‌നമുക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹം കണ്ണാണെന്നു പലപ്പോഴും തോന്നിടുണ്ട്.. ഒരുപക്ഷെ, ഏതൊരു അവയവത്തിനും പകരക്കാരനുണ്ട് പക്ഷെ കണ്ണ് പോയാലേ കണ്ണിന്റെ വില മനസിലാകുകയുള്ളു എന്നു പറയുന്നത് ചുമ്മാതല്ല….! അത്കൊണ്ട് ലോകത്തിൽ ഇത്രയധികം മനോഹരമായ സ്ഥലങ്ങൾ ദൈവം സൃഷ്ടിച്ചതും , നിങ്ങൾക്കു കണ്ണ് നൽകിയതും, ഇതൊക്കെ കാണുവാൻ വേണ്ടിയാണ്… കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം അതിനു മുന്പ് കാണേണ്ടത് കാണുക , ആസ്വദിക്കുക ഇല്ലേൽ ചാർളി പറഞ്ഞതുപോലെ, അങ്ങ് മേലോട്ട് പോകുമ്പോൾ കർത്താവു ചോദിക്കത്തില്ലയോ ഇതൊക്കെ കണ്ടിടാണോ താനിങ്ങോട്ടേക്കു വന്നതെന്ന്…… എന്റെ ഓരോ യാത്രകൾ തീരുമ്പോഴും മനസ്സ് മറ്റൊന്നിലേക്കു കുതിക്കുന്നത് കുട്ടിക്കാലത്തു കേട്ട് പഠിച്ച കാര്യങ്ങൾ കണ്ടു മനസിലാക്കുവാൻ വേണ്ടിയാണ്… മറ്റൊന്ന് വയസ്സാൻ കാലത്തു വീടിന്റെ ഉമ്മറ കോലായിൽ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു മങ്ങിയ കണ്ണാടിയിൽ കാഴ്ചകൾ കാണുന്നതിനേക്കാൾ എനിക്കിഷ്ടം, പണ്ട് ഞാൻ കീഴടക്കിയ നിമിഷങ്ങളെ മങ്ങിയ കണ്ണിലൂടെ കാണുന്നതാണ്…

കോളേജിൽ ദീപാവലിയുടെ ലീവ് കിട്ടിയതോടെ സുഹൃത്തുക്കളൊക്കെ ഓരോ സ്ഥലത്തേക്കും പോകാനുള്ള ഒരുക്കങ്ങളായിരുന്നു എല്ലാവരുടെയും കോമൺ ഡെസ്റ്റിനേഷൻ മനാലി…..!!. ‘നീയൊക്കെ അര ട്രൗസറുമിട്ട് അജന്തയിൽ ആദി ബാവ കാണുമ്പോൾ ഇക്ക ഇതൊക്കെ കണ്ടു തീർത്തതാണ് ‘ – എന്നൊക്കെ വലിയ വായിൽ ഡയലോഗ് അടിച്ചു (ചുമ്മാ !) ഒരു വ്യത്യസ്തമായ സ്ഥലത്തെകുറിച്ചു അനേഷിക്കാൻ തുടങ്ങി…! എവിടെ ? എങ്ങനെ ? അപ്പോഴാണ് നീലാകാശത്തിൽ സണ്ണി വൈൻ പറയുന്ന ഡയലോഗ് ഓർമവന്നത് ‘മലാന ക്രീം’ ഗൂഗിൾ അടിച്ചു നോക്കിയപ്പോൾ 9,938 ft ലെവലിൽ സ്‌ഥിതി ചെയ്യുന്നത് , ലോകത്തിലെ No. 1 ഹാഷിഷാണ് മലാന ക്രീം , അതൊരു വില്ലേജിലാണ് ഉണ്ടാക്കുന്നത് , അവിടെയുള്ള ഗ്രാമവാസികളോട് സംസാരിക്കാൻ പാടില്ല, തൊടുവാൻ പാടില്ല , ഇങ്ങനെയൊരു സ്‌ഥലം അതും ഇന്ത്യയിൽ ..? പിന്നെയൊന്നും ചിന്തിച്ചില്ല ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ എല്ലാവരും ആക്കിയൊരു ചിരിയാണ് എടാ കള്ളാ ക്രീം അടിക്കാനുള്ള പ്ലാനണല്ലേ….! അതിനൊന്നും മറുപടി നൽകിയില്ല കാരണം പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങുവാനും , ഉണരുവാനും സാധിക്കുന്നവനിക്ക് ലഹരിയുടെ ആവശ്യമില്ലെന്നു അവർക്കറിയില്ലലോ… !!!! മാത്രവുമല്ല വീട്ടിൽ ചോദിക്കാതെ ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട് ….., ചിലപ്പോൾ ഇറങ്ങിപ്പോയാല് രണ്ടു ദിവസം കഴിഞ്ഞിട്ടേ വീട്ടിലേക്കു വരാറുള്ളൂ… അതിന്റെയിടയിൽ ഒരു ഫോൺകാൾ പോലുമുണ്ടാകാറില്ല അത് അവർക്ക് എന്റെമേലെയുള്ള വിശ്വാസമാണ്… എത്രയൊക്കെ ആയാലും ഞാനൊന്നും അതിരു വിട്ട് ചെയ്യില്ലെന്നുള്ള വിശ്വാസം.! അത് പാലിച്ചുപോകുവാൻ തന്നെയാണണെനിക്കിഷ്ടം…. അല്ലേലും എന്റെ ലഹരി ഈ കാണുന്ന കഞ്ചാവും കള്ളുമൊന്നുമല്ല അതിലും വലുതാണ് എെന്റെ ലഹരി ….

മലാന ക്രീമല്ലേ എന്നൊക്കെ പറഞ്ഞവർക്ക് ആർക്കും അത് എങ്ങനെ പോകണം , അവിടെ എന്താണ്, എന്നൊന്നും വ്യക്തമായി അറിയില്ലായിരുന്നു പണ്ടാരോ പറഞ്ഞു കേട്ടത് ഇപ്പോഴും പിന്തുടർച്ച അവകാശത്തോടെ ഷെയർ ചെയ്യുന്നു … ജലന്തറിൽ നിന്ന് രാത്രി 9 മണിയോടെ മണിക്കാരനിലേക്കു ബസ്സ് കയറി ഏതാണ്ട് 8 മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു അതിന്റെയിടയിൽ ബസ്സിന്റെ ടയർ പൊട്ടിയതിനാൽ വേറെയൊരു ബസ്സിലേക്ക് യാത്ര മാറ്റി.. പക്ഷെ അടച്ചുറപ്പില്ലാത്ത ജനൽ പാളിയിലൂടെ തണുപ്പ് വില്ലനായി അകത്തേക്ക് കയറി ….പഞ്ചാബിൽ വലിയ തണുപ്പില്ലാത്തതിനാൽ ഞങ്ങൾ വില്ലനെ നേരിടാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നില്ല… തണുപ്പ് വല്ലാതെ വെറുപ്പിച്ചു തുടങ്ങി… അതിരാവിലെ മണിക്കാരനിലെത്തി നേരെ നമ്മുടെ സ്വകാര്യ അഹങ്കാരമായ ഗുരുദ്വാറിലേക്കു പോയി അവിടെ നിന്ന് ഫ്രഷായി ഭക്ഷണം കഴിക്കാനായി പോയി…. . ലോകത്തിലെ ഏതൊരു ഗുരുദ്വാറിലും ഭക്ഷണവും താമസവും ഫ്രീയായിരിക്കും അത് ഏറ്റവും നല്ല ഭക്ഷണവും താമസ സൗകര്യങ്ങളുമായിരിക്കും അത്കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫ്രീ കിച്ചൺ പഞ്ചാബിലെ ഗോൾഡൻ ടെംപിളിലാണ്…. പിന്നിട് നേരെ കസോളിലേക്കു യാത്ര തിരിച്ചു (കസോൾ കഴിഞ്ഞാണ് മണിക്കരൻ ) അവിടെ നിന്ന് സോക്‌സും , കൈ ഉറയും , ഗ്ലൗസും വാങ്ങി തത്കാലം പിടിച്ചു നില്കുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി… അവിടെ നിന്ന് ചലലാൽ വില്ലേജിലേക്കു നടന്നു . ഒരു ഭാഗത്തു പുഴയും മറുഭാഗത്തു കാടും അതിന്റെയിടയിലൂടെ നടന്നാൽ ദൂരെ കുറച്ചു പഴയ കുടിലുകൾ….ദൂരെ ആനയുടെ നെറ്റിപൊലെ തോന്നിപ്പിക്കുന്ന മലനിരകളും അതിൽ മഞ്ഞു വീണതും അതി സുന്ദരമായ കാഴ്ചയായിരുന്നു …. ഉള്ളിൽ പ്രവേശിച്ചപ്പോൾ ശരിക്കുമൊരു അത്ഭുതം എന്നു തന്നെ തോന്നിപ്പോയി…. അതിന്റെയുള്ളിലുടെ നടന്നുപോകുന്ന ടൂറിസ്റ്റുകളെ പ്രതിക്ഷിച്ചു തുറന്നുവെച്ച കടകള് , പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വീടുകൾ , പഴയകാല ഓർമ്മകളെ ഉണ൪ത്തുന്ന രീതിയിലുള്ള ആളുകൾ ..പശുവാണ് പ്രധാന വരുമാന മാർഗമെന്നു തോന്നുന്നു …. അവിടെയുള്ള ഒരു കടയിൽ കയറി ചായകുടിച്ചു…. മലാനയെ കുറിച്ചന്വേഷിച്ചപ്പോൾ കടക്കാരൻ അവിട൦ വരെ പോവേണ്ട, സാധനം ഞാൻ എത്തിച്ചുതരാന്ന് ഏറ്റു….. അവിടെയും ഒരു ചിരി പാസാക്കി കസോളിലേക്കു നടന്നു .റോഡ് തകരാറു കാരണം താത്കാലികമായി മലാലായിലേക്കുള്ള ബസ്സ് ട്രാൻസ്പോർടേഷൻ നിർത്തിവെച്ചിരുന്നു….. ടാക്സിക്കാരായിരുന്നു ഏക ആശ്രയം … റോഡ് തകർന്ന സ്ഥലംവരെ ഇവിടെയുള്ള വണ്ടി പോകുകയുള്ളു പിന്നിട് അവിടന്ന് വേറെ വണ്ടികേറീട്ട് വേണം പോകുവാൻ അങ്ങനെ അങ്ങോട്ടേക്ക് യാത്ര തിരിച്ചു …. ഇന്ത്യയിലെ ഏറ്റവും ഡേഞ്ചർ റോഡിലൊന്നായിരുന്നു മലാനയിലേക്കുള്ള റോഡ് … ഒരു ഭാഗത്തു ഭീമമായ കൊല്ലിയും മറു ഭാഗത്തു പാറക്കൽ പൊട്ടിച്ചു റോഡുണ്ടാക്കിയതിനാൽ എപ്പോൾ വേണമെങ്കിലും വീഴുമെന്ന അവസ്ഥയിൽ ഭീതിപ്പെടുത്തുന്ന പാറകളു൦…. (വീഡിയോ കാണുക) അങ്ങോട്ടേയ്ക്കുള്ള യാത്ര രണ്ടു മണിക്കൂറിന്റെ അടുത്തുണ്ടായിരുന്നു….. പോകുന്ന വഴിയിൽ പാറ വീണ് റോഡ് ബ്ലോക്കാക്കിയിരുന്നു…. ഒരു കണക്കിന് എങ്ങനെയൊക്കെയോ തരണം ചെയ്തു മുന്നോട്ടു നീങ്ങി …. ഈ അടുത്തകാലത്തു കശ്മീരിലെ കാട്ടറ റോഡിൻറെ വിഡിയോസ് കണ്ടിരുന്നു അപ്പോൾ ആഗ്രഹിച്ചതാണ് അതേപോലെ ഒന്ന് യാത്ര ചെയ്യണമെന്ന് അത് ഇത്രപെട്ടെന്ന് നടക്കുമെന്ന് പ്രതിക്ഷിച്ചില്ലായിരുന്നു .

മലാനയിൽ എത്തിയപ്പോൾ തണുപ്പ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു… കൂടെ ഇരുട്ടും … അവിടെയുള്ള ഒരാൾ കുന്നിൻ മുകളിലേക്കു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. ആ കാണുന്ന വീടുകളാണ് മലാന വില്ലേജ് … ദൂരേന്നു നോക്കുമ്പോൾ വളരെ ചെറിയ വീടുകൾ… അധികം ദൂരമുള്ളതുപോലെ തോന്നുന്നതുമില്ല എന്നാൽ അങ്ങോട്ടേയ്ക്ക് വാഹനത്തിനു പോകുവാൻ കഴിയില്ല പകരം ട്രക്കിങ്ങാണ്…. ഏതാണ്ടു 4 കിലോമീറ്റർ ട്രക്കിംഗ് ചെയ്യണം അതും ഈ കൊടും തണുപ്പിൽ …. മെല്ലെ മലകേറി തുടങ്ങിയപ്പോൾ ഇച്ചിരി പേടിയും കേറി തുടങ്ങിയിരുന്നു ഈ ഇരുട്ടത്ത് അടിതെറ്റിവീണാൽ ഒന്ന് താങ്ങി നിർത്താൻപോലും ആരുമുണ്ടാവില്ല …. ഒരു മണിക്കൂറോളം കയറീട്ടും ഞങ്ങൾ ഒരു കിലോമീറ്ററേ കഷ്ട്ടിച്ചു താണ്ടിയുള്ളു… . ഇരുട്ടായതുകൊണ്ടു അധികമൊന്നും വിശ്രമിക്കാതെ മുകളിലേക്കു കയറി… എത്തിയപ്പോൾ അന്തരീക്ഷം തന്നെ മാറിയിരുന്നു …. ഇനി താമസിക്കാനൊരു മുറിവേണം ആരോട് ചോദിക്കണം ? കേട്ട് തുടങ്ങിയ കഥകളിലെല്ലാം മലാന വില്ലേജിലെ ഗ്രാമ വാസികൾ തികച്ചും ക്രൂരമായ റോളുകളാണ് കൈകാര്യം ചെയ്തിരുന്നത് …. ഇനി എന്താണ് മലാന ? ….9,938 ft ലെവലിൽ മൂന്നു പർവതങ്ങളുടെയിടയിൽ സ്ഥിതി ചെയ്യുന്ന കൊച്ചു വീടുകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമം …..അവരുടെ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് കാശി എന്ന ഭാഷയാണ് ടാബൂസ് എന്ന മറ്റൊരു നാമത്തിലും അറിയപ്പെടുന്നു .ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും കഞ്ചാവിന്റെ അല്ലേൽ ഹാഷിഷിനു ഉപജീവിതമാർഗമാക്കി ഒരു ഗ്രാമത്തിലെ ജനങ്ങൾ ജീവിക്കുന്നത് (ചെമ്പരിയാടും) പുറമെ നിന്നുള്ള വിസിറ്റർസ് അവരെ തൊടുവാനോ അവരുടെ വീടുകളിൽ പ്രേവേശിക്കുക , താമസിക്കുക തുടങ്ങിയവ ചെയ്താൽ ഭീമമായ തുക കെട്ടിവെക്കണം . ഇന്ത്യൻ മഹാരാജ്യത്തിന്റെ വികസനത്തിന്റെ മറ്റൊരു മുഖമുദ്രയായിരുന്നു ഗ്രാമത്തിൽപോലും വൈദുതി കിട്ടിയിടുണ്ട്. അവര് സോളാർ പാനൽ ഉപയോഗിച്ചാണ് ഇരുട്ടിനെ മറികടക്കുന്നത് കൂടുതലായി ഹിമാലയത്തിൽ പോയവർക്കൊക്കെ കാണുവാൻ സാധിക്കും കുന്നിന്റെ മുകളിൽപോലും വികസനത്തിന്റെ നാഡിക്കല്ലുകൾ പാകിയിട്ടുണ്ടാകു൦…. . പഴയകാലത്തെ നശിച്ചു തുടങ്ങിയ , ഇപ്പോൾ കെട്ടിപ്പൊക്കിയ കുടിലുകളും , ഹിമാലയത്തിൽ നിന്ന് വന്നു ഇവിടെ കച്ചവടം ചെയ്യുന്നവരും , ചെറിയ കടകളും , വ്യത്തിഹീനമായ രീതിയിൽ ആടിന്റെ തോലുകള് പൊളിച്ചു കൂട്ടിയിട്ടതും , അവരുടെ വസ്ത്രധാരണ രീതി തേന്മാവിൻ കൊമ്പത്തിലെ ഗ്രാമവാസികളെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു , കാതിൽ വലിയ കടുക്കനും , അധികമൊന്നും ഉയരമില്ലാത്ത , മുടികൽ നീട്ടി വളർത്തി , എപ്പോഴും വല്ലതും ചവച്ചു കൊണ്ടിരിക്കുന്ന….. , കൂടുതലും പ്രായമുള്ളവരായിരുന്നു , കാശി ഭാഷയത്കൊണ്ട് തന്നെ എന്താണ് പറയുന്നത് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു…. സാധങ്ങൾ ടൗണിൽ നിന്ന വാങ്ങി അത് ചുമലിൽ കെട്ടി 4 കിലോമീറ്റര് ട്രക്കി൦ങ് ചെയ്ത്കൊണ്ടാണ് അവര് മുകളിലേക്ക്എ ത്തിച്ചുകൊണ്ടിരിക്കുന്നതു ….ദിവസവും 2 കൂടുതൽ തവണ ചെയുന്നയാളുകളുമുണ്ട് അത്കൂടുതലും പ്രായം കൂടിയ ആളുകളായിരുന്നു…. അതിലെ ഭൂരിഭാഗമാളുക്കൾക്കും ഇന്ത്യയിലെ പ്രധാന മന്ത്രിയാരാണ് , എന്താണ് വോട്ടിംഗ് , എന്താണ് ജനാധിപത്യം എന്തിനേറെ പറയുന്നു നോട്ട് നിരോധനം അറിയുന്നത് പുതിയ നോട്ടുകളുമായി ഹാഷിഷ് വാങ്ങുവാനെത്തുന്ന വിസിറ്റർസ് വരുമ്പോഴാണ്……!! ഇവരെയൊക്കെയാണ് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രേമിക്കുന്നത്.

ഇനിയാണ് ആളുകൾ തേടിവരുന്ന മലാന ക്രീമിനെകുറിച്ച് …ഒരു പേസ്റ്റ് രൂപത്തിലാണ് സാധനം കിട്ടുക 10 ഗ്രാമിന് 2500 ആണ് കോമണായിട്ടുള്ള റേറ്റ്…. പക്ഷെ അതിലും കൂടുതലുള്ളതുമുണ്ട് …. ഇത് ശിവൻ ഉപയോഗിച്ചിരുന്ന സാധനമാണ് അതിനാൽ തന്നെ നമ്മുടെ ചിന്താശക്തികൾക്കു ഒരു എക്സ്ട്രാ പവർ ലഭിക്കുമെന്നും , നമ്മുടെ മനസിന്റെ പിരിമുറുക്ക൦ ഇല്ലാതാക്കുവാൻ സാധിക്കുമെന്നാണ് ഉപയോഗിക്കാൻ വരുന്നവരുടെ കണ്ടെത്തലുകള്… മലയിറങ്ങി ടൗണിലേക്ക് പോകുമ്പോൾ സാധനത്തിന്റെ വില നാലിരട്ടിയായിരിക്കും ….. തെട്ടടുത്തുള്ള കടക്കാരനോട് താമസസൗകര്യം ചോദിച്ചപ്പോൾ ടെന്റ്റ് ഏർപ്പാടാക്കി തന്നു . കുട്ടികാലം മുതലേയുള്ള ആഗ്രഹമായിരുന്നു കുന്നിൻ മുകളിൽ ചെന്ന് ടെൻറ്റ് കെട്ടി താമസിക്കുക …. നിശബ്ദമായി കിടക്കുന്ന ആകാശത്തു നോക്കി നക്ഷത്രങ്ങളോട് കിന്നാരം ചൊല്ലുക , ഭീതിപ്പെടുത്തുന്ന മലയെ നോക്കി നിന്നെ ഞാൻ കീഴടക്കിയല്ലോന്നു ചൊല്ലി കൊഞ്ഞനം കുത്തുക , അമ്പിളി അമ്മാവനെ നോക്കി കണ്ണിറുക്കി കാണിക്കുക , ഏറ്റവും ഉച്ചത്തിൽ കൂക്കി വിളിക്കുക , പൊട്ടി ചിരിക്കുക , വിഷമങ്ങളും സന്തോഷങ്ങളും തള്ളി താഴ്ചയിലേക്കിടുക , ഇങ്ങനെയുള്ള ഭ്രാന്തമായ ആഗ്രഹങ്ങൾ നടക്കുവാൻ പോകുവയാണെന്നു ഓർത്തപ്പോൾ വല്ലാത്തൊരു സന്തോഷത്തിലായിരുന്നു . നമ്മുടെ ടെന്റിന്റെ അടുത്തുതന്നെ ഒരു കൂടാരം കെട്ടിയിരുന്നു അതിൽ തീ കായാനുള്ള സൗകര്യവും , തൊട്ടടുത്ത് ഒരു അടുക്കളയും ഉണ്ട് ,തണുപ്പ് ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിരുന്നു…. ഫോണിലേക്കു നോക്കിയപ്പോൾ 4 ആയിരുന്നു … നേരെ കൂടാരത്തിലേക്കു കയറി തീകായുവാനുള്ള ശ്രമത്തിലായിരുന്നു … ചുറ്റും മങ്ങിയ വെളിച്ചം നൽകിയിരുന്നു , ചെവി പൊട്ടുന്ന രീതിയിൽ പാട്ടു വെച്ചിരുന്നു അതും റാപ് സോങ്സ് , ചുറ്റും വട്ടത്തിലായി ഞങ്ങളിരുന്നു അതിൽ മിടുക്കനായൊരുത്തൻ മലാന ക്രീമിനെ കഷ്ണങ്ങളായി ചെറിയ രീതിയിൽ മുറിച്ചെടുത്തു ഒരു ചെറിയ പുക കുഴലിൽ കയറ്റി അറ്റത്തു കത്തിച്ചു വലിച്ചെടുക്കാൻ തുടങ്ങി അപ്പോഴാണ് ഓർമ്മ വന്നത് നീലാകാശത്തിൽ ദുൽഖർ കത്തിച്ചു വിട്ടത് ഇതായിരുന്നല്ലേ ഹമ്പടാ കള്ളാ . അവർക്കു മലാനെ ക്രീമിനെകുറിച്ചു പറയുവാൻ നൂറു നാക്കുകളാണ് ശിവന്റെ സാധനമായത്കൊണ്ടു തന്നെ ശിവന്റെ പ്രാർഥിച്ചിടാണ് ആരംഭിക്കുന്നത് …. അവിടെ നിന്ന് ഹയർ സെക്കണ്ടറി പഠിക്കുന്ന രണ്ടു കുട്ടികളെ പരിചയപ്പെട്ടു ….നോർത്ത് ഇന്ത്യൻസായിരുന്നു… അവരുടെ പുകയെടുക്കുമ്പോൾ മനസിലാകുന്നുണ്ട് ഇത് എന്തായാലും ആദ്യത്തെയല്ല ….അതും ഇത്ര ചെറുപ്പത്തിൽ വല്ലാതെ സങ്കടത്തോടെ നോക്കിയിരുന്നു .നേരെ ടെന്റിലേക്കു പോയി കിടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു ജലന്തറിൽ നിന്ന് മണിക്കരനിലേക്കുള്ള ബസ് യാത്ര വല്ലാതെ മടുപ്പിച്ചിരുന്നു പോരാത്തതിന് ട്രെക്കിങ്ങും അത്കൊണ്ട് തന്നെ ശെരീരം ഉറക്കിനെ തേടിയിരുന്നു . അതിരാവിലെ എണീക്കുമ്പോൾ കുന്നിൻ മുകളിലെ ഉദിച്ചു നിൽക്കുന്ന സൂര്യനെ പേടിച്ചു തണുപ്പ് കുറച്ചൊക്കെ അടങ്ങിയിരുന്നു , ഒരു നല്ലൊരു കട്ടൻ ചായക്ക് പറഞ്ഞു നോക്കാത്ത ദൂരത്തു കണ്ണും നട്ടിരുന്നപ്പോൾ മറുഭാഗത്ത് പിള്ളേര് ബാക്കിയുള്ള ക്രീം അടിച്ചു തീർക്കാനുള്ള ഒരുക്കത്തിലായിരുന്നു. ദൂരേന്നു നമ്മളെ പേടിപ്പെടുത്തിയ മലകൾ അതിന്റെ മുകളിലെത്തിയാൽ നമ്മുടെ കാൽക്കീഴിൽ അനുസരണയുള്ള പട്ടിക്കുട്ടിയെപ്പോലെയിരിക്കും …. ആ കുന്നിൻ മുകളിൽ നിന്ന്കൊണ്ട് എനിക്ക് കിട്ടിയ ആ ഫീൽ നിങ്ങളോടു എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്കറിയില്ല…. അതേപോലെ ചില കാഴ്ചകൾ ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാനും പറഞ്ഞറിയിക്കാനും പറ്റിയെന്നു വരില്ല കാരണം അതിനെ മനസിലാക്കി തരാനുള്ള ടെക്നോളജി ഇല്ല എന്നതാണ് വാസ്തവം .

എല്ലാം കഴിഞ്ഞു ആ വില്ലേജിന്റെ ഉള്ളിലൂടെ നടന്നപ്പോൾ പലയളുകളെയും കാണുന്നുണ്ട് , ചിരിക്കാൻ ശ്രമിക്കുന്നുണ്ട് ..പക്ഷെ പണ്ടാരോ എഴുതിവെച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ അവർ ഞങ്ങളോട് ചിരിക്കാൻ പാടില്ല … എനിക്കവരോട് പറയണം ലോകം വളരെ വലുതാണ് അതിൽ ഒരു ഉറുമ്പിന്റെ വലിപ്പ൦ പോലുമില്ലാത്തവരാണ് നിങ്ങൾ , നിങ്ങളിൽ കെട്ടിവെച്ചിരിക്കുന്ന ചങ്ങലക്കളെ പൊട്ടിച്ചെറിയു നിങ്ങളെ കുട്ടിക്കൾക്കെങ്കിലും വലിയൊരു ലോകത്തെ നൽകു …… അവര് വളരട്ടെ ലോകത്തിന്റെ ഉന്നതിയിൽ അവരുടെ പേരുകളും മുഴങ്ങട്ടെ…. . രാത്രിയിൽ കേറിയതുകൊണ്ടു തന്നെ തിരിച്ചിറങ്ങുവാനുള്ള കറക്റ്റ് വഴി അറിയില്ലായിരുന്നു അപ്പോഴാണ് ദൈവ ദൂതനെപോലെ ഒരു പട്ടി മുന്നിൽ വഴി കാണിക്കാനെത്തിയത് അതിനെ പിന്തുടർന്ന് താഴോട്ടിറങ്ങി ഒരുപാട് ഓർമകളും പുതിയ അറിവുകളുമായി…. അത്കൊണ്ടാണ് വലിയ ആളുകൾ പറയുന്നത് നിങ്ങൾ ഉയർച്ചയിലെത്തുമ്പോൾ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് പുതിയ അറിവുകളും വ്യത്യസ്തമായ അനുഭവങ്ങളുമായിരിക്കുമെന്ന് …. ഞങ്ങൾ അവിടെ നിന്ന് ടാക്സിപിടിച്ചു ടൗണിലേക്ക് പോകുമ്പോൾ പോലീസ് ചെക്കി൦ങ്ങുണ്ടായിരുന്നു മാറി മാറി പരിശോധിച്ചെങ്കിലും പാവത്തിന് എന്റെ കൈയ്യീന്ന് ഒന്നും കിട്ടാത്തതിന്റെ നല്ല വിഷമമുണ്ടായിരുന്നു പക്ഷെ യഥാർത്ഥ ലഹരി ഞാൻ വേണ്ടുവോളം ആസ്വദിച്ചെന്നു പുള്ളിക്കാരന് അറിയില്ലലോ …. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..

Credits: Suhail Salam

Share this post: