നേരംകെട്ട നേരത്ത് കല്യാണം കഴിച്ചതുകൊണ്ട് ദിവ്യയുടെ കൂടെ ഒരു യാത്ര പോവാനൊന്നും കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ജനജീവിതം സാധാരണ ഗതിയാക്കാൻ രാജ്യമെമ്പാടും ലോക്ക്‌ഡൗൺ ഇളവുകൾ നൽകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കല്യാണം കഴിഞ്ഞുള്ള ആദ്യയാത്ര, അല്ലെങ്കിൽ ഹണിമൂൺ യാത്രയെ കുറിച്ചു ഞങ്ങൾ ചിന്തിച്ചു തുടങ്ങി. അങ്ങനെ കുറെനാളായി മനസ്സിൽ താലോലിക്കുന്ന സിക്കിം യാത്രക്കായി തിരഞ്ഞെടുത്തു. അഞ്ചുദിവസം കൊണ്ട് സിക്കിം എങ്ങനെ കണ്ടുത്തീർക്കാമെന്നായിരുന്നു പിന്നീടുള്ള റിസേർച്ച്. നോർത്ത് സിക്കിം പോകുമ്പോൾ എടുക്കേണ്ട പാസ്സിനെപ്പറ്റിയും, ഗുരുഡോങ്മാർഗ്, ലാച്ചുങ്, പെല്ലിങ്, നംച്ചി, സുലുക്ക് യുംതാങ് വാലി തുടങ്ങി കാഞ്ചൻചുങ്കനെ കുറിച്ചുവരെ ആഴത്തിൽ പഠിച്ചു കുറിപ്പുകൾ ഉണ്ടാക്കി യാത്ര ചിട്ടപ്പെടുത്തി. സിലുഗുരിയിൽ എത്തി ബൈക്ക് വാടകക്ക് എടുത്ത് അഞ്ചുനാൾകൊണ്ടു സിക്കിം കറങ്ങാൻ ഗൂഗിൾ മാപ്പിൽ കണ്ട ഏറ്റവും റേറ്റിംഗുള്ള ബൈക്ക് റെന്റൽ ഷോപ്പിലേക്ക് വിളിച്ചപ്പോഴാണറിയുന്നത് സിക്കിമിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ ബൈക്കിൽ പിൻ യാത്രക്കാരെ അനുവദിക്കുന്നില്ലെന്ന്. അവസാന നിമിഷം നല്ല അസൽ പണികിട്ടി. ലീവെല്ലാം മുൻകൂട്ടി എടുത്തുവെച്ചിട്ടുള്ളതുകൊണ്ട് യാത്ര ഒഴിവാക്കാനും തോന്നിയില്ല. യാത്രക്ക് മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കേ പുതിയൊരു സ്ഥലം കണ്ടുപിടിക്കാനുള്ള പരിശ്രമം തുടങ്ങി.

ദിവ്യ ജോലി ചെയുന്ന ഋഷികേശിലേക്ക് ക്ഷണിച്ചു. എങ്ങനെപോയാലും ഋഷികേശിലേക്ക് ഒരുപാട് യാത്രകൾ ഭാവിയിൽ ചെയ്യേണ്ടിവരും എന്നുള്ളതുക്കൊണ്ട് ആ പേര് ആദ്യമേ തന്നെ വെട്ടി. പിന്നെ അവൾ പറഞ്ഞ സ്ഥലമായിരുന്നു ഗോവ. ഗോവ ദക്ഷിണേന്ത്യയിൽ ആയതുകൊണ്ട് ഇനി ഒരിക്കൽ പോണ്ടിച്ചേരിയിലേക്ക് ദിവ്യ വരുമ്പോൾ ഒരു ലോങ്ങ്‌ റൈഡ് ബുള്ളറ്റിൽ കൊണ്ടുപോകാമെന്നു വാക്ക് കൊടുത്തു ആ പെരും വെട്ടി. ലോണാവല ഹരിഹർ ഫോർട്ട്‌ കവർ ചെയ്തൊരു മഹാരാഷ്ട്ര ട്രിപ്പോ, ഉദൈപൂർ ചിറ്റോർഘട്ട് കവർ ചെയ്തൊരു രാജസ്ഥാൻ ട്രിപ്പോ ആയിരുന്നു എന്റെ മനസ്സിൽ ഉള്ളത്. കുറച്ചുപേരോട് അഭിപ്രായം ചോദിച്ചതിന് ശേഷം മഹാരാഷ്ട്ര വെട്ടി രാജസ്ഥാൻ തിരഞ്ഞെടുത്തു. ലോണവാല അടുത്ത മൺസൂൺ ടാർഗറ്റാക്കി കുറിച്ചിട്ടു.

മരുഭൂമിയുടെ നാടാണ് രാജസ്ഥാൻ. മരുഭൂമികളുടെ ഈ നാട്ടിൽ തടാകങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഉദൈപൂരിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. കിഴക്കിന്റെ വെന്നിസ് എന്നു നമ്മുടെ ആലപ്പുഴയെ വിളിക്കുന്നപോലെ ഉദൈപൂരിനെയും ശ്രീനഗറിനെയും ഇതേ പേരിൽ വിശേഷിപ്പിക്കാറുണ്ട്. പ്ലാനിംഗിന്റെ ഭാഗമായി ഉദൈപൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പറ്റി ഒരു ലിസ്റ്റ് ഉണ്ടാക്കി. അതുപോലെതന്നെ ഉദൈപൂരിന് അടുത്തുള്ള പ്രമുഖ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് എടുത്തു വെച്ചു. പിന്നീട് ഉദൈപൂരുമായി ചുറ്റിപറ്റി കിടക്കുന്ന ചരിത്ര സംഭവങ്ങളെ കുറിച്ചൊരു പഠനം നടത്തി. പിന്നെ വേറൊരു നാട്ടിൽ പോകുമ്പോൾ ആ നാട്ടിലെ ഭക്ഷണം കഴിച്ചുനോക്കുന്ന കൗതുകം കൂടെയുള്ളതുകൊണ്ട് ട്രൈ ചെയ്യേണ്ട ഭക്ഷണങ്ങളെ കുറിച്ചും ഒരു കുറിപ്പ് ഉണ്ടാക്കി.

ഇനിയാണ് ട്രിപ്പ്‌ പ്ലാൻ തയ്യാറാക്കാൻ പോകുന്നത്. അഞ്ചു ദിവസമാണ് ആകെ കൈയിലുള്ളത്. കല്യാണം കഴിഞ്ഞുള്ള ആദ്യ യാത്ര. ഈ യാത്രയിലൂടെ ദിവ്യയെ എത്രത്തോളം ഇമ്പ്രെസ്സ് ചെയ്യാൻ പറ്റുമോ അത്രയും ചെയ്യണം. എങ്കിലല്ലെ അടുത്ത യാത്രക്ക് വിളിക്കുമ്പോഴും കട്ടക്ക് കൂടെ നിൽക്കൂ. പിന്നെ ബഡ്‌ജറ്റും കാര്യമായി കയ്യിൽ ഒന്നുമില്ല. അങ്ങനെ പലതരം വെല്ലുവിളികൾ പ്ലാൻ ചെയ്തപ്പോൾ മുന്നിൽ ഉണ്ടായിരുന്നു. ഉദൈപൂരിലേക്കുള്ള വിമാന സർവ്വീസ്സുകളുടെ സമയക്രമം മൂലം രണ്ടു ദിവസം പോകാനും വരാനും മാത്രം നഷ്ടമാകുന്നതുടെ കണ്ടപ്പോൾ ചങ്ക് തകർന്നു. ചെന്നൈയിൽ നിന്ന് എല്ലാ വിമാനങ്ങളും ഉച്ചയോടെ തുടങ്ങി രാത്രി എത്തുന്നതുപോലെയാണ് ഉള്ളത്. ഒന്നുപോലും പാതിരാത്രിയോ, അതിരാവിലെയോ തുടങ്ങി രാവിലെയോ, ഉച്ചക്കോ എത്തുന്ന രീതിയിലുള്ള സർവ്വീസ് നടത്തുന്നില്ലായിരുന്നു. അതുപോലെതന്നെ ഉദൈപൂരിൽ നിന്ന് എല്ലാ വിമാനങ്ങളും ഉച്ചയോടെയാണ് തുടങ്ങുന്നത്. രാത്രിയോടെ ചെന്നൈ എത്തും. ഒന്ന് പോലും രാത്രി തുടങ്ങി രാവിലെ എത്തുന്നപോലില്ലായിരുന്നു. നല്ല നൈസ് പണി അങ്ങനെയും കിട്ടി ബോധിച്ചു. ചുരുക്കി പറഞ്ഞാൽ അഞ്ചു ദിവസം ലീവ് ഉണ്ടെങ്കിലും മൂന്ന് ദിവസത്തേക്കുള്ള ട്രിപ്പ്‌ പ്ലാൻ ശരിയാക്കണം.

വായിച്ചറിഞ്ഞതു പ്രകാരം ഉദൈപൂർ കാണാൻ മാത്രം മൂന്നു ദിവസം വേണം. അപ്പോഴെങ്ങനെയാണ് മറ്റു സ്ഥലങ്ങളെ ഉൾപെടുത്തുക. അതിൽ തന്നെ ചിറ്റോർഘട്ടും, കുംഭൽഘട്ടും,രണക്പൂറും ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല. തലപുകച്ച് പരിപ്പുപോലാക്കി ഒടുവിൽ കാച്ചിക്കുറിക്കിയ ഒരു പ്ലാൻ തയ്യാറാക്കി. ചെന്നിറങ്ങുന്ന ദിവസം തീരുമാനിച്ചതുപോലെ ഹോംസ്റ്റെയിൽ താമസം ശരിയാക്കിയിട്ടു ദിവ്യയുടെ കൈപിടിച്ചു ഉദൈപൂരിലെ പിച്ചോള തടാകത്തിന്റെ അരികിലൂടെ ഒരു കാൽനട യാത്ര. ബഹളവും തിരക്കുമില്ലാത്ത ഏതെങ്കിലുമൊരു ലേക്ക് വ്യൂ റെസ്റ്റോറന്റിൽ ഒരു റൊമാന്റിക് ഡിന്നർ. അന്ന് അത്രമാത്രം.

രണ്ടാം ദിവസം ഉച്ചവരെ ഉദൈപൂരും. ഉച്ചകഴിഞ്ഞു കുമ്പളകോട്ടയും കാണാൻ പോകാമെന്നു പ്ലാൻ ചെയ്തു. അവിടെ നിന്ന് സമയമുണ്ടെങ്കിൽ രാണക്പൂർകൂടി കവർ ചെയ്യാമെന്ന് കണകുക്കൂട്ടി. എന്നിട്ട്‌ പോകുന്ന റോഡ് നല്ലതാണെങ്കിൽ രാത്രി തിരിച്ചു ഉദൈപൂർ അല്ലെങ്കിൽ കുമ്പളകോട്ടക്ക് സമീപം താമസം. രാത്രി യാത്ര രാജസ്ഥാനിൽ സുരക്ഷിതമല്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. ചോദിച്ചവരൊക്കെ എട്ടുമണിക്കുള്ളിൽ യാത്ര തീർക്കണം. ഒരുകാരണവശാലും പത്തുമണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പു കിട്ടി. മൂന്നാം ദിവസം ചിറ്റോർകോട്ട കാണാൻ പോകാൻ കണക്കുകൂട്ടി. സമയമുണ്ടെങ്കിൽ മീനാൽ കോട്ടയും, വെള്ളച്ചാട്ടവും കാണണം. നാലാമത്തെ ദിവസം മൗണ്ട് അബുവിലേക്കു പ്ലാനിട്ടു. അവിടുന്നു ദിൽവരാ ക്ഷേത്രം കാണണം, പിന്നെ ചെറിയ ഒരു ട്രെക്കിങ് ചെയ്യണം. വൈകിട്ടോടെ തിരിച്ചു ഉദൈപൂർ. അഞ്ചാം ദിവസം ഫ്ലൈറ്റ് എടുക്കുന്നതിനു മുൻപ് ഉദൈപൂരിൽ കാണാൻ ബാക്കിയുള്ളതെല്ലാം ഓടിനടന്നു കാണണം. അങ്ങനെയൊരു ടൈറ്റ് ഷെഡ്യൂൾ വെച്ച് ഇമ്പോസിബിൾ എന്നുതോന്നിക്കുന്ന ട്രിപ്പ്‌ പ്ലാൻ തയ്യാറാക്കി ഫ്ലൈറ്റ് കേറി.

ഉദൈപൂർ വിമാനത്താവളത്തിൽ വൈകിട്ടു ആറുമണിയോടെ എത്തിച്ചേർന്നു. മുൻകൂട്ടി താമസം ശരിയാക്കിയ ഉദയ ഹവേലിയിലേക്ക് എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. എട്ടര ഒൻപതോടെ ഒരു ലേക്ക് വ്യൂ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണവും കഴിച്ചു പിച്ചോള തടാകത്തിന്റെ തീരത്തൂടെ നടക്കാൻ ഇറങ്ങി. ഡിജി ഫുട്ബ്രിഡ്ജിൽ നിന്ന് ഉദൈപൂർ നഗരത്തിന്റെ രാത്രി ഭംഗി ആസ്വദിച്ചു ഞങ്ങൾ ഒരു പത്തരമണി വരെ വെറുതെ മഞ്ഞ് കൊണ്ട് നിന്നു. അങ്ങനെ പ്ലാൻ ചെയ്തപോലെ ആദ്യത്തെ ദിവസം സുഖമായി കടന്നുപോയി.

അടുത്തദിവസം രാവിലെ കൃത്യം ഒൻപതു മണിയോടെ ഉദൈപൂർ കൊട്ടാരം കാണാൻ ഭക്ഷണം കഴിച്ചു തയ്യാർ ആയി കൊട്ടാരത്തിന്റെ മുന്നിൽ ഞങ്ങൾ വന്നുനിന്നു. കൊട്ടാരത്തിന്റെ ചരിത്രം അറിയാനും, ഞങ്ങളുടെ ചിത്രങ്ങൾ എടുക്കാനും ഒരു ഗൈഡിനെ കൂടെ കൂട്ടി. കൊട്ടാരം കണ്ടു പുറത്തിറങ്ങിയപ്പോൾ പതിനൊന്നര പന്ത്രണ്ടായി. അവിടെ നിന്ന് തൊട്ടപ്പുറത്തുള്ള ജെയിൻ മന്ദിറും, ജഗദീഷ് ക്ഷേത്രവും കൂടെ സന്ദർശിച്ചിട്ടു ബൈക്ക് റെന്റ് എടുക്കുന്ന സ്ഥലത്തേക്ക് പോയി. ആഗ്രഹിച്ചപോലെ ഹിമാലയൻ റെന്റിനെടുത്തു, ഉച്ചക്ക് രാജസ്ഥാനികളുടെ വിശേഷ വിഭവമായ ദാൽ ബട്ടി ചൂർമ്മയും കഴിച്ചു ദിവ്യയെ പിന്നിൽ ഇരുത്തി വഴി അറിയാതെ വെറുതെ ഉദൈപൂരിലൂടെ വണ്ടി ഓടിച്ചുനടന്നു. പിന്നിട് ബാദി തലാബ് തടാകവും , അതിനോട് ചേർന്നുകിടക്കുന്ന ബാഹുബലി കുന്നിലേക്കും റൈഡുപോയി. അവിടുന്ന് തിരിച്ചു ഫത്തെ സാഗർ തടാകത്തിന്റെ തീരത്തുവന്നു കുറച്ചു നേരം വെറുതെ ഇരുന്നിട്ട് മഹാറാണ പ്രതാപിന്റെ പ്രതിമയിരിക്കുന്ന പാർക്കിലേക്ക് പോയി. കൊറോണ കാരണം പാർക്ക്‌ അടച്ചിട്ടിരിക്കുകയായിരുന്നകൊണ്ട് ഞങ്ങൾ വീണ്ടും സിറ്റി പാലസിലേക്ക് പോയി. പിന്നീട് അവിടടെ നിന്ന് സൂര്യസ്തമയം കാണാൻ പിച്ചോള തടാകത്തിന്റെ തീരത്തുള്ള ഗംങ്ങോർ ഘട്ടിലേക്കു പോയി. അങ്ങനെ അവിടെ നിന്ന് മനോഹരമായൊരു സൂര്യസ്തമയവും കണ്ടു ആ ദിവസം ഭംഗിയായി അവസാനിച്ചു. എങ്കിലും പ്ലാൻ പ്രകാരം ഉച്ചകഴിഞ്ഞു കുമ്പളകോട്ട കാണാൻ ആയിരുന്നു പോകേണ്ടിയിരുന്നത്. അങ്ങനെ മൗണ്ട് അബു ഒഴിവാക്കി കുമ്പളകോട്ട കാണാൻ ഒരു ദിവസം മൊത്തത്തിൽ മാറ്റിവെക്കാൻ തീരുമാനിച്ചു പ്ലാൻ തിരുത്തി എഴുതി. അല്ലെങ്കിലും നമ്മടെ സഹ്യൻ നീണ്ട് നിവർന്നു കിടക്കുമ്പോൾ ആരവല്ലിയുടെ മൊട്ടക്കുന്നു തേടി പോവേണ്ടതില്ലലോ.

മൂന്നാം ദിവസം ദിവ്യക്ക് സുഖമില്ലാതിരുന്നതിരുന്നതിനാൽ യാത്ര തുടങ്ങാൻ അൽപം വൈകിയിരുന്നു. ഗൂഗിൾ മാപ്പിൽ കുമ്പളകോട്ട അടച്ചിട്ടിരിക്കുകയാണെന്നു കണ്ടു ആദ്യം രാണക്പൂർ ജൈന ക്ഷേത്രം കാണാനാണ് പോയത്. നല്ല തൂവെള്ള മാർബിളിൽ കടഞ്ഞെടുത്ത മഹാത്ഭുതത്തെ നേരിട്ട് കണ്ടു ഞെട്ടിത്തരിച്ചു പോയി ഞങ്ങൾ. കുമ്പളകോട്ട അടച്ചിട്ടാലും ചൈന വന്മതിലിനു ശേഷം ഏറ്റവും വലിയ കോട്ട മതിൽ എന്നു അവകാശപ്പെടുന്ന കുമ്പളകോട്ടയുടെ ചുറ്റുമത്തിൽ കയറികാണാൻ സാധിക്കും എന്നറിഞ്ഞതുകൊണ്ട് മൂന്നരയോടെ രാണക്പുറിൽ നിന്നു യാത്രയായി. കോട്ടയിൽ എത്തിയപ്പോഴാണ് ഗൂഗിളിന്റെ ചതി മനസിലായത്. ഓൺലൈൻ ടിക്കറ്റ് എടുത്തു കോട്ടമതിലും, കോട്ടയും, ഉള്ളിലുള്ള ക്ഷേത്രങ്ങളും ഓടിനടന്നു കണ്ടു, കൂട്ടത്തിൽ മനോഹരമായ സൂര്യസ്തമയവും. അങ്ങനെ മൂന്നാമത്തെ ദിവസവും അടിപൊളിയായി കടന്നുപോയി.

നാലാം ദിവസം രാവിലെ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ചിറ്റോർ കോട്ട കാണാൻ യാത്രയായി. പോകുന്ന വഴി റെന്റ് എടുത്ത ഹിമാലയൻ ചെറിയ ഒരു പണി തന്നത് കൊണ്ട് നാലുമണികൂറോളം റോഡിൽ നഷ്ടമായി. അതുകൊണ്ട് തന്നെ അന്ന് കാണണമെന്നു വിചാരിച്ച മീനാൽ കോട്ടയും, വെള്ളച്ചാട്ടവും കാണാൻ കഴിഞ്ഞില്ല. എങ്കിലും വെള്ളിത്തിരയിൽ കണ്ട പദ്മവതി എന്ന ചിത്രത്തിലെ ചിറ്റോർ കോട്ടയും അതിനോട് അനുബന്ധിച്ചുള്ള ചരിത്രവുമൊക്കെ അറിഞ്ഞു മനോഹരമായ ദിവസമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.

അഞ്ചാം ദിവസം അതായതു അവസാന ദിവസം രാവിലെ തന്നെ ബൈക്ക് റെന്റിനു എടുത്തത് തിരിച്ചു കൊടുത്തിട്ടു സാരംഗ് മാർഗിലുള്ള പ്രശസ്തമായ JNB സ്വീറ്റ്സിൽ പോയി ഇഷ്ടംപോലെ ഉദൈപൂർ സ്പെഷ്യൽ പലഹാരങ്ങൾ കഴിക്കുകയും, കുറച്ചു പാർസൽ വാങ്ങിക്കുകയും ചെയ്തു. അങ്ങനെ ഉദൈപൂർ എത്തിയാൽ കഴിക്കേണ്ടതായിട്ടു കരുതിയ ലിസ്റ്റിലെ പല പേരുകളും വെട്ടാൻ കഴിഞ്ഞു. ഉച്ചതിരിഞ്ഞു മൂന്നുമണിക്കാണ് ഫ്ലൈറ്റ് എങ്കിലും രണ്ടുമണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തേണ്ടതുകൊണ്ടും, ഉദൈപൂരിൽ നിന്നു ഇരുപത്തിരണ്ടു കിലോമീറ്റർ ദൂരമുള്ളതുകൊണ്ടും വേറെ ഒന്നും ചെയ്യാൻ നിൽക്കാതെ പന്ത്രണ്ടു മണിക്ക് റൂം ഒഴിഞ്ഞുകൊടുത്തു ഉദൈപൂരിനോട് യാത്ര പറഞ്ഞു. എയർപോർട്ടിൽ നിന്നു ഞാനും ദിവ്യയും ഇന്ത്യയുടെ രണ്ടറ്റത്തേക്ക് യാത്രയായി. ഹൈദരാബാദ് എത്തിയപ്പോഴാണ് നിമിർ ചുഴലികാറ്റിനെ കുറിച്ചു കേട്ടത്. കുറേ സർവീസുകൾ ക്യാൻസൽ ആയപ്പോൾ അവിടെ കുടുങ്ങിപ്പോവുമെന്ന് ഭയന്നു. കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നെങ്കിലും ഇൻഡിഗോ അവസാനം ചെന്നൈക്ക് ഫ്ലൈറ്റ് ശരിയാക്കി തന്നു. താംമ്പ്രതുള്ള ഫ്രണ്ടിന്റെ വീട്ടിൽ വെച്ച ബുള്ളറ്റുമെടുത്തു മഴയും നനഞ്ഞു വീട്ടിൽ വന്നു കയറിയപ്പോൾ രാവിലെ മൂന്നുമണി. അൽപനേരം വിശ്രമിച്ചിട്ടു രാവിലെ ഏഴരക്ക് ഡ്യൂട്ടിയിൽ തിരിച്ചു കയറി. അങ്ങനെ അഞ്ചുദിവസത്തെ ട്രിപ്പിനു ശേഷം വീണ്ടും ഇതാ ആതുരസേവനത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നു.

TIPS FOR PLANNING RAJASTHAN TRIP

#ഉദൈപൂർ കാണാൻ ഒരുദിവസം തന്നെ ധാരാളം. മുന്നൂറു രൂപക്ക് ഒരു ദിവസത്തേക്ക് ആക്ടിവ വാടകക്ക് കിട്ടും. അതെടുത്തു ചുറ്റികാണുന്നതാണ് ഉചിതം. ഒരുകാരണവശാലും ഓട്ടോയിൽ കയറരുത്. ഒരു കിലോമീറ്റർ യാത്രക്കുപോലും നൂറു രൂപ കുറഞ്ഞത് വാങ്ങിക്കും. യൂബർ സർവീസ് ഉണ്ട്. എയർപോർട്ടിലേക്കും, ദൂരയാത്രക്കും മറ്റും യൂബറിൽ കുറഞ്ഞചിലവിൽ യാത്ര ചെയ്യാൻ സാധിക്കും.

#കുറഞ്ഞ ദിവസത്തേക്ക് രാജസ്ഥാൻ കാണാൻ ഉദൈപൂർ എത്തുന്നവർ ജയിപ്പൂർ, ജോദ്പൂർ, ജെയ്‌സല്മർ, അജ്മീർ, ആഗ്ര മുതലായവ ഒഴിവാക്കി രണക്പുർ, കുംഭൽഘട്ട്, ചിറ്റോർഘട്ട്, മൗണ്ട് അബു ഉൾപ്പെടുത്തി ട്രിപ്പ്‌ അടിപൊളിയാക്കാൻ പ്ലാൻ ചെയ്യുക. കുറഞ്ഞപക്ഷം പത്തുദിവസം കയ്യിൽ ഇല്ലാതെ രാജസ്ഥാൻ റൗണ്ട് ട്രിപ്പ്‌ അടിക്കാൻ നിൽക്കരുത്. അങ്ങനെ ചെയ്യാൻ നിന്നാൽ അവസാനം ഒന്നും കാണാൻ പറ്റാതായിപ്പോവും.

#നവംബർ, ഡിസംബർ,ജനുവരി സമയത്ത് രാജസ്ഥാൻ ട്രിപ്പിന് റൂം ബുക്ക്‌ ചെയ്യുമ്പോൾ നോൺ ഏസി എടുത്താൽ മതിയാവും. രാത്രി പത്തു ഡിഗ്രി ഒക്കെയാണ് തണുപ്പ്. ചൂട് വെള്ളം കുളിക്കാൻ കിട്ടുമോയെന്ന് ബുക്ക്‌ ചെയ്യുന്നതിന് മുൻപ് അന്വേഷിക്കുന്നത് നന്നായിരിക്കും. AAO HOSTEL എന്ന ആപ്പ് ഡൌൺലോഡ് ചെയ്താൽ ഇരുന്നൂറ് മുതൽ നാനൂറു രൂപക്ക് നല്ല ഹോസ്റ്റൽ ഫെസിലിറ്റിയുള്ള റൂം ലഭിക്കും. ബഡ്‌ജറ്റ് ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർക്ക് ഈ ആപ്പ് ഉപകാരപ്രദമാണ്

#ഉദൈപൂരിൽ നിന്നു രാനക്പൂരിലേക്കും കുംഭൽഘട്ടിലേക്കും അറുനൂറു രൂപക്ക് കൊണ്ടുപോകുന്ന ട്രാവൽ ഏജൻസികൾ ഉണ്ട്. ടടവേര പോലെയുള്ള വണ്ടിയിൽ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോവുന്നത്. അതിനുപകരം നല്ല ഒരു ബൈക്ക് റെന്റിനു എടുത്തു സ്വന്തം ഇഷ്ടപ്രകാരം ഓടിച്ചു പോകുന്നതാവും ഉചിതം.

#രാജസ്ഥാൻ പോവാൻ ട്രാവൽ ഏജൻസികളെ ഒരിക്കലും വിശ്വസിക്കരുത്. സ്റ്റേ മാത്രം ചെല്ലുന്ന ദിവസത്തേക്ക് മുൻകൂട്ടി ബുക്ക്‌ ചെയുക. ഹിന്ദി അറിയാമെങ്കിൽ ഒരു ചെക്ക്ലിസ്റ്റ് ഉണ്ടാക്കി സ്വയം എക്സ്പ്ലോർ ചെയ്യുന്നതാണ് ലാഭം. ഫ്ലൈറ്റ് ചാർജില്ലാതെ നാൽപതിനായിരം രൂപയാണ് ആറ് ദിവസത്തേക്ക് ജോദ്പുർ, ജെയ്‌സല്മർ, ഉദൈപൂർ എന്നി സ്ഥലങ്ങൾ കാണാൻ ഓരോ ഏജൻസിക്കാർ കപ്പിൾസിനു ചോദിക്കുന്നത്. ബഡ്‌ജറ്റഡ് അല്ലാത്ത, അത്ര ലാവിഷുമല്ലാതെ അഞ്ചു ദിവസം അടിച്ചുപൊളിച്ച ഞങ്ങൾക്ക് ആകെ പതിനാലായിരം രൂപ മാത്രമാണ് ചിലവായത്.

Credits : Bullet Suku

Share this post: