ഇന്ത്യ മുഴുവൻ ബൈക്കിൽ യാത്ര ചെയ്യുക എന്നുള്ളത് ഒരു സ്വപ്നമായി കാണാൻ അല്ലെങ്കിൽ ആ ഭ്രാന്ത് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ ആയി. കഴിഞ്ഞ ഡിസംബറിൽ ക്ലാസിക് ബുക്ക് ചെയ്യുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു അടുത്ത വർഷം തന്നെയുള്ള എന്റെ “ഭാരതപര്യടനം”. ഒരു ഭൂപടവും നോക്കി പൗരാണിക നഗരങ്ങളും റോഡുകളും മാർക്ക് ചെയ്ത് ഞാൻ റൂട്ട് തയ്യാറാക്കി.എല്ലാ സ്ഥലങ്ങളെ കുറിച്ചും ഓരോ ദിവസവും വായിച്ചു ,ഏകദേശ സമയം കണക്കാക്കി ഒരു യാത്രാ പദ്ധതി ആവിഷ്കരിച്ചു. യാത്ര പോവുമ്പോൾ സമാന ചിന്താഗതിക്കാർ ആകണം എന്നൊരു ആശയം പുലർത്തുന്നത് കൊണ്ട് അടുത്ത സുഹൃത്തുക്കളോട് മാത്രം ചോദിച്ചു. പലരും ഒരു മാസം അവധി കിട്ടാൻ ബുദ്ധിമുട്ടുള്ളവർ ആയിരുന്നു.യാത്രക്ക് കൂടെ വരാൻ ഒരാൾ മാത്രം തയ്യാറായിരുന്നു. എന്റെ ഭാര്യ.ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം അവൾക്കും അവസാനം പിന്മാറേണ്ടി വന്നു.അങ്ങനെ അവസാനം ഒറ്റക്കായി. “ഏഴാകാശങ്ങളും ഏഴു ഭൂമിയും സ്വന്തമായുള്ള
ദൈവം ഒറ്റക്കാണ്.
മനസ്സിൽ കടൽ പോലെ സ്നേഹം നിറയുമ്പോൾ
നീയും ഒറ്റക്കാകുന്നു
ഒറ്റക്കാകുക എന്നാൽ ഈ ലോകത്തിലെ
ഏറ്റവും കരുത്താനാകുക എന്നാണർത്ഥം. ”
ആഗസ്റ്റ് 4 നു ഡൽഹിയിൽ നിന്നും യാത്ര തുടങ്ങാൻ തീരുമാനിച്ചു.നാട്ടിൽ പോയി എല്ലാവരെയും കണ്ട് എന്റെ ഗ്രാമത്തിൽ നിന്നുള്ള അവസാന ബസ്സിൽ കയറി ഇന്ത്യയുടെ അവസാന ഗ്രാമമായ തുർതുക്കിലെ (north most) tykshi thang തേടി യാത്ര ആരംഭിച്ചു. സിയാചിൻ ഹിമാനിക്കടുത്തു, ഷയോക്ക് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്നു.2010 മുതലാണ് ഇന്ത്യാ വിനോദസഞ്ചാരത്തിനായി ഈ ഗ്രാമം തുറന്നുകൊടുക്കുന്നത്. LOC യിൽ സന്ദർശിക്കാൻ കഴിയുന്ന അവസാന ഗ്രാമമാണ് ഇത്. ബാംഗ്ലൂർക്കു ബസ്സിലും അവിടെ നിന്ന് ടോട്ടിയെപ്പോലെ(ഇറ്റലിയുടെ എ എസ് റോമയുടെ വിശ്വസ്തനായ പോരാളി ആണ് ഫ്രാന്സിസ്കോ ടോട്ടി ….) വിശ്വസ്തനായ എന്റെ ബൈക്കും എടുത്ത് ഡൽഹിക്ക് ട്രെയിനിലും പോയി .ഡൽഹിയിൽ നിന്ന് 7000km നീണ്ടുനിന്ന ആ സ്വപ്‍ന യാത്രക്ക് നിസാമുദിൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തുടക്കം കുറിച്ചു.ബാംഗ്ലൂർ ഹൈവേകളിൽ ഞാൻ കണ്ടിട്ടുണ്ട് എന്തെങ്കിലും പൊതുജന സന്ദേശവുമായി സഞ്ചരിക്കുന്ന റൈഡേഴ്‌സിനെ. എന്നെ സംബന്ധിച്ച് ഈ യാത്രയിൽ കൈമാറാൻ സന്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല.വഴിയിൽ കണ്ടുമുട്ടുന്നവരുടെ ജീവിതങ്ങൾ തന്നെയായിരുന്നു എന്റെ വഴിയും എനിക്കുള്ള സന്ദേശവും . കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുന്നവനും, യാത്ര ചെയ്യുന്നവനുമായി മാറുക. അപ്പോൾ നിങ്ങൾ വലിയ ഒരു കഥ പറച്ചിൽകാരനായി മാറാം എന്ന ആശയത്തിലൂന്നി യാത്ര തുടങ്ങി.
ഡൽഹിയിൽ നിന്ന് ആദ്യ സന്ദർശനസ്ഥലം പാനി്പെറ്റ് ആയിരുന്നു. പാണ്ഡവരാൽ സ്ഥാപിതമായ ഒരു നഗരം ആയിരുന്നു പാനിപ്പറ്റ്. ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരം പിടിച്ചെടുക്കാൻ മൂന്നുതവണ ഈ നഗരം വലിയ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ലോദിയെ തോൽപ്പിച്ചു ബാർബർ മുഗൾ ആധിപത്യം സ്ഥാപിച്ചത് ഒന്നാം പാനിപ്പറ്റ് യുദ്ധത്തിൽ ആയിരുന്നു . ലോധിയുടെ ശവകുടീരം ഇവിടെ സന്ദർശിച്ചു. അവഗണിക്കപ്പെട്ട ഒരു ചരിത്രശേഷിപ്പ്.ഒരു മ്യൂസിയവും ഉണ്ട്. ഏകദേശം 3 മണിക്കൂർ കൊണ്ട് സന്ദർശനം അവസാനിപ്പിച്ചു കുരുക്ഷേത്രക്ക് പോയി ഏകദേശം 6 മണിക്കൂർ വേണമായിരുന്നു കുരുക്ഷേത്രയിലെ കാഴ്ചകൾ കാണാൻ. ആദ്യ ദിവസം അവിടെ തങ്ങാൻ തീരുമാനിച്ചു.ഡൽഹിയിൽ നിന്ന് 85 km ചണ്ഡീഗഡ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ പാനിപ്പറ്റ് എത്താം.
6മണിക്ക് തുടങ്ങി 6 മണിക്ക് യാത്ര അവസാനിപ്പിക്കുക എന്ന ആശയമായിരുന്നു സ്വീകരിച്ചത്. അതിനുമുന്നേ തന്നെ കുരുക്ഷേത്ര എത്തി.ഓണ്‌ലൈനിൽ റൂമുകൾ വിലകൂടിയതായിരുന്നു .ലക്ഷ്യം വെച്ച 400നു താഴെയുള്ള ഹോസ്റ്റലുകൾ അല്ലെങ്കിൽ ഡോർമെറ്ററികൾ ഒന്നും കിട്ടിയില്ല. അവസാനം ഏറെകഷ്ട്ടപ്പെട്ടു വിലപേശി ഒരു ലോഡ്ജിൽ 500 രൂപക്ക് റൂം കിട്ടി.കുരുക്ഷേത്രയിൽ തിരക്കേറുന്നത് ഗ്രഹണ സമയത്താണ് ഇവിടെയുള്ള ബ്രഹ്മസരോവർ തടാകത്തിൽ ഈ സമയം സ്നാനം ചെയ്യുന്നത് വലിയ പ്രാധാന്യം അർഹിക്കുന്ന ഒരാചാരമാണ് .കണക്കുകൾ പ്രകാരം കഴിഞ്ഞ സൂര്യഗ്രഹണ സമയത്തു ഇവിടെ സന്ദർശിച്ചത് പത്തുലക്ഷം പേരാണത്രേ. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമാണ് ഇത്.കുരുക്ഷേത്ര ഒരു വെജിറ്റേറിയൻ ഡിസ്ട്രിക്ട് ആണ് .മാംസാഹാരം ഇവിടെ കിട്ടില്ല. മക്ഡൊണാൾഡ്‌സിൽ കയറിയപ്പോഴാണ് ഈ കാര്യം അറിഞ്ഞത്.
ആദ്യസന്ദർശന സ്ഥലം ജ്യോതിസർ ആയിരുന്നു. കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പുണ്യഭൂമി.ഒരു ആൽമരവും അതിനോട് ബന്ധപ്പെട്ട ഒരു ചെറിയ ക്ഷേത്രവും കാണാം. ആ ആലിന് കീഴിൽ വെച്ചാണത്രെ വിശ്വപ്രശ സ്തമായ ആ ഉപദേശങ്ങൾ അർജ്ജുനന കൃഷ്ണൻ നൽകിയത് .പിന്നെ ബീഷ്മർകുണ്ട് സന്ദർശിച്ചു. ഹരിയാനയയിലെ ഗ്രാമത്തിലൂടെ യാത്ര ചെയ്തിട്ടായിരുന്നു ഇവിടെ എത്തിയത്.കല്പന ചൗളയുടെ ജനനസ്ഥലം ഇതിനടുത്തുള്ള കർണാൽ ആണ്.അവരുടെ പേരിൽ ഒരു പ്ലാനറ്റോറിയം ജ്യോതിസർ വഴിയിൽ കാണാനായി.പിന്നീട് പോയത് ബ്രഹ്മസരോവർ ആയിരുന്നു.ബ്രഹ്മാവ് മുഴുവൻ സൃഷ്ടിയും നടത്തിയത് ഇവിടെ എന്നു സങ്കല്പ്പം.
ഇതിലൂടെ ഒഴുകുന്ന ഗഗ്ഗർ നദിയാണ് സരസ്വതി നദി (അപ്രത്യക്ഷമായി എന്ന് കരുതുന്ന വേദത്തിൽ പരാമർശമുള്ള സരസ്വതി നദി)എന്ന് ചില ചരിത്രനിരീക്ഷകർ വാദം ഉന്നയിക്കുന്നുണ്ട്.അതിന്റെ തെളിവിനായുള്ള ചില ചരിത്ര ഗവേഷണം ഇവിടെ നടക്കുന്നുണ്ട് എന്ന് ആർക്കിയോളജി വകുപ്പിൽ നിന്ന് അറിയാനായി. എത്ര തിരഞ്ഞിട്ടും അതിനെപ്പറ്റിയുള്ള വിവരങ്ങൾ എവിടെയും കാണാനായില്ല.പിന്നീട് തനേസറിലേക്ക് പോയി.
ഗഗ്ഗർ നദിയുടെ തീരത്തുള്ള അതി പുരാതനമായ പട്ടണമാണ് തനേസർ.” .ഗുപ്തരാജവംശത്തിന്റെ പതനത്തിനുശേഷം ഹർഷസാമ്രാജ്യതിന്റെ തലസ്ഥാനമായിരുന്നു തനേസർ.ഇവിടെയുള്ള “harsha ka tila “യും അതിനോട് അനുബന്ധിച്ചുള്ള മ്യൂസിയവുമാണ് തനേസറിൽ കാണാറുള്ളത്.

ഇത് ഏകദേശം 1500 കൊല്ലo പഴക്കം രേഖപ്പെടുത്താവുന്ന നിർമിതിയാണ്.അവിടെ നിന്ന് സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കുന്ന ബ്രഹ്മസരോവർ സന്ദർശിച്ചു. അയൽസംസ്ഥാനകളിൽ നിന്ന് ഒരുപാട് പേർ അവിടം സന്ദർശിക്കാൻ എത്തിയിരുന്നു. അതിനു ചുറ്റും വെറുതെ നടന്നു ഭീഷ്മർ മുതൽ അഭിമന്യുവിന് വരെ “സ്നാന ഘട്ടം”(കുളിക്കടവ്) ഉണ്ട്. എത്ര തിരഞ്ഞിട്ടും കർണ്ണന്റെത് കണ്ടില്ല. ഭീമൻ,ബീഷ്മർ,കൃഷ്ണൻ ഈ കുളിക്കടവിലാണ് തിരക്ക്. അർജ്ജുനൻ ആകെ തിരസ്കരിക്കപ്പെട്ട അവസ്ഥയിൽ ആണ്.കുരുക്ഷേത്രയിലെ പോരാളിയുടെ കുളിക്കടവ് ആകെ മലിനമായി കിടക്കുകയാണ്. തൊട്ടടുത്താണ് ശ്രീകൃഷ്ണ മ്യൂസിയം . കുറച്ചു പുരാവസ്തുക്കളും പൈന്റിങ്ങും ഒക്കെയായി ഒരു ആധുനിക മ്യൂസിയം. കുറെ ആധുനിക ശില്പങ്ങളും കാണാം. അവിടെ ബുദ്ധനെ വിഷ്ണുവുമായി ബന്ധപ്പെടുത്താനുള്ള ചില ശ്രമങ്ങൾ കണ്ടു.
ഹരിയാനയിൽ എന്നെ ഏറെ ആകർഷിച്ചത് ആ നാട്ടിലെ വാഹനങ്ങളുടെ “മോഡിഫിക്കേഷൻ” ആണ്.ഓരോ വാഹനവും അവരവരുടെ തൊഴിലിനും യാത്രയ്ക്കും വേണ്ടി അവർ modify ചെയ്യുന്നു. അന്ന് ഉച്ചക്ക് ഹരിയാനയോട് വിട പറഞ്ഞു പഞ്ചാബ് വഴി മണാലിക്ക് പോയി.രൂപ് നഗറിന് സമീപം വെച്ച് ആദ്യമായി ഞാൻ സത്ലജ് നദി കണ്ടു. ടിബറ്റിലെകൈലാസ പർ‌വതത്തിന് സമീപമുള്ള മാനസരോവർ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നാണ് നദി ഉദ്ധഭവിക്കുന്നത്.ബിയാസ് നദിയുമായി ലയിച്ചശേഷം പാകിസ്താനിലേക്ക് ഒഴുകുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായഭക്രാനംഗൽ സ്ഥിതി ചെയ്യുന്നത് സത്‌ലജ് നദിയിലാണ്. കുറച്ചുനേരം ആ പഞ്ചമഹാനദികളിൽ ഏറ്റവും വലുതായ സത്ലജിനെ സാകൂതം നോക്കിയും ഫോട്ടോ എടുത്തും ചിലവഴിച്ചു.
അവിടെ നിന്ന്
ബിലാസ്പൂരിലേക്കുള്ള
യാത്രയിൽ മഴയും കൂടെക്കൂടി.കൂടുതലും ചുരങ്ങൾ തന്നെയായിരുന്നു നല്ല തണുപ്പും.കുന്നിറങ്ങിയും കയറിയും ബിലാസ്പൂരിൽ എത്തി .അവിടെ വെച്ചാണ് ആദ്യ റൈഡറെ എന്റെ യാത്രയിൽ കണ്ടത്. ഇന്ത്യൻ സ്കൗട്ടിൽ്, ഷാർക്‌ ഹെൽമറ്റ് ധരിച്ച ഒരു പെണ്കുട്ടി.(shark എന്നത് ഫ്രാൻസിലെ ഒരു ഹെൽമറ്റ് നിർമാണ കമ്പനിയാണ്. 15k to 40k ആണ് ഹെല്മെറ്റിന്റെ വില.)
ഒരു ഹുങ്കാരശബ്ദത്തോടെ എന്റെ ബുള്ളെറ്റിനെ കടന്ന്പോയത്. അല്പം അസൂയ ജനിപ്പിച്ചെങ്കിലും സ്ത്രീ ശാക്തീകരണം എന്ന് മനസ്സിൽ വിചാരിച്ചു യാത്രാമംഗളം നേർന്നു.( റൈഡേഴ്സന്റെ ആംഗ്യഭാഷ ചിലതൊക്കെ നെറ്റിൽ നോക്കി ഞാൻ പഠിച്ചിരുന്നു).
മണ്ഡി കഴിഞ്ഞു കുളുവിൽ എത്താൻ നേരം മഴ വീണ്ടും തുടങ്ങി. മൂന്നു ദിവസം മുൻപു ഈ റോഡിൽ ശക്തമായ മഴ കാരണം മണ്ണിടിഞ്ഞു ബ്ലോക്ക് ആയിരുന്നു. ബിയാസ് നദി അരികിലൂടെ കുത്തിയൊഴുകുന്നു.ഇടക്കിടെ അപായ സൂചനകൾ ഉണ്ട് .നദിയിലേക്ക് ഇറങ്ങരുതെന്നും,അരികിൽ നിൽക്കരുത് തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകൾ . മഴ കൂടിയാൽ റോഡ് ബ്ലോക്ക് ആവും. ഇന്ന് രാത്രി മനാലി എത്തിയാൽ നാളെ പെർമിറ്റ്‌ എടുത്തു ജിസ്പെക്ക് പോകാൻ ആയിരുന്നു പദ്ധതി. ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യഭൂമിയാണ് കുളുവും മനാലിയുമെല്ലാം. സഞ്ചാരികളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന മാസ്മര ഭൂമി.ദേവതാരു കാടുകളും അതിഥിയായി വന്ന ആപ്പിൾ തോട്ടങ്ങളും കടന്ന് ഭീമനും ഹിഡുംബിയും പ്രണയത്തിലാവുകയും അവരുടെ മദനോത്സവനാളുകൾക്ക് വേദിയാകുകയും ചെയത മനുവിന്റെ നാടായ മണാലിയിൽ എത്തിച്ചേർന്നു. പഴയ ഈ ഒരു ഐതീഹം ഹൃദയത്തിൽ സൂക്ഷിക്കുന്നത് കൊണ്ടാവണം ഇന്നും ഈ താഴ്‌വര പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാവുന്നത്.ബിയാസ് നദിയുടെ തീരത്തുള്ള ഒരു ആപ്പിൾ തോട്ടത്തിന്റെ നടുവിൽ ഒരു റൂം കിട്ടി. അതും വെറും 350 രൂപക്ക് പ്രഭാത ഭക്ഷണം സഹിതം. സന്ധ്യക്ക്‌ അവിടുത്തെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ച്ചയെ ഞാൻ എന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു. ബിയാസ് നദിയും ദേവദാരു നിറഞ്ഞ കാടും ചീവീടുകളുടെ ശബ്ദവും പിന്നെ അവക്കെല്ലാം അപ്പുറത്ത് അവ്യക്തമായി കാണുന്ന മഞ്ഞു വീണകൊടുമുടികളും.
ചണ്ഡീഗഡിൽ നിന്നും യാത്രപുറപ്പെടുമ്പോൾ ഒരു കാറിൽ വന്ന യുവാവ് ,യാത്രാ ഉദ്ദേശവും, പേരും നാടും ചോദിച്ചറിഞ്ഞു , വഴിയും,യാത്രക്കുള്ള ഉപദേശങ്ങളും തന്നു. ഓരോന്നു ചോദിക്കുമ്പോഴും , ഇയാൾ എന്തിനാ എന്നെ സഹായിക്കാൻ വരുന്നത്, വല്ല തട്ടിപ്പിനോ മറ്റോ ആയിരിക്കുമോ എന്നുള്ള ഒരായിരം ആശങ്കകൾ എന്റെ മനസ്സിൽ ഉയർന്നുവന്നു. അതുകൊണ്ടുതന്നെ എനിക്കധികം
സൗഹാർദ്ദ അന്തരീക്ഷം പുലർത്താൻ പറ്റിയില്ല. എന്തോ എന്റെ ഈ അമ്പരപ്പ് തിരിച്ചറിഞ്ഞിട്ടാക്കണം കാറിൽ നിന്ന് ഒരു “sports drink” എനിക്ക് തന്നിട്ട്.”ഇത് കയ്യിൽ സൂക്ഷിക്കൂ, ധാരാളം വെള്ളം കുടിക്കണം… ഡിഹൈഡ്രേറ്റ് ആകാൻ ചാൻസ് എടുക്കേണ്ട എന്ന ഉപദേശവും തന്ന് നഗരത്തിന്റെഒഴുക്കിലേക്ക് മാറിപ്പോയത്.
നാം പലപ്പോഴും ഇങ്ങനെയാണ്
മറ്റുള്ളവരെ സമീപിക്കുന്നത് വികലമായ മുൻധാരണകളുടെ പുറത്തായിരിക്കും.അടുത്ത ദിവസങ്ങളിൽ ഉപേക്ഷിക്കേണ്ടത് നഗര ജീവിതം മനസ്സിൽ കോറിയിട്ട ഇത്തരത്തിലുള്ള വികലമായ ചിന്തധാരകൾ ആണെന്നുള്ള തിരച്ചറിവോടെ,പേരറിയാത്ത ആ യുവാവിനോടുള്ള ക്ഷമാപണത്തോടെ ആദ്യ മൂന്ന് ദിവസത്തെ യാത്രാവിവരണം അവസാനിപ്പിക്കകട്ടെ…

Credits : Sushanth.nair.p

Share this post: