ഉദൈപൂരിൽ ചെന്നിറങ്ങുന്നതിനു മുൻപ്‌ തന്നെ രാജസ്ഥാനിൽ നിന്ന് കഴിക്കേണ്ടതായിട്ടുള്ള ഭക്ഷണങ്ങളുടെ ഒരു കുറിപ്പ് തയ്യാറാക്കി കൈയ്യിൽ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ലിസ്റ്റ് പ്രകാരം ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ തപ്പി കണ്ടുപിടിച്ചാണ് കഴിക്കാൻ കയറിയത്. പൊതുവേ മൂന്ന് നേരം ചപ്പാത്തി അഥവാ റൊട്ടി കഴിക്കുന്നവരാണീ രാജസ്ഥാനികൾ. നമ്മളെപ്പോലെ ചോറ് തന്നെ കഴിക്കണമെന്ന് നിർബന്ധമൊന്നും അവർക്ക് ഇല്ല. അങ്ങനെ നോക്കുമ്പോൾ ദക്ഷിണേന്ത്യക്കാരെ അപേക്ഷിച്ച് രാജസ്ഥാനികൾക്ക് ഭക്ഷണമുണ്ടാക്കാൻ അത്ര കഷ്ടപ്പാടൊന്നുമില്ല. നമ്മുടെ നാട്ടിലെ ഒരു ശരാശരി മലയാളിയുടെ വീട്ടിലെ തീൻമേശയിലേക്ക് നോക്കിയാൽ രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശ. കൂട്ടിത്തിന്നാൻ ചമ്മന്തി അല്ലെങ്കിൽ സാമ്പാർ. ഉച്ചക്ക് ചോറും ഒരു ഒഴിച്ചു കറിയും, കൂടെ മീൻ പൊരിച്ചതും, ഒരു തോരനും പിന്നെ അച്ചാറും. രാത്രി ചപ്പാത്തി അതിനൊരു കറിയുമാണ് പൊതുവെ കാണാറുള്ളത്. പക്ഷെ രാജസ്ഥാനിലാണെങ്കിൽ റൊട്ടിയും, തൈരും, അച്ചാറുമുണ്ടെങ്കിൽ കുറ്റമൊന്നും പറയാതെ അതും കഴിച്ച് സുഖമായി അവരു ജീവിക്കും. ഒരു മലയാളി സമ്പാദിക്കുന്നതിൻ്റെ നല്ലൊരു പങ്ക് ഭക്ഷണം കഴിക്കാനും വീടു പണിയാനുമാണ് ചിലവാക്കുന്നതെന്ന് എവിടെയോ പണ്ട് വായിച്ചത് ഒന്നോർത്തു നോക്കുമ്പോൾ എത്ര ശരിയാണ്.

രാജസ്ഥാൻ ജനസംഖ്യയിലെ ഭൂരിഭാഗവും സസ്യഭുക്കുകളാണ്. അതുകൊണ്ടുതന്നെ നോൺവെജ് ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ കണ്ടുപിടിക്കുന്നത് നല്ല കഷ്ടപ്പാടാണ്. പിന്നെ ഇവർ ചായയും കാപ്പിയുമൊക്കെ വളരെ കുറച്ച് മാത്രമാണ് കുടിക്കാറുള്ളത്. ഒരു ചായ വാങ്ങിച്ചാൽ അൻപതു മില്ലി ഗ്ലാസിലാണ് കിട്ടുക. അതിലാണെങ്കിൽ പകുതിയും പത മാത്രമാണ് ഉണ്ടാകുക. ഇതുകൊണ്ടൊക്കെ പലപ്പോഴും രണ്ടും മൂന്നും കപ്പ് ചായ കുടിക്കേണ്ടതായി വന്നിട്ടുണ്ട്.

വെജിറ്റേറിയനിൽ തന്നെ ജൈനമതസ്ഥർക്ക് പ്രത്യേകം തയ്യാറാക്കുന്ന വെജിറ്റേറിയൻ ഭക്ഷണം തന്നെ വേണം. അവരെ സംബന്ധിച്ച് മണ്ണിനടിയിൽ വിളയുന്ന ഒന്നും അവർ ഭക്ഷിക്കാറില്ല. അതായത് അവരുടെ ഭക്ഷണത്തിൽ ഉള്ളി, കിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി മുതലായവ ചേർക്കാറേയില്ല. അവരുടെ വിശ്വാസ പ്രകാരം നമ്മൾ മണ്ണിനടിയിലുള്ള ഒരു ചെടിയുടെ ഭാഗം ഭക്ഷിക്കുന്നതു വഴി ആ ചെടിയെ പൂർണ്ണമായിട്ടും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതായത് മാവിൽ നിന്ന് ഒരു മാങ്ങ പറിച്ചു കഴിക്കുന്നതുകൊണ്ട് ഒരിക്കലും ഒരു മാവ് നശിച്ചുപോകാറില്ല. പക്ഷെ മണ്ണിനടിയിൽ കായ്ക്കുന്ന ഉള്ളി ഭക്ഷണത്തിനായി എടുക്കുമ്പോൾ ആ ഒരു ചെടിയെ നമ്മൾ പൂർണ്ണമായിട്ടും നശപ്പിക്കുകയാണ് ചെയ്യുന്നത്. അത് അവരുടെ വിശ്വാസത്തിനു എതിരാണ്. അവർ കൂടുതലും പയറു വർഗ്ഗങ്ങളും, പാൽ ഉത്പ്പനങ്ങളുമാണ് കഴിക്കാറുള്ളത്. പിന്നെ ജൈനൻമാരുടെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ അവർ സൂര്യസ്തമയത്തിനു ശേഷം വയറുനിറച്ച് ഒന്നും കഴിക്കാറില്ല.

ചെന്നെത്തിയ ദിവസം ഞങ്ങൾ അന്ന് രാത്രി പിച്ചോള തടാകത്തിൻ്റെ തീരത്തുള്ള ഒരു ലേക്ക് വ്യൂ റെസ്റ്റൊറൻ്റിൽ നിന്നു മോഹൻ മാസ്സ് എന്നു പേരുള്ള മട്ടൺ കറിയും, റൊട്ടിയും കഴിച്ചിരുന്നു. മോഹൻ മാസ്സ് എന്നതു അറിയപ്പെടുന്ന ഒരു രാജ്വാടി നോൺ വെജ് കറിയാണ്. മട്ടൺ ഡ്രെ ഫ്രൂട്ട്സും, പാലും ക്രീമും ഒക്കെ ചേർത്ത് നമ്മുടെ നാട്ടിലെ സ്റ്റൂ പോലെ പാകം ചെയ്തു തരുന്നതാണിത്. കടുകെണ്ണയിൽ തയ്യാറാക്കായ റൊട്ടിയും കറിയും നമ്മുടെ നാട്ടിൽ കിട്ടുന്ന ചപ്പാത്തിയുടെയും മട്ടൺ സ്റ്റൂവിൻ്റെയും ഏഴ് അയൽവക്കത്തു പോലും എത്തില്ല എന്നത് ഒരു സത്യം മാത്രം.

രണ്ടാം ദിവസം സിറ്റി പാലസിൻ്റെ മുൻപിലുള്ള ഒരു ചെറിയ ഭക്ഷണശാലയിൽ നിന്നാണ് രാവിലെ ഭക്ഷണം കഴിച്ചത്. ദിവ്യ പൊഹ കഴിച്ചപ്പോൾ ഞാൻ ജീവിതത്തിൽ ആദ്യമായി കച്ചോരി കഴിച്ചു. നമ്മുടെ പൂരി പോലെ ഇരിക്കുന്ന കച്ചോരിയുടെ അകത്ത് നിറയെ ഉള്ളിയും മസാലയും ഉണ്ടാകും. കപ്പലണ്ടി അരച്ചുണ്ടാക്കിയ ചമ്മന്തിയാണ് കൂടെ കഴിക്കാൻ ലഭിച്ചത്. പൊഹ എന്നു പറയുന്നത് നോർത്ത് ഇന്ത്യക്കാരുടെ ഉപ്പുമാവാണ്. നമ്മൾ റവ അല്ലെങ്കിൽ അരിപൊടി ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുമ്പോൾ അവർ അവൽ ഉപയോഗിച്ച് ഇത് ഉണ്ടാക്കുന്നു. അത്രേ ഉള്ളു വ്യത്യാസം.

 

കൊട്ടാരം ചുറ്റികണ്ടു തിരിച്ചു വന്നപ്പോൾ രാവിലെ ഭക്ഷണം കഴിച്ച കടയുടെ അടുത്തു നിന്ന് ഒരു ഗ്ലാസ്സ് ജലജീരയും, ഒരു ഗ്ലാസ്സ് മസാല ചാച്ചും മേടിച്ചു കുടിച്ച് ക്ഷീണമകറ്റി. മസാല ചാച്ച് നമ്മുടെ മോരും വെള്ളത്തിൻ്റെ വേറൊരു പകർപ്പാണ്. മോരിൻ്റെ കൂടെ എന്തെല്ലാമോ പൊടികൾ അവർ ചേർക്കുന്നുണ്ട്. നിറയെ മിൻ്റ് ഇലകളും, കരിഞ്ജീരകവും, നാരങ്ങയും ഒക്കെയിട്ട് ഒരു വിർജിൻ മോജിറ്റോയെ പോലെയാണ് ജലജീര ഇരിക്കുന്നത്. രണ്ടും കുടിച്ചു കഴിഞ്ഞപ്പോൾ നല്ല ഉൻമേഷവും ഉണർവും ലഭിച്ചിരുന്നു. പക്ഷെ വില മാത്രം നല്ല കത്തിയായിരുന്നു. രണ്ടിനും കൂടി നൂറ്റിയറുപതു രൂപ. രാവിലെ ചായയും, വയറുനിറച്ച് ഭക്ഷണവും ഞങ്ങൾ രണ്ടു പേരും കഴിച്ചിട്ട് ആകെ അറുപത്തഞ്ചു രൂപ മാത്രമാണ് ആയത്. അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചതെയുള്ളു ഇവിടെ ഭക്ഷണത്തിനു എല്ലാം നല്ല വിലകുറവുണ്ടല്ലൊന്ന്.

ഉച്ചക്ക് ബൈക്ക് റെന്റിനു എടുത്തിട്ട് ഒരു റെസ്റ്റോറൻ്റിൽ കയറി ഡാൽബാട്ടിചൂർമ്മയും ഒരു വെജ് പുലാവും ഓഡർ പെയ്തു. വെറെറ്റി ഭക്ഷണം ഓഡർ ചെയ്യുമ്പോൾ എപ്പോഴും നമ്മൾക്ക് കഴിക്കാൻ പറ്റും എന്നു ഉറപ്പുള്ള ഒരു ഭക്ഷണം കൂടി ഓഡർ ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇനി വെറെറ്റി ഫുഡ് നമ്മുടെ രുചിക്ക് പറ്റിയതല്ലെങ്കിൽ കഴിക്കാൻ എന്തെങ്കിലും മേശപ്പുറത്ത് വേണ്ടെ. ഈ ഐഡിയ നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ഡാൽ ബാട്ടി ചൂർമ്മാ രാജസ്ഥാനികളുടെ, പ്രത്യേകിച്ചും ജൈനൻന്മാരുടെ പ്രധാന ഭക്ഷണമാണ്. ഇവിടെ കല്യാണത്തിനും, മറ്റു വിശേഷ ദിവസങ്ങളിലും നമ്മുടെ നാട്ടിൽ ബിരിയാണി പോലെ വിളമ്പുന്ന ഒരു വിശിഷ്ഠ ഭക്ഷണമാണിത്. ജൈനൻന്മാർക്ക് കഴിക്കാൻ വേണ്ടി ഉള്ളി, ഇഞ്ചി, കിഴങ്ങ് മുതലായവ ഇതു ഉണ്ടാക്കാനായി എവിടെയും ഉപയോഗിച്ചിട്ടില്ല. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മൂന്ന് ഭാഗങ്ങളാണ് പ്ലേറ്റിൽ കാണാൻ സാധിക്കുന്നത്. ഒന്ന് ദാൽ. നല്ല എരിവ് തോന്നുന്ന രീതിയിൽ തയ്യാറാക്കിയ പരിപ്പ് കറി. അതു കഴിഞ്ഞ് ബാട്ടി. പ്ലേറ്റിൽ നാല് ഉണ്ടകളാക്കി വെച്ചിരിക്കുന്നതാണ് ബാട്ടി. ഗോതമ്പുകൊണ്ടും റാഗികൊണ്ടുമാണ് ഇത് ഉണ്ടാക്കുന്നത്. ഒറ്റനോട്ടത്തിൽ ഇത് വളരെ ചെറിയ നാല് ഉണ്ടകളായി തോന്നും. പക്ഷെ ഈ ഉണ്ടകൾ പൊടിച്ച് ഡാൽ ഒഴിച്ച് കുതിർത്ത് കഴിക്കുമ്പോൾ മനസ്സിലാകും ഇതു കുറെയുണ്ടെന്ന്. നാലിൽ ഞാനാകെ രണ്ട് ഉണ്ടമാത്രമാണ് മുഴുവാനായും കഴിച്ചത്. ഇത് കഴിക്കാൻ ഡാലിൻ്റെ കൂടെ പപ്പടവും അച്ചാറും കൂടി ഉപയോഗിക്കാവുന്നതാണ്. ഇതു രണ്ടും കഴിച്ചിട്ട് വേണം ചൂർമ്മ കഴിക്കാൻ. റവയും റാഗിയും ചേർത്തുണ്ടാക്കിയ നമ്മുടെ കേസരി പോലെ മധുരമുള്ള ചൂർമ്മ ഒരു ഡ്രെ ഡിസേർട്ടു പോലെ കഴിക്കാവുന്നതാണ്.

അന്ന് രാത്രി ദിവ്യക്ക് പനി വന്നതിനാൽ പ്രത്യേകിച്ചു ഭക്ഷണമൊന്നും ഞങ്ങൾ രണ്ടു പേരും കഴിക്കാൻ നിന്നില്ല. പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയ ഉണ്ണിയപ്പവും പിന്നെ കുറച്ചു സ്വീറ്റ്സും കഴിച്ച് ഡിന്നർ ഒതുക്കി. മൂന്നാം ദിവസം രാവിലെ എഴുന്നേറ്റപ്പോൾ തന്നെ നല്ല വിശപ്പുണ്ടായിരുന്നു. കുമ്പളക്കോട്ട കാണാൻ പോകുന്ന വഴിക്ക് ഒരു റെസ്റ്റോറൻ്റിൽ കയറി ആലു പറാത്ത കഴിച്ചു. നമ്മുടെ മസാലദോശ പോലെ ചപ്പാത്തിക്കുള്ളിൽ കിഴങ്ങ് മസ്സാലയിൽ വേവിച്ച് അരച്ചത് വെച്ച് ഉണ്ടാക്കുന്ന ഒരു തരം റൊട്ടി. നോർത്ത് ഇന്ത്യയിൽ എവിടെ പോയാലും സുലഭമായി ലഭിക്കുന്ന ഭക്ഷണമാണ് ആലു പറാത്ത. സൈഡ് ഡിഷ് വേണ്ടവർക്ക് ദാൽ, പനീർ, മഷ്റൂം കറിയൊക്കെ വാങ്ങി കഴിക്കാവുന്നതാണ്. സൈഡ് ഡിഷ് ഇല്ലെങ്കിൽപോലും ഇതിൻ്റെ കൂടെ കിട്ടുന്ന അച്ചാറും തൈരും മാത്രം കൂട്ടി കഴിക്കാനും നല്ല രസമാണ്. അന്നു രാവിലെ താമസിച്ചു കഴിച്ചതുകൊണ്ട് ഉച്ചക്കത്തെ ഭക്ഷണം ഞങ്ങൾ ഒഴിവാക്കി. പിന്നെ വയറു നിറച്ച് ഭക്ഷണവും കഴിച്ചു ഒരിക്കലും മലയും കോട്ടയും കയറി ഇറങ്ങി നടന്നു കാണാൻ ഒന്നും സാധിക്കില്ല. അതു കൊണ്ടു തന്നെ ഞങ്ങൾ ഉച്ചക്ക് വെറുമൊരു ലെമൺ ജ്യൂസ് മാത്രമാണ് കുടിച്ചത്. അന്ന് രാത്രി കുമ്പള കോട്ടയുടെ അടുത്തുനിന്ന് മട്ടർ റൈസും, റൊട്ടിയും, സേവ് ടാമാറ്റർ സബ്ജീയും വാങ്ങി കഴിച്ചു. ഇതിൽ സേവ് ടമാറ്റർ സബ്ജി ഞാൻ ആദ്യമായി കഴിക്കുകയായിരുന്നു. നമ്മുടെ തക്കാളിക്കറി ഗരം മസാല ചേർത്ത് ഉണ്ടാക്കിയതിലേക്ക് സേവ് പൂരി ചേർത്ത് ഇളക്കുന്നതാണ് ഈ സംഭവം. സംഗതി എനിക്ക് നന്നായി ബോധിച്ചൂട്ടോ. അടിപൊളിയാണ്.

നാലാം ദിവസം രാവിലെ ചിറ്റോർഘട്ടിലേക്ക് പോകും വഴി ഉദൈപൂരിലെ ചാന്ത് പോളിൻ്റെ അടുത്തുള്ള വഴിയോര കടയിൽ നിന്ന് ബ്രഡ് പക്കോടയും, പൊഹയും, പാപ്പടും കഴിച്ചു. പൂരി വട്ടത്തിൽ അല്ലെങ്കിൽ നല്ല നീളത്തിൽ നല്ല ക്രിസ്പ്പിയായി ഉണ്ടാക്കിയിട്ട് അതിലേക്ക് പുതിന ഇല ചമ്മന്തി ഒഴിച്ചു തരുന്നതിനേയാണ് പാപ്പട് എന്ന് പറയുന്നത്. ബ്രഡിനുളളിൽ മസാല ഫില്ലിങ്ങ്സ് വെച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതിനെയാണ് ബ്രഡ് പക്കോടാ എന്ന് പറയുന്നത്. സംഗതി നല്ല രസമുണ്ടായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് ചിറ്റോർ കോട്ട ചുറ്റി കാണുന്നതിനിടയിൽ മസാല ചെന വാങ്ങി കഴിച്ചിരുന്നു. സംഭവം വളരെ സിംപിളാണ്. കടല വേവിച്ചതിലേക്ക് ചാട്ട് മസാലയും, നാരങ്ങനീരും, കുനുകുനാന്ന് അരിഞ്ഞ സവോള, തക്കാളി, മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുമ്പിള് കുത്തിതരുന്നതിനെയാണ് ഈ ചെന മസാല എന്നു പറയുന്നത്. കുമ്പിൾ കുത്തി തന്നതു കൊണ്ട് അതും കൊറിച്ചു ചിറ്റോർ കോട്ട ചുറ്റി കാണാൻ നല്ല രസമുണ്ടായിരുന്നു. കീർത്തി സ്തംഭയുടെ മുന്നിൽ നിന്ന് ഒരു വെറെറ്റി ലമൺ സോഡയും വാങ്ങി കുടിച്ചിരുന്നു. ഇവിടെ ഇവർ പല തരം പൊടികൾ ഒരുമാതിരിപെട്ട എല്ലാ ലഘുഭക്ഷണത്തിലും, പാനിയങ്ങളിലും ചേർക്കാറുണ്ട്. വ്യതസ്തമായ രുചികൾ കൊണ്ടുവരുന്ന ഈ പൊടികൾ ഉണ്ടാക്കുന്നതിൻ്റെ കൂട്ട് നമ്മൾ എത്ര ചോദിച്ചാലും ഇവരു പറഞ്ഞുതരില്ല. അതെല്ലാം അവരുടെ ട്രേഡ് സീക്രെട്സ് ആണ്. അന്ന് രാത്രി ഉദൈപൂരിലേക്ക് ചിറ്റോറിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് രജസ്ഥാനി താലി കഴിച്ചു. ശെരിക്കും ഞങ്ങൾക്ക് കഴിക്കാൻ കിട്ടിയത് മിനി താലിയാരുന്നു. അതിൽ വിഭവങ്ങളുടെ എണ്ണം കുറവായിരുന്നു. ഉച്ചക്കാണ് ഇവിടെ മഹാരാജാ താലി കിട്ടുന്നത്. കണ്ണുതള്ളി വെളിയിൽ വരും ഒരു മഹാരാജാ താലി കണ്ടാൽ. അത്രക്ക് ഉണ്ടാകും വിഭവങ്ങൾ. ഞങ്ങൾക്ക് കിട്ടിയ താലിയിൽ മൂന്ന് ചപ്പാത്തിയും, ചോറും ,പനീർകറിയും, ദാലും, പിന്നെ ഒരു മിക്സഡ് വെജ് കുറുമയും, ബേസൻ കാ ഘട്ടയും (കുറുമ പോലെ ഒരു കറിയിൽ ചെറുതായി വറുത്തെടുത്ത കടലമാവിൻ്റെ ചെറിയ കട്ടകൾ ചേർക്കുന്നതാണ് ഈ കറി) പിന്നെ പപ്പടവും, അച്ചാറും, വെള്ള മോരും, ഗുലാബ് ജാമുമാണ് ഉണ്ടായിരുന്നത്.

അഞ്ചാം ദിവസം, അതായത് അവസാന ദിവസം ഞങ്ങൾ ശക്തി നഗറിലെ ബാപ്പു ബസാറിലുള്ള പ്രശസ്തമായ JMB സ്വീറ്റ്സ് കടയിലേക്ക് പോയി. അവിടുത്തെ ചുവരിൽ പല സെലിബ്രിറ്റിസും അവിടെ വന്ന് സ്വീറ്റ്സ് വാങ്ങുന്നതിൻ്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഓടിനടന്ന് കുറെ മധുര പലഹാരങ്ങൾ വാങ്ങി കഴിച്ചു. കുറെ പലഹാരങ്ങൾ വീട്ടിലേക്ക് പാർസലായിട്ടും വാങ്ങി കൂട്ടി. (ചിത്രങ്ങൾ ശ്രദ്ധിക്കുക. പേരുകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)

യാത്രകൾ പോകുമ്പോൾ കഴിവതും നമ്മൾ ആ നാട്ടിലെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. നമ്മൾക്ക് പിന്നീട് ഒരു അവസരം ആ നാട്ടിൽ പോയി കഴിക്കാൻ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് എപ്പോഴും കിട്ടുന്ന സാഹചര്യം നന്നായി മുതലെടുക്കണം. പിന്നെ നമ്മുടെ നാട്ടിൽ കാണുന്ന പഞ്ചാബി ദാബയും, ഹരിയാന ദാബയും എല്ലാം നല്ല പറ്റിക്കൽ പരിപാടിയാണ്. യഥാർത്ഥ പഞ്ചാബി ഡിഷ് ഒന്നുമല്ല അവർ നമുക്ക് ഉണ്ടാക്കി തരുന്നത്. പേരിൽ മാത്രമാണ് പഞ്ചാബും, ഹരിയാനയും ഒക്കെ ഉള്ളത്. നമ്മളെ വീണ്ടും വീണ്ടും കടയിലേക്ക് ആകർഷിക്കാൻ അവർ നമ്മുടെ മസാലക്കൂട്ട് തന്നെയാണ് മുഖ്യമായിട്ടും കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

ഞാൻ പലരെയും ശ്രദ്ധിച്ചിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ചെല്ലുന്ന സ്ഥലത്ത് കേരളാ ഫുഡ് കഴിക്കാൻ കിട്ടുമോന്ന് തിരയുന്നവർ. ഒരു സ്ഥലം നമ്മൾ കാണാൻ ഇറങ്ങുമ്പോൾ ആ സ്ഥലത്തുള്ളത് കാണുന്നതിനോടൊപ്പം ആ നാടിൻ്റെ ചരിത്രവും, അവരുടെ സംസ്കാരവും, ഭക്ഷണ രീതികളും മനസ്സിലാക്കി യാത്ര ചെയ്യുമ്പോഴാണ് ആ യാത്ര പൂർണ്ണമാകുന്നത് എന്നാണ് എൻ്റെ വിശ്വാസം. പിന്നെ ഇതു വായിക്കുന്നവരോട് ചെറിയ ഒരു അപേക്ഷ ഉണ്ട്. ഒരോ നാടിനും അവരുടെതായ രുചികൾ ഉണ്ടാകും. അതു താരതമ്യം ചെയ്ത് വാക്ക്പോരിന് ഇറങ്ങുന്നത് ശുദ്ധ അസംബന്ധമാണ്. കോഴിക്കോട് ബിരിയാണി നമുക്ക് എല്ലാവർക്കും അറിയാം അടിപൊളിയാണെന്ന്. എന്ന് പറഞ്ഞ് തമിഴ്നാട്ടിലെ തലപ്പാകട്ടി ബിരിയാണിയേക്കാൾ കോഴിക്കോട് ബരിയാണിയാണ് നല്ലതെന്ന് പറഞ്ഞ് ഒരിക്കലും ആ നാട്ടിലുള്ളവരോട് തർക്കിക്കാൻ പോകരുത്. നമ്മൾ ശീലിക്കുന്ന പല മസാല കൂട്ടുകളും മറ്റൊരു നാട്ടിൽ അവർക്ക് ശീലമില്ലാത്തതായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് പരിചയമുള്ള രുചിയാവും എപ്പോഴും പ്രിയപ്പെട്ടത്. പറഞ്ഞു വന്നത് ഭക്ഷണത്തിൻ്റെ പേരിൽ നാടുകൾ തമ്മിൽ താരതമ്യം ചെയ്യുന്ന പരിപാടി നിങ്ങൾക്ക് ഉണ്ടെങ്കിൽ നിർത്തുക. ഒരു നാട്ടിൽ പോയി ആ നാട്ടിലെ ഭക്ഷണം കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന നിലയിൽ പിന്നീട് അത് കഴിക്കാതെ ഇരിക്കുക. ഒരിക്കലും എൻ്റെ നാട്ടിലെ ഭക്ഷണമാണ് ഇതിനേക്കാൾ നല്ലതെന്ന് പറഞ്ഞ് തർക്കിക്കാൻ പോകരുത്.

Credits: ബുള്ളറ്റ് സുകു

 

 

Share this post: