നമ്മുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ കാലാവസ്ഥയും കാശും വാഹനവും ഒരു പ്രശ്നമല്ല എന്നത് ഈ യാത്ര കഴിഞ്ഞപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞ കാര്യമാണ്. ഒരുപാട് നാളായി മനസ്സിൽ ഉണ്ടായിരുന്നു ആഗ്രഹം ആയിരുന്നു തമിഴ്നാടിന്റെ കിഴക്കേ ഭാഗത്തു സ്ഥിതി ചെയ്യുന്ന നാലു ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഇന്ത്യയുടെ മിസൈൽ മാൻ അബ്ദുൽ കലാം സർ ജനിച്ചു വളർന്ന സ്ഥലമായ രാമേശ്വരത്ത് പോകണം എന്നുള്ളത്. വീട്ടുകാർക്ക് പങ്കെടുക്കാൻ കഴിയാത്ത ഒരു കല്യാണം തമിഴ്നാട് തഞ്ചവൂർ വെച്ച് ഉണ്ടെന്നും അവർക്ക് പകരം ഞാൻ പോകണം എന്നും പറഞ്ഞപ്പോൾ മനസ്സിൽ സൂക്ഷിച്ചിരുന്നു രാമേശ്വരം പോകാനുള്ള ആഗ്രഹം തലപൊക്കി.
എല്ലാം പ്ലാൻ ചെയ്ത് ശെരിയാക്കാൻ ഉള്ള സമയവും യാത്രക്കായുള്ള കാശും ഒന്നും തന്നെ കരുതിയിട്ടില്ലായിരുന്നു. സുഹൃത്തിനോട് കാര്യം അവതരിപ്പിച്ച ഉടനെ അവനും കൂടെ വരാമെന്ന് സമ്മതിച്ചു . അവശേഷിച്ച ഒരാഴ്ച്ച കൊണ്ട് തന്നെ യാത്രക്കുള്ള കാശും പ്ലാനും എല്ലാം ശെരിയാക്കി. എങ്ങനെ പോകും എന്നുള്ള കാര്യം ഒരുപാട് ആലോചിച്ചു..അവന്റെ റോയൽ എൻഫീൽഡ് എന്റെ ഹോണ്ട ആക്റ്റീവ. പെട്രോൾ വില 80 ഇൽ നിൽക്കുന്നതിനാൽ ബുള്ളെറ്റ് യാത്ര നടക്കില്ല എന്ന് മനസിലായി. അവസാനം 64000km ഓടിയ മൂന്നു വർഷം പഴക്കമുള്ള ആക്റ്റീവ തന്നെ ശരണം.
രാവിലെ എല്ലാം പാക്ക് ചെയ്തു ഇറങ്ങി, പതിവ് ശീലം പോലെ സുഹൃത്തിനെ കാത്തുനിൽപ്പ്, 7:40 നു മംഗലാപുരം -കിളിമാനൂർ -കുളത്തുപ്പുഴ -രാജപാളയം – മധുര -വഴി തിരുതുറപോണ്ടി റൂട്ട് തിരഞ്ഞെടുത്തു.അങ്ങനെ ഗൂഗിൾ മാപ്പ് ആശ്രയിച്ചു കിളിമാനൂർ വഴി കുളത്തുപ്പുഴ റോഡ് കേറി. കൈയിൽ ഉള്ള ബാഗും സാധനവും മുമ്പിൽ വെച്ചിട്ടുണ്ട്. കാടും കയറ്റവും കേറി ശെന്തുറുണി വന്യ ജീവി സങ്കേതത്തിലൂടെ വണ്ടി അങ്ങനെ നീങ്ങി. ഫ്രണ്ട് ടയർ തലേ ദിവസം ഇളക്കി റിസെറ്റ് ചെയ്ത ശെരി ആകാത്തത് കൊണ്ട് വേറെ വർക്ഷോപ്പ് ആശ്രയിക്കേണ്ടി വരുമെന്ന് ഉറപ്പായി. അതിരാവിലെ ആയതിനാൽ ഒരു കടയും തുറന്നതുമില്ല.. കാഴ്ചകൾ ഒക്കെ കണ്ടു അവസാനം 10 മണി ആയപ്പോൾ തമിഴ്നാട് അതിർത്തി കയറി.അവിടെ കണ്ട ഒരു വർക്ഷോപ്പിൽ കയറ്റി വണ്ടി ശെരിയാക്കി വീണ്ടും യാത്ര ആരംഭിച്ചു.
വിശ്രമം ഇല്ലാതെ വയലിലെ മയിൽ, രാജപാളയം പട്ടി,മലകൾ, കുന്നുകൾ എന്നിവയൊക്കെ കണ്ടുകൊണ്ട് ആക്റ്റീവ അങ്ങനെ ഓടികൊണ്ടിരുന്നു. ഉച്ചക്ക് 1 മണിയായപ്പോൾ മുമ്പിൽ കണ്ട വൃത്തി ഉള്ളതായി തോന്നിയ കടയിൽ കയറി രണ്ടു ഊണ് വാങ്ങി. കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മുമ്പിൽ ഇരുന്നു കഴിച്ചുകൊണ്ടിരുന്ന ആളിന്റെ ആഹാരത്തിലെ ഈച്ചയെകണ്ട് സുഹൃത്തും ഞാനും ഇല മടക്കി .അവിടെനിന്നും യാത്ര തിരിച്ചപോൾ തമിഴ്നാടിന്റെ ചൂട് നല്ലപോലെ അനുഭവപെട്ട് തുടങ്ങിയിരുന്നു. വഴിയിൽ ഉള്ള കാഴ്ചകൾ ഒക്കെ കണ്ട് അങ്ങനെ 494 km താണ്ടി ആക്റ്റീവ തിരുതുറപോണ്ടി രാത്രി 8:30 നു എത്തി, കല്യാണ വീടും കണ്ട് നേരെ ലോഡ്ജ് ലേക്ക് പോയി . പിറ്റേ ദിവസം രാവിലെ എണീറ്റു 8:30 നു കല്യാണ ഹാളിൽ പോയി ഇഡലിയും പൊങ്കലും കഴിച്ചിട്ട് 12 മണി വരെ വിവാഹ ചടങ്ങുകൾ കണ്ടുകൊണ്ട് ഫോട്ടോയും എടുത്തു, ഉച്ചഭക്ഷണം അവിടെ നിന്നും കഴിച്ചുകൊണ്ട് 2:30 ആയപ്പോൾ നേരെ രാമേശ്വരം ലക്ഷ്യം വെച്ച് യാത്ര തിരിച്ചു. വഴിയിൽ കാള ഓട്ടമത്സരം നടക്കുന്നതുകൊണ്ട് റോഡ് ബ്ലോക്ക് ആയിരുന്നു. രാത്രി 8 മണിക്ക് വണ്ടി പാമ്പൻ പാലം കയറി അവിടത്തെ കാറ്റിൽ വണ്ടി ശെരിക്കും പറക്കുക തന്നെയായിരുന്നു. 8:30 നു അങ്ങനെ രാമേശ്വരം എത്തി ലോഡ്ജ് കണ്ടുപിടിച്ചു ശേഷം ആഹാരവും കഴിച്ചുകൊണ്ട് അവിടെ ഒന്ന് ചുറ്റികറങ്ങി തിരിച്ചു ലോഡ്ജിലേക്ക്.
പിറ്റേ ദിവസം രാവിലെ 7 മണിക്ക് ഉണർന്നു രാമനാഥസ്വാമി ക്ഷേത്രത്തിൽ കയറി ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയിലൂടെ നടന്ന് കാഴ്ചകൾ ഒക്കെ കണ്ട് പുറത്തിറങ്ങി.എന്നിട്ട് നേരെ അബ്ദുൽ കലാം സർ താമസിച്ചിരുന്ന വീട് സന്ദർശിച്ച ശേഷം രാമ പദം ക്ഷേത്രവും കണ്ടിട്ട് ഏകദേശം ഉച്ച സമയം ആയപ്പോൾ നമ്മൾ റൂം ഒഴിഞ്ഞു അടുത്ത ലോഡ്ജ്ൽ സാധനങ്ങൾ കൊണ്ട് വെച്ചു ഊണും കഴിച്ചുകൊണ്ട് നേരെ പാമ്പൻ പാലം ലക്ഷ്യമാക്കി യാത്ര തിരിച്ചു. പാമ്പൻ പാലം നമ്മൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു നിർമിതി തന്നെയാണ്. തലേദിവസം രാത്രി പാമ്പൻ പാലം കടന്നാണ് വന്നതെങ്കിലും, രാത്രിയുടെ ഇരുട്ടിൽ കാഴ്ചകൾ അവ്യക്തമായിരുന്നു. ഒറ്റ രാത്രികൊണ്ട് ഒരു ജനസമൂഹത്തെ വിഴുങ്ങിയ കടലാണ് നമ്മുക്ക് താഴേ ശാന്തമായി ഒഴുകുന്നത് എന്ന് ആ പാലത്തിൽ നിന്ന് കാഴ്ചകൾ കാണുമ്പോ നമ്മൾ വിസ്‌മരിച്ചേക്കാം. അവിടെത്തെ ശക്തമായ കാറ്റിനെ പ്രതിരോധിച്ചുനിന്ന് കുറച്ചു ഫോട്ടോസ് എടുത്ത ശേഷം തൊട്ടടുത്തുള്ള പുള്ളി സ്മാൾ ബീച്ചിൽ വണ്ടിയുമായി ഇറക്കി ഒരു ഓഫ്റോഡ് റൈഡ് നടത്തി. അവിടെ വിശ്രമിച്ച ശേഷം തിരിച്ചു അബ്ദുൽ കലാം സാറിന്റെ സ്മാരക മന്ദിരത്തിൽ കയറി രാമേശ്വരത്തിന്റെ കാണാകാഴ്ചകൾ നമുക്ക് അവിടെ നിന്നു കാണാൻ സാധിച്ചു .
അവിടെ നിന്ന് കൃത്യം 4 മണിക്ക് ഇറങ്ങി നേരെ ധനുഷ്കോടി ലക്ഷ്യമാക്കി യാത്ര. 20km ഇരു വശവും മണൽ തരികൾ കൊണ്ട് നയന മനോഹരമായ കാഴ്ചകൾ കണ്ടു ശക്തമായ പൊടികാറ്റിനെ അതിജീവിച്ചുകൊണ്ട് ആക്ടിവ മുന്നോട്ടു പാഞ്ഞു. ധനുഷ്കോടി മനസ്സിൽ ഉണ്ടായിരുന്നതിലും മനോഹരമായ സ്ഥലം തന്നെയായിരുന്നു. 1964 ഡിസംബർ 22 കൊടുംകാറ്റിൽ നശിച്ചുപോയ സ്ഥലം ഇപ്പോൾ പ്രേതനഗരമായിട്ടാണ് അറിയപ്പെടുന്നത്, അവിടെ കാലങ്ങളായി നിലകൊള്ളുന്ന പൊളിഞ്ഞ പള്ളിയിൽ കയറി. വര്ഷങ്ങളായി അവിടെ നടന്ന സംഭവചരിത്രം പറഞ്ഞുതരുന്ന വൃദ്ധനെയും കാണാൻ കഴിഞ്ഞു. കാഴ്ചകൾ ഒക്കെ കണ്ടിട്ട് നേരെ ധനുഷ്കോടി പോയിന്റിലേക്ക്. ഇവിടെ നിന്നും കടൽ വഴി 16km മാത്രമാണ് ശ്രീലങ്കയിലേക്ക്. ഒരു വശം ബംഗാൾ ഉൾക്കടലും മറുവശം അറബികടലും ചേരുന്ന സ്ഥലം. കൃത്യം മധ്യഭാഗത്തുകൂടെയുള്ള റോഡ് അവസാനിക്കുനിടമാണ് ധനുഷ്കോടി പോയിന്റ്. പൊടികാറ്റിനെ സഹിച്ചുകൊണ്ട് അവിടെ കുറച്ചു സമയം ചിലവാക്കി. അന്നത്തെ കാഴ്ചകൾ എല്ലാം ഓർമ്മകൾ ആയി മാറാൻ പോകുന്നു എന്ന ബോധത്തോടെ തിരിച്ചു. വഴിയിൽ കുറച്ചു സ്ഥലങളിൽ നിർത്തി ഫോട്ടോസ് ഒക്കെ എടുത്തു ഓരോ ചായയും കുടിച്ചുകൊണ്ട് റൂമിലെത്തി. വണ്ടി ഒന്ന് പൊടി അടിച്ചു വെച്ചശേഷം അന്നത്തെ ഫോട്ടോസ് ഒക്കെ നോക്കിയിട്ട് രാവിലെ തിരിച്ചു പോകാനായി 5:30 നു അലാറം വെച്ചുകൊണ്ട് നമ്മൾ കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെതന്നെ കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചു. ഉച്ചക്ക് നഗർകോവിൽ റോഡ് കയറി നേരെ കന്യാകുമാരി.അവിടെ നിന്നും കടലിന്റെ സൗന്ദര്യം ആസ്വദിച്ചശേഷം , നേരെ വിഴിഞ്ഞം പോർട്ട് അവിടെ നിന്ന് ആ ദിവസത്തെ അവസാന കുറച്ചു ഫോട്ടോസ് എടുത്തുകൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ തമിഴ്നാടിന്റെ കാലാവസ്ഥയുടെ നേരെ വിപരീതമായി കേരളത്തിന്റെ മഴ നമ്മുടെ ശരീരത്തെയും ഓർമ്മകൾ നമ്മുടെ മനസിനെയും ഒരുപോലെ തണുപ്പിച്ചു. ആ മഴത്തുള്ളികൾക്കിടയിലൂടെ അത്രയും ദൂരം നമ്മളെ കൊണ്ട് വന്ന യാതൊരു ക്ഷീണവും കാണിക്കാതെ വണ്ടി മംഗലാപുരം കയറിയപ്പോൾ ഓർമയിൽ ഒന്നുകൂടെ കുറിച്ചിട്ടു, ” നമ്മുടെ മനസ് തന്നെയാണ് ഏറ്റവും വലിയ പരിമിതി ” .
No Comments