അന്ന് രാത്രി അത്താഴം ഉപേക്ഷിക്കേണ്ടി വന്നു. ഉച്ചക്ക് പരീക്ഷിച്ച പഞ്ചാബി ഊണ് തെക്കന്റെ ഭക്ഷണരീതി മാത്രം ശീലിച്ച വയറിനോട് പൊരുത്തപ്പെട്ടില്ല.നാളത്തെ യാത്ര ജിസ്പെയിലേക്കായിരുന്നു .അതു മാറ്റി മനാലിയിൽ ഒരു ദിവസം കൂടി തങ്ങാൻ തീരുമാനിച്ചു. രാവിലെ മനാലി കണ്ട് ഉച്ചക്ക് ശേഷം ജിസ്‌പ എത്തുക എന്നത് ശ്രമകരമായിരിക്കും. രാത്രി വെറുതെ ബാൽക്കണിയിൽ നിന്ന് ബയസ് നദിയുടെ സംഗീതത്തിന് കാതോർത്തു. മഴ പെയ്തതിനാൽ തണുപ്പ് കൂടിയിരുന്നു.പെട്ടന്നാണ് ഇരുൾ പുതച്ച ആപ്പിൾ തോട്ടത്തിൽ നിന്നും ഒരു മിന്നാമിനുങ് ദർശനം തന്നത്. പ്രണയത്തിന്റെ തഴ്വരയെ അടയാളപ്പെടുത്താൻ അനുയോജ്യമായ പ്രാണി. സാധാരണയായി “ആണ് ” വർഗ്ഗത്തിൽപെട്ട മിന്നാമിനുങ്ങാണ് ഉയരത്തിൽ പറക്കുക. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്കുമുന്നിൽ പ്രത്യക്ഷപെട്ടത് ആണ് ആവാനാണ് സാധ്യത. പെണ്ണ് ഇലയിലോ കല്ലിനിടയിലോ അലസമായി ഇരുന്ന് ആണിനെ ആകർഷിക്കും .
ഇണ ചെരുന്നതോടുകൂടി ,ആണ് വർഗ്ഗം അതിന്റെ മുഴുവൻ ഊർജവും ഇണയിലേക്ക് പകർന്ന് മൃതിയടയും. പെണ്ണ് ആ ബീജം ഏറ്റുവാങ്ങി ഒരു പുതിയ തലമുറയെ വഹിക്കാനുള്ള ഉറ മാത്രമായി രൂപാന്തരം പ്രാപിച്ചു, അതിന്റെ കാലചക്രം പൂർത്തികരിക്കുന്നു.
മിന്നാമിനുങ്ങിനെ സംബന്ധിച്ചിടത്തോളം ഇണയെ കണ്ടെത്തുക എന്നതാണ് ജീവിതോദ്ദേശം.മനാലി പുരുഷവാഡിപോലെ ആയിരുന്നെങ്കിൽ എന്നാശിച്ചുപോയി. മഹാരാഷ്ട്രയിൽ “fire flies festival” നു പേരുകേട്ട ഗ്രാമമാണ് പുരുഷവാഡി. ഒരായിരം മിന്നാമിനുങ്ങുകൾ മേയ് ജൂണ് മാസത്തിൽ ഇവിടെ സന്ധ്യാദീപം കൊളുത്തും.ആ കാഴ്ച്ച കാണാൻ മുംബൈയിൽ/പൂനയിൽ നിന്നു 200km സഞ്ചരിച്ചാൽ മതി.
ഒരു ദിവസത്തേക്ക് കൂടി റൂം വേണമെന്ന് അറിയിച്ചു ഉറങ്ങാൻ പോയി.
രാവിലെ ഏഴുമണിയോടെ ഹിഡുംബി ക്ഷേത്രമാണ് ആദ്യ സന്ദർശന സ്ഥലം.ഭീമസേനന് മഹാഭാരതത്തിൽ രണ്ടാംഊഴമാണ് കിട്ടിയതെങ്കിൽ ഊഴങ്ങളൊന്നുമില്ലാതെ പോയ ഹിഡുംമ്പിയുടെ ക്ഷേത്രം. കാരിരുമ്പിന്‍ കരുത്തുള്ള ഭര്‍ത്താവും യുദ്ധ നൈപുണ്യം ആവോളം കൈമുതലാക്കിയ പുത്രനും ജീവിച്ചിരുന്നിട്ടും ഏകയായിപ്പോയ ഒരു പെണ്ണിന്റെ കഥ വായിച്ചു മടക്കിയ പുസ്തകങ്ങളിൽ നിന്നും ഇന്ന് ഇറങ്ങി വന്നു.
അരക്കില്ലം കത്തിയമര്‍ന്നു.
ദുര്യോധനഖഡ്ഗം ഭയന്ന് പാണ്ഡവർ കാട് കയറി. പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന, ആ വനഭാഗം, ഹിഡിംബവനത്തിന്‍റെ രാജധാനിയായിരുന്നു. മനുഷ്യ ഗന്ധം കിട്ടിയ ഹിഡുംബൻ ഹിഡുംബിയോട് അവരെ തേടിപ്പിടിക്കാൻ പറയുന്നു.
…ഒരു വൃക്ഷപ്പടര്‍പ്പിനുതാഴെ, നാലു സുന്ദരന്മാര്‍, അഗാധനിദ്രയില്‍ ആഴ്ന്നു കിടക്കുന്നു…. അപ്പുറത്തു മാതാവ്…. ഏകനായൊരുവന്‍, നിദ്രാലേശമില്ലാതെ, കൂടപ്പിറപ്പുകള്‍ക്കും മതാവിനും കാവലിരിക്കുന്നു…. വൃകോദരനായ ആ അമാനുഷന്‍റെ ശരീരഭാഷ ഒന്നു വേറെ തന്നെ.. അവള്‍ തന്‍റെ മനസ്സു നിറഞ്ഞ് ആ അമാനുഷനില്‍ പ്രണയപ്പൂക്കളര്‍പ്പിച്ചുപോയി.
ജന്മസിദ്ധമായ അത്ഭുതശക്തിയാല്‍, അവള്‍, സുന്ദരിയായൊരു തരുണീരത്നമായി, ഭീമസേനന്‍റെ മുന്നിലേക്ക് അടിവച്ചു. പ്രണയം പൂത്ത കണ്ണുകളാല്‍, അവളൊന്നു കടാക്ഷിച്ചു… സ്ത്രീത്വം തുളുമ്പിനില്ക്കുന്ന ആകാരഭംഗിയാല്‍ അവള്‍ വലയെറിഞ്ഞു.. ലാസ്യമായ ചുവടുകള്‍ വച്ച്, അടുത്തെത്തിയ അവള്‍ ഭീമസേനന്‍റെ കാലടികളില്‍ ചുംബിച്ചു.
..ശേഷം ചിന്തനീയം….
പൂത്തുലഞ്ഞുനിന്ന ഭീമൻ,സഹോദരിയെ പിന്തുടർന്നെത്തിയ ഹിഡുംബന്റെ ആക്രോശത്തിലാണ് ഉണർന്നത്. ഘോരമായ യുദ്ധത്തിൽ ഭീമന്റെ ഉരുക്കുമുഷ്ടിൽ ഹിഡുംബൻ ഞെരിഞ്ഞമർന്നു.സഹോദരന്റെ വേർപാടിൽ സ്വരൂപത്തിൽ ഹിഡുംബി അലമുറയിട്ടു കരഞ്ഞു.
രാക്ഷസിയെങ്കിലും അരക്ഷിതയായ സ്ത്രീയേ കണ്ട ഭീമസേനനും മനമുലഞ്ഞു. അവളെ തനിക്കൊപ്പം സ്വീകരിച്ചിരുത്തുകയെന്നതാണ് തന്‍റെ ധര്‍മ്മമെന്ന് അവനോര്‍ത്തു..
ഹിഡിംബന്‍റെ മൃത്യുവോടെ ഉണര്‍ന്നുതുടങ്ങിയ വനാന്തരത്തിലൂടെ…
സ്നേഹമൃഗങ്ങളുടെ മദ്ധ്യേ കൂടെ…. കളകളം പാടുന്ന പക്ഷിവര്‍ഗ്ഗത്തിന്‍റെ സംഗീതത്തിലൂടെ….. ആകെ വശ്യയായ പ്രകൃതിയിലൂടെ… അവരങ്ങിനെ നടന്നു… ഘടോല്കചന്‍ എന്ന പുത്രന്‍റെ ജന്മം വരെ…..
വനവാസത്തിന് ശേഷം പാണ്ഡവർ കാടിറങ്ങി. ഹിഡുംബി ഏകയായി. രാക്ഷസിയായ ഹിഡുംബിയെ കൊട്ടാരത്തിലേക്ക് ക്ഷണിക്കാൻ രാജമാതാവായ കുന്തി തയാറായിരുന്നില്ലത്രേ.
മനാലിയിൽ ഹഡിംബാ ക്ഷേത്രം‘ എന്നാണ് അറിയപ്പെടുന്നത്. ഒരു കാലടയാളം. പ്രതിഷ്ഠകൾ ഒന്നും ഇല്ല. ഇതാണ് പൂജിക്കപ്പെടുന്നത്.ദേവതാരുക്കൾ തലയുയർത്തി നിൽക്കുന്ന വനത്തിനു മദ്ധ്യേ പഗോഡവാസ്തുശില്‍പ രീതിയില്‍ പണിത ക്ഷേത്രം. മരം കൊണ്ടു നിർമിച്ച ചുവരുകളിൽ കാട്ടുമൃഗങ്ങളുടെ തലയോട്ടികൾ.
കൈകൂപ്പി നില്‍ക്കുമ്പോള്‍ ഓർത്തുപോയി *പത്താനകളുടെ കരുത്തുളള പെണ്ണ്, കാട്ടുപൂക്കൾ ചൂടി, മദിപ്പിക്കുന്ന ഗന്ധവുമായി, മരത്തോലുടുത് അടിവെച്ചു അടിവെച്ചു പടിയിറങ്ങി വരുന്നത് …ഇവിടെയെവിടയോ അവളുണ്ട്.
(റോഷണി വെറുതെ ….പ്രാസം ഒപ്പിക്കാൻ വേണ്ടി എഴുതിയതാ)
തൊട്ടടുത്തുതന്നെയാണ് മ്യൂസിയം.അതിനരികിലായി ഘടോൽകച്ചന്റെ പേരിലറിയപ്പെടുന്ന വൃക്ഷം. ഒരു സായിപ്പ് കിടന്നും മറിഞ്ഞുമൊക്കെ ഫോട്ടോ എടുക്കുന്നുണ്ട്.മനാലി ജീവിത രീതികളും കുറച്ചു ചരിത്രവും മനസ്സിലാക്കാൻ മ്യൂസിയം സന്ദർശനം ഉപകരിക്കും. ശരിക്കും ഞെട്ടിപ്പിക്കുന്ന പഴയ ഒരു അതിജീവനത്തിന്റെ സൂചന ഇവിടെ കാണാം.ഭക്ഷണക്ഷാമം നേരിട്ടപ്പോൾ ,മനാലി ജനത വാൾനട്ട് പൊടിച്ചെടുത്ത് റൊട്ടി ചുട്ടാണത്രെ അതിജീവിച്ചത്. പ്രകൃതിലഭ്യതയിൽ നിന്ന് ചൂഷണം ചെയ്തും അതിനോടൊപ്പം ഇണങ്ങിയുമാണ് ഓരോ സംസ്കാരവും ഉടലെടുക്കുന്നത് എവിടെയോ വായിച്ചതോർമ്മയുണ്ട്.
വനമിറങ്ങി പഴയ മനാലി കാണാൻ പോയി. ഒരുപാട് രാജ്യത്തിന്റെ ശൈലിയെ ഉൾക്കൊണ്ട് ആ ഇടുങ്ങിയ ടൌൺ പുതിയതായിരിക്കുന്നു. ആ വഴി നേരെ പോകുന്നത് മനു ക്ഷേത്രത്തിലേക്കാണ്. ആ പഴയ പാതക്ക് വശങ്ങളിലായി മരം കൊണ്ട് നിർമിച്ച വീടുകൾ കൗതുകമുണർത്തുന്നതാണ്.മത്സ്യ പുരാണപ്രകാരം മനുവാണ് ആദ്യ മനുഷ്യൻ.ആദ്യ മനുഷ്യനെ വണങ്ങിയ ശേഷം “hot spring”(ചൂട് നീരുറവ) കാണാൻ വസിഷ്ഠക്ഷേത്രത്തിൽ പോയി സൂര്യവംശത്തിന്റെ ഗുരുവും ബ്രഹമാവിന്റെമാനസപുത്രനായ വസിഷ്ഠന്റെ മണ്ണിൽ കുറച്ചു സമയം ചിലവഴിച്ച ശേഷം മനാലിയുടെ അടുത്തുള്ള ഒരു ഗ്രാമങ്ങളിലേക്ക് പോയി. കാണാൻ ഉള്ള ലിസ്റ്റിൽ ഇനിയും ഉള്ളത് ക്ഷേത്രങ്ങളാണ്. അവസാനം ഇത് ഒരു തീർത്ഥാടനം ആക്കേണ്ട എന്നതിനാൽ ഉച്ചക്ക് ശേഷം ആപ്പിൾ തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും തേടി സിംസാ വില്ലേജിലേക്ക് പോയത്.
ചെറിയ വെള്ളച്ചാട്ടവും, അരുവിയും,ആപ്പിൾ തോട്ടങ്ങളും,പേരറിയാത്ത വൃക്ഷങ്ങളും നിറഞ്ഞ ഒരു ചെറിയ ഗ്രാമം. ഇടക്കിടെ നഗരം ഗ്രാമത്തെ വളയുന്നതിന്റെ ലക്ഷണമായി കോണ്ക്രീറ്റ് കെട്ടിടങ്ങളും.
അവിടെ പക്ഷിവര്‍ഗ്ഗത്തിന്‍റെ സംഗീതത്തിലൂടെ…. ജലധന്യമായ ബിയാസിന്റെ തീരത്തിലൂടെ… ആകെ വശ്യയായ പ്രകൃതിയിലൂടെ ….ആപ്പിൾ വിളഞ്ഞുനിൽക്കുന്ന തോട്ടത്തിലൂടെ വെറുതെ കറങ്ങി നടന്നു….ഭീമനും ഹിഡുംബിയും നടന്നതുപോലെ……. ഒരിക്കൽ കൂടി ഇവിടെ വരണം …തനിച്ചല്ല….അവൾക്കൊപ്പം…….
രാവിലെ ഏഴുമണിക്ക് തന്നെ ജിസ്‌പ ലക്ഷ്യമാക്കി യാത്ര തുടങ്ങി.അവിടേക്ക് പോകണമെങ്കിൽ പെർമിറ്റ് എടുക്കണം. അതിനുള്ള ഓൺലൈൻ സംവിധാനം ലഭ്യമാണ്. പോകുന്ന വഴിയിൽ റോഹ്താങ് ടണലിന്റെ പണി പുരോഗമിക്കുന്നത് കാണാം.ഈ ടണൽ സഞ്ചാര യോഗ്യമാവുന്നത് കൂടി കീലോങ്ങിലേക്കുള്ള ദൂരം 60km കുറക്കാൻ പറ്റും. 9km ആണ് ടണലിന്റെ ദൂരം.2000 ത്തിൽ ലാഹുലിലെ അർജുൻ ഗോപാൽ എന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്തായ അടൽ ബിഹാരി വാജ്‌പേയിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.ഏകദേശം 90 ശതമാനം പണി BRO(ബോർഡർ റോഡ് ഓർഗനൈസേഷൻ) തീർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. BRO എന്ന പേര് ലേ ഹൈവേയിൽ സഞ്ചരിക്കുന്ന സഞ്ചാരികൾ നന്ദിയോടെ സ്മരിക്കുന്ന പേരാണ്. അവരുടെ സേവനം നിസ്തുലമാണ്.
ആകാശവും മലയും ഒന്നിക്കുന്നിടം അതാണ് റോഹ്താങ്. പ്രകൃതി രമണീയമായ വഴി. ഫോട്ടോ എടുത്തു യാത്ര തുടങ്ങുമ്പോൾ പെട്ടെന്നുതന്നെ പിന്നെയും നിർത്തേണ്ടി വരും.അങ്ങനെ റോഹ്താങ് എളുപ്പമൊന്നും അവിടെവിട്ടു പോകാൻ സഞ്ചാരികളെ സമ്മതിക്കില്ല.സാഹിസിക വിനോദ സഞ്ചാരികളുടെ പറുദീസായാണ് മഞ്ഞുകാലത്ത് റോഹ്താങ്. ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ AMS (altitude mountain sicknesses) മറികടക്കുവാനുള്ള diamox കഴിച്ചിരുന്നു. (Diamox 12 മണിക്കൂർ യാത്രക്ക് മുന്നേ കഴിക്കുന്നതാണ് ഫലപ്രദം. സൈഡ് എഫക്ട് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്) അതുകൊണ്ട് വലിയ പ്രശ്നം ഉണ്ടായില്ല. അസാധ്യമായ കാഴ്ചകള്‍ക്കിടയിലൂടെ സാഹസികമായ ഒരു യാത്ര പോകാന്‍ തയ്യറാണെങ്കില്‍ റോഹ്താങ് പാസ്സിലേക്കു പോകാവുന്നതാണ്.
ഇനിയുള്ള വഴികളിൽ കാണുന്ന യാത്രക്കാരും ഗ്രാമവാസികളും പിന്നെ എന്റെ ഡയറിയിൽ വരച്ചിട്ട ഒരു മാപ്പും ആണ് വഴികാട്ടികൾ.
റോഹ്താങ്ങിൽ നിന്ന് ഹൈവേ മോശമായി തുടങ്ങും
“കുലുങ്ങി കുലുങ്ങി മടുത്തു ഇപ്പോഴാ ഒരു റിലാക്സേഷൻ ആയത്” എന്നു പറയാൻ മാത്രം
ഇടക്കിടെ റോഡുകൾ നന്നാവും മാനാലി പിന്നിട്ടാൽ അടുത്ത് ടണ്ടി വില്ലേജിൽ ആണ് പെട്രോൾ പമ്പ് ഉള്ളത്.ഏകദേശം 110 km.
സ്വർഗാരോഹണ സമയത്തു ദ്രൗപതി വീണ് പോയത് ഇവിടെവെച്ചാണ്. കഥകൾക്ക് പഞ്ഞമില്ലാത്ത നാടണല്ലോ നമ്മുടെ നാട്. ഏതു നാടിനും ഒരു ഐതീഹമുണ്ടാകും.വെറും നൂറിൽ താഴെ ആൾക്കാർ സ്ഥിരതാമസമാക്കിയ ടണ്ടി ക്കുമുണ്ട് ഒരു കഥ. ഇന്ന് സഞ്ചാരികൾ ഒരു പെട്രോൾ പമ്പിന്റെ പേരിലാണ് ഈ ഗ്രാമത്തെ ഓർക്കുന്നത് .ഇതു കഴിഞ്ഞാൽ ലേ ഹൈവേയിൽ 365 km കഴിയണം അടുത്ത പമ്പിൽ
എത്താൻ.അതിനുപരിയായി കെയ്ലോങ് ജനതക്ക് അത് ഒരു പുണ്യ തീർഥാടന പ്രദേശമാണ്. പണ്ട് പണ്ട് ചന്ദ്രന്റെ മകളായ ചന്ദ്രയും സൂര്യന്റെ മകനായ ഭാഗയും പ്രണയത്തിലായി.പ്രണയത്തിൽ അന്നും വില്ലൻ പിതാക്കൾ ആയിരുന്നു. രണ്ടുപേരുടെയും മാതാപിതാക്കൾ അറിയാതെ ചന്ദ്രയും ഭാഗയും ബര ലാചാ ലാ കുന്ന് കയറി കല്യാണം കഴിക്കാൻ തീരുമാനിച്ചു. അവിടെയെത്തിയ ചന്ദ്ര ഭാഗയെ കണ്ടില്ല. തിരഞ്ഞു തിരഞ്ഞു തൻഡിയിൽ വെച്ച് വിപരീത ദിശയിൽ വരുന്ന ഭാഗയെ കണ്ടു. അവിടെ വെച്ചാണ് സൂര്യ പുത്രനും ചന്ദ്ര പുത്രിയും ഒന്നിച്ചു ചെനാബ് നദി ജന്മമെടുക്കുന്നത്. ചന്ദ്രതാൽ തടാകത്തിൽ നിന്നു ചന്ദ്രയും സൂരജ് താലിൽ നിന്ന് ഭാഗയും പിറവിയെടുക്കുന്നു. പക്ഷെ ചെനാബിലെ ജലം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്.(സിന്ധു നദി കരാർപ്രകാരം)
ഉച്ചയോടെ കെലോങ് എത്തി. ലാഹുൽ ജില്ലയുടെ ആസ്ഥാനം. ഇവിടെയാണ് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ബസ്സിന്റെ ലേഹ് ഹൈവേയിലേ ആദ്യ വിശ്രമസ്ഥലം. ചെക്ക്‌പോസ്റ്റിൽ എന്ററി രേഖപ്പെടുത്തി ജിസ്പെയിലേക്ക് പോയി. അവിടെ റോയൽ എൻഫീൽഡിന്റെ സ്‌പെഷ്യൽ ക്യാമ്പ് ഉണ്ട്. വണ്ടിയുടെ ബ്രേക്ക് ലൈനിങ് ഒന്നു ചെക്ക് ചെയ്യാനാണ് ജിസ്‌പ തന്നെ തിരഞ്ഞെടുത്തത്. പിന്നെ
എന്റെ ഡയറിയിൽ ജിസ്‌പയാണ് അടുത്ത പെട്രോൾ പമ്പ് എന്നായിരുന്നു രേഖപ്പെടുത്തിയത്. ധൂളിപടലം കാഴ്ച മറച്ച തൻഡിയിലെ പെട്രോൾ പമ്പ് ഞാൻ 30 km മുൻപ് പിന്നിട്ടിരിക്കുന്നു. അതിനു കാരണക്കാരനായ ആ ലോറിക്കാരന്റെ പിതാവ് ജിസ്‌പയിൽ നിന്നും തിരിച്ചു പിന്നെയും ടണ്ടിയിലേക്കുള്ള യാത്രയിൽ സദാ സ്മരിക്കപ്പെട്ടു. തിരിച്ചു പോവാതെ നിവർത്തിയില്ലായിരുന്നു. എങ്കിലും ആ മടക്കയാത്രയിൽ കീലോങ് എനിക്കായ് ഒരു മാന്ത്രിക കാഴ്ച്ച ഒളിപ്പിച്ചു വെച്ചിരുന്നു. പേരറിയാത്ത കുറച്ചു തിബറ്റൻദൈവങ്ങൾ.റോഡിന്റെ വശത്തായി രണ്ടു പേർ കൊണ്ട് വെക്കുന്നത് കണ്ടു. കുറച്ചു കാട്ടുപൂക്കൾ അതിൽ വിതറി അവർ കുന്നിറങ്ങിപ്പോയി. പ്രത്യക്ഷത്തിൽ ബ്ലാക്ക് മാജിക് എന്ന് തോന്നിപ്പിക്കുന്ന രണ്ടു ദൈവങ്ങൾ. ഒരാൾ പന്നിയുടെ പുറത്തും രണ്ടാമത്തെ സൃഷ്ടി കരി കൂട്ടി കുഴച്ച മണ്ണിൽ സാന്താൾ വംശജരുടെ ദൈവങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ദൈവം.ആ ദൈവങ്ങളുടെ പേര് ചോദിക്കാൻ ഒരു മനുഷ്യരെയും കണ്ടില്ല. എന്തിനായിരിക്കാം എന്നുള്ള ചോദ്യം ഉത്തരം കിട്ടാതെ അലട്ടി.
ഇന്ന് മനുഷ്യന് ദൈവത്തിനെ ആവശ്യമില്ലാതായിരിക്കുന്നു. സംരക്ഷകനായ ദൈവം അവനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പില്ലാത്ത ഒരു പഴഞ്ചൻ കൺസെപ്റ്റ് ആണ് .സൃഷ്ടികർത്താവ് എന്ന ദൈവത്തിന്റെ പൊസിഷനിലേക്ക് നാം ദ്രുത വേഗത്തിൽ അടുത്തു കൊണ്ടിരിക്കയാണ്. ദൈവം ഇല്ല – എന്ന നിലപാടിൽ നിന്ന് ആരാണ് ദൈവം? എന്നതായിരിക്കാം ഭാവിയിൽ കൂടുതൽ യുക്തിഭദ്രമായ ചോദ്യം. ദൈവങ്ങളെകുറിച്ചോർത്ത് തിരിച്ചു ഭാഗനദിയുടെ തീരത്തുള്ള ഒരു ടെന്റിൽ അന്ന് രാത്രി തങ്ങി. രാത്രി നല്ല തണുപ്പായിരുന്നു. സ്ലീപ്പിങ് ബാഗിൽ ജാക്കറ്റ് ധരിച്ചായിരുന്നു കിടന്നത്. പ്രണയിനിയെ തേടി ഒഴുകുന്ന ഭാഗ ഇവിടെ നിശബ്ദമായിരുന്നു. ആ താഴ്‌വരയിൽ മാനത്തെ നക്ഷത്രവും നോക്കി നദിക്കരയിൽ ഇരിക്കുന്ന ഒരു സുഖമുണ്ടല്ലോ അതാണ് ഇത്തരത്തിലുള്ള സാഹസിക യാത്ര നടത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത് എന്നെനിക്ക് തോന്നി.
രാവിലെ തന്നെ ലെ പിടിക്കാനുള്ള യാത്ര തുടർന്നു. അസഹനീയമായ തണുപ്പ്. ഗ്ലൗസിനുള്ളിൽ ഒരു വൂളൻ ഗ്ലൗസ് ധരിച്ചിട്ടും മരവിക്കുന്നു. ഇടക്കിടെ നിർത്തി എൻജിനിൽ വെച്ച് ചൂടാക്കി യാത്ര തുടങ്ങി. ദർച്ച ഗ്രാമത്തിനു എത്തുന്നതിനു മുൻപ് ഒരു ചെറിയ അരുവിയിൽ വെച്ചു ഷൂസിൽ വെള്ളം കയറി. വിചാരിച്ചതിലും ആഴമുണ്ടായിരുന്നു.പെട്ടന്നു തന്നെ നിർത്തി ഷൂസ് മാറ്റി യാത്ര തുടങ്ങി. സ്പോർട്സ് ഷൂ ആയതിനാൽ ഉച്ച വരെ ഇടക്കിടെ നിർത്തേണ്ടി വന്നു.സ്വർഗത്തിലേക്കുള്ള വഴി ഇത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും എന്ന് വിചാരിച്ചില്ല. ഒരു വശത്ത് അഗാഥമായ ഗർത്തങ്ങൾ ഒന്ന് ശ്രദ്ധമാറിയാൽ കഥ കഴിയും,തകർന്ന റോഡുകളും, അതുകൊണ്ട് വളരെ പതുക്കെയായിരുന്നു ഓടിച്ചത്.
ഗ്രാമീണര്‍ താല്‍ക്കാലികമായി യാത്രക്കാര്‍ക്ക് വേണ്ടി കെട്ടിയുണ്ടാക്കുന്ന താമസസ്ഥലങ്ങള്‍ ദര്‍ച്ച വില്ലേജില്‍. അവിടെ നിന്നു ഒരു ചായ കഴിച്ചു യാത്ര തുടങ്ങി. പിന്നീടങ്ങോട്ട് കയറ്റം തുടങ്ങുകയാണ്, പതിനൊന്നായിരം അടി ഉയരത്തിലുള്ള ദര്‍ച്ചയില്‍ നിന്നും പതിനാറായിരത്തി അഞ്ഞൂറിലേറെ അടി ഉയരത്തിലേക്ക്. ഇരുപത്തിയാറുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ സിംഗ്സിംഗ് ബാര്‍ എന്ന സ്ഥലത്തെത്തും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പ് ഇവിടെയുണ്ട്. വീണ്ടും ഒരു പതിനെട്ട് കിലോമീറ്റര്‍ പിന്നിട്ടാല്‍ ആദ്യത്തെ ചുരം എത്തും ബാ ലാചാ ലാ .ചുരം മണ്ണിടിഞ്ഞു ബ്ലോക്ക് ആയിരുന്നു. ഏകദേശം രണ്ടുമണിക്കൂർ എടുക്കും മണ്ണും കല്ലും മാറ്റാൻ. ഇന്നിനി ലേയിൽ എത്താൻ കഴിയും തോന്നുന്നില്ല. കുറേ യാത്രക്കാർ അവിടെ ഫോട്ടോ എടുത്തതും മറ്റുള്ളവരെ പരിചയപ്പെട്ടും സമയം കൊല്ലുന്നുണ്ട്. അപ്പോഴാണ് കർണാടക റെജിസ്ട്രേഷൻ ബുള്ളറ്റ് കണ്ട് രണ്ട് പേർ വന്ന് പരിചയപ്പെട്ടത്. കന്നടയിലെ ആദ്യ ചോദ്യത്തിൽ തന്നെ ഞാൻ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞു കന്നഡ ഭാഷയെ അധികം കൊന്നില്
ഒറ്റക്കാണ് എന്നറിഞ്ഞപ്പോൾ ലേ വരെ ഒപ്പം പോവാം എന്നു പറഞ്ഞു. ബ്ലോക്ക് മാറിയപ്പോൾ ആദ്യം വിട്ടത് ബൈക്ക് യാത്രികരെ ആയിരുന്നു. ആകെ ബഹളമയം. എത്രയെത്ര യാത്രികരാണ് സ്വർഗത്തിലേക്കുള്ള ഈ വഴിയിൽ.
ചുരം കടന്നു സര്‍ചുവിലേക്കുള്ള യാത്രയില്‍ പിന്നെയും നീരുറവകള്‍ റോഡിലൂടെ ഒഴുകുന്നുണ്ടായിരുന്നു. പത്തുനാല്പത് കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോള്‍ മല നിരകള്‍ക്കിടയില്‍ വിശാലമായ ഒരു സ്ഥലം കണ്ടു, മുകളിലായി ഒരു വലിയ ബോര്‍ഡും സര്‍ചു.
ഇതാണ് കാശ്മീർ ഹിമാചൽ ബോർഡർ. ഇവിടെ നിന്ന് കാശ്മീർ താഴ്‌വര തുടങ്ങുന്നു.ഇവിടെ നിന്നാണ് സനസ്കറിലേക്കുള്ള ട്രെക്കിങ് തുടങ്ങുന്നത്.അടുത്തു കണ്ട താത്കാലിക ചായക്കടയിൽ നിന്ന് ഭക്ഷണത്തിനായി ഓർഡർ ചെയ്തു. മാഗിയാണ് ഈ റൂട്ടിലെ യാത്രികരുടെ വിശപ്പ് ശമിപ്പിക്കുന്നത്. ഇവിടെ തന്നെ 100 -150രൂപക്ക് താമസിക്കാനുള്ള ഇടം താത്കാലിക ടെന്റിൽ കിട്ടും. ഒരു കുഴി അതിനുമേലെ രണ്ടു മരപ്പലക.അതാണ് ശൗചാലയം.ഇതിന് കീഴെ നിന്നാണ് ഈ ഗ്രാമത്തിലെ മുഴുവൻ ഈച്ചകളും ജന്മം എടുക്കുന്നത് എന്ന് തോന്നിപ്പോയി.ഒന്ന് വഴുതിയാൽ ഇവിടെയും തീർന്നു. ഈ വഴിയിൽ ശ്രദ്ധ, ക്ഷമ വളരെ അത്യന്താപേക്ഷിതമാണ്.ജിസ്പെയിൽ താത്കാലിക ക്ലോസെറ് സ്ഥാപിച്ചിട്ടുണ്ട്.അതുകൊണ്ട് ഇത് ഒരു പുതിയ അനുഭവമായി.. .ടോയ്‌ലറ്റിൽ പോയിവന്ന ഞാൻ ആ ഓർഡർ ക്യാൻസൽ ചെയ്ത് ബിസ്ക്കറ്റും വെള്ളവുമാക്കി.അതാണ് ആരോഗ്യത്തിന് നല്ലതെന്ന് തോന്നി.
സര്‍ച്ചുവില്‍ നിന്നും കുറച്ചു ദൂരം പങ് വരെയുള്ള എണ്‍പത് കിലോമീറ്റര്‍ ദൂരം തകര്‍ന്നു തരിപ്പണമായിരുന്നു. അതിനിടയിൽ സനസ്കർ മല നിരകൾ കാണാം. പണ്ട് പണ്ട് അതായത് ദിനോസറുകൾക്കും മുൻപുള്ള കാലം, ഏകദേശം 60 ദശലക്ഷം വര്‍ഷം മുന്‍പ് ഇന്ത്യന്‍ ഭൗമപാളിയും യൂറേഷ്യന്‍ ഭൗമപാളിയും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ നിന്നാണു ഹിമാലയം രൂപപ്പെട്ടത് എന്നാണ് പൊതിവേ അംഗീകരിക്കപെട്ട സിദാന്തം. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന ഈ പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.ആ കൂട്ടിടിയൽ രൂപം കൊണ്ട ഏറ്റവും ബലം കുറഞ്ഞതും ഹിമാചൽ റേഞ്ചിലെ വലിയ കൊടുമുടികൾ ഉൾക്കൊള്ളുന്നതുമാണ് ഈ സനസ്കർ റേഞ്ച്.
പാങ് എത്തിയാൽ പിന്നെ നല്ല വഴിയാണെന്ന് മുൻ വർഷം ലഡാക്കിൽ പോയ ഷിബിൻ പറഞ്ഞിരുന്നു.BRO യുടെ വഴിയുമായി ഞാൻ അപ്പോഴേക്കും സമരസ്സപ്പെട്ടിരുന്നു. നാട്ടിലെ റോഡുകൾ വർക് കഴിഞ്ഞ ഉടനെ തന്നെ പൊളിക്കുന്നത് ടെലിഫോൺ , water Authority എന്നിവയാണെങ്കിൽ ഇവിടെ ആ ഉദ്യമം പ്രകൃതിക്ഷോഭം ഏറ്റടുത്തിരിക്കുന്നു.ഈ വഴിയിൽ വെച്ചായിരുന്നു എന്റെ തൊട്ടുമുന്നിലെ റൈഡർ തെന്നി താഴെ വീണത്. കല്ലിൽ കയറി ബാലൻസ് കിട്ടിയില്ല. ഒരു ടർപീസുകാരന്റെ മെയ്‌വഴക്കത്തോടെ കുറച്ചു മുന്നേയാണ് എന്നെ അയാൾ കടന്ന് പോയത്. ചുരം കഴിഞ്ഞു സമതലമായിരുന്നു, ആരുടേയോ പ്രാർത്ഥന ആൾക്ക് വലിയ പരിക്കൊന്നും പറ്റിയില്ല.വണ്ടി റോഡിലേക്ക് തള്ളിക്കയറ്റാൻ എന്നോടൊപ്പം കൂടെയുള്ള രണ്ടു പേരും കൂടി .ഈ വഴിയിൽ എല്ലാവരും പരസ്പരം സഹായിക്കും എന്ന് പറഞ്ഞു കേട്ടിരുന്നു. ചിലപ്പോൾ വണ്ടി നിർത്തി കൈ ചൂടാക്കുമ്പോൾ ചിലർ നിർത്തി ചോദിക്കും.”bro Any help” .
കൂടെയുള്ളവർ ചിലവില്ലാത്ത ഉപദേശവും ഞാൻ first Aid കിറ്റിൽ നിന്ന് മരുന്നും നൽകി. പാങ്ങിലെ മിലിറ്റിറി ക്യാംപിൽ വൈദ്യസഹായം ലഭിക്കും എന്നറിയാമായിരുന്നു. അതു വരെ ഞങ്ങൾ കൂടെ പോയി. ഒറ്റക്ക് തുടങ്ങിയ റൈഡ് ഇപ്പോൾ മൂന്ന് പേരോട് കൂടിയായി. ഇന്ത്യയിലെ മൂന്നു ഭാഗത്തു മൂന്ന് സംസ്കാരത്തിൽ വളർന്ന മൂന്ന്ഭാഷകൾ സംസാരിക്കുന്ന ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതരായ *മൂന്ന് യാത്രികർ…..
പാങ് അതി മനോഹരമായ സ്ഥലമായിരുന്നു. മുകളിൽ നിന്ന് നോക്കിയാൽ മോട്ടു മുയലിന് കപീഷിന്റെ അടുത്തെത്താൻ വഴി കണ്ടെത്തുന്ന പഴയ സമസ്യയാണ് ഓർമ വരിക. .കഴയുമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വഴിയിലൂടെ സഞ്ചരിക്കണം. അവർണീയം. ഫോട്ടോഗ്രാഫി ക്ക് പോലും ആ സൗന്ദര്യം മുഴുവനായി പകർത്താൻ കഴിയില്ല.അവിടെ നേരത്തെ കൂടിയ റൈഡറുടെ ഗ്യാങ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. നന്ദിക്കൊപ്പം ഒരു ചായയും തന്ന് അവരോട് യാത്ര പറഞ്ഞു
വീണ്ടും ചുരം കയറി. അന്തരീക്ഷത്തിലെ ഓക്സിജന്റെ കുറവ് വണ്ടിയെ ബാധിച്ചിരുന്നു എന്നു തോന്നുന്നു.ഒരു കുത്തനെയുള്ള കയറ്റം കയറി ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന പാതയായ ടാൻങ് ലാ എത്തി. ഇപ്പോൾ ഞാൻ 5300m ഉയരത്തിൽ ആണ് ( എന്റെ നാടായ കോഴിക്കോട്ടെ സ്ഥിതി ചെയ്യുന്നത് 1m അൽറ്റിറ്റൂഡിൽ ആണ്).അവിടെ സ്ഥാപിച്ച ഫലകത്തിൽ ആ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുന്നിൽ ഫോട്ടോക്കായി നിൽക്കുമ്പോൾ, പണ്ട് വയനാട്ടിൽ പോയി വന്ന കൂട്ടുകാരന്റെ 9ആം വളവിലെ കാഴ്ച്ചാ വർണനകൾക്ക് മുന്നിൽ അദ്‌ഭുതസ്തബ്ധനായി നിന്ന ആ പഴയ കുട്ടിക്കാലം ഓർത്തുപോയി.ഇരുപത് സംവത്സരങ്ങൾക്ക് മുൻപ് കൊതിച്ച വിദൂരമായ മായാ കാഴ്ചകൾ കൈപ്പിടിയിൽ ഒതുക്കിയ യാത്രികനാണ് ഞാനിപ്പോൾ.”അത്യുന്നതങ്ങളില് ദൈവത്തിനു സ്തുതി ”
Credits: Sushanth.nair
No Comments