾ ഉള്ളതിനാൽ മണാലി സഞ്ചാരികളുടെ മാത്രമല്ല നവദമ്പതിമാരുടെയും ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്.

കാസോളിൽ നിന്നും മണാലിയിലേക്കുള്ള ദൂരം കുറവായിരുന്നെങ്കിലും ചുരങ്ങളും അപകടം പിടിച്ച വളവുകളും ട്രാൻസ്‌പോർട്ട് ബസുകളുടെ അമിത വേഗതയും ഒക്കെ കാരണം വളരെ സമയമെടുത്താണ് മുന്നോട്ട് പോകാനായത്.. കുളു താഴ്‌വരയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ക്ഷേത്രങ്ങളും, കുന്നുകളും, വനങ്ങളും,വിശാലമായ ആപ്പിൾ തോട്ടങ്ങളുമൊക്കെ പ്രത്യക്ഷമായിത്തുടങ്ങും… ലോവർ-ഗ്രേറ്റ് ഹിമാലയൻ പർവതനിരകൾക്കിടയിൽ ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന  കുളു  താഴ്‌വര ഡിയോഡാർ മരങ്ങളാൽ ചുറ്റപ്പെട്ടതാണ്… പാറക്കെട്ടുകൾക്കിടയിലെ പൈൻ മരങ്ങളും അവ മഞ്ഞുമൂടി നിൽക്കുന്നതും, നീല നിറത്തിൽ കാണപ്പെടുന്ന നദിയുടെയുടെ ഭംഗിയുമൊക്കെ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയുന്നവയല്ല..


പൈൻ മരക്കാടിനു ഉള്ളിലൂടെ ഞങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു ..മണാലി എത്താൻ വളരെ കുറച്ചു ദൂരം മാത്രമുള്ളപ്പോൾ മഴ പെയ്തു തുടങ്ങി…പൊതുവെ പൂജ്യത്തിൽ താഴെ തണുപ്പ് കാലാവസ്ഥയുള്ള മണാലിയിൽ മഴ പെയ്യുന്നതോടെ അതിശൈത്യവും മഞ്ഞുവീഴ്‌ചയും ഉണ്ടാകാറുണ്ട്…തണുപ്പിന്റെ കാഠിന്യം കൂടി തുടങ്ങിയതോടെ എത്രയും വേഗം ബുക്ക്‌ ചെയ്ത റൂമിൽ എത്താനായി ഞങ്ങൾ ധൃതികാണിച്ചു… മണാലിയിൽ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ മുറി… നാല് നിലകൾ ഉള്ള ഹോട്ടലിൽ നിർഭാഗ്യവശാൽ നാലാമത്തെ നിലയിലാണ് ഞങ്ങൾക്ക് മുറി കിട്ടിയത്..ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ലഗ്ഗേജ് ചുമന്ന് മുറിയിൽ എത്തിയപ്പോഴേക്കും തീരെ അവശരായി… മഴയായതിനാലും യാത്ര ക്ഷീണം മാറാത്തതിനാലും അന്ന് മുഴുവൻ അവിടെ വിശ്രമിച്ച ശേഷം പിറ്റേന്ന് മണാലിയിലെ പ്രധാന ആകർഷകങ്ങളിൽ ഒന്നായ ഹഡിംബ ടെമ്പിളിലേക്ക് യാത്ര തിരിച്ചു…മണാലിയെ ഓൾഡ് മണാലി എന്നും ന്യൂ മണാലി എന്നും വേർതിരിക്കുന്ന ഒരു പാലം കടന്നു വേണം ഹഡിംബ ക്ഷേത്രത്തിലേക്ക് പോകാൻ…മൂന്ന് കിലോമീറ്ററിൽ താഴെയാണ് ന്യൂ മണാലി നിന്നും ക്ഷേത്രം വരെയുള്ള ദൂരം…

ഭീമന്റെ പത്നിയായ ഹിഡിംബി ദേവി ധ്യാനം ചെയ്ത ഒരു ഗുഹയ്ക്ക് ചുറ്റുമാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.. അതിന് സമീപമായി
വൻ വിഹാർ എന്നറിയപെടുന്ന ദേവദാരുക്കൾ നിറഞ്ഞ ഒരു വനവുമുണ്ട്… ഞങ്ങൾ ബൈക്ക് പാർക്ക്‌ ചെയ്ത് അതിനുള്ളിലേക്ക് നടന്നു… വലിയ ഒരു പാറയുടെ മുകളിലാണ്‌ ക്ഷേത്രം നിർമിച്ചിരിക്കുന്നത്…പടികൾ കയറി മുകളിൽ എത്തിയാൽ ക്ഷേത്രത്തിനുള്ളിൽ കയറാം…ക്ഷേത്രം പുരാതനമായ കൊത്തുപണികളടങ്ങിയ മുൻഭാഗത്തോടുകൂടിയ നാല് തലങ്ങളുള്ള പഗോഡയായാണ് രൂപകല്പന ചെയ്തിട്ടുള്ളത്… മണാലിയിലെ ജനങ്ങൾ ഹിഡിംബി ദേവിയെ ഒരു ദേവതയായി കണ്ട് ആരാധിക്കുന്നു. ഹിഡിംബി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ക്ഷേത്രത്തിൽ വർഷംതോറും ഉത്സവവും നടത്താറുണ്ട്… അന്നേരം അത് മണാലിയിലെ ഏറ്റവും ജനത്തിരക്കുള്ള സ്ഥലമായി മാറും…


ക്ഷേത്രം സന്ദർശിച്ച ശേഷം ഞങ്ങൾ അതിന് പുറകിലായി സ്ഥിതി ചെയ്യുന്ന വനത്തിലേക്ക് പ്രവേശിച്ചു… വനത്തിനുള്ളിലെ കല്ല് പാകിയ നടപ്പാതയിലൂടെ കുറച്ച് ദൂരം നടന്നു… ദേവദാരു മരങ്ങൾ വളരെ ഉയരത്തിൽ വളർന്നു നിൽക്കുകയാണ്.. ഒട്ടനവധി രോഗങ്ങൾക്കുള്ള ചികിത്സക്കായി ആയുവേദത്തിൽ ഉപയോഗിക്കുന്നത് കൊണ്ടാണ് ദേവദാരു അഥവാ ദേവന്മാരുടെ മരം എന്ന് അവയെ വിളിക്കാൻ കാരണം.. കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന
മ്യൂസിയം ഓഫ് ഹിമാചൽ കൾച്ചർ & ഫോക്ക് ആർട്ട് എന്ന മ്യൂസിയം സന്ദർശിച്ചു… ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ പുരാതന ജീവിത രീതിയെക്കുറിച്ച് സഞ്ചാരികൾക്ക് മനസിലാക്കാനുള്ള മികച്ച ഒരു സ്ഥലമാണത്.. പുരാതന കരകൗശല വസ്തുക്കൾ, വളരെക്കാലം മുന്നേ മണ്മറഞ്ഞു പോയ സംസ്കാരം എന്നിവയെക്കുറിച്ചുള്ള സങ്കല്പങ്ങളും… പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ,വീട്ടുപകരണങ്ങൾ, സംഗീതോപകരണങ്ങൾ, മുതലായവ ഉൾക്കൊള്ളുന്ന സവിശേഷമായ ഒരു ശേഖരം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്… ഈ പ്രദേശത്തെ ആദ്യകാല തലമുറകൾ എങ്ങനെ അതിജീവിച്ചുവെന്ന് അറിയാൻ സഞ്ചാരികളെ സഹായിക്കുന്ന വീടുകളുടെയും ക്ഷേത്രങ്ങളുടെയും മാതൃക, തടി കൊണ്ട് നിർമ്മിച്ച പരമ്പരാഗത മാസ്കുകൾ തുടങ്ങിയ വലിയൊരു ശേഖരവും മ്യൂസിയത്തിലുണ്ട്…


അവിടെ നിന്നും പിന്നീട് പോയത് മനു ക്ഷേത്രത്തിലേക്കാണ്.. ബിയാസ് നദി തീരത്തെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ആ ക്ഷേത്രം ലോകത്തിന്റെ സ്രഷ്ടാവെന്ന് കരുതപ്പെടുന്ന മനു മുനിക്കായി സമർപ്പിച്ചിരിക്കുന്നു… പുതിയ മണാലിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള പഴയ മണാലിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്…. ആ പ്രദേശം വളരെ തിരക്കേറിയതാണെങ്കിലും ബിയാസ് നദിയുടെ സാന്നിധ്യവും, ശാന്തതയും അതിന്റെ ആകർഷണത്തെ വർദ്ധിപ്പിക്കുന്നു… മണാലി സന്ദർശിക്കുന്ന ഭൂരിഭാഗം ആളുകളെയും ആകർഷിക്കുന്ന സവിശേഷമായ ചരിത്ര പശ്ചാത്തലമാണ് ആ സ്ഥലത്തിനുള്ളത്…മണാലി എന്ന പേര് പോലും ‘മനുവിന്റെ വാസസ്ഥലം’ എന്നാണ് അർത്ഥം വരുന്നത്… മണികരനിലെ വെള്ളപ്പൊക്കം മാനവരാശിയെ തുടച്ചു നീക്കിയ ശേഷം ലോകത്തെ പുനർ സൃഷ്‌ടിക്കാൻ മനു മഹർഷി അവിടെ അവതരിച്ചു എന്നാണ് ഐതിഹ്യം…


പിന്നീട് ഞങ്ങൾ പോയത് മണാലിയിലെ ഒരു പ്രധാന വെള്ളച്ചാട്ടമായ ജോഗിനി ഫാൾസ് കാണാനായിരുന്നു…പ്രധാന പാതയിലൂടെ പോകുമ്പോൾ തന്നെ വളരെ അകലെയായി വെള്ളച്ചാട്ടം കാണാനാകും… യാത്ര വളരെ ദുഷ്കരമായ ഇടവഴിയിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ളത്… കുറച്ച് ദൂരം പോയപ്പോൾ തന്നെ വഴി അവസാനിച്ചു…ബാക്കിയുള്ള ദൂരം കാൽനടയായി പോകണം… മൂന്നു കിലോമീറ്ററോളം ദൂരമുണ്ട് വെള്ളച്ചാട്ടം വരെ എത്തണമെങ്കിൽ…മണാലിയിലെ ഒരു പ്രധാന ട്രെക്കിങ്ങ് സ്പോട്ട് കൂടെയാണ് ജോഗിനി ഫാൾസ്.. കുന്നുകൾക്കിടയിലൂടെയുള്ള വെള്ളച്ചാട്ടവും കാടിന്റെ പച്ചപ്പും സൗന്ദര്യവും, വെള്ളത്തിന്റെ തെളിമയുമൊക്കെ കണ്ണുകൾക്ക് ഒരു വിരുന്ന് തന്നെയാണ്…ഞങ്ങൾ ട്രെക്ക് ചെയ്ത് വെള്ളച്ചാട്ടത്തിന് അരികിലെത്തി…വെള്ളച്ചാട്ടത്തിൽ നിന്ന് രൂപംകൊള്ളുന്ന അരുവിയിൽ നിന്ന് മുഖം കഴുകി..ശെരിക്കും മുഖം പോലും മരവിച്ചുപോകുന്ന ഐസ് വെള്ളമായിരുന്നു അത്…

കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം അടുത്തതായി ഞങ്ങൾ പോയത് വളരെ പ്രസിദ്ധമായ വസിഷ്ട്ട് ക്ഷേത്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വസിഷ്ട്ട് ബാത്ത് എന്ന സ്ഥലത്തേക്കാണ്.. ഔഷധമൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ചൂടുവെള്ള നീരുറവയാണ് വസിഷ്ത് ബാത്ത്.. വസിഷ്ട്ട് സ്പ്രിംഗ്സ് എന്നും അറിയപ്പെടുന്ന ഇവിടെ ധാരാളം സഞ്ചാരികൾ സന്ദർശിക്കുന്നുണ്ട്, അവരിൽ പലരും ആ വിശുദ്ധജലത്തിൽ മുങ്ങി കുളിക്കാറുമുണ്ട്… ചർമ്മരോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും രക്ഷ നേടാൻ അത് സഹായിക്കും എന്ന് കരുതപ്പെടുന്നു… മണാലിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് വസിഷ്ട്ട്.. അവിടെ ക്ഷേത്രത്തിനു ചുറ്റും നൂറുകണക്കിന് ചെറിയ കടകളുമുണ്ട്.. മതപരമായ സാധനങ്ങളും,ആഭരണങ്ങളുമൊക്കെ അവിടെ നിന്നും വാങ്ങാനാകും…ഞങ്ങൾ വസിഷ്ട്ട് സ്പ്രിങ്ങിനു അടുത്തേക്ക് പോയി.. മനോഹരമായ കല്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ നീരുറവയായിരുന്നു അത്… വെള്ളത്തിന് മുകളിലൂടെ നീരാവി പൊങ്ങുന്നത് കാണനാകും… സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കാനായി സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്… കുളിച്ചിട്ട് പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ അതിലേക്ക് ഇറങ്ങി..ഉദ്ദേശം 50°C യിൽ കുറയാതെയുള്ള തിളച്ച വെള്ളമായിരുന്നു അത്… നീരുറവയിലെ ചൂട് താങ്ങാവുന്നതിലും അപ്പുറം ആണെങ്കിലും ഒരു പ്രത്യേക അനുഭൂതിയാണ് അതിൽ നിൽക്കുമ്പോൾ. രാത്രി മണാലിയിലെ മാർക്കറ്റ് സന്ദർശികാനായി.. കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ് രാത്രിയിലെ മണാലി മാർക്കറ്റ്. രാത്രിയിൽ മാർക്കറ്റിൽ നല്ല ജനത്തിരക്കാണ്.. ഗുണനിലവാരമുള്ള ജാക്കറ്റുകൾ, കമ്പിളി വസ്ത്രങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ അവിടെ ലഭിക്കും…ഒട്ടനവധി റെസ്റ്റോറന്റുകളും അവിടെ പ്രവർത്തിക്കുന്നുണ്ട്…അവയിൽ പലതിലും ആളിന്റെ എണ്ണം അനുസരിച്ച് മാത്രമാണ് കാശ് ഈടാക്കുന്നത്..അതായത് ഒരാൾക്ക് ഏത് തരം ഭക്ഷണവും എത്രവേണമോ  കഴിക്കാം എന്നുള്ളത് പ്രേത്യേകം എടുത്തു പറയേണ്ട കാര്യമാണ്…

 

പിറ്റേന്ന് രാവിലെ ഞങ്ങൾ ഭൂമിയിലെ സ്വർഗം എന്ന വിശേഷണമുള്ള കശ്മീരിലെ ഏതൊരു സഞ്ചാരിയുടെയും സ്വപനസ്ഥാനമായ ലഡാക്കിലേക്ക് യാത്ര തിരിച്ചു.. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും അപകടകരവുമായ റോഡുകളിൽ ഒന്നായ റോഹ്താങ് പാസ് കടന്നുവേണം ലഡാക്കിലേക്ക് പോകാൻ… എല്ലാ വാഹനങ്ങൾക്കും പ്രേത്യേക പെർമിറ്റ്‌ എടുത്താൽ മാത്രമേ ഇതുവഴി പോകാൻ കഴിയു.. താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമ തന്നെ ഞങ്ങൾക്ക് പെർമിറ്റ്‌ തരപ്പെടുത്തി തന്നത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലാക്കി.. ഏത് വാഹനത്തിയാലും റോഹ്‌തങ് പാസ്സ് കടന്നുപോകുന്നത് ഒരു വെല്ലുവിളിയാണ്.. കൊടും വളവുകൾ‌, കുത്തനെയുള്ള കയറ്റം, കൊക്കകൾ, മണ്ണിടിച്ചിൽ, മൂടൽ മഞ്ഞു,പൊട്ടിപൊളിഞ്ഞ റോഡുകൾ തുടങ്ങിയ അപായങ്ങളുടെ ഒരു കലവറ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം..


റോഹ്താങ് ചുരത്തിലേക്കുള്ള യാത്രാമധ്യേ ഞങ്ങൾക്ക് വഴിതെറ്റി മറ്റൊരു ഗ്രാമ പ്രദേശമായ സോളാങ് വാലിയിലേക്ക് കയറി… പാരച്യൂട്ടിംഗ്, പാരാഗ്ലൈഡിംഗ്, സ്കേറ്റിംഗ്, സോർബിംഗ് എന്നിവപോലുള്ള കായിക വിനോദങ്ങൾക്കായുള്ള പേരുകേട്ട സ്ഥലമായിരുന്നു അത്..ഹിമാലയത്തിന്റെ താഴ്‌വരയിലെ പ്രകൃതി ഭംഗിയും പച്ചപ്പും കൊണ്ട് സമ്പുഷ്ടമായ ആ പ്രദേശം തേടി സാഹസിക വിനോദങ്ങൾ ഇഷ്ടപെടുന്ന സഞ്ചാരികൾ ഒരുപാട് വരാറുണ്ട്…അവിടെ നിന്നും ശെരിയായ വഴിയിലെത്തി റോഹ്‌തങ് പാസിലെ ചുരങ്ങൾ ആരംഭിച്ചു തുടങ്ങിയപ്പോൾ തന്നെ സുഹൃത്തിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..ഞങ്ങൾ താമസിച്ചിരുന്ന റൂമിന്റെ ചാവി തിരികെ കൊടുത്തിട്ടുണ്ടായിരുന്നില്ല.. മുപ്പത് കിലോമീറ്ററോളം ദൂരം തിരികെ പോയി ചാവിയും തിരികെ കൊടുത്ത്‌ വീണ്ടും റോഹ്‌തങ് പാസ്സിലെ ചുരം കയറി തുടങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു…


പറഞ്ഞുകേട്ട പോലെ തന്നെ ഭയാനകമായ വഴികളായിരുന്നു റോഹ്‌തങ് പാസ്സിനുണ്ടായിരുന്നത്… ചെക്ക് പോയിന്റിൽ നിന്നുമുള്ള വാഹനങ്ങളുടെ നീണ്ട നിര ഏറ്റവും താഴെയുള്ള ചുരത്തിൽ നിന്നുപോലും കാണാം… വശങ്ങളിലെ കൊക്കയും,വളരെ ഇടുങ്ങിയ റോഡും, വെള്ളച്ചാട്ടങ്ങളും, അതിശൈത്യവും മാത്രമല്ല കൂർത്ത പാറക്കല്ലുകൾ നിറഞ്ഞ മലകളുമൊക്കെ കൊണ്ട് ഭീതിപ്പെടുത്തുന്ന വഴികളായിരുന്നു അത്…പാസ്സ് വർഷത്തിന്റെ പകുതിയും അടച്ചിടാറാണ് പതിവ്… സമുദ്ര നിരപ്പിൽ നിന്നും 13000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെ നിന്നും ബിയാസ് നദിയുടെ ഉത്ഭവം കാണാനാകും… വേനൽ കാലത്ത് പോലും ശക്‌തമായ മഞ്ഞുവീഴ്‌ച്ച അവിടെ അനുഭവപ്പെടാറുണ്ട്.. റോഹ്‌തങ്ങിന്റെ സമതല പ്രദേശം എത്തും മുമ്പ് ഇരുവശവും പത്തടിയോളം ഉയരത്തിൽ മഞ്ഞു നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കേണ്ടതായുണ്ട്..റോഡ് മഞ്ഞു മൂടുമ്പോൾ മണ്ണുമാന്തി ഉപയോഗിച്ച് വഴി തെളിയിക്കുന്നതിന് ഫലമായാണ് അങ്ങനെ കാണപ്പെടുന്നത്… ആ ഭാഗം മറികടന്ന് പോകുമ്പോൾ ധാരാളം ആളുകൾ മഞ്ഞിടിഞ്ഞു വീണ് മരിക്കാറുള്ളതിനാലാണ് “റോഹ്താംഗ്” അഥവാ മൃതദേഹങ്ങളുടെ കൂമ്പാരം എന്ന പേര് വന്നതും..


വളരെ ആയാസപ്പെട്ടാണെങ്കിലും ഞങ്ങൾ ആ ഭാഗമൊക്കെ കടന്ന് റോഹ്‌തങ്ങിലെ സമതലത്തിൽ എത്തി.. മഞ്ഞു മലകളിൽ ഐസ് സ്കേറ്റിംഗ്, സ്കീയിങ് തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടനവധി ആളുകളെ കാണാനായി… ഞങ്ങൾ വണ്ടി പാർക്ക്‌ ചെയ്ത് ഒരു മഞ്ഞുമലയിലേക്ക് നടന്നു… പ്രേത്യേക തരം ഷൂ ഉപയോഗിച്ചില്ലെങ്കിൽ തെന്നി വീഴുമെന്ന കാര്യത്തിൽ സംശയമില്ല.. തണുപ്പിന്റെ കാഠിന്യം കൂടി വരുന്നതിനാലും നേരം വൈകിയത് കൊണ്ടും ഞങ്ങൾ അവിടെ നിന്നും യാത്ര തുടങ്ങി… പൊട്ടിപൊളിഞ്ഞതും ചെളിനിറഞ്ഞതുമായ റോഡിലൂടെ സഞ്ചരിച്ച് കീലോങ് എന്ന സ്ഥലം എത്തി… കീലോങ് പോകുന്ന വഴിയിൽ തന്നെ ഇതുവരെ കണ്ടുവന്ന ഭൂപ്രകൃതി ആകെ മറിമറിയുന്നത് കാണാം. രോതങ്പാസ് പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഒരു ദിവസംകൂടെ എടുത്തു കീലോങ് വരെ പോകണം, ലഡാക്ക് പോകുമ്പോ കാണാൻ കഴിയുന്ന ഏകദേശം അതെ ഭൂപ്രകൃതി ആണ് കീലോങ് പോകുന്ന വഴിയിൽ കാണാൻ കഴിയുന്നത്. ബുദ്ധമത സംസ്കാരത്തെ പിന്തുടരുന്ന ഒരു പ്രദേശമാണ് കീലോങ്.. അവിടെ പ്രവർത്തിക്കുന്ന ലോഡ്ജുകൾ ഒഴികെ മറ്റു സ്ഥാപനങ്ങൾ ഒന്നും വൈകുന്നേരം പ്രവർത്തിക്കില്ല… അവിടെ ഞങ്ങൾക്ക് ഒരു റൂം കിട്ടി.. ആ ലോഡ്ജിലുണ്ടായുണ്ടായിരുന്ന കുറച്ച് മലയാളികളെ പരിചയപ്പെടാനും സാധിച്ചു, മലപ്പുറത്ത് നിന്നുള്ളവരായിരുന്നു  അവർ…

അതിരാവിലെ തന്നെ യാത്ര തുടങ്ങിപ്പോഴാണ് ബൈക്കിന്റെ ഷോക്ക് ഓയിൽ സീൽ പൊട്ടിയിരിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.. വർക്ക്ഷോപ്പ് കണ്ടുപിടിച്ച് ശെരിയാക്കി കഴിഞ്ഞപ്പോൾ ഉച്ചസമയം കഴിഞ്ഞു… കീലോങ് കഴിഞ്ഞാൽ 365 കി.മി അപ്പുറം മാത്രമേ പേട്രോൾപമ്പ് ഉള്ളൂ, അത് മാത്രമല്ല ഇനിയങ്ങോട്ട് വർക്ഷപ്പുകൾ , കെട്ടിട നിർമിതികൾ, അവശ്യസാധനങ്ങൾക്ക് ഉള്ള കടകൾ ഒന്നുമുണ്ടവില്ല. ലേ പോകുന്ന ഒരുപാട് ഭാഗങ്ങളിൽ മഞ്ഞുരുകുന്നത് കൊണ്ട് റോഡിനു കുറുകെ പല സ്ഥലത്തും അരുവി പോലെ രൂപപ്പെടാറുണ്ട്…ജലനിരപ്പ് കുറഞ്ഞു നിൽക്കുന്ന സമയങ്ങളിൽ മാത്രമേ അവ മുറിച്ചുകടക്കാൻ സാധിക്കുകയുള്ളു…അങ്ങനെ വന്ന ഒരുപാട് സാഹചര്യങ്ങളിൽ മുന്നിലൂടെ പോയിരുന്ന വലിയ വാഹനങ്ങളുടെ ടയർ മാർക്ക്‌ ആശ്രയിച്ചു മാത്രമാണ് ഞങ്ങൾ മറുകരയിൽ എത്തിയത്…അന്നത്തെ ദിവസം ഹിമാചൽ പ്രദേശിനും ലഡാക്കിനും ഇടയിലുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന സർച്ചു എന്ന സ്ഥലം വരെ എത്താനെ സാധിച്ചുള്ളൂ.. ടെന്റിങിനായുള്ള ഒരു പ്രധാന സ്ഥലമാണ് സർച്ചു..14000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഗപ്പി സിനിമയുടെ അവസാനം നമ്മൾ കണ്ടിട്ടുള്ളതാണ്…


മണാലി – ലേ ഹൈവേയിലൂടെയുള്ള യാത്ര സാധാരണഗതിയിൽ രണ്ട് ദിവസമെടുക്കും, അതിനാൽ അത് വഴിയുള്ള യാത്രക്കാരും വിനോദസഞ്ചാരികളും രാത്രി ആ ടെന്റുകളെയാണ് ആശ്രയിക്കാറുള്ളത്.. അവിടെ അടുത്തായി നദികരയിൽ ഒരു സൈനിക ക്യാമ്പും സ്ഥിതിചെയ്യുന്നു.. കീലോങ് കഴിഞ്ഞാൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ കാൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കില്ല. സർച്ചുവിൽ സാറ്റിലൈറ്റ് ഫോൺ പൈസ കോടതി ഉപയോഗിക്കാവുന്ന സംവിധാനം ഉണ്ട്. മഞ്ഞുകാലത്ത് ഉയർന്ന പ്രദേശത്തെ പാതകൾ മഞ്ഞ് മൂടുമ്പോൾ ദേശീയപാതയും ക്യാമ്പും അടക്കാറുണ്ട്… രാത്രി സമയങ്ങളിൽ പ്രതീക്ഷിക്കാവുന്നതിലും അപ്പുറം തണുപ്പാണ് ഇവിടെ അനുഭവപ്പെടുക.. ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന എല്ലാ വസ്ത്രങ്ങളും എടുത്തണിഞ്ഞിട്ടും, ടെന്റിൽ ഉണ്ടായിരുന്ന 3-4 കമ്പിളി ഒരുമിച്ച് മൂടിയിട്ടും തണുപ്പിന് മാത്രം യാതൊരു ശമനവുമില്ലായിരുന്നു.. പല യാത്രക്കാരും ടെന്റിലെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന അടുക്കളയിലെ അടുപ്പിന് വശത്തായി കിടന്നുറങ്ങുന്നത് കാണാമായിരുന്നു… ഒരുവിധത്തിൽ ആ ദിവസം ഞങ്ങളവിടെ കഴിച്ചുകൂട്ടി.. 
തണുപ്പിന്റെ കാഠിന്യം കൊണ്ട് രാവിലെ തന്നെ ആ സ്ഥലം വിടാൻ ഞങ്ങൾ നിർബന്ധിതരായി..ശക്‌തമായ മഞ്ഞുവീഴ്ച്ച ഉണ്ടാകാറുള്ള രണ്ട് ചുരങ്ങൾ കൂടെ താണ്ടി വേണം ലഡാക്കിൽ പ്രവേശിക്കാൻ… ചുരം കയറുമ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്അ നുഭവപെടുന്നുണ്ടായിരുന്നു… ഉയർന്ന പ്രദേശങ്ങളിൽ ഓക്സിജന്റെ സാന്നിധ്യം വളരെ കുറവായതിനാലാണ് അങ്ങനെ സംഭവിക്കുന്നത്..


ഇതെല്ലാം തരണം ചെയ്ത് ഒടുവിൽ ഞങ്ങൾ ലഡാക്കിൽ പ്രവേശിച്ചു..
ഇന്ത്യൻ കരസേനയുടെ ഒട്ടനവധി ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നതിനാൽ ഒരുപാട് ഭാഗങ്ങളിൽ ഫോട്ടോഗ്രഫി അനുവദനീയമല്ല.. കുറച്ച്കൂടി വികസിതമായ പ്രദേശമാണവിടെ , അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ, തെളിഞ്ഞ ആകാശം, ഉയർന്ന പർവതനിരകൾ, ബുദ്ധവിഹാരങ്ങൾ, എന്നിവ കൊണ്ട് സമ്പന്നമാണ് ലഡാക്..വൈകുന്നേരം ഞങ്ങൾ ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേ യിൽ എത്തി..ലേ യ്ക്ക് ചുറ്റുമുള്ള ഭൂപ്രകൃതിയിൽ പർവതനിരകളാണ് കൂടുതലും…. അവിടെ നിന്നും ശ്രീനഗറിനെ – ലേ യുമായി ബന്ധിപ്പിക്കുന്ന ഹൈവേ യും മണാലിയെ – ലേ യുമായി ബന്ധിപ്പിക്കുന്ന പ്രധാന ആക്സസ് റോഡുകളും ഉൾപ്പെട്ടിട്ടുണ്ട്… അതായത് ജമ്മു കശ്മീരിലെക്കുള്ള ഒരു പ്രധാന കവാടം പോലെയാണ് ലേ പ്രവർത്തിക്കുന്നത്… ഈ റോഡുകളും കാലാനുസൃതമായി മാത്രമേ തുറാക്കാറുള്ളു…


ഞങ്ങൾ റൂം ബുക്ക് ചെയ്ത സ്ഥലം അന്വേഷിച്ചു അലയുകയായിരുന്നു… ശരിക്കും അവിടെ അങ്ങനെ ഒരു ഹോട്ടലോ, ലോഡ്‌ജോ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല… ഗൂഗിൾ മാപ്പിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിക്കുമ്പോൾ അതുമായി ബന്ധമില്ലാത്ത വെക്തിയിലേക്കാണ് കാൾ എത്തുന്നത്… ഞങ്ങളുടെ ഈ സാഹചര്യം നേരിൽ കണ്ട പ്രദേശവാസികൾ ഞങ്ങളോടു കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം നെറ്റിൽ കണ്ട നമ്പറിൽ വിളിച്ചു സംസാരിച്, കൃത്യസ്ഥാനത്തെത്താനുള്ള വഴിയും പറഞ്ഞുതന്നു… നല്ല സഹായമനസ്ഥിതി ഉള്ള ആൾക്കാരാണ് ലേയിൽ ഉള്ളത്..ഒരു വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു താമസ സൗകര്യം ഒരുക്കിയിരുന്നത്… ലേയിൽ ഉള്ള ഏതാണ്ട് എല്ലാ വീടുകളും ഹോംസ്റ്റേയ്ക്കൾ ആണ്. അത്രയേറെ ടൂറിസ്റ്റുകൾ ഇവിടേക്ക് സീസണിൽ ഒഴുകി എത്തുന്നു. ഈ ഹോംസ്റ്റേയ്ക്കളും, ടാക്സി ഓട്ടവുമാണ് ലേയിലെ ആൾക്കാരുടെ പ്രധാനമായ വരുമാനമാർഗം.

അവിടെ നിന്നും ഞങ്ങൾ ലേ പാലസ് കാണാനായി പോയി…ഒരു പഴയ രാജകൊട്ടാരമായിരുന്നു ലേ പാലസ്… 1600 കാലഘട്ടത്തിൽ സിംഗ് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരം പത്തൊൻപതാം നൂറ്റാണ്ടിൽ ലഡാക്കിന്റെ നിയന്ത്രണം ഡോഗ്ര സേന ഏറ്റെടുക്കുകയും ചെയ്തപ്പോൾ കൊട്ടാരം ഉപേക്ഷിക്കപ്പെട്ടു.. ഒൻപത് നിലകളുളള കൊട്ടാരത്തിലെ പല ഭാഗങ്ങളും പൊളിഞ്ഞുപോയ അവസ്ഥയിലാണ്,ഒരുപാട് ഇടനാഴികളും രഹസ്യ അറകളുമൊക്കയുള്ള കൊട്ടാരം മ്യൂസിയത്തിൽ ആഭരണങ്ങൾ, ആചാര പരമായ വസ്ത്രങ്ങൾ, കിരീടങ്ങൾ എന്നിവയൊക്കെ പ്രദർശിപ്പിക്കുന്നുണ്ട്… വളരെ സങ്കീർണ്ണമായ രൂപകൽപ്പനയുള്ള 450 വർഷത്തിലേറെ പഴക്കമുള്ള ചൈനീസ് പെയിന്റിംഗുകൾ അതുപോലെ നിലനിർത്തിയിരിക്കുന്നു.. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് കൊട്ടാരം പുനർ സ്ഥാപിച്ചത്.. ഏറ്റവും മുകളിലെ നിലയിലെ മേല്കൂരയിൽ നിന്നാൽ ലേയുടെയും പരിസര പ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകൾ കാണാനാകും..

ലേയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു ബുദ്ധവിഹാരമാണ് ശങ്കർ മൊണാസ്ട്രി അഥവാ ശങ്കർ ഗോമ്പ… പുരാതന വംശത്തിലെ അധികാരിയും ലഡാക്കിലെ അവതാര ലാമയായ കുശോക് ബകുലയുടെ വസതിയാണിത്.. ആകർഷകമായ കെട്ടിടങ്ങളുടെ കൂട്ടമാണ് അത്… പരമാവധി ഇരുപത് സന്യാസിമാർ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ, അതിൽ കുറച്ചുപേർ മാത്രമേ സ്ഥിരമായി താമസിക്കാറുമുള്ളു.. അതുപോലെ സന്ദർശന സമയം അതിരാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തിയിരിക്കുന്നു..പടികൾ കയറിയാൽ അസംബ്ലി ഹാളിലേക്ക് നയിക്കുന്ന ഇരട്ട വാതിലിനു മുന്നിലെത്തുന്നു.. ചുമരുകളും പ്രവേശന കവാടവും സമൃദ്ധമായി ചായം പൂശിയിട്ടുണ്ട്.. മുകളിലത്തെ നിലയിൽ ഡുകാർ ലകാംഗ് അഥവാ “ദേവന്റെ വസതി” എന്നറിയപെടുന്ന സങ്കേതം..അവിടെ ശ്രദ്ധേയമായ ഒരു രൂപം സ്ഥാപിച്ചിട്ടുണ്ട്…. ടിബറ്റൻ കലണ്ടർ, സന്യാസിമാർക്കുള്ള നിയമങ്ങൾ എന്നിവയും ചുവരുകളിൽ കാണാനാകും… തടികൊണ്ട് നിർമിച്ച കോവണിപ്പടിക്ക് മുകളിൽ മഠാധിപതിയുടെ മുറിയും അതിഥി മുറികളും ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു…

അടുത്തതായി പോയത് ലേ യിലെ ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന താഴികക്കുട രൂപമുള്ള ബുദ്ധമത കേന്ദ്രമാണ് ശാന്തി സ്തൂപം..ജാപ്പനീസ് ബുദ്ധ സന്യാസിയായിരുന്ന ഫുജി ഗുരു ഇന്ത്യയിൽ ബുദ്ധിസം തിരികെ കൊണ്ട് വരാനെന്ന ലക്ഷ്യത്തിൽ നിർമിച്ച സമാധാന ഗോപുരമാണ് ശാന്തി സ്തൂപം.. മതപരമായ പ്രാധാന്യം മാത്രമല്ല, ചുറ്റുമുള്ള ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ ആ സ്തൂപത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.. ലേയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണത്.. എന്നിരുന്നാലും വാസ്തുവിദ്യാ രീതി ലഡാക്കി ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സൂര്യോദയവും സൂര്യാസ്തമയവും ശാന്തി സ്തൂപത്തിൽ നിന്നും കാണാൻ ഒരുപാട് ആളുകൾ വരാറുണ്ട്…രാത്രിയിൽ ലൈറ്റുകൾ കൊണ്ട് സ്തൂപം പ്രകാശിപ്പിക്കുന്നു….

അടുത്ത ദിവസം രാവിലെ ഞങ്ങള്‍ മുറി വെക്കേറ്റ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ കാര്‍ഡുങ്‌ ലാ കടന്ന്‌ മറ്റു ഗ്രാമങ്ങളിലേക്ക്‌ പോകുന്നതിനായി വിനോദ സഞ്ചാരികള്‍ക്ക്‌ നിര്‍ബന്ധമാക്കിയിട്ടുള്ള, ലേയിലെ ജില്ലാ കമ്മീഷണറുടെ ഓഫീസില്‍ നിന്ന്‌ വാങ്ങേണ്ട ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ (I.L.P) ആ വീട്ടുകാരുടെ സഹായത്തോടെ കരസ്ഥമാക്കി…അവിടെ നിന്നും അല്പം മാറി മറ്റൊരു ഭാഗത്തായാണ്‌ അടുത്ത മുറി ബുക്ക്‌ ചെയ്തിരുന്നത്‌. കാര്‍ഡുങ്‌ ലാ പാസ്സ്‌ കടന്ന്‌ മറ്റു പ്രദേശങ്ങള്‍ പോയി വരാന്‍ കുറഞ്ഞത്‌ രണ്ട്‌ ദിവസമെങ്കിലും വേണ്ടിവരും…അതുവരെ ഞങ്ങളുടെ ലഗ്ലേജ്‌ സൂക്ഷിക്കാനും..ഉയര്‍ന്ന പ്രതലത്തില്‍ സ്ഥിതി ചെയ്യുന്നതും പൊട്ടിപൊളിഞ്ഞതുമായ റോഡിലൂടെയുള്ള ബൈക്കിന്റെ ഭാരം കുറക്കാനും… എന്ന ഉദ്ദേശത്തോടെയാണ്‌ മറ്റൊരു മുറിയെടുക്കാന്‍ തീരുമാനിച്ചത്‌….ഞങ്ങള്‍ ആ താമസസ്ഥലം എത്തിയപ്പോള്‍ വീടിന്റെ ജനലിലായി ഒരു കുറിപ്പ്‌ കാണാനിടയായി… വീട്ടിലുള്ളവര്‍ പുറത്ത്‌ പോയിരിക്കുകയാണ്‌… താക്കോല്‍ ഡോര്‍മാറ്റിന്‌ അടിയില്‍ വെച്ചിട്ടുണ്ട്‌… മുറിയില്‍ പോയി വിശ്രമിച്ചോളൂ എന്ന്‌ പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പായിരുന്നു അത്‌….ഒരു പരിചയവുമില്ലാത്ത…നേരിട്ട്‌ കണ്ടിട്ടുപോലുമില്ലാത്ത അതിഥികളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ വിശ്വസിക്കുന്ന അവരുടെ മനോഭാവത്തെക്കുറിച്ച്‌ ഞാന്‍ ഒരു നിമിഷം ചിന്തിച്ചു…

ഞങ്ങള്‍ വീടിനുള്ളില്‍ കയറി കുറച്ച്‌ സമയം വിശ്രമിച്ചു… വീട്ടിലുള്ള എല്ലാവരും തിരികെ വന്ന ശേഷം ഞങ്ങള്‍ നുബ്ര എന്ന സ്ഥലത്തേക്ക്‌ പോകാനായി ഒരുങ്ങി… ഞങ്ങള്‍ പോകാനായി ഇറങ്ങുന്ന കണ്ട്‌ വീട്ടുടമസ്ഥ കാര്യം തിരക്കി… മുറി ബുക്ക്‌ ചെയ്ത ലക്ഷ്യം ഞങ്ങള്‍ അവരെ അറിയിച്ചപ്പോഴേക്കും.. ഞങ്ങള്‍ തിരികെ എത്തുന്നത്‌ വരെ ലഗേജ്‌ അവിടെ സൂക്ഷിക്കാമെന്നും.. അവിടെ താമസിക്കുന്ന ദിവസങ്ങളിലെ വാടക മാത്രം മതിയെന്നുമായിരുന്നു അവരുടെ മറുപടി…അങ്ങനെ അത്യാവശ്യ സാധനങ്ങള്‍ മാത്രമെടുത്ത്‌ നുബ്ര ലക്ഷ്യമാക്കി യാത്ര തിരിച്ചു… ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡുകളില്‍ ഒന്നായ കാര്‍ഡുണങ്‌ ലാ പാസ്റ്റ്‌ എന്ന ചുരം ശ്യോക്‌, നുബ്ര താഴ്വരകളിലേക്കുള്ള ഒരു കവാടമാണ്‌…ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷന്‍ (B.R.O) പരിപാലിക്കുന്ന ഈ പാസ്‌ വളരെ പ്രധാനപ്പെട്ട റോഡ്‌ തന്നെയാണ്‌.. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക്‌ ആവശ്യസാധനങ്ങള്‍ എത്തിക്കാനായി മുമ്പ്‌ ഉപയോഗിച്ചിരുന്ന പാസ്സ്‌ പിന്നീട്‌ പൊതു മോട്ടോര്‍ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തു… സമുദ്ര നിരപ്പില്‍ നിന്നും 17,582 അടിയാണ്‌ കാര്‍ഡുങ് ലാ യുടെ ഉയരം…

യാത്രികര്‍ എല്ലാരും ആ റൂട്ടിലേക്ക്‌ ചെക്ക്‌ ഇന്‍ ചെയ്യേണ്ടതുണ്ട്‌, കൂടാതെ ഓരോ ചെക്ക്‌ പോയിന്റിലും പെര്‍മിറ്റിന്റെ ഫോട്ടോകോപ്പികള്‍ നല്‍കണം…ഉയര്‍ന്ന പ്രദേശങ്ങളോട്‌ പൊരുത്തപ്പെടാത്ത ആളുകള്‍ക്ക്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്‌ കാര്‍ഡുങ് ലാ പോകും വഴി ഉണ്ടാകാറുള്ളത്‌…അതില്‍ പ്രധാനപെട്ട ഒന്നാണ്‌ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഓക്സിജന്റെ കുറവ്‌ മൂലം ഉണ്ടാകുന്ന രോഗമായ അക്യൂട്ട്‌ മാണ്ടൈന്‍ സിക്ക്‌നെസ്സ്‌ അഥവാ A.M.S ….ആ റൂട്ടിലുടനീളം അടിയന്തര വൈദ്യസഹായം ലഭ്യമല്ലാത്തതിനാല്‍ അസെറ്റാസോളമൈഡ്‌ പോലുള്ള രോഗപ്രതിരോധ മരുന്നുകള്‍ കഴിച്ച ശേഷമാണ്‌ പലരും യാത്ര ചെയ്യുന്നത്‌… മഞ്ഞ്‌ വീഴ്ച്ച കാരണം എല്ലാവര്‍ഷവും ഒക്ടോബര്‍ മുതല്‍ മെയ്‌ വരെ പൊതുവെ റോഡ്‌ അടച്ചിടും, ഇടുങ്ങിയ ഒറ്റവരി പാതയില്‍ വരുന്ന ഗതാഗതക്കുരുക്ക്‌, മണ്ണിടിച്ചില്‍, റോഡപകടങ്ങള്‍ എന്നിവ കാരണം പലപ്പോഴും ജൂണ്‍ അവസാനമാണ്‌ അത്‌ തുറക്കാറുള്ളത്‌..

ഓരോ ചെക്ക്‌ പോസ്റ്റിലും പെര്‍മിറ്റും വണ്ടിയുടെ രേഖകളും കാണിച്ച ശേഷം മാത്രമേ കടത്തി വിടുകയുള്ളു…അതിനാല്‍ തന്നെ ബാഗ്‌ പെട്ടന്ന്‌ എടുക്കാന്‍ സാകര്യത്തിന്‌ വണ്ടിയുടെ പുറകിലായാരുന്നു വെച്ച്‌ ലോക്ക്‌ ചെയ്തിരുന്നത്‌…വളരെ ദുര്‍ഘടമായതും ഇടുങ്ങിയതുമായ ചുരങ്ങള്‍ താണ്ടി ഞങ്ങള്‍ കാര്‍ഡുണങ് ലാ യുടെ മുകളിലെത്തി…അനവധി സഞ്ചാരികള്‍ കാര്‍ഡുങ്‌ ലായുടെ ബോര്‍ഡിനു മുന്നില്‍ ഫോട്ടോ എടുക്കാന്‍ തിരക്ക്‌ കൂട്ടുന്നുണ്ട്‌..ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ അതിനടുത്തേക്ക്‌ നടന്നു..ഓക്സിജന്റെ കുറവ്‌ മൂലം അധികം സമയം അവിടെ ചിലവഴിക്കുന്നത്‌ ഒരുപാട്‌ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌…ഫോട്ടോ എടുക്കുന്നവരുടെ തിരക്ക്‌ കുറയുന്നതിനായി കാത്തിരുന്നു… അപ്പോഴാണ്‌ ഞെട്ടിക്കുന്ന ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്‌…ബാഗ്‌ നഷ്ടമായിരിക്കുന്നു… I.L.P മാത്രമല്ല.. വണ്ടിയുടെ ഒറിജിനല്‍ R.C ബുക്കും ലൈസന്‍സും തുടങ്ങിയ പ്രധാനപെട്ട എല്ലാ രേഖകളും അടങ്ങിയ ആ ബാഗ്‌…മോഷ്ടിക്കപെട്ടോ..കളഞ്ഞു പോയോ എന്നറിയാതെ ഞങ്ങള്‍ പരിഭ്രാന്തരായി… ഞാന്‍ എന്ത്‌ ചെയ്യണം എന്നറിയാതെ താഴേക്ക്‌ നടന്നു…സുഹൃത്ത്‌ ബാഗ്‌ വഴിമധ്യേ കളഞ്ഞു പോയതാകും എന്ന നിഗമനത്തില്‍ തിരികെ പോകാനൊരുങ്ങി… ഉടനെ ഒരു ടിബറ്റന്‍ കുടുംബം ഒരു പിക്കപ്പ്‌വാന്‍ കൊണ്ട്‌ നിര്‍ത്തിയ ശേഷം അവര്‍ക്കൊരു ബാഗ്‌ കിട്ടിയിട്ടുണ്ട്‌ അതിന്റെ ഉടമസ്ഥര്‍ ഞങ്ങളാണോ എന്ന്‌ അന്വേഷിച്ചു …ഞാന്‍ ചാടി പിക്കപ്പ്‌ വാനിന്റെ പുറകില്‍ കയറി നോക്കി… ബാഗ്‌ ഞങ്ങളുടെ തന്നെ.. 8 കിലോമീറ്റർ മുമ്പ്‌ ഞങ്ങളുടെ വണ്ടിയില്‍ നിന്നും ബാഗ്‌ തെറിച്ചുവീഴുന്നത്‌ കണ്ട്‌ അതുമെടുത്ത്‌ പുറകെ വരുകയായിരുന്നു അവര്‍…മുന്നോട്ട്‌ പോകാന്‍ മാത്രമല്ല തിരികെ പോകാന്‍ പോലും കഴിയാതെ വരുന്ന അവസ്ഥയില്‍ നിന്നുമാണ്‌ അവര്‍ ഞങ്ങളെ രക്ഷിച്ചത്‌… അറിയാവുന്ന ഭാഷയില്‍ എല്ലാം അവരോട്‌ നന്ദി പറഞ്ഞു…

പിന്നീട്‌ പോയത്‌ ഡിസ്‌കിറ്റ്‌ മൊണാസ്റ്ററിയിലേക്കാണ്‌… ലഡാക്കിലെ നുബ്ര മേഖലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ്‌ ഡിസ്‌കിറ്റ്‌. ലേയില്‍ നിന്ന്‌ 118 കിലോമീറ്ററും ഹണ്ടര്‍ പട്ടണത്തില്‍ നിന്ന്‌ 7 കിലോമീറ്ററും അകലെയാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌… ശ്യോക്‌ നദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഡിസ്‌കിറ്റില്‍ വര്‍ഷം മുഴുവനും തുറന്ന്‌ പ്രവര്‍ത്തിക്കുന്ന നിരവധി ഹോംസ്റ്റേ, ഗസ്റ്റ്‌ ഹൌസുകള്‍ മാത്രമല്ല സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളുമുണ്ട്‌…

ഉത്തരേന്ത്യയിലെ നുബ്ര താഴ്വരയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബുദ്ധമഠമാണ്‌ ഡെസ്‌കിറ്റ്‌ ഗോമ്പ.. വളരെ ദൂരെ നിന്നും കാണാനാകുന്ന ഹിമാലയത്തെ അഭിമുകീകരിച്ച്‌ ധ്യാനം ചെയ്യുന്ന ബുദ്ധ പ്രതിമയുടെ കാഴ്ച്ച പോലെ മനോഹരമാണ്‌ അങ്ങോട്ട്‌ പോകുന്ന വഴികളും..ചുറ്റും ചെറു കാടുകളും മണല്‍ കൂനകളും നിറഞ്ഞ വഴികളായിരുന്നു അത്‌… മഠത്തിലേക്ക്‌ കയറി വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ ടിക്കറ്റ്‌ എടുക്കേണ്ടതായുണ്ട്‌..മാത്തിന്റെ താഴെയുള്ള ഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക്‌ വിശ്രമിക്കാനും ഫ്രഷ്‌ ആകാനുമായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌…മുകളിലേക്ക്‌ പോകും വഴിയുള്ള പ്രാർത്ഥന ഹാളില്‍ ചോ റിന്‍പോച്ചെയുടെ (കിരീടമണിഞ്ഞ ബുദ്ധന്‍) പ്രതിമയും വലിയ ഒരു ഡ്രമ്മും, ദേവതകളുടെ നിരവധി ചിത്രങ്ങളും അടങ്ങിയ ഒരു ഭാഗമുണ്ട്‌… ടിബറ്റിലെ താഷില്‍ഹന്‍പോ മൊണാസ്ട്രിയുടെ ഒരു ചുമര്‍ ചിത്രം മൊണ്‍സ്റ്ററിയുടെ ഉയര്‍ന്ന ഭാഗത്ത്‌ ചിത്രീകരിച്ചിരിക്കുന്നു…

ബുദ്ധ പ്രതിമയുടെ ചുവട്ടില്‍ ഞങ്ങള്‍ ഒരുപാട്‌ നേരം ചിലവഴിച്ചു..ഡിസ്കിറ്റ്‌ ഗ്രാമത്തിലെ,ശ്യോക്‌ നദിയുടെ കരയിലുള്ള സമതലത്തിന്‌ തൊട്ട്‌ മുകളിലെ കുന്നിലാണ്‌ മഠം നിര്‍മ്മിച്ചിരിക്കുന്നത്‌… അവിടെ നിന്നും നോക്കിയാല്‍ നുബ്ര താഴ്വരയുടെ കാഴ്ചകള്‍ കാണാം.. നുബ്ര വാലി എന്ന താഴ്വര സമൃദ്ധമായി സസ്യജാലങ്ങള്‍ കൊണ്ട്‌ നിറഞ്ഞതാണ്‌.. അതിനാല്‍ ആ താഴ്വരയെ “ലഡാക്കിലെ പൂന്തോട്ടം” എന്ന്‌ വിളിക്കുന്നു. ടിബറ്റിനും ചൈനയ്ക്കുമിടയിലുള്ള കാരവന്‍ റൂട്ടിന്റെ ഭാഗമായിരുന്നു ഈ താഴ്വര…ശൈത്യകാലത്ത്‌ മഞ്ഞുമൂടിയ പര്‍വ്വതങ്ങള്‍ക്കിടയിലൂടെ കടന്നുപോകാന്‍ കഴിയാത്തതിനാല്‍, ഡിസ്‌കിറ്റ്‌ ഗ്രാമവും താഴ്വരയിലെ മഠവും ഈ പ്രദേശത്തൂടെ കടന്ന്‌ പോകുന്നവരുടെ വിശ്രമ കേന്ദ്രമായി മാറി..നുബ്ര വാലിയിലേക്കുള്ള റോഡ്‌ മലകള്‍ക്കിടയിലൂടെ വരച്ച ഒരു നേര്‍രേഖ പോലെയാണ്‌ കാണാനാകുന്നത്‌…ടിബറ്റന്‍ പീഠഭൂമിയുടെ മറ്റ്‌ ഭാഗങ്ങളെപ്പോലെ, നദീതീരങ്ങളിലൊഴികെ അപൂര്‍വമായ സസ്യജാലങ്ങളുള്ള തണുത്ത പ്രദേശമാണ്‌ നുബ്ര…ഗോതമ്പ്‌, ബാര്‍ലി, കടല, കടുക്‌, ആപ്പിള്‍,ബദാം മരങ്ങള്‍ എന്നിവയുള്‍പ്പെടെ പലതരം ഭക്ഷ്യധാന്യങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. നുബ്ര വാലിയില്‍ ഭൂരിഭാഗവുമുള്ളവര്‍ നുബ്ര ഭാഷയോ നുബ്ര സ്‌കാറ്റ്‌ സംസാരിക്കുന്നവരോ ആയിരിക്കും.. മുമ്പ്‌ പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങും മധ്യേഷ്യയുമായി ഈ പ്രദേശത്തുകൂടി വ്യാപാരങ്ങള്‍ നടത്തിയിരുന്നു… ടിബറ്റിലേക്കുള്ള യാത്രയ്ക്കായി ബാൾട്ടിസ്ഥാനിലെ ജനങ്ങളും നുബ്ര താഴ്വര ഉപയോഗിച്ചിരുന്നതായി കരുതുന്നു.

സന്ധ്യയായി തുടങ്ങിയതിനാല്‍ നുബ്ര വാലിയുടെ അടുത്തുള്ള ഒരു ഹോംസ്റ്റേയില്‍ ഞങ്ങള്‍ താമസിച്ചു…പിറ്റേന്ന്‌ പോകാനായി തീരുമാനിച്ച സ്ഥലം ത്രീ ഇഡിയറ്റ്‌സ്‌ സിനിമയുടെ ക്ലൈമാക്സിലൂടെ പ്രശസ്തമായ ഇന്‍ഡോ – ടിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന പാന്ഗോങ് തടാകത്തിലേക്കാണ്‌… സമുദ്ര നിരപ്പില്‍ നിന്നും 14,270 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിമാലയത്തിലെ ഒരു എന്‍ഡോര്‍ഹെക്‌ തടാകമാണ്‌ പാന്ഗോങ് ‌ ത്സോ തടാകം… ഇന്ത്യയില്‍ നിന്ന്‌ ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തേക്ക്‌ വ്യാപിക്കുന്ന തടാകത്തിന്റെ ഏകദേശം 60% ടിബറ്റന്‍ സ്വയംഭരണ പ്രദേശത്താണ്‌…ഉപ്പുവെള്ളമായിരുന്നിട്ടും ശൈത്യകാലമാവുമ്പോള്‍ തടാകം പൂര്‍ണ്ണമായും ഐസ്‌ ആയി മാറും…ആ പ്രതിഭാസം കാണാനും അതിന്‌ മുകളിലൂടെ വണ്ടിയോടിക്കാനും ഒരുപാട്‌ വിനോദ സഞ്ചാരികള്‍ അവിടെ എത്തുന്നു… പാങ്ങൊങ്‌ തടാകത്തിലേക്ക്‌ പോകാന്‍ രണ്ട്‌ വഴികളുണ്ട്‌..ശ്യോക്‌ നദിയോട്‌ ചേര്‍ന്നുള്ള വഴിയും..ഖല്‍സാര്‍ എന്ന ഗ്രാമം കടന്നുള്ള വഴിയും.. ഖല്‍സാര്‍ വഴിയുള്ള യാത്ര ദൈര്‍ഖ്യമേറിയതും വിജനവുമായതിനാല്‍ അധികമാരും അത്‌ തിരഞ്ഞെടുക്കാറില്ല…ഞങ്ങള്‍ സാധാരണ എല്ലാര്‍വരും പോകാറുള്ള വഴി തിരഞ്ഞെടുത്തു…എന്നാല്‍ വഴിയില്‍ വെച്ച്‌ കണ്ട പലരും ഞങ്ങളോട്‌ പറഞ്ഞത്‌ ആ റോഡ്‌ മണ്ണിടിച്ചില്‍ കാരണം യാത്രക്ക്‌ അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണെന്നും നദിയിലെ ജലനിരപ്പ്‌ ഏത്‌ നിമിഷവും മാറാന്‍ സാധ്യതയുണ്ടെന്നുമാണ്‌…മഴക്കാറ്‌ കൂടെ കണ്ട്‌ തുടങ്ങിയതോടെ അപകടം മനസിലാക്കി ഞങ്ങള്‍ രണ്ടാമത്തെ വഴിയിലൂടെ പോകാന്‍ തീരുമാനിച്ചു…

(തുടരും… )

Share this post: