ആരോഹണം കഴിഞ്ഞു. ഇനി ലേ വരെയുള്ള യാത്ര അത്ര ബുദ്ധിമുട്ട് നിറഞ്ഞതല്ല.. നീലാകാശം മാറി ചാര വർണമായിരിക്കുന്നു.ഹെമിസ് വനത്തോട് ചേർന്ന വഴിയിലൂടെ വേണം ഇനിയുള്ള യാത്ര. രാത്രി യാത്ര ദുഷ്കരമാകും എന്നുള്ള കാഴ്‌ചപ്പാടിൽ ചുരം ഇറങ്ങി ആദ്യം കാണുന്ന ജനവാസ കേന്ദ്രത്തിൽ രാത്രി കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. ചുരം ഇറങ്ങാൻ തുടങ്ങുമ്പോൾ പണ്ടെങ്ങോ ആരോ കെട്ടിയ ഒരു ചായകടയുടെ ഓരത്ത് പാറകെട്ടിനിടയിൽ ഒരു മാൻ. വലിയ ആകർഷണം ഒന്നും തോന്നില്ലെങ്കിലും ഇത് കസ്തൂരി മാൻ ആണെന്ന ധാരണയിൽ ക്യാമറ എടുത്ത് തയ്യാറായി. ആ നിമിഷം പകർത്തുന്നതിന് മുന്നേ മാൻ കാഴ്ച്ചയിൽ നിന്നും മറഞ്ഞു. ഒരു 50 മീറ്റർ മുന്നിൽ കാണുന്ന പുൽമേട് കയറിയാൽ ആ മാനിനെ ഒരു പക്ഷെ കണ്ടേക്കും എന്നുള്ള ധാരണ എന്നെ ആ ചെറിയ ദൂരം നടക്കാൻ പ്രേരിപ്പിച്ചു. പക്ഷെ അവിടെയെവിടേയും അതിനെ കണ്ടില്ല. കയറിയ ആവേശം ഇറങ്ങുമ്പോൾ ഇല്ലായിരുന്നു. തിരിച്ചെത്തിയപ്പോൾ നല്ല കിതപ്പ്. 2009ഇൽ അർജന്റീന ബൊളീവിയോട് 6-1 ന് തോറ്റ ഒരു മത്സരമുണ്ട്. എസ്റ്റേഡിയോ ഹെർണാഡോ സെയിൽസ് എന്ന സ്റ്റേഡിയം ഫിഫ ഫുട്ബോൾ മത്സരം നടത്തുന്നതിൽ നിന്ന് വിലാക്കിയതിനെ തുടർന്ന് നടന്ന പ്രതിഷേധ മത്സരം . ഈ സ്റ്റേഡിയത്തിൽ ബൊളീവിയെ ജയിക്കുക കുറച്ചു കഷ്ടമാണ്. ഇത് 4000m ഉയരത്തിൽ ലാ പാസിൽ സ്ഥിതി ചെയ്യുന്ന high altitude സ്റ്റേഡിയമാണ്. അന്ന് അർജന്റീനിയൻ ഭക്തൻ പറഞ്ഞ കാര്യമൊന്നും ഞങ്ങൾ വിരുദ്ധർ ചെവി കൊണ്ടില്ല. ഇപ്പോൾ ഏകദേശം മനസ്സിലാവുന്നുണ്ട് “high altitude” ലെ പ്രശ്നങ്ങൾ. കൂടെയുള്ളവർ പകർത്തിയ മാനിന്റെ തല മാത്രം കണ്ട് തൃപ്തിയടഞ്ഞു യാത്ര തുടങ്ങി. മാപ്പിൽ അടുത്ത സ്ഥലം റൂമസെ ആണ്. അവിടെ നിൽക്കാൻ തീരുമാനിച്ചു.കൂടെയുള്ളവർ ലേ യിൽ റൂം ആദ്യമേ ബുക്ക് ചെയ്തിരുന്നു അതുകൊണ്ട് അവർ യാത്ര തുടർന്നു. ഹൻഡറിൽ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു. ആദ്യം കണ്ട ഹോം സ്റ്റേയിൽ റൂം ഉണ്ടോ എന്ന് ചോദിച്ചു.ഞാൻ ഏത് ഭാഷയിൽ ആണ് ചോദിക്കുന്നത് എന്നുള്ള ന്യായമായ സംശയം നിങ്ങൾക്ക് ഉണ്ടാകാം. തിന്നാനും വഴി ചോദിക്കാനുമുള്ള ഹിന്ദി ഞാൻ ചിന്നമ്മ സിസ്റ്ററിൽ നിന്ന് പഠിച്ചിട്ടുണ്ട് എന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. ചില അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട വാക്യങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്ത് തന്നിട്ടുമുണ്ട്…. ഈ യാത്രയിൽ ഏറ്റവും കൂടുതൽ ഓർത്തുപോയ എന്റെ പഴയ ഹിന്ദി അദ്ധ്യാപകയാണ് ഈ ചിന്നമ്മ സിസ്റ്റർ. അന്നൊന്നും കേരളം വിട്ടു പോകേണ്ടി വരുമെന്നും ഇക്കാണുന്ന ഹോട്ടലും മാർക്കറ്റും ഹിന്ദിക്കാർ കൈടക്കുമെന്നുള്ള ദീർഘവീക്ഷണമില്ലാത്ത ഒരു പാവം വിദ്യാർഥിയായിരുന്നു അന്ന് ഞാൻ .
ബിസ്ക്കറ്റും സോഫ്ട് ഡ്രിങ്ക്‌സും അടുക്കി വെച്ച മേശക്കപ്പുറത്ത് “ഡുൻഡു അമ്മായിയെ” അനുസ്മരിപ്പിക്കുന്ന ഒരു സ്‌ത്രീ. കടയുടെ നിയന്ത്രണം ഇവരാണെന്നു തോന്നുന്നു. ഒരു ബെഡിനു 150 രൂപ , വൃത്തിയുള്ള മുറി, അടുത്തായി വേറെയും ബെഡ് ഉണ്ട്. ആരും ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഇവിടെ നിന്ന് മോറിരി തടാകത്തിലേക്കുള്ള ട്രെക്കിങ് വളരെ പ്രശസ്തമാണ്.10 ദിവസമാണ് ദൈർഘ്യം.ഇത് ശരിക്കും ടിബറ്റൻ സനസ്കർ മലകൾക്കിടയിലെ ഒരു താഴ്‌വരയാണ്.
അസഹനീയമായ തണുപ്പ്. അവിടെ അന്ന് കച്ചവടം കുറവായിരുന്നു. അതിന്റെ നിരാശയോ ദുഃഖമോ ഒന്നും അലട്ടാതെ ചിരിക്കുന്ന മുഖവുമായി അവർ എനിക്ക് അത്താഴം വിളമ്പി. അച്ചാറും റൊട്ടിയും കഴിച്ചു ഉറങ്ങാൻ പോയി. രണ്ട് മാസം കഴിയുന്നതോട് കൂടി ഇവിടെ മഞ്ഞു വീണ് തുടങ്ങും .ഈ ദേശീയ പാത അടയ്ക്കും. ബാഹ്യ ലോകത്തിൽ നിന്ന് ഇവർ ഒറ്റപ്പെട്ടു പോകും. ഈ സമയത്ത് ഇവർ എങ്ങനെയാണ് ജീവിക്കുന്നത്?.സമരമല്ല ജീവിതം സമരസപ്പെടൽ തന്നെയാണ്. തോളില്‍ ഭാണ്ഢവും കൈയ്യില്‍ ഉടുക്കുമായി പാട്ടും പാടി ഊരു ചുറ്റുന്ന പാണന്‍ ഒരു കാലത്ത് ദേശങ്ങള്‍ തോറും സഞ്ചരിച്ച്, വീര നായകന്മാരുടെയും വീരാംഗനകളുടെയുമൊക്കെ ചരിത്രം പാടി തന്നിരുന്നു. അതിജീവനത്തിന്റെ സാഹസികതയുടെ എത്രയെത്ര കഥകളായിരിക്കും പാടാൻ പാണനോ കഥ പറയാൻ ഒരു കഥാകാരനോ ഇല്ലാത്തത്കൊണ്ട് ഈ ജനതക്ക് നഷ്ടമായിരിക്കുക.
രാവിലെ നേരത്തെ എഴുന്നേറ്റ് യാത്ര തുടർന്നു. മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. ഉപ്ഷി എത്തുന്നതിന് മുൻപ് ഒരു ബോർഡ് കണ്ടു. ഇന്ഡസ് താഴ്‌വരയുടെ ഈ ദേശീയ പാതയിലെ ആദ്യ ദർശനം വരാൻ പോകുന്നു . ഒരു വളവു കഴിഞ്ഞപാടെ ജലകരങ്ങളാൽ ഒരു സംസ്കൃതിയെ പോറ്റിയ സിന്ധു നദി.പച്ച നിറത്തിൽ ശാന്തമായി ഒഴുകുന്ന സിന്ധു നദിയായിരുന്നു എന്റെ മനസ്സിൽ. പക്ഷെ കലുഷമായി കലങ്ങി മറിഞ്ഞാണ് ഇന്ത്യൻ മാനവിക ചരിത്രത്തിന് ജന്മമേകിയ ആ നദി ഇവിടെയൊഴുകുന്നത്.ബൈക്ക് നിർത്തി ആദ്യ കാഴ്ച്ച പകർത്തി.

പഠിച്ചു മറന്നുപോയ പഴയ ചരിത്ര താളുകളിൽ നിന്ന് ഭാരത ചരിത്രം ഞാൻ ഓർത്തെടുക്കാൻ നോക്കി.
ചരിത്രം പഠിക്കാൻ തുടങ്ങിയ കാലത്ത് കേൾക്കുന്നതാണ് ഈ പേര് , മേർഘണ്ട് (ഇന്നത്തെ ബലൂചിസ്ഥാൻ) സംസ്കാരത്തിൽ നിന്ന് ഉടലെടുത്ത സിന്ധു നദി തട സംസ്കാരം. ഇതിനു ശേഷം വേദ കാലഘട്ടം, പിന്നീട് മഹാ ജനപഥങ്ങൾ നിലവിൽ വരുകയും. ഇതിലെ മഗധ രാജ്യത്തിൽ നിന്നും ബിംബിസാരൻ ഇൻഡ്യയുടെ രാഷ്ട്രീയ ചരിത്രത്തിന് ആരംഭം കുറിക്കുകയും ചെയ്തു.ശൂദ്ര സ്ത്രീയിൽ ജനിച്ച ചന്ദ്ര ഗുപ്ത മൗര്യനാണ് പിന്നീട് ഇന്ത്യയെ നയിച്ചത്. പിന്നീട് ബിന്ദുസാരനും അശോകനും മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തി വിപുലീകരിച്ചു.പിന്നീട് സൂര്യാരാധകരായ ഇറാനിയൻ വംശജർ(മൗര്യ സാമ്രാജ്യത്തിന്റെ അതിർത്തി ഇറാൻ വരെ ആയിരുന്നു) സുംഗ വംശം സ്ഥാപിക്കുന്നു.സുംഗ വംശ രാജാവായിരുന്ന പുഷ്യമിത്രനെ തോൽപ്പിച്ചു ഖരവേലൻ കലിംഗ സാമ്രാജ്യം വിപുലീകരിച്ചു. .പിന്നീടുള്ള രാഷ്ട്രീയ മാറ്റങ്ങളിൽ കുശാന,ശകൻ, ചോളാ, ചേര,പാണ്ഡ്യ ശക്തികൾ നിർണായകമായ സ്വാധീനം ചെലുത്തി. ക്രിസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടിൽ ഇന്ത്യയിലെ ശക്തി കേന്ദ്രമായി ചൈനയിൽ യൂചി വർഗ്ഗത്തിൽ പെട്ട കുശാന രാജ്യവംശം പ്രവർത്തിച്ചു. ഇന്ത്യ യുടെ ദേശീയ വർഷമായ ശകവർഷം ആരംഭിച്ചത് കനിഷ്കന്റെ കാലത്താണ്. പിന്നീടാണ് ഗുപത രാജവംശം ശക്തി പ്രാപിക്കുന്നത്.ശ്രീ ഗുപ്തനും ചന്ദ്ര ഗുപ്തനും സമുദ്ര ഗുപ്തനും ഇന്ത്യൻ സാംസ്കാരിക മണ്ഡലം ഉഴുതു മറിച്ചു.ഇങ് തെക്കിൽ കരികാല ചോളൻ ഗംഗാ സമതലം വരെ അതിർത്തി വിപുലീകരിച്ചു. രാഷ്ട്രകൂടർ,പല്ലവർ. ചാലൂക്യ, യാദവ,കാകതീയ, ഹോയിസാല,രജ പുത്ര രാജവംശം ഇൻഡ്യയുടെ പല ഭാഗത്തായി ഭരണം നടത്തി.ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ ആക്രമണം ,ഗസ്നിയുടെ ആക്രമണം എന്നിവക്ക് ശേഷം ഡെൽഹി സിംഹാസനത്തിൽ അടിമ വംശ സ്ഥാപകനായ കുത്തബ്ദീൻ ആരൂഢനായി.15 ആം നൂറ്റാണ്ടിൽ പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെപിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ചെങ്കിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമായ മുഗളർ ബാബറിലൂടെ ഇന്ത്യ പിടിച്ചെടുത്തു. 1526-ൽ ചരിത്ര പ്രസിദ്ധമായ പാനിപ്പത്എന്ന സ്ഥലത്തു വച്ച് തന്റെ സൈന്യത്തേക്കാൾ പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തെ വളരെ സാഹസികമായി ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. പിന്നീട് കനത്ത ചെറുത്തുനില്പു് നടത്തിയ മേവാറിലെരജപുത്രരാജാവ്, റാണ സംഗ്രാമസിംഹനെ ഖ്വാനാ എന്ന സ്ഥലത്തു വച്ച് യുദ്ധം ചെയ്ത് തോല്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ യുദ്ധം ഇന്ത്യാചരിത്രത്തിലെ നിർണ്ണായകസംഭവമായിരുന്നു.
ഒരു നൂറ്റാണ്ടിനു ശേഷം ബ്രിട്ടീഷ് ഭരണം .1947 ആഗസ്ത് 15 അതായത് ഇന്ന് 70 വര്ഷകങ്ങൾക്ക് മുൻപ് സ്വാന്തന്ത്ര്യം.ഒരു അർധരാത്രി ഒന്നെന്ന് കരുത്തിയവർ രണ്ടായി വഴിപിരിയുന്നു. ജവഹർ ലാൽ നെഹ്റു ജനാധിപത്യത്തിന്റെ അധികാര സിംഹാസനത്തിൽ. അങ്ങനെയെത്ര എത്ര സംഭവ വികാസത്തിലൂടെയാണ് ഇന്നത്തെ ഭാരതം ജനിക്കുന്നത്.ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ ഭാരത സംസ്കാരം .ഇതിൽ ഏത് വംശത്തിന്റെ അല്ലെങ്കിൽ ഗോത്രത്തിന്റെ സംസ്കാരമാണ് എന്റേത്. കലർപ്പില്ലാത്ത ഒരു മനുഷ്യനുമില്ല എന്ന ആത്യന്തമായ സത്യം വിളിച്ചോതിയാകണം തെളിഞൊളഴുകുന്ന സിന്ധു എന്നെന്റെ മിഥ്യാ ധാരണയിൽ നിന്ന് കലങ്ങി മറിഞ്ഞിവിളിവിടെ ഒഴുകുന്നത്.
ഉപ്ഷിയിൽ ഒരു 8 മണിയോടെ എത്തി. സിന്ധു നദിക്ക് കുറുകയായി ഒരു പാലം കാണാം. അതു കടന്നാൽ ഉപ്ഷിയായി. ഒന്പത്‌ മണിയോടെ കാരു താണ്ടി ലേഹ് എത്തി. ആദ്യം തന്നെ നുബ്‌റാ, തുർത്തുക്, പാങ്ങോഗ് സ്ഥലങ്ങൾ സഞ്ചരിക്കാൻ പെർമ്മിറ്റിനുള്ള ഫോം പൂരിപ്പിച്ച് DC ഓഫീസിൽ പോയി.400 രൂപയാണ് പെർമ്മിറ്റിനുള്ള ഫീസ്.പോകുമ്പോൾ ലേഹ് യിൽ നിൽക്കുന്ന ഹോട്ടലിന്റെ അഡ്രസ് ഫോമിൽ രേഖപ്പെടുത്തണം, ഏതെങ്കിലും ഹോട്ടലിന്റെ അഡ്രസ് പഠിച്ചിട്ട് പോകുക. ഞാൻ വരിയിൽ അടുത്തുള്ള ചങ്ങാതിയുടെ ഹോട്ടൽ അഡ്രസ് ആണ് കൊടുത്തത്.എന്നോട് മാത്രം ഫോൺ നമ്പറും വീട്ടിലെ നമ്പറും ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ച്പ്പോൾ ,”we need” എന്ന് മാത്രം പറഞ്ഞു.പിന്നെ ഫോം ചൂണ്ടിക്കാട്ടി ഹിന്ദിയിൽ എന്തൊക്കയോ പറഞ്ഞു. ആ ടീക് ഹെ…. എന്ന് പറഞ്ഞു അവിടെ നിന്നു പെർമിറ്റ് സീൽ ചെയ്ത് വാങ്ങി . അവർ പറഞ്ഞതിന്റെ അർത്ഥം കർ ദുങ് ലാ കയറുമ്പോൾ അടുത്ത ചെക്ക് പോസ്റ്റിൽ നിന്ന് എനിക്ക് മനസ്സിലായി. ആ പെർമ്മിറ്റിന്റെ ഫോട്ടോ കോപ്പി നാലോ അഞ്ചോ കോപ്പി എടുത്ത് കയ്യിൽ സൂക്ഷിക്കണം എന്നിട്ട് ഓരോ ചെക്ക് പോസ്റ്റിലും അതു കൊടുത്തു എന്ററി രേഖപ്പെടുത്തണം.ഏകദേശം 25km കഴിഞ്ഞാണ് ചെക്ക് പോസ്റ്റ് അവിടെനിന്നാണ് ഓഫീസർ ഇത് മനസ്സിലാക്കി തന്നത്. ഇനി ഞാൻ ലെയിലേക്ക് പോയി ഫോട്ടോ കോപ്പി എടുത്തു വരണോ എന്ന് ചോദിച്ചപ്പോൾ ,മഹാ മനസ്കനായ ആ ഉദ്യോഗസ്ഥൻ ഫോണിൽ പെർമിറ്റ് ഫോട്ടോ എടുത്ത് എന്ററി രേഖപ്പെടുത്തി .ഒരിക്കലും ഒരു പോസ്റ്റിലും ഒറിജിനൽ കൊടുക്കരുത് എന്നും പറഞ്ഞു. വേറെ എവിടെയെങ്കിലും ആയിരുന്നേൽ ഒരു 100 രൂപ കൂടി ചോദിച്ചേനെ.കുറച്ചു കഴിഞ്ഞപ്പോൾ നല്ല റോഡുകൾ അവസാനിച്ചു. ഇനിയുള്ള ദൂരം കല്ലു പാകിയ പഴയ പാലാഴി റോഡിനെ ഓർമ്മിപ്പിക്കും വിധമുള്ള റോഡാണ്. അടുത്ത ലക്ഷ്യ സ്ഥാനം ലോകത്തിലെ ഏറ്റവും ഉയർന്ന പാത എന്നറിയപ്പെടുന്ന കാർദുങ് ലാ ആണ്.(ഇതിലും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് പാങ്ങോഗ് വഴിയുള്ള കൻഗ്ലാ പാസ്സ് എന്നാണ് ചിലയിടത്തു കാണുന്നത് ).ഏകദേശം 5600 മീറ്റർ ഉയരത്തിൽ എത്തണം. വഴി പകുതി പിന്നിട്ടപ്പോൾ ഒരാൾകൂട്ടം . കുന്നിറങ്ങി വരുന്ന എനിക്ക് വ്യക്തമായി കാണാനായി ഒരു സ്ത്രീ ഒരു പുരുഷനെ കഴുത്തിന്‌ പിടിച്ചു ആക്രോശിക്കുന്നു.സ്ത്രീക്കാണ് കൂടുതൽ അംഗബലം. ചിലർ സ്ത്രീയെ പിന്തിരിപ്പിക്കാൻ നോക്കുന്നു. ആ സ്ത്രീയുടെ മുടി മഴവില്ലു വർണമായിരുന്നു.ആൾക്കൂട്ട ത്തിനടുത്തുവെച്ചു ഇത് എന്നെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന ഭാവത്തിൽ ഹോർണ് മുഴക്കി .ഒരുവൻ ഒരു പുച്ഛ ഭാവത്തിൽ വഴിയൊരുക്കി തന്നു. സോറി കുറച്ചു തിരക്കുണ്ട് എന്ന ഭാവത്തിൽ ആൾക്കൂട്ടം കടക്കുമ്പോൾ ആ മനുഷ്യന്റെ മുഖമൊന്നു കണ്ടു. നിസ്സംഗ ഭാവം. അയാൾ ആൾക്കൂട്ടത്തിൽ തിരയുന്നുണ്ട് ഒരു രക്ഷകനെ. അമാനുഷിക കഴിവുള്ള നായകനല്ലാത്തതിനാൽ ആ കണ്ണുകൾക്ക് പിടികൊടുക്കാതെ ആൾക്കൂട്ടം കടന്ന് ഞാൻ യാത്രയായി.
ഇനിയും കുറച്ചു ദൂരമുണ്ട് കർഡുങ് ലാ യിൽ എത്താൻ. റോഡിന്റെ അവസ്ഥ പരിതാപകരമായിരുന്നു. കണ്ണകിയുടെ മധുരാദഹനം കഴിഞ്ഞു എന്നുതോന്നുന്നു. ബ്ലോക്ക് മാറി ഒരു പാട് വണ്ടികൾ എന്നെ കടന്നു പോയി.ഏകദേശം ഉച്ചയോടെ കർഡുങ്ലാ ടോപ്പ് എത്തി. ഉയരം രേഖപ്പെടുത്തിയ ബോർഡിനുമുന്നിൽ അസാമാന്യ തിരക്ക്. ടാക്സി വിളിച്ചു വന്നവനും ബൈക്ക് കയറ്റി വന്നവരും “done it” എന്ന് പറഞ്ഞു ഫോട്ടോ എടുക്കുന്ന തിരക്ക്. അതിന് മുന്നിൽ ഒരു സെൽഫിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഈ നിരാശയിൽ നിന്നാണ് ടാക്സി വിളിച്ചു വന്നവൻ എന്ന സംബോധന മനസ്സിലേക്ക് വന്നത്. ചുരമിറങ്ങി കഴിഞ്ഞാൽ ഒരു ചെക്ക് പോസ്റ്റ് പിന്നീട് കർദുങ്ലാ ഗ്രാമം. അവിടെ ഉച്ചഭക്ഷണത്തിന് നിർത്തി,അധികം തിരക്കില്ലാത്ത ഒരു ഹോട്ടലിൽ കയറി ഇംഗ്ലീഷ് അറിയാമോ എന്ന് ചോദിച്ചു. ഇല്ല എന്ന ഉത്തരത്തിനുശേഷം അവരോടു
ഹിന്ദിയിൽ തിന്നാൻ ഉള്ളത് എന്താണ് എന്ന് മാത്രം ചോദിച്ചു മിണ്ടാതിരുന്നു. ഇന്ന് ടിബറ്റൻ ഭക്ഷണ ശൈലി പരീക്ഷിക്കാനായിരിന്നു തീരുമാനം. തിരിച്ചു പറയാൻ പറ്റുന്ന രണ്ടു പേരുകൾ ഓർഡർ ചെയ്ത് കാത്തിരുന്നു.അപ്പോഴാണ് അവിടുത്തെ സ്കൂളിലെ ടീച്ചർ ആ ഹോട്ടലിലേക്ക് കയറിവന്നത്. ഞാൻ നുബ്ര വാലിയിലേക്ക് എത്ര സമയം എടുക്കുമെന്നും,സന്ധ്യക്ക് മുന്നേ അവിടെയെത്താൻ പറ്റുമോ എന്നോക്കെ ചോദിച്ചു. തിരിച്ചുള്ള ഉത്തരം ഇതാണ് നുബ്ര താഴ്‌വ്‌ര എന്നായിരുന്നു. എന്റെ ഉദ്ദേശം “star gazing” (ആകാശത്തിലെ നക്ഷത്രം വീക്ഷിക്കുക) ആണ് എന്ന് പറഞ്ഞപ്പോൾ ദിക്ഷിത് അല്ലെങ്കിൽ ഹുണ്ടർ ആണ് നല്ലത് എന്ന് ഉപദേശിച്ചു.പഴയ നുബ്ര രാജ്യത്തിന്റെ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു ജനതയുടെ അതിജീവനത്തെ കുറിച്ചും എന്റെ നാടിനെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.കേരളത്തിൽ നിന്ന് ആണെന്ന് പറഞ്ഞപ്പോൾ, “അഭ്യസ്ത വിദ്യരുടെ നാട് ” എന്നുള്ള പരാമർശം ഉൾകുളിരുണ്ടാക്കി. രാഷ്ട്ര ഭാഷയായ ഹിന്ദി എന്തുകൊണ്ട് ഞാൻ പഠിച്ചില്ല എന്ന ചോദ്യത്തിന് ,ഞാൻ പുറത്താണ് പഠിച്ചത് എന്ന കള്ളം പറയാൻ മനസ്സിനെ പഠിപ്പിച്ചിരുന്നു. വെറുതെ കേരളത്തിനെ പറയിപ്പിക്കണ്ടല്ലോ. യാത്ര തുടങ്ങിയത് മുതൽ മാധ്യമത്തിൽ കാണുന്നതാണ്
കേരളം No-1 എന്ന്.എന്തുകൊണ്ടോ ആ ചോദ്യമുണ്ടായില്ല. ഇവിടുത്തെ ആഥിത്യമര്യാദ ഒന്നു വേറെ തന്നെയാണ്. പണ്ട് എന്റെ നാടായ കോഴിക്കോടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. വഴി ചോദിക്കുന്നവനോട് പോലും ഒരു ചായ കുടിച്ചിട്ട് പോയാൽ പോരെ എന്നു ചോദിക്കുന്ന കാലം. പടിപ്പുരയിൽ രാത്രി വഴിപോക്കർക്കായി ചൂട്ട് വെക്കുന്ന ഒരു ജനത. കാലപ്രവാഹത്തിൽ ആ നന്മ ഞങ്ങൾക്ക് നഷ്ടമായി. പെട്ടന്നാണ് മതിലുകൾ പണിതുയർത്തി ഞങ്ങൾ കണ്ടാൽ തിരിച്ചറിയാത്തവരായി മാറിയത്.
ടീച്ചർ ജൂലെ (ലഡാക്കിയിൽ Hi, good-bye,thank you ഇതൊക്കെ പറയാൻ ഒറ്റവാക്കാണ് )പറഞ്ഞു പിരിഞ്ഞു.
ഭക്ഷണം അപ്പോഴേക്കും വന്നിരുന്നു. “അള്ളാ അമ്മളെ ആംബ്ലെറ്റ്” പിന്നെ നൂഡിൽസിന്റെ കഞ്ഞി. ഇനി വെള്ളം ഊറ്റാൻ വിട്ടുപോയതാണോ എന്ന ശങ്കയിൽ പതുക്കെ രുചിച്ചു നോക്കി. നല്ല എരിവ് .ഇതാണത്രെ “തുപ്ക”.
വെയിലിന്റെ കാഠിന്യം കുറഞ്ഞപ്പോഴേക്കും ഷയോക്ക് നദി കണ്ട് തുടങ്ങിയിരുന്നു. ഒരു പൂര്ണതയേറിയ ഛായാചിത്രംപോലെ മനോഹരമായ താഴ്‌വരകൾ. വർണശബളമായ കാഴ്ചകൾ.നുബ്രയെന്നാൽ “പൂക്കളുടെ താഴ് വാരം ” എന്നാണ് അർത്ഥം. പേരറിയാത്ത മഞ്ഞ, വയലറ്റ് പൂക്കൾ പൂത്തിരുന്ന ഒരു കുന്നിൻപുറം കഴിഞ്ഞപ്പോൾ റോഡ് രണ്ടായി പിരിഞ്ഞു ഒന്ന് ഹുണ്ടറിലേക്ക് രണ്ടാമത്തേത് ഷയോക്ക് താഴ്‌വര വഴി പാങ്ങോഗ് ലേക്കിലേക്ക്. തിരിച്ചു പോവാൻ കണ്ടുവെച്ചത് രണ്ടാമത്തെ വഴിയായിരുന്നു.
സമയത്തെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.ബൈക്കിലെ ചാർജർ രാവിലെ തന്നെ പണിമുടക്കി. സൂര്യാസ്തമയം അതാണ് ഇപ്പോൾ സമയ പരിധി.കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വഴി പിന്നെയും രണ്ടായി പിരിയുന്നു നേരെയുള്ളത് വഷിയിലേക്ക് .ഇതാണ് ഈ വഴിയിലെ ഇന്ത്യയുടെ അവസാന ഔട്പോസ്റ്.സിയാചിൻ ബേസ് ക്യാമ്പ് ഇവിടെയാണ്.ഏകദേശം ഒരു 90 km സഞ്ചരിച്ചാൽ മതി. അവിടെ നിന്ന് 60 km ട്രെക്ക് ചെയ്താൽ സിയാചിൻ ഹിമാനി കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും തണുപ്പേറിയതുമായ ആ രണ ഭൂമി കാണാൻ ആർമി 30 പേർക്ക് ഓരോ കൊല്ലവും അവസരം ഒരുക്കുന്നു.ഓരോ ട്രെക്കേഴ്സിന്റെ സ്വപ്‍നമാണ് ഇത്.അതിനപ്പുറം കാറക്കോറം പർവതനിരകൾ പാക്ക് നിയന്ത്രണത്തിൽ ആണ്.എനിക്ക് പോകേണ്ടത് ഇടത്തോട്ടാണ്.പൗരാണിക നുബ്ര രാജ്യത്തിന്റെ തലസ്ഥാനമായ ദിക്ഷിത് കഴിഞ്ഞ് ഹുണ്ടറിൽ എത്തി. തണുത്ത മരുഭൂമി. നോക്കെത്താ ദൂരത്തോളം മണൽകൂനകൾ അതിലൂടെ പഴയ കാല ചരിത്രത്തിന്റെ ശേഷിപ്പായി ബാക്ട്രിയൻ ഒട്ടകം. ഈ ഒട്ടകത്തിന് രണ്ടു മുതുകുകൾ കാണാം. സിൽക്ക് റൂട്ടിൽ പണ്ട് മനുഷ്യൻ സഞ്ചാരികൾക്ക് അതിർത്തി നിർമിക്കുന്നതിന് മുന്നേയുള്ള കാലം ബാക്ട്രിയൻ രാജ്യത്തു നിന്ന് വ്യാപാരാവശ്യങ്ങൾക്ക് യാത്ര ചെയ്യാനുപയോഗിച്ചതായിരുന്നു ഇന്ന് കാണുന്ന ഈ ഒട്ടകങ്ങളുടെ പൂർവികരെ.സിൽക്ക് റൂട്ട് അടച്ചതോടെ ചിലർ അതിനെ ഇവിടെ ഉപേക്ഷിച്ചിട്ടു പോയി.ഒട്ടക സഫാരി നടത്താൻ വൈകീട്ട് ഏഴുമണി വരെ സമയം ഉണ്ട്. ഹുണ്ടറിന്റെ ഗ്രാമപ്രദേശത്തിന്റെ വളരെ ഉള്ളിൽ ചെന്ന് ഒരു ഹോം സ്റ്റേ നോക്കി. റൂമിന് വേണ്ടി വിലപേശിയില്ല .ഇവരുടെ ആകെ വരുമാനം ഈ മൂന്നാല് മാസക്കാലമാണ്.600 രൂപക്ക് അത്താഴവും പ്രഭാത ഭക്ഷണവും അടക്കം ഒരു വീട്. ബാഗ് വെച്ചു പുറത്തിറങ്ങുമ്പോൾ അവർ ചായ തയ്യാറാക്കി വെച്ചിരുന്നു. ചായ വേണ്ടപ്പോഴൊക്കെ ചോദിച്ചതുകൊള്ളാനും പറഞു. വീടിന്റെ അകം പരവതാനി വിരിച്ചിരുന്നു. അതീവ വൃത്തിയും അച്ചടക്കവും. പൂമുഖ തറയിൽ സ്ഥാനം തെറ്റിക്കിടന്ന എൻറെ ഷൂ അതിനൊരു അപവാദമായി. പെട്ടന്ന് തന്നെ ഒട്ടക സഫാരി നടത്തുന്ന സ്ഥലത്ത് എത്തി.. അഞ്ചാറു വലിയ ഒട്ടകങ്ങൾ ഒപ്പം കാഴ്ചയിൽ കൗമാരം കഴിഞ്ഞില്ല എന്നു തോന്നിപ്പിക്കുന്ന വേറെ രണ്ടു ഒട്ടകങ്ങൾ. പിന്നെ സദാ അമ്മയുടെ ചൂട് പറ്റിക്കിടക്കുന്ന ശൈശവം പിന്നിട്ടില്ലാതെ വേറെ ഒരുവൻ. സഫാരി തുടങ്ങുമ്പോൾ കുഞ്ഞൻ ഒട്ടകം അമ്മയെ പിന്തുടരും. അവസാനിക്കുമ്പോൾ ആ ചൂട് പറ്റി അലസമായി കിടക്കും. മുഴുവൻ പേരും അവനുമായി ചേർന്ന് ഫോട്ടോ പകർത്താൻ മത്സരിക്കുന്നു. ചില സ്ത്രീകൾ വന്ന് ചുംബിക്കുന്നു. എന്ത് കൊണ്ടോ ഒട്ടക സഫാരി ചെയ്യാൻ തോന്നിയില്ല.അത് കൊണ്ട് യാത്ര കണ്ടും കാറ്റ് കൊണ്ടും ആ മണൽക്കൂരയിൽ രാത്രിയാവുന്നത് വരെ ചിലവഴിച്ചു. തെറ്റിദ്ധരിക്കാതിരിക്കാൻ ഒന്നു പറയട്ടെ ഞാൻ മൃഗ സ്നേഹിയൊന്നുമല്ല,കഴിഞ്ഞ പെരുന്നാളിനാണ്് ഫേസ്ർ ടൗണിൽ നിന്ന് ഒട്ടക ഫ്രൈ കഴിച്ചത്. രാത്രി “സ്റ്റാർ gazing” കാണാൻ ഒരുപാട് പേർ ഇവിടെയെത്തും എന്നായിരുന്നു എന്റെ ധാരണ. ആ പ്രദേശത്ത് ഞാനും തൊട്ടപ്പുറത്ത് ജലസേചനം തുടങ്ങാൻ തെയ്യാറെടുപ്പുമായി ഒരു ചെറിയ സംഘം.എട്ട് മണിയോടെ കുറച്ച് ഇരുട്ടായി ,പക്ഷെ നക്ഷ്ത്രങ്ങൾ ഒന്നും കാണുന്നില്ല. എല്ലാവരും മണൽ പരപ്പുവിട്ടകന്നു.തണുപ്പ് കൂടി കൂടി വരുന്നു. ഇറങ്ങിയപ്പോൾ ജാക്കറ്റ് എടുക്കാൻ മറന്നിരുന്നു. തിരിച്ചു പോയി ഭക്ഷണവും കഴിച്ചു വരാൻ തീരുമാനിച്ചു.ഹോം സ്റ്റേ യിൽ പുതിയ അതിഥികൾ എത്തിയിരുന്നു. ഭക്ഷണം ഒരുമിച്ചാണ് പതിവ്. ഹാളിൽ ഒരു പരവതാനിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. ദാൽ, കിഴങ്ങു കറി, ചപ്പാത്തി ,റൈസ്. വൃത്തിയുള്ള ഭക്ഷണം. കൂടെയുള്ളവർ ശ്രീനഗറിൽ നിന്നായിരുന്നു. അസർ, ഫാറൂഖ്, ഒമർ, അസി നാലുപേർ.നാല് പേരും ഡോക്ടർമാരാണ്. അപ്രതീക്ഷിതമായി വീണ് കിട്ടിയ അവധിയിൽ നുബ്ര കാണാൻ ഇറങ്ങിയതാണ്.കാർഗിൽ ശ്രീനഗർ റൂട്ടിലെ എന്റെ ഭയം അവരാണ് അലിയിച്ചുകളഞ്ഞത്. ശ്രീനഗറിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ നമ്പർ തന്നു. ഭക്ഷണ ശേഷം നേരെ ടെറസ്സിൽ കയറി നോക്കി.
അതേ മുഴുവൻ താരാപഥങ്ങളും വ്യക്തമായിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്ത് ക്യാമറയും തൂക്കി വീണ്ടും മണൽ പരപ്പിലേക്ക് പോയി.അവരും കൂടെ കൂടി. നിശ്ശബ്ദതമായ നുബ്‌റാ താഴ്‌വരയിൽ ആ മണൽപരപ്പിൽ ഇരുന്ന് അനന്തമായ ആകാശത്തിലെ താരാപഥം കാണുന്ന സുഖമുണ്ടല്ലോ.അത് ഒന്ന് വേറെ തന്നെയാണ്. ഫോട്ടോ പല സെറ്റിങ്ങിലും എടുത്തു നോക്കി നക്ഷത്രം പതിയുന്നില്ല. ഫോട്ടോഗ്രാഫി മര്യാദക്ക് പഠി ക്കാത്തത് വല്ലാതെ നിരാശപ്പെടുത്തി.. ആ രാത്രി മണൽ കൂനയിൽ ഇരുന്ന് ഒമർ ഒരു പാട്ടുപാടി..അതിന്റെ അർത്ഥം അവൻ തന്നെ വിശദീകരിച്ചു തന്നു …. ആരാണ് മനുഷ്യന് അതിരുകൾ നിശ്ചയിക്കുന്നത്… മൃഗങ്ങള്‍ അതിരുകള്‍ അറിയാതെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ അറിഞ്ഞു പോയ അതിരുകള്‍ക്കുളളില്‍ ശ്വാസം മുട്ടി കഴിയുന്നു, പിടയുന്നു.
അന്ന് രാത്രി ഉറങ്ങുന്നതിന് മുൻപ് അസർ വീട്ടുനിന്ന് കൊണ്ടുവന്ന “ഫുൽഖ” എന്ന പലഹാരം തന്നു.
വീണ്ടുമൊരു കണ്ടുമുട്ടൽ ഉണ്ടാവില്ല എന്ന തിരച്ചറിവോടെ ശുഭരാത്രി പറഞ്ഞു ഉറങ്ങാൻ കിടന്നു.
എന്നെ കാണാൻ ഒരാൾ കാത്തിരിപ്പുണ്ട് എന്ന വാർത്തയോടയാണ് രാവിലെ ഉറക്കമുണർന്നത്.ഒരു ചെറുപ്പക്കാരൻ. പേര് അബ്ദുൽ വാഹിദ്. ആദ്യം ഗൈഡോ അല്ലെങ്കിൽ വല്ല സഹായത്തിനോ വേണ്ടി വന്നതാവും എന്നാണ് ചിന്തിച്ചത്. പക്ഷെ വാഹിദ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എന്തെങ്കിലും സഹായം വേണോ ,ഭാഷ പ്രശ്നമാണെന്നു ഹോം സ്റ്റേ ഉടമസ്ഥൻ പറഞ്ഞിട്ട് വന്നതാണ്. വാഹിദിനെ കുറിച്ച് പറയ്യാതെ പോകാൻ വയ്യ. JNU ഇൽ നിന്ന് ഡിഗ്രിയും ശ്രീനഗറിൽ നിന്ന് എംഫിൽ കഴിഞ്ഞു ,ഈ ഗ്രാമത്തിലെ കുട്ടികളെ ട്യൂഷൻ എടുത്തും ചില ഹോംസ്റ്റേ നോക്കിയും ഇവിടെ കഴിയുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഉറുദിൽ പുതിയ ഡിഗ്രിയും എടുക്കുന്നുണ്ട്.കയ്യിൽ അന്ന് ഏതോ കുട്ടി സമ്മാനിച്ച “മോമോസ് ” പലഹാരം എനിക്ക് കഴിക്കാൻ തന്നു. ഈ ഗ്രാമം ആതിഥേയത്വം കൊണ്ട് എന്നെ വിസ്മയിപ്പിക്കുന്നു.സിൽക്ക് റൂട്ടിനെ കുറിച്ചും,അടുത്തുള്ള ഗ്രാമങ്ങളെ കുറച്ചും വാഹിദ് പറഞ്ഞുതന്നു. ചില ഗ്രാമത്തിലേക്ക് പുറത്ത് നിന്നുള്ളവർ്ക് പ്രവേശനമില്ല. ബോഗ്ടങ് എന്ന ഗ്രാമത്തിന്റെ കഥ കൗതകതോടെയാണ് കേട്ടത്.ആദ്യമായിട്ടാണ് ഒരു മലയാളിയെ വാഹിദ് തന്റെ ഗ്രാമത്തിൽ പരിചയപ്പെടുന്നത് എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.കേരളത്തിൽ നിന്ന് ഒരായിരം പേരെങ്കിലും ലഡാക്കിൽ ഓരോ സീസണിലും പോകുന്നുണ്ട്. അതിലാരും നുബ്‌റയിലെ ഉൾഗ്രാമങ്ങൾ സന്ദര്ശിക്കുന്നില്ല എന്നത് അത്ര വിശ്വസനീയമല്ല. വഹിദും സാക്ഷരതയെ കുറിച്ചും നമ്മുടെ ജീവിത നിലവാരത്തെ ക്കുറിച്ചും സംസാരിച്ചു. പക്ഷെ മലയാളിയെ വിശ്വസിക്കരുത് നിങ്ങളെ കൊന്ന് പണം കൊണ്ടുപോവാൻ മടിക്കാത്ത വർഗ്ഗമാണ് എന്ന് പണ്ടൊരു മലേഷ്യകാരൻ അവനോട് പറഞ്ഞത്രേ. ആ ധാരണ പിന്നീട് മാറിയത് എയിംസിൽ പനി പിടിച്ചു കിടക്കുമ്പോൾ തന്നെ പരിചരിച്ച നഴ്സ്മാരിൽ നിന്നാണ്. എങ്കിലും നമ്മൾ ഹിന്ദി സംസാരിക്കാത്തതിന് തെല്ലൊരു പരിഭവം ഉണ്ട്. ഞങ്ങൾ ഇപ്പോൾ ഹിന്ദി പഠിച്ചു തുടങ്ങിയിട്ടുണ്ട്. നാട്ടിൽ വരുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിൽ പുതിയ ഭാഷാ വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.അടുത്ത തവണ കാണുമ്പോൾ നമ്മൾ ഹിന്ദിയിൽ സംസാരിക്കും എന്നുറപ്പുകൊടുത്ത് ഞാൻ യാത്ര പറഞ്ഞു. ബാഗിൽ സൂക്ഷിച്ചിരുന്ന കുറച്ചു ചോക്ലേറ്റുകൾ അവിടെ കൂടിനിന്നിരുന്ന കുട്ടികൾക്ക് കൊടുത്തു. അവിടെ കണ്ട പ്രാർത്ഥനാ ചക്രം തിരിച്ചു . ആ ഷഡാക്ഷരീ മന്ത്രം ജപിച്ചു ” ഓം മണി പദ്മേ ഹൂം”.
മന്ത്രങ്ങളുടെ വ്യാഖ്യാനങ്ങൾ അതുപാസിക്കുന്നവരുടെ കാഴ്ചപ്പാടുകളിൽ വ്യത്യസ്തപ്പെടാം. അതുമല്ലെങ്കിൽ അക്ഷരങ്ങൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നവിധം നിശ്ചിത അർത്ഥമുള്ളവയാകണമെന്നില്ല മന്ത്രങ്ങൾ.
തുർത്തുക്ക് ഏകദേശം എണ്പത് കിലോമീറ്റർ അകലെയാണ്. ഏകദേശം മൂന്ന് മണിക്കൂർ യാത്ര. തുറതുക്കിന് ഏകദേശം 30 കിലോമീറ്റർ മുന്നേയാണ് ബോഗ്ദാങ്. ഇവിടുത്തെ ജനങ്ങൾ നീല കണ്ണുകൾ ഉള്ളവരും, ചുവന്ന കവിളുകളോട് കൂടിയവരും ആകുന്നു. വാഹിദ് പറഞ്ഞത് ഈ ജനത ഗ്രീസ്സിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് യേശുദേവന്റെ തിരുശേഷിപ്പ് തേടി വന്നവരാണെന്നും. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയെന്നുമാണ്. അതല്ല മധ്യേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആര്യവർഗ്ഗമാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.
തുർത്തുക്ക് ആപ്രിക്കോട്ടും ഗോതമ്പും വിളഞ്ഞു നിൽക്കുന്ന കല്ലുകൾ അടുക്കി വെച്ച വീടുകൾ ഉള്ള ഒരു ചെറിയ ഗ്രാമം. 1971 ലെ ഒരു രാത്രി പാകിസ്താനികളായി ഉറങ്ങുകയും ഇന്ത്യയിൽ ഉണർന്നെഴുന്നേൽക്കുകയും ചെയ്ത ജനത. LOC യിൽ ഒരു സാധാരണകാരനായ യാത്രികന് ചെന്നത്താൻ കഴിയുന്ന അവസാന ഗ്രാമം.ചെറിയ ഒരു പേടിയോടെയാണ് തുർത്തൂക്കിൽ കറങ്ങിയത്. ത്യാക്ഷി എന്ന ഗ്രാമത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി കിട്ടിയില്ല.ഒരു പാലത്തിനടുത്ത് വെച്ച് തിരിച്ചു പോരേണ്ടി വന്നു.തുർത്തുക്കും 2010 ന് മുന്നേ യാത്രികർക്ക് നിഷിദ്ധമായിരുന്നു. ഇന്ത്യൻ ആർമി ബാൾട് വംശജരായ ഈ ഗ്രാമ വാസികൾക്കിടയിൽ നടത്തി വരുന്ന പ്രവര്ത്തനം, സ്കൂൾസ് തുടങ്ങിയവ ഇന്ത്യയുടെ ഹൃദയത്തോട് ഇവരെ ചേർത്ത് വെക്കുന്നു. അല്ലെങ്കിലും ഒന്ന് ആലോചിച്ചുനോക്കൂ ഒരു സുപ്രഭാതത്തിൽ ഇന്നലെ വരെ ശത്രുവായി കണ്ടവർക്കൊപ്പം നിൽക്കേണ്ടിവരുന്ന അവസ്‌ഥയെ കുറിച്ച്.ഇത് വരെ കണ്ട് പരിചയിച്ച വസ്ത്രധാരണരീതിയിൽ നിന്ന് ഏറെ വത്യസ്തം. നുബ്ര ഗാർഡും ലഡാക്ക് സ്‌കൗട്ടും ചേർന്നാണ് പാകിസ്ഥാന്റെ അധിനിവേശം രണ്ടാഴ്ച നീണ്ട് നിന്ന യുദ്ധത്തിലൂടെ അവസാനിപ്പിച്ചത്. ആ യുദ്ധ സ്മരണാർത്ഥം നിർമ്മിച്ച “war memorial” ഇവിടെ കാണാം. ഒരു കാലത്ത് ഇവിടം ഭരിച്ചിരുന്ന യാബ്ഗോ രാജവംശത്തിന്റെ കൊട്ടാരം ഇവിടെ കാണാം. ഒരു ചെറിയ വീട് അല്ലാതെ മൈസൂർ കൊട്ടാരം സങ്കൽപ്പിച്ചു പോയാൽ നിരാശയാകും ഫലം. കുറച്ചു നേരം അവിടം ചുറ്റി സഞ്ചരിച്ച ശേഷം തിരിച്ചു പോന്നു. യാത്രയുടെ ആദ്യ ഘട്ടമായ അവസാനത്തെ ഗ്രാമം എത്തിച്ചേർന്നിരിക്കുന്നു.
യാത്ര തുടങ്ങുമ്പോൾ അനുഗ്രഹം ചൊരിഞ്ഞ ചുളിവ് വീണ കൈ ത്തലങ്ങളുടെ തണുപ്പ് ഇപ്പോഴുമുണ്ട് നെറുകയിൽ.വാതിലിനപ്പുറം കണ്ണീർ വാർത്ത മുഖങ്ങൾ….. പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കൾ..കൂടെ നിന്ന ഭാര്യ….. ഭ്രാന്ത്‌ എന്ന് കളിയാക്കിയ ചിലർ…..എല്ലാവർക്കും നന്ദി….

ഒന്ന് കൂടി പറയട്ടെ ഈ യാത്ര എല്ലാവർക്കും നടത്താൻ സാധ്യമാണ്. ഒന്നിനെയും ഭയക്കേണ്ടതില്ല. ഭയപ്പെട്ട് പിന്മാറിയാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ഭൂമിയിലെ സ്വർഗ്ഗത്തിലെ കാഴ്ചകളാണ്.യാത്ര ചെയ്യാനുള്ള മനസ്സ് മാത്രം മതി.
ഒരിക്കലെങ്കിലും നിങ്ങൾ ഇത് വഴി കടന്നുപോകും എന്ന പ്രതീക്ഷയിൽ ഞാൻ അവസാനിപ്പിക്കട്ടെ…..

Credits: Sushanth.nair

 

Share this post: