കൊറോണ കാരണം കഴിഞ്ഞ ഏഴുമസമായി ജീവിതം പൊറുതിമുട്ടി ഇരിക്കുമ്പോഴാണറിയുന്നത് കർണാടക തമിഴ്നാട് ആന്ധ്രയിലെ ടൂറിസം മേഖല ലോക്ക്ഡൌൺ ഇളവ് നൽകികൊണ്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു എന്ന്. അറിയേണ്ട താമസം ഡ്യൂട്ടിക്കിടയിൽ ഇപ്പോൾ കിട്ടുന്ന പരമാവധി ലീവായ മൂന്ന് ദിവസവുമെടുത്തു സുഹൃത്തുക്കളായ ജീവ, ഗോകുലിനെയും കൂട്ടി നേരെ ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന കൂർഗിലേക്കു ബുള്ളറ്റ് എടുത്തിറങ്ങി. മുൻപ് പോയിട്ടുള്ളതുകൊണ്ട് ആനക്കൂട്, ബോട്ടിങ് ഗാർഡൻ മുതലായ പൊതു വിനോദസഞ്ചാര കേന്ദ്രങ്ങൾ മനഃപൂർവം ഒഴിവാക്കികൊണ്ട് മൊത്തത്തിൽ കൂർഗ് ഒന്നരിച്ചു പെറുക്കി ഒരു മൺസൂൺ ബുള്ളറ്റ് റൈഡ് മാത്രമായിരുന്നു ലക്ഷ്യം. പിന്നെ മൺസൂണായതുകൊണ്ട് ഏതെങ്കിലും മല കൂടി കയറിയാൽ അടിപൊളിയിരിക്കും എന്നുകരുതി ട്രക്കിങ്ങിനായിട്ട് പുഷ്പഗിരി മലയും തിരഞ്ഞെടുത്തു.
പ്രധാനമായിട്ടും ബുള്ളറ്റ് സഫാരിക്ക് മുൻതൂക്കം നൽകികൊണ്ടുള്ള യാത്രയായതുകൊണ്ട് പതിവ് ബാംഗ്ലൂർ മൈസൂർ കൂർഗ് റൂട്ട് മാറ്റിപിടിച്ചു. പുതുചേരിയിൽ നിന്ന് തിരുവണ്ണാമലെ, അവിടുന്ന് ധർമഗിരി, ധർമഗിരിയിൽ നിന്ന് രത്നഗിരി. പിന്നെ കബനി വനത്തിലൂടെ മൈസൂർ. മൈസൂരിൽ നിന്ന് നേരെ കൂർഗ് എന്നിങ്ങനെ റൂട്ട് പ്ലാൻ ചെയ്തു. കൂർഗിലെ മടിക്കേരി ഇബ്നി സ്പ്രിംഗ്സ് റിസോർട്ടിൽ താമസവും ശെരിയാക്കി. അങ്ങനെ രാവിലെ ഏഴുമണിക്ക് തുടങ്ങിയ യാത്ര വൈകിട്ടു ഏഴുമണിയോടെ റിസോർട്ടിൽ ചെന്നവസാനിച്ചു.
തീർത്തും മനോഹരമായ ഒരു യാത്ര. പൂപാടങ്ങളും, വയലുകളും, നിരവധി പച്ചക്കറി പാടങ്ങളും പിന്നെ കബനി വനത്തിലൂടെയുള്ള യാത്രയും ഒക്കെ കൂടി മനസ്സിന് സംതൃപ്തി കിട്ടിയൊരു സുന്ദര യാത്രാ. യാത്രക്കു ഇരട്ടിമധുരം നൽകിയത് നിർത്താതെ പെയ്ത ചാറ്റൽ മഴയാണ്. ഒന്ന് നനഞ്ഞു കഴിഞ്ഞാൽ ഗ്രാമങ്ങൾക്ക് ഭംഗി ഒന്നുകൂടെ കൂടും. അതുകൊണ്ടുതന്നെ ഒട്ടുംമുഷിപ്പ് തോന്നിപ്പിക്കാത്ത ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി. പേരുകേട്ട ഗുണ്ടൽപ്പേട്ട് ഗൂഡല്ലൂർ വഴിയേക്കാൾ ഭംഗി തോന്നി ഇവിടുത്തെ ഗ്രാമങ്ങൾക്ക്. പക്ഷെ സഞ്ചാരികൾ ആരുംതന്നെ ഈ വഴിയേപറ്റിയധികം പറഞ്ഞു കേട്ടിട്ടില്ല. എന്നാൽപ്പിന്നെ കുറച്ചു കാര്യമായി എഴുത്തണമെന്ന് അപ്പോഴേ മനസ്സിൽ കുറിച്ചിട്ടിരുന്നു. നിങ്ങൾ ഒരു യാത്ര പ്രേമിയാണെങ്കിൽ ഒരിക്കലെങ്കിലും ഈ വഴിയിലൂടെ സഞ്ചരിച്ചിരിക്കണം. പറ്റുമെങ്കിൽ മൺസൂൺ കാലത്തുതന്നെ യാത്ര ചെയ്യണം. കുറഞ്ഞപക്ഷം ഇനി വരാൻപോവുന്ന മഞ്ഞുകാലം കഴിയുന്നതിനുമുൻപെങ്കിലും പോവണം. ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു ഈ പോണ്ടിച്ചേരിയോട് ചേർന്ന് സഞ്ചരിച്ചിട്ടുള്ളതിൽവെച്ചു ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലം ഏതാണെന്ന്. എടുത്തവായിക്ക് ഞാൻ പറഞ്ഞു കൊള്ളിമല. കേട്ടപാതി കേൾക്കാത്തപാതി പുള്ളി കൊള്ളിമലക്ക് വെച്ചുപിടിച്ചു. പോയിവന്നു എന്നെ നിർത്താതെ കുറെ തെറി വിളിച്ചു. അവിടെ എന്തു തേങ്ങയാണ് കാണാൻ ഉള്ളതെന്ന് ചോദിച്ചായിരുന്നു തെറി മുഴുവൻ. ശെരിക്കും ഓരോ സ്ഥലം കാണാൻ അതിന്റെതായ ഒരു സമയം ഉണ്ട്, ഒരു സീസണുണ്ട്, അപ്പോൾ പോയെങ്കിൽ മാത്രമേ ആ സ്ഥലം പൂർണമായിട്ടും ആസ്വദിക്കാൻ സാധിക്കു. പിന്നെ സഞ്ചരിക്കുന്ന ആളിന്റെ അഭിരുചിയും ഒരു പ്രധാനഘടകമാണ്. കൊള്ളിമല എനിക്ക് പ്രിയപ്പെട്ടതായത് ഒരു റൈഡർ എന്നനിലയിലാണ്. വളഞ്ഞു തിരിഞ്ഞു പിണഞ്ഞു കിടക്കുന്ന ആ എഴുപതു ഹെയർപിൻ റോഡിലൂടെ ഉള്ള യാത്ര ഒരു റൈഡർ എന്ന നിലയിൽ എനിക്ക് തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ സാധിക്കില്ല. പറഞ്ഞുവന്നത് മുകളിൽ പറഞ്ഞ റൂട്ടിലൂടെ യാത്ര ചെയ്യുന്നെങ്കിൽ ഈ മൺസൂൺ കാലത്ത് യാത്രചെയ്യണം. എങ്കിൽ നിങ്ങൾക്ക് ഈ സ്ഥലം തീർച്ചയായും ഇഷ്ട്ടമാകും. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ചെട്ടി, ജമന്തി, റോസാപാടങ്ങളും, വയലുകളും, പിന്നെ തക്കാളി വെണ്ടയ്ക്ക, പയർ തുടങ്ങി ബ്രോക്കോളി വരെ കൃഷി ചെയ്യുന്ന പച്ചക്കറിപാടങ്ങളും, കബനി വനത്തിലൂടെയുള്ള യാത്രയും ഒക്കെക്കൂടി നിങ്ങളിലെ സഞ്ചരിയെ തൃപ്തിപ്പെടുത്തും. വഴിയും അത്യാവശ്യം നല്ലതാണ്. എങ്കിലും, ചില സ്ഥലത്തെ റോഡിലുള്ള കുഴികളും, സ്പീഡ് ബ്രേക്കറുകളും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. മൊത്തത്തിൽ നോക്കുമ്പോൾ ഒരു എൺപതു ശതമാനത്തോളം നല്ല വഴി തന്നെയാണ്.
അങ്ങനെ വൈകിട്ടോടെ ഞങ്ങൾ മടിക്കേരി റിസോർട്ടിലെത്തി. അത്യാവശ്യം നല്ല റിസോർട്ട് തന്നെയായിരുന്നു ഇബ്നി. എങ്കിലും മികച്ചത് എന്ന അഭിപ്രായം ഇല്ല. കയ്യിൽ കാശുള്ളവർക്ക് വെറുതെ വന്നു പൊട്ടിച്ചുകളയാൻ പാകത്തിന് ഇഷ്ടംപോലെ പേരുകേട്ട റിസോർട്ടുള്ള സ്ഥലമാണ് മടിക്കേരി. യാത്രക്ഷീണവും, മടിക്കേരിയുടെ തണുപ്പും ചേർന്ന് അന്ന് രാത്രി ഞങ്ങളെ സുഖമായി ഉറക്കി. നന്നായി ഉറങ്ങി ക്ഷീണമൊക്കെ മാറ്റി രാവിലെ എഴുന്നേറ്റപ്പോൾ കോരിച്ചൊരിയുന്ന മഴ. പ്രഭാത ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞിട്ടും മഴ കുറയുന്ന ലക്ഷണമൊന്നുമില്ല. പിന്നെ രണ്ടും കൽപ്പിച്ചു കോട്ടുമിട്ടു മഴയത്തിറങ്ങി. മടിക്കേരിയിൽനിന്നും അബി വാട്ടർഫോൽസ്. ഇഷ്ടംപോലെ വെള്ളമുള്ളതുകൊണ്ട് വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അവിടെനിന്നു കുറെ ചിത്രങ്ങളും എടുത്തിറങ്ങുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. വീണ്ടും കൂർഗ്. അവിടുന്ന് കൂർഗ് സ്പെഷ്യൽ മിന്റ് ചിക്കൻ ബിരിയാണിയും കഴിച്ചു പുഷ്പഗിരി മലയിലേക്ക് യാത്ര തുടർന്നു.
അമ്പതഞ്ചു കിലോമീറ്ററുണ്ട് പുഷ്പഗിരിക്ക്. പലയിടത്തും റോഡുകളെല്ലാം മഴപെയ്തു നാശമായി കിടക്കുകയായിരുന്നു. അങ്ങനെ പ്രതീക്ഷിക്കാതെത്തന്നെ വളരെ മികച്ച ഓഫ്റോഡ് എക്സ്പീരിയൻസ് കൂടെ യാത്രക്കിടയിൽ ലഭിച്ചു. പുഷ്പഗിരി എത്തിയപോഴേക്കും സമയം നാലോടടുത്തിരുന്നു. മലയുടെ കുറച്ചു ഭാഗം ബുള്ളറ്റ് ഓടിച്ചു കയറ്റി. പിന്നെ ഒരു ടൂറർ ബൈക്ക് കട്ട ഓഫ്റോഡ് കയറ്റി ഉള്ള നട്ടും ബോൾട്ടും ഇളക്കണ്ട എന്ന് കരുതി ഒരു സൈഡിലേക്ക് ഒതുക്കിവെച്ചു ബാക്കി മല നടന്നു കയറാൻ തുടങ്ങി. മൊത്തത്തിൽ ആറോ എഴോ കിലോമീറ്റർ ദൂരമുണ്ട് ഈ ട്രക്കിങ്ങിന്. ഏകദേശമൊരു രണ്ടുകിലോമീറ്ററോളം കയറിക്കഴിഞ്ഞപ്പോൾ ഫോറെസ്റ്റ് ഗാർഡുകളെ കണ്ടു. സമയം കഴിഞ്ഞെന്നു പറഞ്ഞു ഞങ്ങളെ അവർ മടക്കി അയച്ചു. ട്രക്കിങ്ങിനു വരുകയാണെങ്കിൽ ഉച്ചക്ക് ഒരു പത്രണ്ടു മണിയോടടുപ്പിച്ചെങ്കിലും വരണമെന്നൊരു ഉപദേശവും തന്നു. ട്രക്കിങ്ങ് പൂർത്തിയാക്കാൻ പറ്റാത്തതിൽ വിഷമമുണ്ടായിരുന്നെങ്കിലും മഴയും, മഴയൊന്നു കുറയുമ്പോൾ പൊതിയുന്ന മൂടൽമഞ്ഞും ചേർന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. “മഞ്ഞു വന്നു പൊതിയുമ്പോൾ എന്റെ സാറേ… ചുറ്റുമുള്ളതൊന്നും കാണാൻപറ്റൂല….” മഴ പെയ്യുമ്പോൾ, മഞ്ഞു മൂടുമ്പോൾ നിന്റെ കൈപിടിച്ച് ഒരിക്കൽക്കൂടെ ഈ മലയുടെ മുകളിലെത്തണം. ഇപ്പോൾ നീ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു എത്രമാത്രം കൊതിച്ചുപോയിന്നു അന്ന് നിനക്ക് മനസിലാകും. തിരിച്ചിറങ്ങുമ്പോൾ ആഗ്രഹങ്ങളുടെ എഴുതുപുസ്തകത്തിന്റെ താളുകളിലേക്ക് ഇതുകൂടെ കുറിച്ചിട്ടു.
മലയിറങ്ങി വേറൊരു റൂട്ടിലൂടെ റിസോർട്ടിലേക്കു മടക്കയാത്ര തുടങ്ങിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഏതൊക്കെയോ കാട്ടിലൂടെയാണ് യാത്ര. പൊതുവെ കർണാടക, ആന്ധ്രയിലെ ഡ്രൈവർമാർ ആരുംതന്നെ പാസ്സ് അടിച്ചാൽ ലൈറ്റ് ഡിം ആക്കി തരൂലാ. അഞ്ചും ആറും എക്സ്ട്രാ ലൈറ്റ് കൂടെവെച്ചിട്ടുണ്ടെങ്കിൽ എതിരെ വരുന്നവന്റെ കാര്യം പോക്കാണ്. അങ്ങനെ മല കയറിവരുമ്പോൾ ഒരു ഇന്നോവ അഞ്ചാറ് ലൈറ്റൊക്കെ ഇട്ടു കത്തിച്ചു വരുന്നു. കാര്യമില്ലെങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട് പാസ്സ് അടിച്ചു നോക്കി. ഒരു രക്ഷയുമില്ല, വെട്ടം കണ്ണിലേക്ക് അടിച്ചു കയറ്റി ഫുൾ ബ്രൈറ്റിൽ അതെന്നെയും കടന്നു പോയി. ഒന്നും കാണാൻ വയ്യാതെ വഴി ഏത് കുഴി ഏതെന്നറിയാതെ, വണ്ടിയോടിച്ചവന്റെ ഒരു പരമ്പരക്ക് തെറിവിളിച്ചുകൊണ്ട്, ബുള്ളറ്റ് പരമാവധി സ്ലോ ആക്കി. പക്ഷെ പെട്ടന്ന് ഒരു കുഴിയിൽ ചാടി എന്റെ ബാലൻസ് പോയി, ചെറുതായി ഒന്ന് വീണു. പടച്ചട്ടയൊക്കെയിട്ടുകൊണ്ടു വണ്ടി ഓടിച്ചതു കൊണ്ട് ഒരു പോറൽ പോലും പറ്റിയില്ല. ഭാഗ്യം എന്നല്ലാതെ വേറെയെന്തു പറയാൻ. വണ്ടിയോടിക്കുമ്പോൾ കാണിക്കേണ്ട സാമാന്യ മര്യാദ വളയം പിടിക്കുന്നവർ കാണിക്കുന്ന കാലംവരെ എന്നെപോലെയുള്ള നിസ്സഹായർ കുഴിയിൽ വീണുകൊണ്ടേ ഇരിക്കും. അതുകൊണ്ട് ഇതുവായിക്കുന്ന എല്ലാവരോടുമുള്ള അപേക്ഷയാണ് എക്സ്ട്രാ ലൈറ്റ് കഴിവതും ഒഴിവാക്കുക. ഇനി വെച്ചിട്ടുണ്ടെൽ ഡിം അടിച്ചു കൊടുക്കാനുള്ള മനസലിവ് കൂടെ കൊണ്ട് നടക്കുക. കാതടപ്പിക്കുന്ന ഹോണും, എതിരെ വരുന്നവന്റെ കണ്ണിലെ ഫിലമെന്റ് അടിച്ചുപോകുന്ന തരത്തിലുള്ള ലൈറ്റും വെച്ച് റോഡിലിറങ്ങി ഒരു ആന്റിസോഷ്യൽ ആകാതിരിക്കുക.
മഴ നനഞ്ഞു കുതിർന്നു റിസോർട്ടിൽ ചെന്നു കയറി ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കിയപ്പഴാണ് ശരീരത്തിന്റെ വിറയൊന്നു നിന്നത്. അന്ന് ചിക്കൻ ടിക്കയും, പെപ്പർ ചിക്കനും, ഗാർലിക് റൈസും കൂട്ടി കുശാലയിട്ട് കഴിച്ചു നല്ല സുഖമായി രാവിലെ പതിനൊന്നു മണി വരെ ഉറങ്ങി. പന്ത്രണ്ടു മണിയോടെ റിസോർട്ടിൽ നിന്ന് ഇറങ്ങി. ഇനി മടക്കയാത്ര. പോകും വഴി വേറെ സ്ഥലങ്ങൾ ഒന്നും കേറി കാണാൻ നിന്നില്ല. എല്ലാവർക്കും നാളെ രാവിലെ അവരവരുടെ ജോലിക്ക് കയറണം. അതുകൊണ്ട് എത്രയുംപെട്ടന്ന് വീട്ടിലെത്തണം. മലവഴികളും ഇടവഴികളും ഒഴിവാക്കി നേരെ മൈസൂർ. അവിടുന്ന് ബാംഗ്ലൂർ. ബാംഗ്ലൂർ സിറ്റിയിൽ കയറാതെ നൈസ് റോഡ് വഴി സേലം റൂട്ടിൽ കയറി കൃഷ്ണഗിരി. കൃഷ്ണഗിരിയിൽ നിന്ന് തിരുവണ്ണാമലെ വഴിയിലേക്ക് തിരിഞ്ഞു നേരെ പോണ്ടിച്ചേരി. രാത്രി ഒരു മണിയോടെ വീട്ടിൽ വന്നു കയറിയപ്പോൾ ആയിരത്തറുന്നൂറ് കിലോമീറ്ററിനു അടുത്ത് വണ്ടി ഓടിക്കഴിഞ്ഞിരുന്നു. കുറേനാളായി അധികം ഓട്ടമൊന്നുമില്ലാതിരുന്നകൊണ്ട് വണ്ടിക്ക് പഴയ പെർഫോമൻസിൽനിന്ന് ചെറിയ ഇടിവ് വന്നിട്ടുണ്ടെന്നു മനസ്സിലായി. വണ്ടി ഒന്ന് കാര്യമായി സർവീസ് ചെയ്യണം. വീണ്ടും പഴയപോലെ ഉഷാറാക്കിയെടുക്കണം.
യാത്രകൾ തുടരണം.
Credits : Bullet Suku
No Comments