ഭൂമി മനുഷ്യർക്കായി ഒരുക്കിയിരിക്കുന്ന കാഴ്ചകൾ അനന്തമാണ്..സർവ്വ ജീവജാലങ്ങങ്ങൾക്കും മനോഹരമായ വിരുന്നൊരുക്കി അത് കാത്തിരിക്കുകയാണ്… അതാവും ഒരിക്കൽ സഞ്ചരിച്ച പാതകൾ വീണ്ടും കടന്നുവരുമ്പോൾ കുന്നുകളും നദികളും നമുക്കായി കാത്തിരിക്കുന്നതായി തോന്നുന്നത്, പൂക്കളും മരങ്ങളും എല്ലാം നമ്മളെ സ്വീകരിക്കുന്നതായി തോന്നുന്നത്… യാത്രകൾ തുടങ്ങുന്നത് സ്വപനങ്ങളിൽ നിന്നുമാണ്…നക്ഷത്രങ്ങൾക്കപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ പോലും മനുഷ്യ മനസ്സിൽ രൂപംകൊള്ളുന്ന സ്വപ്ങ്ങൾ തന്നെ ധാരാളം… മണൽ തരികളിൽ സൂര്യപ്രകാശത്തിന്റെ മങ്ങിയ നിറം പ്രതിഭലിപ്പിച്ചുകൊണ്ട് വിശ്രമിക്കാനുള്ള സമയമായെന്ന് ഓരോ യാത്രക്കാരനെയും ഭൂമി തന്നെ ഓർമിപ്പിക്കുന്നു… ഏറ്റവും മികച്ച വിശ്രമ സ്ഥലമായി ഭൂമിയിൽ ഒന്നേയുള്ളു, നമുക്കായി കാത്തിരിക്കുന്ന ഒരു ഭവനം..
LADAKH PART – 2
ഖല്‍സാര്‍ എന്ന വികസനം സംഭവിച്ചിട്ടില്ലാത്ത ഒരു ഗ്രാമം കടന്ന് കഴിഞ്ഞാല്‍ ജനവാസവും വാഹനങ്ങളും നന്നേ കുറവാണ്… ദൂരെ മഞ്ഞുമലയും നദിക്കരയില്‍ മേയുന്ന കൂറ്റന്‍ യാക്കുകളെയും കാണാം…അവ നമ്മളെ അക്രമിക്കുമോ എന്ന ഭീതിയില്‍ വേഗം മുന്നോട്ട് പോയി…ഹിമാലയന്‍ ഭാഗങ്ങളില്‍ പൊതുവെ കാണാറുള്ള അണ്ണാന്‍കുഞ്ഞിന്റെ സാദൃശ്യമുള്ള ഹിമാലയന്‍ മാര്‍മൊത്തുകളെ കാണാന്‍ കഴിഞ്ഞു… അവയുടെ സാന്നിധ്യമുള്ളിടത്ത് ഹിമ പുലികള്‍ വരാറുള്ളത് കൊണ്ടാകാം അതുവഴിയുള്ള യാത്ര ആരും തിരഞ്ഞെടുക്കാത്തത് …മഴക്കാര്‍ കൊണ്ട് ഇരുണ്ട അന്തരീക്ഷവും വിജനമായ റോഡും അവസാനിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ വഴി തെറ്റിയതായി ഞങ്ങള്‍ക്ക് സംശയം തോന്നിതുടങ്ങി… വഴി ചോദിക്കാന്‍ പോലും ആരെയും കാണാത്ത അവസ്ഥ… ഞങ്ങള്‍ക്ക് മുന്നില്‍ പിന്നെയുണ്ടായിരുന്നത് ചുരങ്ങള്‍ നിറഞ്ഞ മഞ്ഞുമലകള്‍ മാത്രമായിരുന്നു.. മുന്നോട്ട് പോകുംതോറും കുത്തനെയുള്ള കയറ്റങ്ങളും ഉയരവും കൂടുന്നതിനാല്‍ ഓക്സിജന്റെ സാന്നിധ്യം കുറഞ്ഞു വണ്ടി മല കയറാതെയായി… ഞാന്‍ വണ്ടിയില്‍ നിന്നും
ഇറങ്ങി നടന്നും….സുഹൃത്ത് കാര്‍ബറേറ്റര്‍ ക്രമീകരിച്ചും…പല ഭാഗങ്ങളിലുണ്ടായ ആ പ്രതിസന്ധി തരണം ചെയ്തു…തണുപ്പിന്റെ കാഠിന്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…മുഴുവന്‍ പൊട്ടിപൊളിഞ്ഞ റോഡില്‍ മഞ്ഞു മൂടിയിരിക്കുന്ന ഭാഗത്ത് കൂടി വാഹനം പോയ ടയര്‍ മാര്‍ക്കിനെ ആശ്രയിച്ചു മാത്രം കിലോമീറ്ററുകളോളം ഞങ്ങള്‍ സഞ്ചരിച്ചു.. ശക്തമായ മഞ്ഞുവീഴ്ചയും നിശബ്ദതയും ചുറ്റും മഞ്ഞു മാത്രം നിറഞ്ഞ ഭീതിപെടുത്തുന്ന അന്തരീക്ഷവുമൊക്ക കാരണം തിരികെ പോയാലോ എന്ന നിഗമനത്തില്‍ എത്തിയപ്പോഴേക്കും….അതിന് മുകളില്‍ ഒരു കാറ് കാണാന്‍ ഇടയായി.. രണ്ട് ടിബറ്റന്‍ യുവാക്കള്‍ അവിടെ പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുന്ന കണ്ടു.. ഞങ്ങള്‍ കയറിവന്നത് വാര്‍ലാ പാസ്റ്റ് എന്ന സമുദ്രനിരപ്പില്‍ നിന്നും 17,427 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുരത്തിലൂടെയാണ് എന്ന് അവരില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു… രാജ്യത്തെ ഏറ്റവും
ഉയര്‍ന്ന പര്‍വത റോഡുകളില്‍ ഒന്നാണിത്… മുകളിലേക്കുള്ള വഴി ശൈത്യ കാലത്ത് അതിലും ഭീകരമാകുമെന്നും… കുത്തനെയുള്ള കയറ്റവും വളവുകളും കാരണം ഒരുപാട് അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ പറഞ്ഞുതന്നു…ഉയരങ്ങളെ ഭയപെടുന്നവരും വണ്ടി ഓടിച്ചു പരിചയകുറവുള്ളവരും ആ വഴി തിരഞ്ഞെടുക്കുന്നത് അപകടം വിളിച്ചു വരുത്തും… മഴ പെയ്യുമ്പോള്‍ അത് വഴിയുള്ള യാത്ര പ്രവചനാതീതമാണ്..ഹിമപാതങ്ങള്‍, കനത്ത മഞ്ഞുവീഴ്ച, മണ്ണിടിച്ചില്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം…ചിലപ്പോള്‍ റോഡിന്റെ ഭാഗങ്ങള്‍ ഐസ് വീണ് അടയാന്‍ സാധ്യത ഉള്ളതിനാല്‍ ചില ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമാണ് ആ റോഡ് ഉപയോഗിക്കുന്നത്…ഇവിടെ സൈന്‍ബോര്‍ഡുകളോ…മാര്‍ഗ രേഖകളോ ഒന്നും തന്നെയില്ല… ടിബറ്റന്‍ പ്രാര്‍ത്ഥനാ പതാകകള്‍ മാത്രമാണ് ആ പാസില്‍ കൂടുതല്‍ കാണാനാകുന്നത്… അവരോട് വഴി ചോദിച്ച ശേഷം ഞങ്ങള്‍ കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്നെ അതിശൈത്യവും ഓക്സിജന്റെ അഭാവവും മൂലം ശ്വാസതടസ്സം അനുഭവപ്പെടുകയുണ്ടായി… ബാഗില്‍ കരുതിയിരുന്ന മിനി ഓക്സിജന്‍ ക്യാന്‍ ഉപയോഗിച്ച് പൂര്‍വ സ്ഥിതിയില്‍ ആകും വരെ വിശ്രമിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്..ചുരത്തിന്റെ മറുവശത്തുള്ള സിഗ്സാഗ് പാതകള്‍ വളരെ സാവധാനത്തില്‍ ഉയരം കുറക്കുന്നത് അനുഭവിക്കാനാകും… മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ വാര്‍ ലാ പാസ്സ് കഴിഞ്ഞ് ഞങ്ങള്‍ക്ക് അകലെയുള്ള ലെ പട്ടണത്തിന്റെ കാഴ്ച്ചകള്‍ കാണാമായിരുന്നു…പാങ്ങൊങ് തടാകം പോകുക എന്ന ശ്രമം അടുത്ത ദിവസത്തേക്ക് മാറ്റിവെച്ച് ഞങ്ങള്‍ ശക്തി എന്ന ഗ്രാമം ലക്ഷ്യമാക്കി യാത്ര തുടങ്ങി… സിന്ധൂനദീതടത്തിലെ ഗ്രാമങ്ങള്‍ക്കടുത്താണ് ശക്തിയിലെ ഗ്രാമീണ വീടുകള്‍ സ്ഥിതിചെയ്യുന്നത്, അവിടെ സിന്ധൂ, സാന്‍സ്കര്‍ നദികള്‍ കൂടിച്ചേരുന്നതും മഞ്ഞുമലയുടെ താഴ്വരകളിലെ പച്ചപ്പുംകാണാനാകും… അവിടെ നിന്നുള്ള ഭക്ഷണശാലയിലെ ആഹാരം കഴിച്ച് എനിക്ക് ഭക്ഷ്യവിഷബാധയുണ്ടായി…
അടുത്ത ദിവസം ചാങ് ലാ പാസ്സ് എന്ന ചുരം വഴി പാങ്ങോങ് തടാകം പോകാമെന്ന് കരുതിയിറങ്ങി…ലഡാക്കിലെ ഉയര്‍ന്ന പര്‍വതനിരയാണ് ചാങ് ലാ പാസ്സ് 17,590 അടിയോളം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റോഡാണിതെന്ന് അവകാശമുണ്ട്…ലേയില്‍ നിന്ന് ഖരു, ശക്തി ഗ്രാമം വഴി ചാങ് ലയെ സമീപിക്കുന്നത് ഒരു അസ്ഫാല്‍റ്റ് റോഡാണ്. മലകയറ്റം വളരെ കുത്തനെയുള്ളതിനാല്‍ ശ്രദ്ധാപൂര്‍വ്ൃമുള്ള ഡ്രൈവിങ് അത്യാവശ്യമാണ്. ചാങ് ലയില്‍ നിന്ന് ഇരുവശത്തും 10-15 കിലോമീറ്റര്‍ റോഡിന്റെ ഭാഗം അഴുക്കും ചെളിയും നിറഞ്ഞതാണ്… വേനല്‍ക്കാലത്ത് മഞ്ഞുരുകുമ്പോള്‍ റോഡിനു കുറുകെ ചെറിയ അരുവികള്‍ പ്രത്യക്ഷപ്പെടുന്നു, ഇത് ബൈക്ക് യാത്രക്കാര്‍ക്ക് വലിയ ഒരു വെല്ലുവിളിയാക്കുന്നു… ചാങ് ലയില്‍ നിന്ന് ടാങ്റ്റ്സെയിലേക്കോ ഡാര്‍ബുക്കിലേക്കോ ഉള്ള ഇറക്കം വളരെ കുത്തനെയുള്ളതാണ്… ഞങ്ങള്‍ കുറച്ച് ദൂരം കഴിഞ്ഞ് ചുരം കേറുന്നതിനു മുമ്പ് പ്രഭാത ഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ നേരെ നില്‍ക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു ഞാ൯… അങ്ങനെ പാങ്ങൊങ് തടാകം എന്ന ശ്രമം ഉപേക്ഷിച്ചു ലെയിലേക്ക് മടങ്ങി… എന്റെ നില തീരെ വഷളാലായത് കാരണം രണ്ട് ദിവസം ലേ യിൽ തന്നെ താമസിച്ചു… ലെ നിന്നും ഡൽഹിയിലേക്കുള്ള നമ്മൾ വന്ന വഴിയും…റോഹ്‌തങ് പാസ്സുമൊക്കെ മഴ പെയ്തു സഞ്ചാര യോഗ്യമല്ലാതെയായി എന്ന വിവരം അറിയാൻ സാധിച്ചു…തിരികെ ഡൽഹി പോകണമെങ്കിൽ ശ്രീനഗർ വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരായി..
ശ്രീനഗർ പോകും വഴി ലേയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു “സൈക്ലോപ്സ് ഹിൽ” ആയ മാഗ്നെറ്റ് ഹിൽ കാണാൻ സാധിച്ചു… പ്രദേശത്തിന്റെ വിന്യാസവും ചുറ്റുമുള്ള ചരിവുകളും ഒരു കുന്നിന്റെ മിഥ്യ സൃഷ്ടിക്കുന്നു…ഹിൽ റോഡ് യഥാർത്ഥത്തിൽ താഴേക്കുള്ള ഒരു റോഡാണ്… റോഡിലെ വസ്തുക്കളും കാറുകളും ഗുരുത്വാകർഷണത്തെ എതിർത്ത്മു കളിലേക്ക് ഉരുളുന്ന പ്രതിഭാസം ഇവിടെ കാണാനാകും… നിരവധി യാത്രക്കാർ അവരുടെ വാഹനം നിർത്തി ഈ പരീക്ഷണം ചെയ്ത് നോക്കുന്നുണ്ട്..അവിടെ നിന്നും ഞങ്ങൾ കാർഗിൽ ജില്ലയിലെ ഡ്രാസ് എന്ന കൊച്ചു ഗ്രാമത്തിലെത്തി… ഉയരത്തിലുള്ള ട്രെക്കിംഗ് റൂട്ടുകളുടെയും ടൂറിസ്റ്റ് സൈറ്റുകളുടെയും കേന്ദ്രമായ ഒരു ഹിൽ സ്റ്റേഷനാണ് ഡ്രാസ്.. സൈബീരിയയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലവും… ഏറ്റവും കുറഞ്ഞ താപനിലയായ -60 °C രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലവുമാണ് അത്… ലേ യിൽ നിന്നും തികച്ചും വ്യത്യസ്താമാണ് ഡ്രസ്സിലെ ഭൂപ്രകൃതി…പൂക്കളും പച്ചപ്പും കൊണ്ട് നിറഞ്ഞ പ്രതലങ്ങളിൽ പുരാതന ശൈലിയിൽ നിർമിച്ച വീടുകൾ കാണാനാകും.. ഞങ്ങൾ താമസിച്ച മുറിയുടെ ഉൾവശവും തണുപ്പിനെ പ്രതിരോധിക്കാനായി തടിയും തെർമോകോളും ഉപയോഗിച്ചുള്ള രീതിയിലാണ് നിർമിച്ചിരിക്കുന്നത്… രാവിലെ ഉറക്കമുണർന്നു പുറത്തിറങ്ങിയപ്പോൾ തന്നെ ഇന്ത്യൻ എയർഫോഴ്‌സിന്റെ നിരവധി സൂപ്പർസോണിക് ജെറ്റ് വിമാനങ്ങൾ പോകുന്നത് കാണാനായി…ആ പ്രദേശത്തു സൈനിക ക്യാമ്പുകളും പരിശീലനം ചെയ്യുന്ന ഭാഗങ്ങളും എയർഫോഴ്സ് സ്റ്റേഷനുമൊക്കെ ഉള്ളത് കൊണ്ട് അവർ പരിശീലനം നടത്തുന്നതാവാം എന്ന് വീടിന്റെ ഉടമസ്ഥൻ പറഞ്ഞുതന്നു…
പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി…ഹിമാലയൻ പർവതനിരയുടെ പടിഞ്ഞാറൻ ഭാഗത്ത് ശ്രീനഗറിനും ലേയ്ക്കും ഇടയിലുള്ള ദേശീയപാതയിലെ ഫോട്ടു ലാ കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന പാസാണ് സോജിലാ ചുരം.. സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജില പാസ് ഇന്ത്യയിലെ ഏറ്റവും അപകടകരമായ പർവതപാതയായി പ്രഖ്യാപിച്ചിട്ടുണ്ട്… ഇടുങ്ങിയ ടാർ ഇടാത്ത ഒറ്റവരി പാതയിൽ മഴ പെയ്യുമ്പോൾ മണ്ണിടിച്ചിൽ സംഭവിക്കുകയും അങ്ങനെ വഴിയിൽ കുടുങ്ങി പോകുന്ന യാത്രക്കാരെ ഇന്ത്യൻ ആർമി ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷിക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്… ശൈത്യകാലത്ത് ചുരത്തിലൂടെ സഞ്ചരിക്കുക എന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്… ഇന്തോ-പാകിസ്ഥാൻ യുദ്ധകാലത്ത്, ലഡാക്ക് പിടിച്ചെടുക്കാനുള്ള നീക്കത്തിൽ സോജി ലാ ചുരം പാകിസ്ഥാൻ അക്രമികൾ പിടിച്ചെടുത്തു…ഓപ്പറേഷൻ ബൈസൺ എന്ന രഹസ്യനാമത്തിൽ ഇന്ത്യൻ സൈന്യം ആ പാസ് തിരിച്ചുപിടിച്ചു…സോജിലാ ചുരം റോഡ് വളരെ പൊടി നിറഞ്ഞതും, ഇടുങ്ങിയതും..വശങ്ങൾ കൊക്കകൾ നിറഞ്ഞതുമാണ്…ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഗതാഗതം യോഗ്യമാക്കാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് ഇത് പൂർണമായും അടച്ചിടും… ആ പാതയിൽ അടർന്നു വീഴുന്ന കല്ലുകൾ മാറ്റാനും.. പാതയിലെ പൊതു ഗതാഗതം ഭാവിയിൽ ഒഴിവാക്കാനുമായി സോജിലായിൽ നിർമിക്കുന്ന പുതിയ ടണലിന്റെ പ്രവർത്തനങ്ങൾക്കായുമുള്ള നിരവധി മണ്ണുമാന്തികളും ലോറികളും പ്രവർത്തിക്കുന്നത് കാരണം ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു..
വളരെ സാഹസികമായാണ് ഞങ്ങൾക്ക് ആ ചുരം കടന്ന് പോകാനായത്…അടുത്തതായി ഞങ്ങൾ എത്തിയത് സോനാമാർഗ് എന്നൊരു സ്ഥലത്താണ്.. ‘സ്വർണ്ണത്തിന്റെ പുൽമേട്’ എന്നർഥമുള്ള സോനാമാർഗിന് ചുറ്റും നിരവധി മഞ്ഞുമലകൾ കാണാനാകും…. . സോനാമാർഗിൽ നിന്ന് ട്രെക്കിംഗ് റൂട്ടുകൾ വഴി വിശാൻസർ തടാകം, കൃഷാൻസർ തടാകം, ഗംഗബാൽ തടാകം, എന്നിവയിലേക്കുള്ള ഹിമാലയൻ തടാകങ്ങളിലേക്ക് പോകാനാകും… സോനാമാർഗിൽ ജമ്മു കശ്മീർ ടൂറിസം വിഭാഗം വർഷംതോറും റിവർ റാഫ്റ്റിംഗ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു….മാത്രമല്ല ധാരാളം ഹിന്ദി സിനിമകൾ സോനാമാർഗിൽ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.. ഞങ്ങൾ സോനാമാർഗിന്റെ സൗന്ദര്യവും പച്ചപ്പും ആൽപൈൻ മരങ്ങളുടെ ഭംഗിയുമൊക്കെ ആസ്വദിച്ച് ഗുൽഗാം എന്ന ഒരു സ്ഥലത്തെത്തിയപ്പോൾ നിർഭാഗ്യവശാൽ ഞങ്ങളുടെ ബൈക്കിന്റെ ടയർ പഞ്ചർ ആയി.. അടുത്തായി വർക്ഷോപ്പോ മറ്റു കടകളോ ഒന്നും തന്നെയില്ല…. ഒടുവിൽ സുഹൃത്ത് വണ്ടിയിലെ ഭാരം കുറക്കാനായി ബാഗും മറ്റു സാധനങ്ങളും അഴിച്ചു എന്നെ ഏല്പിച്ച ശേഷം വർഷോപ്പ് അന്വേഷിച്ചു പോയി… പൊതുവെ ജനവാസം കുറഞ്ഞതും അപകട സാധ്യത കൂടിയതും ഒരുപാട് നിയന്ത്രണങ്ങളുമുള്ള പ്രദേശമാണവിടെ… ഓരോ ഭാഗങ്ങളിലും സുരക്ഷ ഭടന്മാരെ നിയമിച്ചിട്ടുണ്ട്… സുഹൃത്ത് തിരികെ വരുന്നതുവരെ ഞാൻ ഒരു പട്ടാളക്കാരനോട് സംസാരിച്ചു നിന്നു… വണ്ടിയുടെ പഞ്ചർ ഒട്ടിച്ചു സുഹൃത്ത് തിരികെ വന്ന ശേഷം ഞങ്ങൾ യാത്ര തുടർന്നു… ഒരു സൈനിക ക്യാമ്പും ചെക്ക് പോസ്റ്റും കാണാനാവും…വളരെ ചുരുക്കം വാഹനങ്ങൾ മാത്രമേ ഒരേ സമയം ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുകയുള്ളൂ… ഒരു കാടിനുള്ളിൽ പ്രവേശിച്ചപ്പോൾ വീണ്ടും ടയർ പഞ്ചർ ആയി… അത് കുറച്ചു കൂടി അപകട സാധ്യത കൂടിയ നിയന്ത്രിത മേഖലയായിരുന്നു…മറ്റു മാർഗം ഇല്ലാത്തതിനാൽ ബാഗും സാധനങ്ങളും വീണ്ടും വണ്ടിയിൽ നിന്ന് മാറ്റി സുഹൃത്ത് വർഷോപ്പിലേക്ക് പോയി.. ഞാൻ അടുത്തായി കണ്ട പട്ടാള ടെന്റിനു സമീപത്തേക്ക് പോയി…വലിയ രണ്ട് ബാഗും ചുമന്ന് ടെന്റിന് നേരെ വരുന്ന എന്നെ കണ്ടതും ഒരു പട്ടാളക്കാരൻ കൈയിലെ തോക്ക് ഒന്നൂടെ മുറുകെ പിടിച്ചു…ഞാൻ ടെന്റിന് പുറത്തുള്ള ഭാഗത്ത് ഒരു മരത്തിന്റെ ചുവട്ടിലായി സുഹൃത്തിന്റെ വരവും കാത്തിരുന്നു…സുഹൃത്ത് തിരികെ വന്നപ്പോൾ ഒരുപാട് വൈകിയിരുന്നു…എത്ര വേഗത്തിൽ പോയാലും ശ്രീനഗർ താണ്ടി പോകാൻ കഴിയില്ല എന്ന് ഉറപ്പായി…ശ്രീനഗർ എത്തുന്നതിന് മുമ്പുള്ള കുറച്ച് പ്രദേശങ്ങൾ വിഘടനവാദികളുടെയും തീവ്രവാദികളുടെയും അക്രമണങ്ങൾ പതിവായ സ്ഥലങ്ങളായിരുന്നു.. എത്രയും വേഗം ശ്രീനഗറിൽ എത്തി സൈനിക സുരക്ഷ ശക്തമായ ഒരു പ്രദേശത്ത് തങ്ങുക എന്നതല്ലാതെ മറ്റ് നിർവാഹമില്ല… മറ്റൊരിടത്തും വണ്ടി നിർത്താതെ ഞങ്ങൾ കഴിവതും വേഗത്തിൽ സഞ്ചരിച്ചു… ശ്രീനഗർ എത്തുന്ന മുമ്പ് തന്നെ ഒരു യുദ്ധഭൂമിയിലൂടെ കടന്ന് പോകുന്ന അന്തരീക്ഷമായിരുന്നു..നിറയെ പട്ടാള സുരക്ഷ വാഹനങ്ങളും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിൽ തോക്കും സന്നാഹവുമായി നിൽക്കുന്ന പട്ടാളക്കാരെയും ചുറ്റും കാണാനാകും.. ഞങ്ങൾ ശ്രീനഗറിലെ ദാൽ തടാകത്തിനു സമീപമായുള്ള ഒരു ഭാഗത്ത് മുറി ബുക്ക് ചെയ്തു.. ഞങ്ങൾ കടന്ന് വന്ന സോജിലാ പാസ്സ് മണ്ണിടിച്ചിൽ സംഭവവിച്ച് വാഹനങ്ങൾ കുടുങ്ങിയ വാർത്ത അറിയാൻ സാധിച്ചു.. ജമ്മു കശ്മീരിലെ ഏറ്റവും വലിയ നഗരവും വേനൽക്കാല തലസ്ഥാനവുമാണ് ശ്രീനഗർ.. ത്ഥലം നദിയുടെ തീരത്തായി സ്ഥിതി ചെയുന്ന ശ്രീനഗർ.. പൂന്തോട്ടങ്ങൾ, വാട്ടർഫ്രണ്ട്, ഹൌസ്സ്‌ബോട്ടുകൾ എന്നിവയാൽ മനോഹരമാണ്.. പരമ്പരാഗത കശ്മീർ കരകൗശലവസ്തുക്കളായ കശ്മീർ ഷാളുകൾക്കും, പഴങ്ങൾക്കും പ്രശസ്‌തമാണ് ശ്രീനഗർ മാർക്കറ്റ്… വളരെ ഭയത്തോടെയാണ് അന്ന് ഞങ്ങൾ ശ്രീനഗറിൽ കഴിഞ്ഞത്… സാധാരണ ദിവസങ്ങളിൽ രാത്രി പുറത്ത് പോകാറുള്ള ഞങ്ങൾ ആ വീടിന്റെ പുറത്ത് പോലുമിറങ്ങാൻ കൂട്ടാക്കിയില്ല… ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കേരളത്തെ പറ്റി കാര്യമായി ചോദിക്കുകയുണ്ടായി..എന്റെയും സുഹൃത്തിന്റെയും പേരുകൾ തമ്മിലുള്ള വ്യത്യാസം അവർ മനസിലാക്കിയതിനാലായിരുന്നു അത്…സുഹൃത്തിന്റെ വീടിനടുത്ത് അമ്പലവും പള്ളിയും ഒരു ഭാഗത്താണ് നിർമിച്ചിരിക്കുന്നത് എന്ന് കൂടെ കേട്ടപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമായി… ശ്രീനഗറിൽ അപൂർവമായി ആയിരിക്കണം അന്യമതസ്ഥർ തമ്മിൽ അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നത്…കേരളത്
1989 ൽ ശ്രീനഗർ ഇന്ത്യൻ ഭരണത്തിനെതിരായ കലാപ കേന്ദ്രമായി മാറിയിരുന്നു.. ഇടയ്ക്കിടെയുള്ള പ്രതിഷേധങ്ങളും പണിമുടക്കുകളും വിഘടനവാദ പ്രവർത്തനത്തിന്റെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട കേന്ദ്രവുമായി പ്രദേശം തുടർന്നു…1990 ലെ വസന്തകാലത്ത് നിരായുധരായ പ്രതിഷേധക്കാരെ സകുരയിൽ ഇന്ത്യൻ സുരക്ഷാ സേന വധിച്ചുവെന്ന് ആരോപിക്കപ്പെട്ട് ടെങ്‌പോറ ശ്രീനഗറിൽ ഇന്ത്യൻ വിരുദ്ധ വികാരം വർദ്ധിപ്പിച്ചു… തൽഫലമായി, ബങ്കറുകളും ചെക്ക്‌പോസ്റ്റുകളും നഗരത്തിലുടനീളം സ്ഥാപിക്കപ്പെട്ടു…1980 കളുടെ പകുതി മുതൽ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഹിന്ദു കശ്മീരി ബ്രാഹ്മണർക്കെതിരായ അതിക്രമങ്ങൾ നഗരത്തിൽ വർദ്ധിച്ചു.. അവരുടെ വീടുകളുടെ ചുവരുകളിൽ പോസ്റ്ററുകൾ പതിച്ചു..അവ ഉപേക്ഷിക്കാനോ അല്ലെങ്കിൽ മരിക്കാനോ ആവശ്യപെട്ടു…ക്ഷേത്രങ്ങൾ നശിപ്പിച്ചു, വീടുകൾ കത്തിച്ചു.. വളരെ ചുരുക്കം ന്യൂനപക്ഷമായ കാശ്മീരി ബ്രാഹ്മണർ മാത്രം ഇപ്പോഴും നഗരത്തിൽ അവശേഷിക്കുന്നു… അവരുടെ ക്ഷേത്രങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധങ്ങൾ തുടരുന്നു..
പിറ്റേന്ന് ഡൽഹി ലക്ഷ്യമാക്കി യാത്ര തുടങ്ങി…പോകും വഴി ജമ്മുവിലും അമൃത്സറിലും ഒരോ ദിവസം താമസിക്കാമെന്നും തീരുമാനിച്ചു… ശ്രീനഗറും ജമ്മുവും തമ്മിലുള്ള ദൂരം 30 കിലോമീറ്ററും… യാത്രാ സമയം രണ്ട് മണിക്കൂറും കുറയ്ക്കുന്ന ചെനാനി നശ്രീ എന്ന തുരങ്കം കടന്ന് വേണം ജമ്മുവിലേക്ക് പോകാൻ… ഒമ്പതേകാൽ കിലോമീറ്റർ നീളമുള്ള പൂർണ്ണമായും സംയോജിപ്പിച്ച തുരങ്ക നിയന്ത്രണ സംവിധാനമുള്ള ആദ്യത്തെയും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതുമായ റോഡ് തുരങ്കമാണത്…എല്ലാ ശൈത്യകാലത്തും തുരങ്കം മഞ്ഞുവീഴ്ചയും ഹിമപാതവും കൊണ്ട് എൻഎച്ച് 44 നെ തടസ്സപ്പെടുത്തുകയും അത് നീണ്ട ഗതാഗത കുരുക്കിന് കാരണമാകുകയും ചെയ്യുന്നു… തുരങ്കത്തിലേക്ക് കയറുമ്പോഴോ പുറത്തുവരുമ്പോഴോ വെളിച്ചം മാറുന്നതിന്റെ ഫലമായി കാഴ്ച മങ്ങുന്നത് തടയാൻ, അകത്തെ കൃത്രിമ ലൈറ്റിംഗ് ശക്തികൂടിയ ഗ്രേഡിയന്റിൽ ക്രമീകരിച്ചിട്ടുണ്ട്… ഓരോ 150 മീറ്ററിലും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള എസ്ഒഎസ് ബോക്സുകൾ യാത്രക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഹോട്ട്‌ലൈനുകളായി പ്രവർത്തിപ്പിക്കാം…4,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ തുരങ്കത്തിൽ തീ പിടുത്തം മനസിലാക്കാനുള്ള സെൻസറുകൾ, കൃത്യമായ ഇടവേളകളിൽ സ്ഥാപിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകൾ,ടണലിനുള്ളിൽ ശുദ്ധവായു ലഭിക്കാനുള്ള സംവിധാനങ്ങൾ, എസ്‌കേപ്പ് ടണലുകൾ,വാഹനം തകരാറിലായാൽ പാർക്കിംഗ് ചെയ്യാനുള്ള തുടങ്ങി ഒട്ടനവധി സംവിധാനങ്ങൾ തുരങ്കത്തിലുണ്ട്…
ഗോൾഡൻ ടെംപിൾ – ദൈവത്തിന്റെ വസതി
അമൃത്സർ നിന്നും പിന്നീട് പോയത് ഡൽഹിയിലേക്കാണ്… പൊതുവെ ജനത്തിരക്ക് കൂടിയ ഓൾഡ് ഡൽഹിയിലെ ഒരു ചേരിക്കുള്ളിലയാണ് മുറി കിട്ടിയത്… യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിച്ച നഗരങ്ങളിൽ 28 ആം സ്ഥാനത്തും 2015 ലെ ഇന്ത്യയിലെ വിദേശ സന്ദർശകരുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്… എല്ലാത്തരം ഷോപ്പിംഗുകളുടെയും കേന്ദ്രം കൂടിയാണ് ഡൽഹി…കൊണാട്ട് പ്ലേസ്, ചാന്ദ്‌നി ചൗക്ക്, സരോജിനി നഗർ, ഖാൻ മാർക്കറ്റ്, ദില്ലി ഹാത്ത് എന്നിവയാണ് ദില്ലിയിലെ പ്രധാന മാർക്കറ്റുകൾ… ബൈക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം ലഭിക്കാത്തതിനാൽ റെയിൽവേയുടെ പാർക്കിംഗ് സൗകര്യം ഉപയോഗിച്ചു… പിറ്റേന്ന് ഞങ്ങൾ റെഡ് ഫോർട്ട്, ജുമാ മസ്ജിദ് എന്നിവ സന്ദർശിച്ചു.. മുഗൾ ചക്രവർത്തിമാരുടെ പ്രധാന വസതിയായിരുന്ന നഗരത്തിലെ ചരിത്രപരമായ ഒരു കോട്ടയാണ് ചെങ്കോട്ട…ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള തലസ്ഥാന മാറ്റത്തിന്റെ ഫലമായാണ് ഷാജഹാൻ ഇത് നിർമ്മിച്ചത്… ഷാജഹാന്റെ ഇഷ്ട നിറങ്ങളായ ചുവപ്പും വെള്ളയും ഉപയോഗിച്ച് അത് രൂപകൽപ്പന ചെയ്തത് വാസ്തുശില്പിയായ ഉസ്താദ് അഹ്മദ് ലാഹോറിയാണ്…ചുവന്ന മണൽക്കല്ലുള്ള ചുമരുകൾ ഉള്ളതിനാലാണ് ചെങ്കോട്ട എന്ന പേര് ലഭിച്ചത്.. അതിനു ഉള്ളിലേക്ക് പ്രവേശിക്കാനകുന്നത് ഒരുപാട് സുരക്ഷ പരിശോധനകൾക്ക് വിധേയമായ ശേഷമാണ്… ഇരുനൂറ്റി അമ്പത് ഏക്കർ വിസ്തീർണ്ണമുള്ള ചെങ്കോട്ടയിൽ മൂന്ന് കിലോമീറ്റർ നീളമുള്ള പ്രതിരോധ മതിലുകളുണ്ട്… മാർബിൾ, പുഷ്പ അലങ്കാരങ്ങൾ, കോട്ടയുടെ ഇരട്ട താഴികക്കുടങ്ങൾ എന്നിവ മുഗൾ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നു… ഒരു പ്രധാന കവാടം വഴി വിലയേറിയ കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗത്തേക്ക് കയറാനാകും.. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ചെക്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ജമാ മസ്ജിദ് ലക്ഷ്യമാക്കി നടന്നു.. ചാന്ദ്‌നി ചൗക്ക് മാർക്കററ്റിന് സമീപത്തായാണ് ജമാ മസ്ജിദ് സ്ഥിതി ചെയുന്നത്… ചക്രവർത്തിയായ ഷാജഹാൻ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു പച്ചക്കറി മാർക്കറ്റായിരുന്ന ചാന്ദിനി ചൗക് ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റാണ്… വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ്, പുസ്‌തകങ്ങൾ, ഫർണിച്ചറുകൾ എന്നിവ വിൽക്കുന്ന ആയിരം കടകളാണ് ചാന്ദിനി ചൗക്കിൽ.. അതിനുള്ളിലൂടെയുള്ള നടത്തം കുറച്ച് പ്രയാസമുള്ളതാണ്… ഞങ്ങൾ നടന്ന് ജമാ മസ്ജിദിന്റെ മുന്നിലെത്തി… മസ്ജിദ് ഇ ജഹാൻ നുമ എന്നറിയപ്പെടുന്ന ജമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്… ചക്രവർത്തിയായ ഷാജഹാൻ തന്നെയാണ് അതും പണികഴിപ്പിച്ചത്…മൂന്ന് വലിയ കവാടങ്ങളും 40 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങളും അടങ്ങുന്ന പള്ളി.. ചുവന്ന മണൽ കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്… മുറ്റത്ത് 25000 ത്തിലധികം ആളുകൾക്ക് നമസ്കരിക്കാൻ കഴിയും…ഞാൻ ഷോർട്സ് ആണ് ധരിച്ചിരുന്നത്.. പള്ളിയിലേക്കുള്ള പ്രേവേശനത്തിൽ നിന്ന് അവർ ആദ്യം എന്നെ വിലക്കിയെങ്കിലും…ഞാൻ സുഹൃത്തിന്റെ ലുങ്കി കടം വാങ്ങി അകത്ത് കയറി… തിരികെ റൂമിൽ പോകുന്ന വഴി ഹെൽമെറ്റ് വെക്കാത്തതിന് ഡൽഹി പോലീസ് കൈ കാണിച്ചു..ഭക്ഷണം കഴിക്കാൻ കട അന്വേഷിച്ചു ഇറങ്ങിയതാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾ രെക്ഷപെട്ടു..
രാത്രി ഇന്ത്യ ഗേറ്റ് ഗേറ്റ് സന്ദർശിക്കാനായി… ന്യൂഡൽഹിയിലെ ചരിത്രപരവും മനോഹരവുമായ സ്മാരകമാണ് ഇന്ത്യഗേറ്റ്. ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ എന്ന ഉദ്ദേശത്തോടെയാണ് അത് നിർമ്മിച്ചത്..ഇന്ത്യാ ഗേറ്റിന്റെ കമാനമന ആകൃതിതിയുള്ള വാസ്തുവിദ്യാ രീതി പലപ്പോഴും പാരീസിലെ ആർക്ക് ഡി ട്രയോംഫെ, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കോൺസ്റ്റന്റൈൻ ആർച്ച് എന്നിവയുമായി താരതമ്യപ്പെടുത്തുന്നു..ഒരു ഷഡ്ഭുജ സമുച്ചയത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഘടനയ്ക്ക് 42 മീറ്റർ ഉയരവുമുണ്ട്..രാത്രിയിൽ ഇന്ത്യ ഗേറ്റിന്റെ മുകളിൽ ത്രിവർണ പതാക കൃത്രിമ ലൈറ്റുകളുടെ സഹായത്തോടെ തെളിയിക്കും..ഇന്തോ-പാക് യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യ ഗേറ്റ് കമാനത്തിനടിയിൽ നിർമ്മിച്ചിരിക്കുന്ന അമർ ജവാൻ ജ്യോതിയും കാണാനാകും.. ഡൽഹിയിലെ കാഴ്ചകൾ ഒക്കെ കണ്ട ശേഷം പിറ്റേന്ന് ഞങ്ങൾ താജ് മഹൽ കാണാനായി ആഗ്രയിലേക്ക് പുറപ്പെട്ടു…
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ആറ് വരി നിയന്ത്രിത-ആക്സസ് എക്സ്പ്രസ് ഹൈവേകളിൽ ഒന്നായ യമുന എക്സ്പ്രസ്സ് ഹൈവേയിലൂടെ സഞ്ചരിക്കാനായി… വളവില്ലാതെ കണ്ണെത്താ ദൂരത്തോളം നേരെ കിടക്കുന്ന… ഗ്രേറ്റർ നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന ആറു പാതകളുള്ള 165 കിലോമീറ്റർ നീളമുള്ള ഹൈവേയായിരുന്നു അത്…ബൈക്കിന് കടന്ന് പോകാൻ പോലും ഉയർന്ന നിരക്കിൽ ടോൾ കൊടുക്കേണ്ടതായുണ്ട്… ഉത്തർപ്രദേശ് ജനസംഖ്യ കൂടിയ സംസ്ഥാനം ആണെങ്കിലും അധികം വികസനം സംഭവിച്ചിട്ടില്ലാത്ത സ്ഥലങ്ങളാണ് കൂടുതൽ… യുപിയിലെ ആളുകളെകുറിച്ച വളരെ മോശമായ ചിത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്, താജ്മഹളിൽ പോകുന്ന വഴിയിൽ ബൈക്ക് തകരാറിലായി..അടുത്തുള്ള വർക്ഷോപ്പ് എന്നത് ചെറിയ ഒരു പെട്ടിക്കടയുടെ വലുപ്പത്തിലായിരുന്നു… ഞങ്ങൾ പറഞ്ഞ ഒരു നിരക്കിൽ തന്നെ അവർ വണ്ടി ശെരിയാക്കി സ്വന്തം വാഹനം എന്ന രീതിയിൽ തുടച്ചു വൃത്തിയാക്കി തിരികെ തന്നു… . ഉത്തർപ്രദേശിലെ ജനങ്ങൾ വളരെ കഠിനാധ്വാനികളും ലളിതരുമാണെന്ന് പിനീട് കണ്ടുമുട്ടിയവരിൽ നിന്ന് മനസിലാക്കാൻ സാധിച്ചു … ഈ ഒരു യാത്ര കാരണം ഓരോ സ്‌ഥലങ്ങളെക്കുറിച്ചുള്ള ഒരുപാടു മുൻധാരണകളാണ് തകർന്നടിഞ്ഞത്.
താജ് മഹലിനു രണ്ട് കിലോമീറ്റർ അകലെയാണ് പാർക്കിംഗ് സൗകര്യം…പാർക്കിംഗിൽ നിന്നും സന്ദർശകർക്ക് കാൽ നടയായോ ഗോൾഫ് കാർട്ട് വാഹനത്തെ ആശ്രയിച്ചോ താജ്മഹലിൽ എത്താനാകും… മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ വിസ്‌മയം ഇപ്പോഴും അതിന്റെ അതേ സൗന്ദര്യത്തിലും ചാരുതയിലും നിലനിൽക്കുന്നു എന്നത് അവിശ്വസനീയമാണ്…പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ചക്രവർത്തി ഷാജഹാൻ യമുന നദി തീരത്ത് നിർമ്മിച്ച മാർബിൾ കുടീരമാണ് താജ് മഹൽ… സ്വർഗത്തിലെ മുംതാസ് മഹലിന്റെ ഭവനത്തിനു പ്രതിഫലനമായി ഭൂമിയിൽ സ്വർഗ്ഗീയ പൂന്തോട്ടത്തിന്റെ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും, രാജ്ഞിയുടെ ശരീരവും സൗന്ദര്യവും ഭൗമിക സ്വർഗത്തിൽ നിലനിൽക്കുന്നതും നിർദ്ദേശിക്കുന്നതിനാണ് താജ്മഹൽ രൂപകൽപന ചെയ്തത്… ഞങ്ങൾ ടിക്കറ്റ് എടുത്തു അകത്തേക്ക് പ്രവേശിച്ചു.. നിരവധിസന്ദർശനകാരാണ് അവിടെ വരുന്നത്…. പകൽ മാറുന്ന വെളിച്ചത്തിൽ ക്രമേണ താജ്മഹളിന്റെ നിറം മാറുന്നതായി കാണാം.. ഞങ്ങൾ പ്രധാന കവാടത്തിൽ പ്രവേശിച്ചു.. അവിടെ നിന്നും താജ് മഹൽ നോക്കി മുന്നോട്ട് നടക്കുമ്പോൾ അതിന്റെ വലുപ്പം കൂടി വരുന്നതായി തോന്നിപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിർമാണ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്…അത് കടക്കുമ്പോൾ കാണാനാകുന്നത് താജ് മഹലിലെ പ്രതിഫലിപ്പിക്കുന്ന റിഫ്ലക്ഷൻ പൂൾ ആണ്…തികച്ചും നിശ്ചലമായ ഒരു ജലാശയത്തിലെ താജ്മഹലിന്റെ ഗംഭീരമായ ഘടനയുടെ പ്രതിഫലനം യഥാർത്ഥ ഘടന കാണുന്നതിന് മുമ്പ് ഒരാളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു… അവിടെ പ്രവേശിക്കുന്നവരുടെ കാഴ്ച ശുദ്ധീകരിക്കുക എന്നതാണ് ആ കുളത്തിന്റെ പിന്നിലെ ആശയം… ചുവടെയുള്ള താജ് മഹലിന്റെ മുഴുവൻ ഘടനയും കുളത്തിൽ പ്രതിഫലിക്കുന്നത് ഒരു മിഥ്യ തന്നെയാണ്.. ഫോട്ടോ എടുക്കുന്നതിനുള്ള ഏറ്റവും പ്രശസ്തമായ ഒരു ഭാഗം കൂടിയാണ് അത്.. താജിന്റെ നിർമാണനത്തിനായി രാജസ്ഥാനിലെ മക്രാനയിൽ നിന്ന് തിളക്കമുള്ള മാർബിളും..അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ദ്രനീലവും തുടങ്ങി മറ്റു പല രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 28 ഓളം ഇനത്തിലുള്ള വിലയേറിയ കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു…ഞങ്ങൾ അവിടെ സ്ഥാപിച്ചിട്ടുള്ള ബെഞ്ചിൽ കുറച്ച് സമയം വിശ്രമിച്ചു… താജ്മഹലിന്റെ എല്ലാ വശങ്ങളും ഒരുപോലെ നിർമിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിനാരങ്ങൾ പുറത്തേക്ക് ചെരിഞ്ഞു നിൽക്കുന്നതായും തോന്നിപ്പിക്കുന്ന കാഴ്ച അവിടെയും കാണാനാകും… താജ്മഹൽ തികച്ചും ഒരു വിസ്മയമായിരുന്നു… ഫോട്ടോഗ്രഫി അറിയാത്ത വ്യക്തികൾക്ക് പോലും അതിമനോഹരമായ ഫ്രെയിമുകൾ അത് സമ്മാനിക്കും…
അവിടെ നിന്നും രാജസ്ഥാൻ സന്ദർശിക്കാനുള്ള ഞങ്ങളുടെ എല്ലാ പദ്ധതികളെയും തകിടം മറിച്ചുകൊണ്ട് തോരാതെയുള്ള മഴയെത്തി… കാലംതെറ്റി വന്ന മഴകാരണം പിന്നെയങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര മന്ദഗതിയിലാക്കി. ആഗ്ര മുതൽ മധ്യപ്രദേശ് വരെ മഴയത്ത് തന്നെ യാത്ര തുടരാൻ ഞങ്ങൾ നിർബന്ധിതരായി… മുംബൈ വഴി കേരളത്തിൽ പ്രവേശിക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതി അവിടെയുണ്ടായ വെള്ളപൊക്കത്തിൽ ട്രെയിൻ കുടുങ്ങിയ വാർത്ത അറിഞ്ഞതോടെ ഉപേക്ഷിച്ചു… തുടർന്നുള്ള യാത്രക്ക് അനുയോജ്യമല്ലാതെ സാഹചര്യം മാറികൊണ്ടിരിക്കുന്ന കാര്യം സാവധാനം ഞങ്ങൾ മനസിലാക്കി… കേരളത്തിൽ രണ്ടാം പ്രളയത്തിന്റെ തുടക്കമായിരുന്നു അത് എന്നത് അപ്പോൾ ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ല… ചെളി കെട്ടിയ നിലയിലേക്ക് മാറിയ റോഡിലൂടെയുടെയുള്ള യാത്ര ദുഷ്കരമായികൊണ്ടിരുന്നു… ഒരുപാട് ഭാഗങ്ങളിൽ മഴ കാരണം യാത്ര തുടരാനാകാതെ വിവിധ സ്ഥലങ്ങളിൽ താങ്ങേണ്ടിവന്നു..
മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചപ്പോൾ വനത്തിനുള്ളിലൂടെയുള്ള യാത്രയും ചെളികെട്ട് നിറഞ്ഞ വഴികളും വെളിച്ചക്കുറവുമൊക്കെ ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി… യാത്ര വീണ്ടും തുടരുന്നത് സുരക്ഷിതമല്ലാത്തതിനാൽ നാഗ്പ്പൂരിൽ സൈനിക കാമ്പിലുള്ള സുഹൃത്തിന്റെ നിർദേശപ്രകാരം മഴ ശമിക്കും വരെ അവരുടെ സൈനിക ക്വാർട്ടേഴ്സിനുള്ളിൽ കുറച്ച് ദിവസം ഞങ്ങൾക്ക് താമസിക്കാൻ കഴിഞ്ഞു…
പറക്കുവാൻ ഒരാകാശമുണ്ടെങ്കിൽ പറന്നുയരാൻ ചിറകുവേണ്ട…പകരം സ്വപ്ങ്ങൾ മതി എന്ന് പറയുംപോലെ മനുഷ്യന്റെ ആത്മാവിനെയും സ്വപ്നങ്ങളെയും ജീവസുറ്റതാക്കുന്നതും കൂടുതൽ കാര്യങ്ങൾക്കായി പ്രാപ്തരാക്കുകയും ചെയ്യുന്ന തീയാണ് യാത്രകൾ… ആ തീ ഉള്ളിൽ ജ്വലിക്കുകയും ഹൃദയത്തെയും മനസ്സിനെയും എല്ലാത്തിനും സജ്ജമാക്കുകയും ചെയ്യുന്നു… ആ ജ്വാല മറ്റുള്ളവരിലും പടരട്ടെ എന്ന ആഗ്രഹത്തോടെ, വളരെ കാലത്തെ പരിശ്രമത്തിന് പ്രതിഫലമായി കിട്ടിയ… ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു ഓർമകളും പേറി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി… “ഞങ്ങൾക്കായി കാത്തിരിക്കുന്ന ആ ഭവനത്തെ ലക്ഷ്യമാക്കി”…
THE END.നന്ദി
ജെബിൻ മുഹമ്മദ്.ജെ
No Comments