രണ്ടു വർഷം മുന്നേ പരസ്പരം കാണും മുൻപ് ട്യൂണ ക്ഷണിച്ച ലഡാക്കു യാത്ര ആദ്യം അവേഞ്ചേറിലേക്കും പിന്നെ സ്കൂട്ടറിലേക്കും മാറ്റി. ബൈക്കിൽ എല്ലാവരും പോവുന്നതല്ലേ എന്നതായിരുന്നു 13 വയസു മുതൽ ബൈക്ക് ഓടിച്ചു തുടങ്ങിയ ട്യൂണയുടെ അഭിപ്രായം. അങ്ങനെ TVS Ntorq 125 എടുക്കുന്നതും യാത്ര പുറപ്പെടുന്നതും. ആരോടും പറയാതെ ഉള്ള പോക്കായിരുന്നു. കാരണം പലതാണ്. അതിലൊന്നു പറയാനാണെങ്കിൽ രണ്ടു സ്ത്രീകൾ സ്കൂട്ടറിൽ ഇത്രയും ദൂരം ഒരു യാത്ര എന്ന് പറയുമ്പോൾ പിന്തിരിപ്പിക്കാൻ ഒത്തിരി പേര് ഉണ്ടാവും, അവരെ ഒക്കെ പറഞ്ഞു convince ചെയുക എന്നത് എളുപ്പമല്ല പക്ഷെ ചെയ്തു കാണിച്ചു കൊടുക്കാൻ കഴിയും. 29 ദിവസം നീണ്ട യാത്ര. 9109 കിമി അത്രയും ട്യൂണ തന്നെ ആണ് ഓടിച്ചതും. പോയ വഴി മാറ്റി തിരിച്ചിറങ്ങിയതു വേറെ വഴി. ചില സ്ഥലങ്ങൾ ഞാൻ കണ്ടത്, ചിലത് ട്യൂണ കണ്ടത്, ചിലതു ഞങ്ങൾ രണ്ടു പേരും കാണാത്തതു. ഒരു പിക്നിക് മൂഡായിരുന്നു. സ്ഥിരമായി വഴക്കിടുന്ന ഞങ്ങളുടെ ഹൈവേ അടി വരെ നടന്ന സംഭവ ബഹുലമായ 29 ദിവസങ്ങൾ. ട്രാവലോഗ് ഒരു ബുക്ക് ആയി ആണ് എഴുതുന്നത് NH 44 – Road to her dreams (അവളുടെ സ്വപ്നത്തിലേക്കുള്ള റോഡ്) പക്ഷെ ഈ പോസ്റ്റ് സ്ത്രീകളടക്കം കുറെ പേര് കുറെ സംശയങ്ങളുമായി വന്നിരുന്നു. അതിനൊരു മറുപടി ആയിട്ടാണ്. ഞങ്ങൾക്കും കഴിയും എന്ന് സ്കൂട്ടർ ഓടിക്കുന്ന ഏതൊരു വനിതക്കും ആത്മവിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു ഈ യാത്രയുടെ ഉദ്ദേശം അല്ലെങ്കിൽ തെളിയിക്കൽ. അത് പോലെ പ്രോജോദനം കൊണ്ട് വന്ന എല്ലാ സ്ത്രീകൾക്കും ഈ പോസ്റ്റ് ഉപകാരപ്പെടുമെന്നു കരുതുന്നു.

1 . രണ്ടു പേരും സ്കൂട്ടറിൽ ഇത്രയും ദൂരം യാത്ര ചെയുമ്പോൾ പേടി ആവില്ലേ?
A . രണ്ടു പേരും ഒറ്റക്കല്ലലോ. പിന്നെ ഹൈവേ നിറയെ വണ്ടികൾ ആളുകൾ പകൽ സമയം കാഴ്ചകൾ. ഇനി എന്തേലും വന്നാലും ഓടണ്ടല്ലോ കയ്യിൽ ഒരു വാഹനമില്ലേ

2. 29 ദിവസത്തേക്ക് എത്ര ഡ്രസ്സ് കൊണ്ട് പോയി ? luggage എങ്ങനെ മാനേജ് ചെയ്തു?
A . 4 ടീഷർട് (അത് അധികമായിരുന്നു) പിന്നെ ഒരൊറ്റ ട്രാക്ക് പാന്റ്സ് (അത് ഇവിടുന്നെ ധരിച്ചു പോയി), ഒരു ഷോർട്സ് , അത്യാവശ്യത്തിനു മാറി ഉടുക്കാൻ ഒരു മുണ്ടും. ഇത് കേട്ട് ഞെട്ടിയ കുറച്ചു സ്ത്രീ സുഹൃത്തുക്കൾ ഉണ്ട്. ഞാനും ട്യൂണയും സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്. ഒരിക്കലും ഡ്രസ്സ് കുത്തി നിറച്ച ബാഗ് ഉണ്ടാവാറില്ല. ഇവിടെ ഭാരം കുറക്കൽ അത്യാവശ്യമായിരുന്നു അത് കൊണ്ട് ഇത്രയുമാക്കി. ട്യൂണ അധികം ഒരു ജീൻസ്‌ കരുതിയത് ഇടയ്ക്കു ഞങ്ങൾ മാറി ധരിച്ചു. (K Top ൽ ഒരേ പോലെ ജീൻസ്‌ ഇടണം എന്ന ട്യൂണയുടെ ആഗ്രഹം)

3. രാത്രി റൈഡ് ചെയ്തിരുന്നോ ?
A . ഒരിക്കലും അതൊരു ആരോഗ്യപരമായ കാര്യമല്ല. അത് കൊണ്ട് ചെയ്തിട്ടില്ല

4 . നടുവേദന പോലുള്ള ആരോഗ്യപശ്നങ്ങൾ വന്നിരുന്നോ?
A. സ്പോണ്ടിലൈറ്റിസ് വന്ന ആളായത് കൊണ്ട് ബെൽറ്റ് ധരിച്ചാണ് ഞാൻ പിന്നിൽ ഇരുന്നിട്ടുള്ളത്. പിന്നെ പകലത്തെ യാത്ര ക്ഷീണം ചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചു കയറുമ്പോഴേക്കും തീരും

5 . രാത്രിയിലെ ഹോട്ടൽ താമസം സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കിയില്ലേ?
A. ഒരിക്കലുമില്ല. കയ്യിൽ ഒരു മൊബൈലും അതിൽ ഒരു ഗൂഗിൾ ഉണ്ടെങ്കിൽ ഞങ്ങൾ രണ്ടു പേരും ഹാപ്പി ആണ്. ഏറ്റവും cheapest ഹോട്ടൽ ഗൂഗിൾ കാണിച്ചു തരും അല്ലെങ്കിൽ ഞങ്ങൾ goibibo ,booking.com ,makemytrip ,yathra എന്നിങ്ങനെ ഉള്ള എല്ലാ സൈറ്റിലും കയറി നോക്കി ഏറ്റവും വില കുറഞ്ഞ നല്ല റിവ്യൂ ഉള്ള ഹോട്ടലുകൾ തിരഞ്ഞു പിടിക്കും. ഫോട്ടോ കണ്ടു ഇഷ്ട്ടമായില്ലെങ്കിൽ ഹോട്ടൽ നേരിട്ട് പോയി കണ്ടു ഗേറ്റ് ൽ ചെന്ന് നിന്നാണ് മിക്ക ഹോട്ടലും ബുക്ക് ചെയുക. MP ലെ ഗുണ എന്ന സ്ഥലത്തു ഇനി നേരിട്ട് ചെന്നാൽ വില കുറയുമോ എന്നറിയാൻ പാർക്ക് ചെയ്തു അകത്തു കയറി പോയി അന്വേഷിച്ചു. 1000 എന്ന് പറഞ്ഞപ്പോ റിസപ്ഷനിൽ നിന്ന് തന്നെ 610 നു ഓൺലൈൻ ബുക്ക് ചെയ്തു. 425 രൂപയ്ക്കു ac deluxe റൂം വരെ കിട്ടിയിട്ടുണ്ട്. 2 -3 തവണ ഉള്ളു 600 നു മുകളിൽ വില കയറിയിട്ടുള്ളു. ഹോട്ടലിലൊന്നും നിങ്ങളെ ആരും കയറി ഉപദ്രവിക്കാൻ വരില്ല. വാതിലടച്ചു സുഖമായി ഉറങ്ങി എണീക്കാം. വഴിയിൽ നിന്ന് കണ്ട ഒരു മലയാളി കുടുംബം അടക്കം ഹിമാചലിൽ സഞ്ചാരിയുടെ ബാബുക്കയുടെ സുഹൃത്ത് വരെ ഞങ്ങളെ സൽകരിച്ചിട്ടുണ്ട് .

6 ഹൈ altitude പ്രശ്‌നമായിരുന്നില്ലേ?
A . ഇല്ല. ഒരു ധൈര്യത്തിന് ട്യൂണ Diamox കഴിച്ചിരുന്നു, ഞാൻ വെള്ളം കുടിച്ചാണ് യാത്ര ചെയ്തത്. ഒരു കുഴപ്പവും ഇല്ലാതെ പോയി വന്നു

7. വൃത്തിയുള്ള ബാത്റൂമ് / ടോയ്ലറ്റ് സൗകര്യങ്ങൾ ഒക്കെ കിട്ടുമോ?
A. വൃത്തി എന്നത് വെട്ടി കളയുന്നതാണ് നല്ലതു. സൗകര്യങ്ങൾ കിട്ടുന്നത് തന്നെ വല്യ കാര്യം. പെട്രോൾ പമ്പുകളായിരുന്നു ലഡാക്ക് എത്തും വരെ ആശ്വാസം. അത് കഴിഞ്ഞു ഒഴിഞ്ഞ ഭാഗങ്ങൾ , കാര്ഡഗ്ല പാസിൽ അടക്കം വലിയ കല്ലുകളും വണ്ടി ചരിച്ചു വെച്ചുമായിരുന്നു ഞങ്ങൾ സൗകര്യം കണ്ടെത്തിയത്. സോനാമാർഗിൽ നിന്ന് കാർഗിലിലേക്കുള്ള വഴിയിൽ പാഡ് ചേഞ്ച് ചെയ്യാൻ ബാത്റൂം ബോർഡ് കണ്ടു ചാടി ഇറങ്ങിയ ഞാൻ കണ്ടത് ആളും അനക്കവും ഇല്ലാത്ത പൂട്ടി കിടക്കുന്ന കെട്ടിടം ആണ്. പിൻഭാഗത്തു പോയി കാര്യം നടന്നെങ്കിലും വേസ്റ്റ് കളയാൻ സൗകര്യം ഇല്ലാത്തതിനാൽ ഉപയോഗിച്ച പാഡ് പേപ്പറിൽ പൊതിഞ്ഞു പാന്റിന്റെ പോക്കറ്റിൽ ഇട്ടു ലമായുരു വേസ്റ്റ് ബിൻ വരെ കൊണ്ട് വന്നു. ഒരു chew gum അല്ലെങ്കിൽ ഒരു ടിക്കറ്റ് , ചോക്ലേറ്റ് റാപ്പർ അങ്ങനെ ഒന്നും ഞങ്ങൾ അലക്ഷ്യമായി കളഞ്ഞിട്ടില്ല. അടുത്ത വേസ്റ്റ് ബിൻ കാണും വരെ കയ്യിൽ കൊണ്ട് നടക്കും. ടോയ്‌ലറ് സൗകര്യം ആലോചിച്ചു വിഷണ്ണനായി വെള്ളം കുടിയുടെ കാര്യത്തിൽ ഞങ്ങൾ ഒരു compromise ഉം ചെയ്തിട്ടില്ല.

8 . എത്ര ചിലവ് വന്നു.
A . 30 -35k രണ്ടുപേർക്കും കൂടെ. സ്പ്ളിറ് അപ്പ് ഒക്കെ ഉണ്ടാക്കുന്നെ ഉള്ളു. രണ്ടു പേരും വീട്ടിലും ജോലി സ്ഥലത്തും തിരക്കിലാണ്

9. കാലാവസ്ഥ പ്രശ്നം ഉണ്ടായിരുന്നോ?
A ആകെ നല്ല ഒരു ഷൂ അല്ലാതെ തെർമൽ ഒന്നും ഇല്ലാത്ത യാത്ര ആയിരുന്നു. മെക്കാനിക് ഉപയോഗിക്കുന്ന 25 രൂപയുടെ ഗ്ലൗസും. മൈനസ് ഡിഗ്രിയിൽ വരെ പിടിച്ചു നിന്നു. പൊതവേ ജലദോഷം വരുന്ന രണ്ടു പേർക്കും ഒരു തുമ്മൽ പോലും വന്നില്ല. രണ്ടു ദിവസത്തെ വ്യത്യാസത്തിൽ ആണ് മണാലിയിലെ മേഘ വിസ്ഫോടനത്തിൽ നിന്നും കനത്ത മഞ്ഞു വീഴ്ചയിൽ നിന്നും രക്ഷപെട്ടത്

10 . വണ്ടിക്കെന്തെങ്കിലും കുഴപ്പം?
A. കൊച്ചി എത്തും വരെയും എത്തി കഴിഞ്ഞും ൻക്രൂ കുട്ടപ്പനാണ്. പല പല പെട്രോൾ പമ്പുകളിൽ നിന്നും പെട്രോൾ അടിച്ചു carburator ൽ പൊടി കയറി 2 തവണ പെട്രോൾ ഓവർ flow വന്നത് അപ്പോൾ തന്നെ അടുത്ത tvs സർവീസ് സെന്ററിൽ കാണിച്ചു സുഗമമാക്കി. ഞങ്ങളെയും കൊണ്ടാണ് അവൻ ഈ കണ്ട പാസ് മുഴുവൻ കയറിയത്.പെട്രോൾ ക്വാളിറ്റി അനുസരിച്ചു മൈലേജ്‌ മാറി മാറി വന്നിട്ടുണ്ട് 42- 45 കിമി. ആക്സിലേറ്റർ കേബിൾ, ബ്രേക്ക് കേബിൾ കൂടുതലായി ഫിറ്റ് ചെയ്തതൊന്നും ആവശ്യം വന്നില്ല. ഒരു എയർ ഫിൽറ്റർ മാറ്റി വാങ്ങി. ഒരു പ്ലേഗ് പഞ്ചർ കിറ്റ് കൂടെ കരുതിയിരുന്നു. ആർഫിൽറ്റർ ഒന്ന് പ്ലെഗ് കൂടെ കയ്യിൽ കരുതിയിരുന്നു. 4 തവണ എൻജിൻ ഓയിൽ മാറ്റി.

11 . എന്ത് കൊണ്ട് TVS Ntorq ?
A ഇന്ത്യയിൽ ആദ്യത്തെ സ്കൂട്ടർ ആണ് 3 വാൽവ് എൻജിനോട് കൂടെ.

11. ഭക്ഷണ കാര്യത്തിൽ എന്തെങ്കിലും പ്രശനം അനുഭവപ്പെട്ടിരുന്നോ?
A. ആദ്യമൊക്കെ പറാത്ത ഒരു രസമായിരുന്നു. ഇടയ്ക്കു വെച്ച് കിടിലൻ ധാബകളും ഉണ്ടായിരുന്നു. പ്ലെയിൻ റൈസ് കിട്ടിയാൽ അതും സന്തോഷം. ഡ്രസ്സിൽ 300 രൂപയ്ക്കു കത്തി അറുക്കുന്ന ഉച്ച ഭക്ഷണം ഒഴികെ ബാക്കി എല്ലാം നല്ലതായിരുന്നു. ദൽഹി അടുത്ത് ചില ധാബകളിൽ നല്ല പോലെ വേവിക്കാത്ത പറാത്ത കിട്ടിയപ്പോ പറാത്ത പ്രേമം തീർന്നു. കൂട്ടിനു ഓരോ കുപ്പി വെളുത്തുള്ളി അച്ചാറും, കണ്ണി മാങ്ങാ അച്ചാറും ചമ്മന്തി പൊടിയും ഉണ്ടായത് കൊണ്ട് ഹാപ്പി!

12 . കയ്യിൽ പ്രത്യേകമായി കരുതിയ എന്തെങ്കിലും?
A. ഡ്രസ്സ് ഉണക്കാൻ ഒരു ഹയർ ഡ്രയർ, പിന്നെ മൊബൈൽ ചാർജറും ക്യാമറയും എല്ലാം ഒരുമിച്ച് ചാർജ് ചെയ്യാൻ ഒരു കണക്റ്റർ

പ്ലാൻ ചെയ്ത പോലെ ഒന്നുമല്ല യാത്ര നടന്നത്, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് വല്യ പ്ലാനിങ് ഇല്ലായിരുന്നു എന്ന് പറയാം. ചാങ്ലലയും ലാചുങ്ലയും നകീലയും ഒക്കെ ഞങ്ങൾക്ക് സർപ്രൈസ് ആയിരുന്നു. ഇനിയും പോണം…ആറു മാസം കൊണ്ട് ഇന്ത്യ കറങ്ങിയ അമലിനെ തിരിച്ചുള്ള യാത്രയിൽ വീട്ടിൽ പോയി കണ്ടിരുന്നു . ഞങ്ങളുടെ തലയിലേക്ക് ചില റൈഡിങ് കുതന്ത്രങ്ങൾ കയറ്റി നിറച്ചിട്ടുണ്ട് വിധ്വാൻ 😛

അപ്പൊ എല്ലാർക്കും ആ ഒരു സ്വപ്ന യാത്ര നേരുന്നു…

Credits: Sajna and Tuna Bastin 

Share this post: