ഒരു ദിവസം വൈകിട്ടു 4 മണിക്ക് എറണാകുളം എംജി റോഡിൽ കൂടി ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ അവധി ദിവസമായതിനാൽ റോഡിൽ നല്ല ട്രാഫിക് ബ്ലോക്ക് അതുകണ്ടപ്പൊ ഒരു വല്ലാത്ത അസ്വസ്ഥത തോന്നി, ഒന്നു ആലോചിച്ചപ്പോ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, മോട്ടോർസൈക്കിൾ എടുത്ത് കൂട്ടുകാരുമായി വെറുതെ ഒരു ലോക്കൽ റൈഡ് നടത്തിയാലോന്നു തോന്നി നേരെ കൂട്ടുകാരനെ വിളിച്ചു അവന്റെ ഒറ്റ ചോദ്യം കേട്ടപ്പോ ദേ അടുത്ത ലഡ്ഡുവും പൊട്ടി നമുക്ക് ഒരു ലോങ്ങ് റൈഡ് പോയാലോന്നു… അപ്പൊ തന്നെ മനസ്സിൽ യാത്രകളിൽ എന്റെ കൂട്ടായ എന്റെ സുന്ദരിയുടെയും കാടിന്റെയും മലകളുടെയും ഒരു കുളിർമ മനസിലേക്ക് ഓടി വന്നു. പിന്നെ ഒന്നും നോക്കിയില്ല 10മിനിറ്റ് കൊണ്ട് എങ്ങനെയോ വീട് എത്തി. ഞാൻ മെമ്പർ ആയിട്ടുള്ള എല്ലാ റൈഡിങ് ഗ്രൂപ്പിലേക്കും ഒരു പോസ്റ്റ് ഇട്ടു(എങ്ങോട്ടെങ്കിലും 2 ദിവസത്തെ ദൂര യാത്ര പോകാൻ താല്പര്യം ഉള്ളവർ 6.30ക്കുള്ളിൽ വിളിക്കുക)ശരിക്കും ഒരു പ്ലാനിങ്ങും ഇല്ലാത്ത യാത്ര അതാണ് ഉദ്ദേശിച്ചത്. കാർ കേറ്റി പാർക്ക് ചെയ്തു, ദൂര യാത്രകൾക്ക് മാത്രം ഉപയോഗിക്കാറുള്ള എന്റെ സുന്ദരിയെ ഇറക്കി തുടച്ചു വൃത്തിയാക്കി അത്യാവശ്യം വേണ്ട ചെക്കിങ് ഒക്കെ നടത്തി ആവശ്യമുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. അപ്പോഴേക്കും ഗ്രൂപ്പിൽ നിന്നും ഒരുപാട് പേർ റിപ്ലൈ തന്നിരുന്നു, മിക്കവർക്കും പെട്ടെന്നുള്ള ഈ ട്രിപ്പ് അങ്ങോട്ട് ദഹിച്ചില്ല പക്ഷെ ഒരു ഗ്രൂപ്പിൽ നിന്നും മലപ്പുറത്തുള്ള ഒരു ഫ്രണ്ട് പേർസണൽ മെസ്സേജ് അയച്ചു, അവർ 25പേർ മലപ്പുറത്ത് നിന്നും പാലക്കാട്, പൊള്ളാച്ചി, വാൾപാറ, അതിരപ്പള്ളി വഴി ട്രിപ്പ് പോകുന്നുണ്ടെന്നു പറഞ്ഞു ഞാൻ രാത്രി പ്ലാനിങ് പറയാമെന്നു പറഞ്ഞു, അങ്ങനെ കറക്റ്റ് 6.30 ആയപ്പൊ ഞാൻ വീട്ടിൽ നിന്നും കൂട്ടുകാരന്റെ വീട്ടിലേക്കു പോയി 7.30 ആയപ്പൊ ഒരു പ്ലാനിങ്ങിൽ എത്തി നേരെ കോയമ്പത്തൂർ ഉള്ള എന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു, രണ്ടാമത്തെ ദിവസത്തേതും ഒരു തീരുമാനം എടുത്തു, ട്രിപ്പ് ഒരുപാട് വലിച്ചു നീട്ടാതെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേക്ക് റൈഡ് ചെയ്തു വരുന്ന രീതിയിൽ പൊള്ളാച്ചി, വാൾപാറ വാഴച്ചാൽ വഴി പ്ലാൻ ചെയ്തു. അങ്ങനെ 12.30 ആയപ്പൊ കോയമ്പത്തൂർ എത്തി, ചേച്ചിയോട് പറയാണ്ട് ചെന്നതിനാൽ ചേച്ചി ഒന്നു ഞെട്ടി, ട്രിപ്പിന്റെ ഒരു ഫീൽ കിട്ടാനായി റൂമിൽ കിടക്കാണ്ട് വീടിന്റെ മുകളിൽ ടെന്റ് സെറ്റ് ചെയ്തു നല്ല സുഖമായി ഉറങ്ങി. രാവിലെ 9.30ക്ക് ബ്രേക്ഫാസ്റ്റും കഴിച്ചു വണ്ടിയെടുത്തു ചേച്ചിയോട് യാത്രയും പറഞ്ഞു ഇറങ്ങി 11.30 ആയപ്പൊ പൊള്ളാച്ചിയിൽ വെച്ച് മലപ്പുറം റൈഡേഴ്സിനെ മീറ്റ് ചെയ്തു പിന്നെ അങ്ങോട്ട് ഒരുമിച്ച് ലൈൻ അപ്പ് ആയി ആനമലൈ ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് കടന്നപ്പോൾ തന്നെ കാടിന്റെ പച്ചപ്പും തണുപ്പും വല്ലാണ്ട് ആകർഷിച്ചു തുടങ്ങി, എല്ലാവരും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ നിർത്തി ഫോട്ടോ ഒക്കെ എടുത്തു, നമ്മൾ വരയാടുകളെ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഇരവികുളം നാഷണൽ പാർക്കിൽ പോകുന്നു പക്ഷെ ഈ റൂട്ടിൽ പോയാൽ വരയാടുകളെ നമുക്ക് റോഡിൽ നമ്മുടെ മുൻപിൽ കാണാൻ സാദിക്കും, അങ്ങനെ 40ഹെയർ പിൻ വളവുകൾ ഉള്ള മലകൾ കടന്നു വാൾപാറ എത്തിയപ്പോ കാലാവസ്ഥ ചൂടായി തുടങ്ങി വാൾപാറ പകൽ സമയങ്ങളിൽ എപ്പോഴും ചൂട് തന്നെയാണ്, എല്ലാവർക്കും നന്നായി വിശപ്പ് തുടങ്ങിയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ ഷോളയാർ ആണ് അപ്പൊ അവിടെ നിന്ന് ലഞ്ച് കഴിക്കാൻ തീരുമാനിച്ചു, ഷോളയാർ ഡാം കണ്ടു താഴേക്കു ഇറങ്ങുമ്പോൾ എനിക്ക് പരിചയമുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട് അവിടെ നിന്നും എല്ലാവരും ഭക്ഷണം കഴിച്ചു നേരെ ഷോളയാർ ഫോറെസ്റ്റ് ചെക്‌പോസ്റ്റിൽ റിപ്പോർട്ട് ചെയ്തു വണ്ടി നമ്പർ എല്ലാം എഴുതിക്കൊടുത്തു പാസ്സ് വാങ്ങി, പാസിൽ യാത്രക്കാർക്ക് 60k.m കൊടുംകാട് താണ്ടാൻ ഡിപ്പാർട്മെന്റ് അനുവദിക്കുന്ന സമയം 2മണിക്കൂർ ആണ്, അങ്ങനെ 2മണിക്കൂറിനുള്ളിൽ വാഴച്ചാൽ ചെക്‌പോസ്റ്റിൽ റിപ്പോർട്ട് ചെയ്തു അതിരപ്പള്ളി എത്തിയപ്പോൾ 6മണിയായി നേരെ അതിരപ്പള്ളി പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്തു ഒരു ഫൊട്ടോഷൂട് ഒക്കെ നടത്തി മുൻപോട്ടു നീങ്ങി, ഞാൻ എറണാകുളത്തേക്കും അവർ മലപ്പുറത്തേക്കും തിരിയുന്നതിനു മുൻപായി സിൽവർ സ്റ്റോമിന് മുൻപിലുള്ള വെറ്റിലപ്പാറ പാലത്തിൽ ഉള്ള തട്ടുകടയിൽ ഒത്തുകൂടി എല്ലാവരും ഒരു കട്ടൻചായയൊക്കെ കുടിച്ച് യാത്രയൊക്കെ പറഞ്ഞു, അവിടെ നിന്നും വണ്ടി എടുത്തു എറണാകുളത്തേക്കു പുറപ്പെട്ടപ്പോൾ കുറേ തണുപ്പുള്ള പച്ചപ്പുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞിരുന്നു….
credits: Sajith Vijay
No Comments