എന്റെ സ്വന്തം കഥയാണ് ഇത് ആർക്കെങ്കിലും മോട്ടിവേഷൻ ആവും എങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് എഴുതുകയാണ്.

    ഞാൻ  Fayis Kacherivalapil. എഞ്ചിനീയർ ആണ്. കോഴിക്കോട് ആണ് സ്ഥലം. ഫ്ലാഷ് ബാക്ക് മുതൽ പറഞ്ഞാലേ ഈയൊരു എഴുത്ത് പൂർണ്ണതയിൽ എത്തുകയുള്ളൂ.

    2011 ലാണ് ഞാൻ ആദ്യമായിട്ട് സൗദി അറേബ്യയിൽ എത്തുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു നല്ല ജോലിയും ഒക്കെ ആയി  ഒതുങ്ങിക്കഴിയുന്ന  പ്രവാസിയായിരുന്നു ഞാൻ. 2015 എനിക്ക്  ഒരു ചെറിയ പെരുന്നാൾ ദിവസം നാട്ടിൽ നിന്നും ഒരു കോൾ വന്നു ഉപ്പക്ക് വയ്യാതായി ഐസിയുവിൽ ആണെന്ന്. ഞാൻ അപ്പോൾ തന്നെ എന്റെ ഹൈദരാബാദി ആയിട്ടുള്ള എന്റെ മാനേജരെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു അടുത്ത ദിവസം ഫ്ലൈറ്റ് പിടിച്ച് നാട്ടിലെത്തി. ആ ഒരു വർഷം ഞാൻ നാലു തവണ എമർജൻസി യാത്ര നടത്തേണ്ടിവന്നു. എനിക്ക് കമ്പനിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദം കൂടിക്കൂടിവന്നു.

     ഞാൻ വീട്ടിൽ ഉപ്പയുടെ അടുത്തിരിക്കുമ്പോൾ എന്നോട് ഒരു ചോദ്യം ചോദിച്ചു

 ” നിനക്ക് തിരിച്ചു പോകണോ?”

 ഞാൻ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു ഞാൻ പോകുന്നില്ല ഇനി മുതൽ ഞാൻ ഇവിടെ തന്നെയുണ്ടാവും. 

    2017 ഓഗസ്റ്റിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഞാൻ വീണ്ടും ദുബായ് ജോലി അന്വേഷിച്ചു പോയി COFFEE BIKEഎന്ന കമ്പനിയിൽ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചു. ആ ജോലിക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ ആയിരുന്നുള്ളൂ. ആ ജോലിയും എനിക്ക് റിസൈൻ ചെയ്ത് വരേണ്ടിവന്നു. അതോടെ ഞാനെന്റെ പ്രവാസജീവിതം എന്നെന്നേക്കുമായി ഉപേക്ഷിച്ച് ഉപ്പ കിടക്കുന്ന ഹോസ്പിറ്റലിൽ എത്താൻ വിമാനം കയറി. 2018 ജനുവരി 27-ന് ഉപ്പയുടെ ഹൃദയത്തിന്റെ പമ്പിങ് വളരെ കുറഞ്ഞു ശരീരം മുഴുവൻ നീരുവന്നു കിഡ്നി യുടെ പ്രവർത്തനം നിലച്ചു. നമ്മുടെ മുൻപിൽ ആകെയുണ്ടായിരുന്ന ഓപ്ഷൻ ഡയാലിസിസ് മാത്രമായിരുന്നു. ദിവസം കഴിയുംതോറും കാര്യങ്ങൾ വഷളായി കൊണ്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഡോക്ടർ എന്നെ വിളിപ്പിച്ചു ഡയാലിസിസ് സ്റ്റോപ്പ് ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു കൊടുക്കാൻ വേണ്ടി പറഞ്ഞു.

 ഉപ്പ ഒരുപാട് നരകയാതന അനുഭവിക്കാതിരിക്കാൻ വേണ്ടി ആ കൺസെന്റ് സൈൻ ചെയ്തു കൊടുക്കേണ്ട ഹതഭാഗ്യനായ മകനാകേണ്ടി വന്നു ഞാൻ. അടുത്ത ദിവസം പുലർച്ചെ ഉപ്പ ഞങ്ങളെ എല്ലാവരെയും വിടപറഞ്ഞു അള്ളാഹുവിന്റെ വിളിക്കുത്തരം നൽകി യാത്രയായി.

    2018 ജനുവരി 25നാണ് ഞാൻ എന്റെ സൈക്കിൾ വാങ്ങിക്കുന്നത് ഉപ്പ ICU വിൽ കിടക്കുമ്പോൾ ഹോസ്പിറ്റലിലെ തൊട്ടടുത്തുള്ള DECATHLON ൽ പോയി ഒരു ബേസിക് ഗിയർ സൈക്കിൾ വാങ്ങിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഉപ്പ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ICUവിന്റെ മനസ്സ് മരവിപ്പിക്കുന്ന ബീപ് ശബ്ദങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ തന്നെ സൈക്കിൾ വാങ്ങാൻ തീരുമാനിച്ചത്. എന്റെ സൈക്കിളിനെ ഫോട്ടോ ഞാൻ ഉപ്പക്ക് കാണിച്ചു കൊടുത്തിട്ട് ഉണ്ടായിരുന്നു പക്ഷേ യാതൊരു response ഉം എനിക്ക് ആ മുഖത്ത് കാണാൻ പറ്റിയില്ല. ഉപ്പക്ക് അത് മനസ്സിലായിട്ടും ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും എനിക്കറിയില്ല.

      2018 ജൂണിൽ ഞാൻ കുടുംബസമേതം കർണാടകയിൽ ഉള്ള സുള്ള്യയിലേക്ക് ഭാര്യയുടെ PG പഠനാവശ്യാർത്ഥം താമസം മാറി. അവിടെ നിന്നാണ് ഞാൻ എന്റെ ജീവിതം മാറ്റിമറിച്ച വലിയൊരു തീരുമാനമെടുത്തത്. എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ 2015 മുതൽ വലിയൊരു ശൂന്യത എനിക്ക് ഫീൽ ചെയ്തു ഒരുപാട് കാര്യങ്ങൾ ഞാൻ sacrifice ചെയ്തു എന്റെ ജോലി, എന്റെ ഭാവി, മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഒരു ബിഗ് സീറോ എന്ന് എനിക്ക് തോന്നി തുടങ്ങിയ നിമിഷം ഞാൻ എടുത്ത ഒരു തീരുമാനം അതാണ് എന്റെ ജീവിതം ആകെ മാറ്റിമറിച്ചത്. എനിക്ക് നഷ്ടപ്പെട്ട കഴിഞ്ഞ നാലുവർഷം തിരിച്ചുപിടിക്കാനുള്ള എന്റെ ഒരു ശ്രമം അതാണ് കേരളം മുതൽ സിംഗപ്പൂർ വരെയുള്ള സൈക്കിൾ യാത്ര.

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് അറിയാത്ത ഇന്നേവരെ മലയാളികൾ ആരും തന്നെ യാത്ര ചെയ്യാത്ത ഒരു റൂട്ടിൽ സൈക്കിളുമായി സിംഗപ്പൂർ വരെ 7 രാജ്യങ്ങളിലൂടെ യാത്ര  ചെയ്യാൻ ഞാൻ തീരുമാനമെടുത്തു. എന്നാൽ ഇത് വിശ്വസിക്കാൻ മറ്റുള്ളവർക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു പക്ഷേ വൈഫും ഉമ്മയും കട്ട സപ്പോർട്ട് തന്നു.

    ചുറ്റുപാടു നിന്നും ഉയർന്നു വന്ന പരിഹാസങ്ങൾക്കും അടക്കി പറച്ചിലുകൾ ക്കൊന്നും  തന്നെ എന്റെ ഈ തീരുമാനത്തെ തളർത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ  ഒരു പക്ഷി കൂടുകൂട്ടാൻ ഉണങ്ങിയ ചില്ലകൾ ചേർത്തു വയ്ക്കുന്നതുപോലെ എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള കരുത്ത് തന്നത് ഈ പരിഹാസങ്ങൾ ആണ്, അതുകൊണ്ട് എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്.  ഞാൻ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് കൊണ്ടാണോ എന്നറിയില്ല എനിക്ക് ഈ യാത്ര വളരെ സിമ്പിൾ ആയിട്ട് ആണ് ഫീൽ ചെയ്തത്.

    ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, എന്നീ രാജ്യങ്ങളിലൂടെ 8000ലധികം കിലോമീറ്റർ 120 ദിവസം  എടുത്തു ചെയ്യാനുള്ള യാത്രയ്ക്ക് ഒരുപാട് ഹോംവർക്കും പ്ലാനിങ്ങും ആവശ്യമുണ്ടായിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ഞാൻ താഴെ കൊടുക്കാം.

  1- എന്റെ ശരീരഭാരം 105 കിലോഗ്രാമിൽ നിന്നും ഒരു 85 കിലോഗ്രാം ആക്കണം.

  2- യാത്ര പോകാൻ ഒരു pinpoint പ്ലാൻ ഉണ്ടായിരിക്കണം.

  3- ദീർഘദൂര യാത്രയ്ക്ക് പറ്റിയ ഒരു സൈക്കിൾ വാങ്ങിക്കണം.

  4- യാത്രയ്ക്ക് ഒരു സ്പോൺസർ നെ കണ്ടുപിടിക്കണം.

  5- കടന്നുപോകുന്ന രാജ്യങ്ങളിലൊക്കെ സോഷ്യൽ മീഡിയയിലൂടെ സൈക്കിൾ സ്റ്റുകൾ ആയതും അല്ലാത്തതുമായ ഫ്രണ്ട്സിനെ ഉണ്ടാക്കിയെടുക്കണം.

     ഈ യാത്രയുടെ കമ്പ്ലീറ്റ് പ്ലാനിങ്ങും എട്ടുമാസത്തെ എന്റെ കഠിനപ്രയത്നം ആയിരുന്നു. കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചവരിൽ ഭൂരിഭാഗവും കയ്യൊഴിയും എന്ന സത്യം മനസ്സിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്. കൂടാതെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് എന്റെ യാത്രയ്ക്ക് വാക്കാലും പ്രവർത്തികളാലും കൂടപ്പിറപ്പുകളെ പോലെ കട്ടക്ക് കൂടെ നിന്ന എന്റെ സുഹൃത്തുക്കളെ ഞാൻ ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.

   2019 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് നിന്ന് ഞാനും സുഹൃത്ത് അജിത്തും കൂടെ യാത്ര ആരംഭിച്ചു. യാത്രയുടെ മുഴുവൻ ക്രെഡിറ്റും റോട്ടറി ക്ലബ് ഓഫ് Calicut uptown ലെ എല്ലാ മെമ്പേഴ്സിനും ആണ് അവരാണ് നമ്മുടെ യാത്ര എളുപ്പവും യാഥാർഥ്യവും ആക്കി തന്നത്. യാത്രയിലുടനീളം രാവും പകലും നമ്മുടെ യാത്ര സുഖകരമാക്കാനും വിജയകരമായി കംപ്ലീറ്റ് ചെയ്യാൻ വേണ്ടി അഹോരാത്രം പ്രവർത്തിച്ച Savin monu, Jagadheesh Menon, Mahesh എന്നിവരെ എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല.

 

 

    മലയാളികൾ ആദ്യമായിട്ട് ചെയ്ത കേരളം മുതൽ സിംഗപ്പൂർ വരെയുള്ള യാത്രയുടെ ഒരുപാട് നല്ല നല്ല മുഹൂർത്തങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യണം  എന്നുണ്ട്. യാത്രയുടെ കൂടുതൽ  വിശേഷങ്ങൾക്കായി യൂട്യൂബ് link ഞാൻ കമന്റിൽ കൊടുക്കാം. സഞ്ചാരി ഗ്രൂപ്പിലെ എല്ലാവരുടെയും മാക്സിമം സപ്പോർട്ടും സഹകരണവും ഇനിയുള്ള എന്റെ എല്ലാ യാത്രകളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.

-Fayis Kacherivalapil

Subscribe: Ecowheelers

Share this post: