“ഒറ്റപ്പെട്ടുപോയ ഏത് മനുഷ്യനും പ്രകൃതിയിലെ നിഷ്കളങ്കമായ സ്നേഹത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളാന്‍ കഴിയും “

ലോക പ്രശസ്ത എഴുത്തുകാരനും,പരിസ്ഥിതി വാദിയും, നികുതി നിഷേധിയുമായിരുന്ന ഹെൻറി ഡേവിഡ് തോറോയുടെ വാൾഡൻ എന്ന കൃതിയിലെ വാക്കുകളാണിവ…തന്റെ എല്ലാ ലൗകിക ജീവിതവും ഉപേക്ഷിച്ചു വാൾഡൻ തടാക തീരത്തെ കാടിനുള്ളിൽ രണ്ടുവര്‍ഷവും രണ്ടുമാസവും കുടില്‍കെട്ടി താമസിച്ച അദ്ദേഹം അവിടെ കൃഷിചെയ്തും സ്വയം പാചകംചെയ്തും ജീവജാലങ്ങളെയും അവയുടെ സ്വഭാവമഹിമയും പിന്തുടർന്ന് ചിലവഴിച്ചു.. മനുഷ്യന്റെ അമിതമായ നാഗരികഭ്രമത്തെയും ഉപഭോഗഭ്രാന്തിനെയും കഠിനമായി അദ്ദേഹം വിമർശിക്കുന്നുണ്ട്.ആ പുസ്തകം എഴുതിയില്ലായിരുന്നെങ്കില്‍, താന്‍ ഒരിക്കലും ജീവിച്ചിട്ടില്ലെന്ന് വിലപിക്കേണ്ടിവരുമായിരുന്നുവെന്നാണ് തോറോ പറഞ്ഞിട്ടുള്ളത്…

ഞങ്ങളുടെ ലഡാക്ക് യാത്രയിൽ അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു കാനന വാസത്തെക്കുറിച്ചുളള ചെറുവിവരണം..

PART – 2

കസോൾ

കസോൾ…ഹിമാചല്‍പ്രദേശിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമം… ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇസ്രായേൽ സഞ്ചാരികൾ സന്ദർശിക്കുന്ന…ഇന്ത്യയിലെ മിനി ഇസ്രായേൽ എന്ന് അറിയപ്പെടുന്ന പ്രദേശം..
18 വയസ് തികയുന്ന സ്ത്രീകളും പുരുഷൻമാരും നിർബന്ധമായും സൈനികസേനയിൽ സേവനം അനുഷ്ഠിക്കണം എന്ന നിയമം ഇസ്രായേലിൽ നിലനിൽക്കുന്നു…അതുകൊണ്ടാവാം ശേഷമുള്ള അവരുടെ ജീവിതത്തെ ലഹരികളും, ഉല്ലാസവും പ്രകൃതി ഭംഗിയും ഒക്കെ കൊണ്ട് ആനന്ദിപ്പിക്കാൻ കസോളിൽ കൊണ്ടെത്തിക്കുന്നത്…

കസോളിലേക്കുള്ള ഞങ്ങളുടെ യാത്ര മഴയായിരുന്നതിനാൽ കുറച്ച് വൈകിയായിരുന്നു ആരംഭിച്ചത്… മലനിരകളും കാടുകളും പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളും ഒക്കെ കടന്ന് ദുർകടമായ വഴികളിലൂടെ കസോളിൽ ഞങ്ങൾ എത്തിയപ്പോഴേക്കും സമയം ഉച്ചക്ക് 3 മണി കഴിഞ്ഞിട്ടുണ്ടാവും… അധികം വൈകാതെ തന്നെ ഗ്രാമത്തിന്റെ കുറച്ച് ഉള്ളിലായി ബുക്ക്‌ ചെയ്തിരുന്ന ഹോട്ടൽ കണ്ടുപിടിച്ചു… ബൈക്ക് ഹോട്ടലിന്റെ മുന്നിൽ പാർക്ക്‌ ചെയ്ത് സുഹൃത്ത് റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു… ആ സമയം ഞാൻ ലഗെജ് വണ്ടിയിൽ നിന്നും അഴിച്ചു വെക്കുന്ന തിരക്കിലായിരുന്നു… പൊതുവെ ജനത്തിരക്ക് കുറഞ്ഞ പ്രദേശം…മുമ്പിൽ റോഡിന്റെ പണി നടക്കുന്നുണ്ട്… കൂട്ടത്തിൽ ചെറിയ ചാറ്റൽ മഴയും…ഞാൻ ബാഗ് എല്ലാം അഴിച്ചു വെച്ച് യാത്രയുടെ ക്ഷീണമൊക്കെ മാറ്റാൻ ഒരുപാട് അലയാതെ റൂം കണ്ടുപിടിച്ച സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഹോട്ടലിന് ഉള്ളിലേക്ക് പോയ സുഹൃത്ത് കുറച്ചു അസ്വസ്ഥതനായി തിരികെ വരുന്നത് കണ്ടത്…എന്തുപറ്റി എന്ന ചോദ്യത്തിന്…. റൂം കിട്ടില്ല വേറെ നോക്കാം എന്ന മറുപടിയും… ഓൺലൈൻ ബുക്ക്‌ ചെയ്ത നിരക്കിക്കനുസരിച്ചു അവർക്ക് റൂം തരാൻ കഴിയില്ല, അതിലും ഇരട്ടി വേണം എന്നതാണ് പ്രശ്നം…മുൻകൂട്ടി പണം അടച്ചതിനാൽ അത് തിരികെ കിട്ടണമെങ്കിൽ ഒരുപാട് നടപടി ക്രമങ്ങളുണ്ട്… ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ ചതിപ്രയോഗം കാരണം പെരുവഴിയിൽ ആയപോലത്തെ അവസ്ഥയിലായി ഞങ്ങൾ… ബുക്കിങ് ക്യാൻസൽ ചെയ്ത ശേഷം അവിടെ നിന്നും യാത്ര തിരിച്ചു… വിദേശികൾ ഒരുപാട് സന്ദർശിക്കുന്ന സ്ഥലം ആയതിനാൽ തന്നെ വേറെ ഒരു ഹോട്ടൽ കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് തോന്നി… കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ ഇസ്രയേലികളുടെ സാന്നിധ്യം വ്യക്തമാകുന്ന രീതിയിലുള്ള കെട്ടിടങ്ങളും.. ഭക്ഷണശാലകളും..ഹീബ്രു ഭാഷയിൽ തീർത്ത സൈൻ ബോർഡ്കളും കാണാൻ കഴിഞ്ഞു…നമ്മൾ എത്തിനിൽക്കുന്നത് സിഖ് കാരുടെയും ഹൈന്ദവരുടെയും പ്രധാന തീർത്ഥാടന കേന്ദ്രമായ മണികരനിൽ ആണെന്ന് മനസിലാക്കാൻ സാധിച്ചു…

കസോളിനെ ഓൾഡ് കസോൾ.. ന്യൂ കസോൾ എന്ന് വേർതിരിക്കുന്ന പാർവതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മണികരൻ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 5700 അടിയിലേറെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.. ലോകത്തിന്റെ തന്നെ നെറുകയിൽ ഹാഷിഷിന്റെ പേരിൽ സ്വന്തം നാമം മുദ്രകുത്തി വെപ്പിച്ച വിലക്കപ്പെട്ട ഗ്രാമമായ സാക്ഷാൽ മലാനയിലേക്കുള്ള ദൂരം അവിടെ നിന്നും 25 km മാത്രമേയുള്ളൂ… മലനിരകളും,പാർവതി നദിക്കരയിലെ ആൽപൈൻ മരങ്ങളുടെ കൂട്ടവും, കാടിന്റെ വശ്യതയും സുലഭമായ ലഹരി വസ്തുക്കളും ഒന്നിനും നിയന്ത്രണങ്ങൾ ഇല്ലാത്ത സായാഹ്ന ആഘോഷങ്ങളും ഒക്കെയാണ് ഇസ്രായിൽകളെ കസോളിലേക്ക് ആകർഷിക്കുന്ന ഘടകം എന്ന് ഉറപ്പായി… ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി പാർവതി നദിയുടെ കുറുകെയുള്ള പാലത്തിലേക്ക് നടന്നു..മഴ പെയ്തതിനാൽ പാർവതി നദി രൗദ്ര ഭാവത്തിലാണ് ഒഴുകുന്നത്…. അതിന്റെ തീരത്ത് കാടുപോലെ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികളും അത് തിന്ന് മയങ്ങി അലക്ഷ്യമായി നടക്കുന്ന കന്നുകാലികളെയും കണ്ട് ഞങ്ങൾക്ക് ചിരിയാണ് വന്നത്..

ഹൈന്ദവ ക്ഷേത്രമായ ശിവ പാർവതി ക്ഷേത്രവും സിഖ് ആരാധനാലയമായ മണികരൻ ഗുരുദ്വാരയും അവിടേക്കുള്ള വിശ്വാസികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.

ഹൈന്ദവ വിശ്വാസം അനുസരിച്ചു ശിവനും പാർവതിയും ആകസ്മികമായി മണികരനിൽ എത്തുകയും പ്രകൃതി ഭംഗിയിൽ വിസ്മയംകൊണ്ട അവർ 1100 വർഷം മണികരനിൽ തന്നെ താമസിക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു…
ഒരിക്കൽ പാർവതി ദേവിയുടെ മണിരത്ന കമ്മൽ നദിയിൽ നഷ്ടപ്പെടുകയും ശേഷ എന്ന നാഗം വിഴുങ്ങുകയും അത് കണ്ടെത്താൻ സാധിക്കാത്തതിനാൽ ശിവൻ തന്റെ തൃക്കണ്ണ് തുറന്നു താണ്ഡവമാടുകയും ചെയ്തു. ഇതുകണ്ട് ഭയന്ന ശേഷനാഗം ചീറ്റുകയും ഭൂമിക്കടിയിൽ നിന്നും തിളച്ച വെള്ളം പുറത്തേക്കു ഒഴുകുകയും പാർവതി ദേവിയുടെ കമ്മൽ അതിലൂടെ തിരികെ ലഭിക്കുകയും ചെയ്തു. പിന്നീട് ശിവൻ ശാന്തനാകുകയും… ഇതിന്റെ ഫലമായാണ് തിളച്ച വെള്ളമുള്ള ജലസ്രോതസുകൾ (Natural hot water springs) അവിടെ ഉണ്ടാകാൻ കാരണമായെന്നും കരുതപ്പെടുന്നു… 19 താം നൂറ്റാണ്ടിലെ കാംഗ്ര ഭൂചലനം വരെയും രത്‌നങ്ങൾ ഭൂമിക്കടിയിൽ നിന്നും പുറത്തേക്കു വന്നുകൊണ്ടിരുന്നത് കൊണ്ടാണ് മണികരൻ എന്ന പേര് വന്നതെന്നും വിശ്വസിക്കപ്പെടുന്നു…
സിഖ്കാരുടെ വിശ്വാസം അനുസരിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ സിഖ് ഗുരുവായ ഗുരു നനാക്കും അദ്ദേഹത്തിന്റെ ശിഷ്യൻ ഭായ് മർദനയും മണികരൻ സന്ദർശിച്ച വേളയിൽ ഭക്ഷണം പാകം ചെയ്യാൻ തീ ഇല്ലാതെ വരികയും ഗുരുവിന്റെ നിർദേശപ്രകാരം ഒരു കല്ല് ഇളക്കി മാറ്റിയപ്പോൾ അതിൽ നിന്നും തിളച്ച വെള്ളം വരുകയും…അതിലവർ ഭക്ഷണം പാചകം ചെയുകയും ചെയ്തു.. ദൈവത്തിന്റെ പേരിൽ അതിലേക്ക് എന്ത് ദാനം ചെയ്താലും അവർക്കത് തിരികെകിട്ടും എന്ന് ഗുരുവിന്റെ വാക്കുകളാവും ജല സ്രോതസുകളും ഗുരുദ്വാരയും സന്ദർശിക്കാൻ സിഖ് തീർത്ഥാടകരെ മണികരനിൽ എത്തിക്കുന്നത്..

ഞങ്ങൾ നദിക്കു കുറുകെയുള്ള പാലത്തിനു മുകളിൽ കയറി കുറച്ച് ഫോട്ടോസ് ഒക്കെയെടുത്തു, ചുറ്റും കാശ്മീരി കുങ്കുമ പൂക്കൾ വിൽക്കുന്ന ആളുകളെ കാണാൻ കഴിയും.മലാന ക്രീം എത്തിച്ചുതരുന്ന ആളുകൾ വരെ അതിനിടയിൽ ഉണ്ട്…ശെരിക്കും ഇസ്രായേലിലെ ഗ്രാമത്തിലൂടെയാണോ നടക്കുന്നത് എന്നുപോലും തോന്നിപ്പിക്കുന്ന അഭിനവത്വം..
ഞങ്ങൾ അവിടെ നിന്നും റൂം അന്വേഷിച്ചു യാത്ര തുടങ്ങി.. സീസൺ ആയതുകൊണ്ടും ലഭ്യതകുറവ് മൂലവും ഒരു സ്ഥലത്തും കുറഞ്ഞ നിരക്കിൽ റൂം കിട്ടുന്നില്ല… അവിടെ നിന്നും പുൾഗ എന്ന കൊച്ചു ഗ്രാമത്തിലേക്ക് അധികം ദൂരമില്ലെന്നും അവിടെ പോയാൽ റൂം കിട്ടുമെന്നും ഒരാൾ പറഞ്ഞു തന്നു… കടയിൽ കയറി രണ്ടു മാഗ്ഗി കഴിച്ചപ്പോൾ തന്നെ നല്ല കാശായി… മലമുകളിൽ സാധനങ്ങൾ എത്തിക്കുന്നതിന് അതിന്റെതായ ബുദ്ധിമുട്ട് ഉള്ളതായി മനസിലാക്കാനായത് കൊണ്ട് അതിൽ തർക്കിക്കാൻ നിന്നില്ല…

നമ്മൾ യാത്ര തുടർന്നു…സമയം സന്ധ്യ ആയി വരുന്നുണ്ട്…കുറച്ചു മുന്നോട്ട് പോയപ്പോൾ നേരെയുള്ള റോഡുകൾ മാറി ചുരങ്ങളായി…. പൊട്ടിപൊളിഞ്ഞ റോഡുകളും വശങ്ങളിൽ പ്രത്യക്ഷമായ കൊക്കയും ഞങ്ങളുടെ ഉള്ളിൽ ഭീതി നിറച്ചു…വണ്ടിയിൽ പെട്രോളും കുറവ്… പെട്രോൾ നിറക്കാൻ തിരികെ 30 km പോകേണ്ട സാഹചര്യം..ഫോണിൽ റേഞ്ച് ഇല്ലാത്തതിനാൽ ഗൂഗിൾ മാപ്പും പണിമുടക്കി… വഴിചോദിക്കാൻ പോലും ആരെയും കാണാനില്ലാത്ത അവസ്ഥ..രാത്രിയായാൽ മൂടൽ മഞ്ഞിറങ്ങും അങ്ങനെയായാൽ പിന്നെ റോഡും കാണാൻ കഴിയില്ല…. അടുത്തായി വീടുകളോ കടകളോ ഒന്നുമില്ല…രാത്രിയിൽ മൂടൽ മഞ്ഞും അതിശൈത്യവും അവിടെ സർവ സാധരണമാണ് -10°C വരെ പോകാം… നമുക്ക് ചുറ്റും കാടും ചുരവും കൊക്കയും മാത്രം…എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ കുഴങ്ങി… എത്രയും വേഗം ഏതെങ്കിലും റൂം കണ്ട്പിടിച്ചു ചോദിക്കുന്ന കാശ് നൽകി ഒന്ന് വിശ്രമിച്ചാൽ മതിയെന്നായി….

യാത്രികർക്ക് അസാധാരണ അനുഭൂതി സമ്മാനിക്കുന്ന പൈൻ മരങ്ങൾ കൊണ്ട് നിറഞ്ഞ നിഗൂഢ വനമായ പുൾഗയിലെ ഫെയറി ഫോറെസ്റ്റ് നമ്മൾ നിക്കുന്നിടത്തു നിന്നും തുച്ഛമായ ദൂരമേയുള്ളൂ എന്ന് സൈൻ ബോർഡുകളിൽ നിന്നും മനസിലാക്കാൻ സാധിച്ചു… അവിടെ നിന്നൊക്കെ വന്യ ജീവികൾ റോഡിലേക്കിറങ്ങാൻ അധികം സമയമിനിയില്ല….സൂര്യപ്രകാശം മങ്ങി വരുന്നത് ഞങ്ങളുടെ ഉള്ളിലെ ഭയത്തെ കൂട്ടികൊണ്ടിരുന്നു… അപ്പോഴാണ് മുന്നിലെ ബോർഡ്‌ ശ്രദ്ധയിൽപെട്ടത്… ടെന്റ് ക്യാമ്പിംഗ്… രാത്രി ആവും മുന്നേ പുൾഗയിൽ എത്താൻ സാധിക്കില്ല എന്ന് ഏതാണ്ട് ഉറപ്പാക്കിയിരുന്ന നിമിഷമായിരുന്നു അത് കാണാൻ ഇടവന്നത്…അതുവരെ സഞ്ചരിച്ചിരുന്ന പ്രധാന റോഡിൽ നിന്നും മാറി അതിലും ഇടുങ്ങിയ റോഡിൽ കൂടെ വേണം പോകാൻ…സോസൻ എന്നാണ് ആ സ്ഥലത്തിന്റെ പേര്… സുഹൃത്ത് വേറൊന്നും നോക്കാതെ വണ്ടി ആ റോഡിലേക്ക് ഓടിച്ചുകേറ്റി… മുന്നോട്ട് പോകുന്തോറും റോഡ് വീണ്ടും ചെറുതായി വരുന്നു.. മാത്രമല്ല വശങ്ങളിൽ കൊക്കയും അവിടെ നിന്നും ശക്‌തമായി ഒഴുകുന്ന പാർവതി നദിയും കാണാം… മലക്ക് മുകളിലെ മഞ്ഞു പാളിയിൽ അസ്‌തമിക്കുന്ന സൂര്യന്റെ പ്രകാശം പ്രതിഫലിക്കുന്നത് ജീവിതത്തിൽ കണ്ട അപൂർവമായ ഒരു കാഴ്ചകളിൽ ഒന്നായിരുന്നു…പക്ഷെ ഇതൊക്കെക്കണ്ട് ഒരുപാട് മുന്നോട്ട് പോകും മുന്നേ ഞങ്ങളെ വീണ്ടും ഞെട്ടിച്ചുകൊണ്ട് റോഡ് അവസാനിച്ചിരിക്കുന്നു…പിന്നെ നമുക്ക് മുന്നിലുള്ളത് ചെളിയും കല്ലുകളും നിറഞ്ഞ നടന്നുപോകാൻ പോലും ദുർഘടമായ ഒരു വഴിയാണ്… ഞാൻ വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി… ഇനി മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നതാണ് ലക്ഷ്യം…ഒടുവിൽ കുറച്ച് നല്ല വഴി എത്തിയപ്പോൾ വീണ്ടും വണ്ടിയിൽ കയറി…ഒരുപാട് ദൂരം ഞങ്ങൾ മുന്നോട്ട് പോയി കാടിന് നടുവിലുളള ഒരു ചെറിയ നദിക്കു കുറുകെ തടിയും സ്റ്റീലും കൊണ്ട് നിർമിച്ച ഒരു ചെറു പാലത്തിനു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി…അത്രയും ദൂരം വന്നിട്ടും ടെന്റ് പോയിട്ട് ഒരു മനുഷ്യനെപോലും കാണാൻ കഴിയാത്ത നിരാശയിലും വഴി തെറ്റിക്കാണുമോ എന്ന ഭീതിയിലും നമുക്ക് മുന്നിൽ ആകെ ഉണ്ടായിരുന്നത് ഒരു തെരുവ് നായ മാത്രമായിരുന്നു….പെട്ടെന്ന് നമുക്ക് എതിർ വശത്തായി ഒരാൾ ബൈക്കിൽ വരുന്നത് ശ്രദ്ധയിൽപെട്ടു…അങ്ങനെ ഒരു സ്ഥലത്ത്‌ ആ സമയം ഒരാൾ വരുന്നെങ്കിൽ നമ്മളെ ആക്രമിക്കാൻ വരുന്ന ആരോ ആകാം എന്നുവരെ സംശയിച്ചു..അയാൾ വണ്ടി ഞങ്ങളുടെ മുന്നിൽ നിർത്തി…എവിടെ പോകുന്നു എന്ന് ചോദിക്കും മുന്നേ ടെന്റ് അന്വേഷിച്ചു വന്നതാണ് എന്ന് ഞങ്ങൾ ഉത്തരം നൽകി… കാരണം നമ്മൾ അത്തരം ഒരു സാഹചര്യത്തിൽ ആയിരുന്നു… രാത്രിയാകാൻ ഇനി അധികം സമയമില്ല… എത്രയും വേഗം അവിടെ എത്തിയെ പറ്റൂ…. അയാൾ ആർക്കോ ഫോൺ ചെയ്തു…ടെന്റിലേക്കുള്ള വഴിയും പറഞ്ഞുതന്നു…

മുന്നോട്ട് പോകുംതോറുമുള്ള കാഴ്ചകൾ ഭയനാകപ്പെടുത്തുന്നവയായിരുന്നു… ടാങ്കർ ലോറി മുതൽ ചെറിയ കാറുകൾ വരെ തലകീഴായ് മറിഞ്ഞു കിടക്കുന്നു…മരങ്ങൾ കടപുഴകി കിടക്കുന്നു… ഭൂമികലുക്കം സംഭവിച്ചപോലെയുള്ള അന്തരീക്ഷം…. അയാൾ ഫോൺ വിളിച്ചതിനെ പറ്റി ഞാൻ ഒരുനിമിഷം ആലോചിച്ചു… കാടിനകത്തേക്ക് വരുന്നവരെ അക്രമിച്ചു അവരുടെ വാഹനങ്ങൾ ഉൾപ്പടെ കടത്തുന്ന കൊള്ളസങ്കേതമാണോ അത് എന്നുവരെ ചിന്തിച്ചുപോയി…നമുക്ക് മുന്നിൽ ആകെ കൂട്ടായി ഉണ്ടായിരുന്നത് ഞങ്ങൾ കണ്ട ആ തെരുവ് നായ മാത്രം..അത് സർവ്വ ശക്തിയുമെടുത്തു നമുക്ക് മുന്നേ ഓടുന്നുണ്ട്…ഒരു വഴികാട്ടിയെപോലെ…

തെരുവ് നായ ഒരു സ്ഥലം ആയപ്പോൾ അവശനായി നിന്നു…അതിന് ഞങ്ങളുടെ കൂടെ വരണം എന്നുണ്ട്..പക്ഷെ കഴയുന്നില്ല… അത് കൂടെ വരണേ എന്ന് ഞാൻ ഒരുനിമിഷം പ്രാർഥിച്ചുപോയി… പക്ഷെ ഒരുപാട് ദൂരം മുന്നോട്ട് പോകും മുന്നേ പട്ടാള വേഷം ധരിച്ച ഒരാളിനെ കാണാൻ കഴിഞ്ഞപ്പോഴാണ് സമാധാനം ഉണ്ടായത്… നമ്മൾ കടന്ന് വന്നത് കൺസ്ട്രക്ഷൻ വേസ്റ്റ്കളും വാഹനങ്ങളും പൊളിക്കുന്നതും നിക്ഷേപിക്കുന്നതുമായ പ്രദേശത്തെ വഴിയിലൂടെയായിരുന്നു എന്ന് അദ്ദേഹത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചു.. അതിന് സെക്യൂരിറ്റി ആയാണ് അദ്ദേഹം അവിടെ ജോലി ചെയുന്നത്… അവർതന്നെ ടെന്റിലേക്കുള്ള വഴിയും കാണിച്ചു തന്നു..വണ്ടി അവിടെ പാർക്ക്‌ ചെയ്യാമെന്നും മറ്റൊന്നും പേടിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു…കുറച്ച് ദൂരം കാൽ നടയായി വേണം ടെന്റിലേക്ക് പോകാൻ… അപ്പോഴേക്കും രാത്രി ആയിരുന്നു… വണ്ടി അവിടെ പാർക്ക്‌ ചെയ്ത് ഞങ്ങൾ ടെന്റ് ലക്ഷ്യമാക്കി നടന്നു…

കാടിന്റെ നടുവിൽ അതിമനോഹരമായി രൂപകൽപന ചെയ്ത ടെന്റുകൾ… അവ അലങ്കരിക്കാൻ എന്നപോലെ റാന്തൽ വിളക്ക്… പുറത്ത് ചൂരൽ കസേരകൾ…അതിന്റെ കാര്യസ്ഥനും ഉടമയുമായ ഹേതു എന്ന വെക്തി ഞങ്ങളോട് വന്ന് സംസാരിച്ചു… കുറച്ച് നേരം നമ്മൾ അവിടെ വിശ്രമിച്ചു… ഞങ്ങൾക്ക് രാത്രിയിൽ വേണ്ട ഭക്ഷണവും അവർ തന്നെ പാചകം ചെയ്ത് തരും…ഭക്ഷണം കഴിക്കാൻ പ്രേത്യേകമായി തയാറാക്കിയ ഒരു മുറിയും മറ്റു സൗകര്യങ്ങളുമുണ്ട്….ഹേതു ഭക്ഷണം കഴിക്കാൻ ഞങ്ങളെ ആ മുറിയിലേക്ക് ക്ഷണിച്ചു…വളരെ രുചികരമായ അത്താഴവും കഴിച്ച് അതുവരെയുള്ള ഫോട്ടോസ് ഒക്കെ നോക്കി ഇരുന്നപ്പോൾ…തണുപ്പ് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടു…ഞങ്ങൾ ഉടനെ ടെന്റിനുള്ളിലേക്ക് കയറി തണുപ്പ് ഉള്ളിലേക്ക് കേറാത്ത രീതിയിൽ എല്ലാം അടച്ചുമൂടി അന്ന് രാത്രി അവിടെ ചിലവഴിച്ചു…

രാവിലെ കണ്ട കാഴ്ച മനസിലിനെ ഒരുപാട് സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു… ടെന്റ് തുറന്ന ഉടനെ നമുക്ക് മുന്നിൽ കാണാൻ സാധിക്കുന്നത് മഞ്ഞുമൂടി നിൽക്കുന്ന മലയുടെ പിന്നിലൂടെ സൂര്യൻ ഉദിച്ചു വരുന്ന അതിസുന്ദരമായ കാഴ്ച… ചുറ്റും കിളികളുടെയും വെള്ളച്ചാട്ടത്തിന്റെയും ശബ്ദം…കൊടും കാട്…ചുറ്റും നീലപൂക്കൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് എനിക്ക് തോന്നി… രാവിലെ ഹേതു കൊണ്ട് തന്ന ചായയും കാട്ടു പഴങ്ങളും കഴിച്ചു…ആ കാട്ടുപഴങ്ങൾ…അതിനുവരെ പ്രകൃതിയുടെ ഭംഗിയുണ്ടായിരുന്നപോലെ…അതിശൈത്യം വരുമ്പോൾ ആ പ്രദേശം മുഴുവനും മഞ്ഞു മൂടുമെന്നും അടുത്തുള്ള ചെറിയ ഗ്രാമവാസികൾക്കുള്ള ഏക സഞ്ചാരമാർഗവും കാടിനുള്ളിലെ ആ വഴിയാണെന്നും ഹേതു വിശദീകരിച്ചു തന്നു… ഞങ്ങൾ അടുത്തുണ്ടായിരുന്ന അരുവിയിൽ കൊണ്ടുപോയി വണ്ടി കഴുകി..അതേ അരുവിയിൽ നിന്നും കുടിവെള്ളം ശേഖരിച്ചു.ഹേതു ഉണ്ടാക്കിയ പ്രഭാത ഭക്ഷണവും കഴിച്ച്…അന്നുവരെ കാടിനെ പേടിച്ച ഞങ്ങൾ ഹേതുവിനോടും പട്ടാളക്കാരനോടും നന്ദി പറഞ്ഞ് അവിടെ നിന്നും മനസില്ല മനസോടെ യാത്ര തിരിച്ചപ്പോൾ ഓർമയിൽ വന്നത്….
“അകലെയുള്ള കാട് കണ്ട് വിസ്മയിക്കേണ്ട അടുത്തെത്തിയാൽ ഓരോന്നും ഒറ്റ മരങ്ങളാണ് ” എന്ന് ആരോ പറഞ്ഞ വാക്കുകളാണ്… എത്രയോ സത്യം… ജീവിതത്തിൽ കണ്ട കാഴ്ചകളും… ഓർമകളും മാത്രം നമുക്ക് അവിടെ നിന്ന് കൊണ്ടുപോകാം..
അല്ലായിരുന്നെങ്കിൽ തോറോ പറഞ്ഞത് പോലെ തടാകങ്ങളും മലകളും മനുഷ്യന്റെ കൈയിലൊതുങ്ങുമായിരുന്നെങ്കിൽ അവരത് എന്നേ എടുത്തുകൊണ്ടു പോകുമായിരുന്നു….

നന്ദി

ജെബിൻ മുഹമ്മദ്‌.ജെ

Share this post: