3 അന്തർരാഷ്ട്ര അതിർത്തി
6 കേന്ദ്രഭരണ പ്രദേശങ്ങൾ
28 സംസ്ഥാനങ്ങൾ
51 ദിവസം
16,804 കിലോമീറ്റർ
ഏകദേശം ചിലവ് : 1.5 lakh ( diesel – 70k) ( താമസം പല ദിവസങ്ങളിലും സുഹുർത്തുക്കൾക്ക് ഒപ്പം ആയിരുന്നു )
‘ ഒരു ദേശി ഡ്രൈവ് ‘ കഴിഞ്ഞു ഞാനും മകനും ഇന്നലെ തിരിച്ചെത്തി.
പ്രതിസന്ധികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും , തയ്യാറാക്കിയ പ്ലാൻ അപ്പാടെ മാറ്റേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. യാത്ര പുറപ്പെടുമ്പോൾ ബസ്തറിലെ നക്സലൈറ്റസും, ആസ്സാമിലെ ബോഡോ തീവ്രവാദികളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകളും ഒക്കെ ആയിരുന്നു എന്റെ ഉറക്കം കെടുത്തിയത്. പക്ഷേ യാത്ര നാലാഴ്ച പിന്നിട്ടപ്പോൾ കോറോണയുടെ രൂപത്തിൽ ആയിരുന്നു തലയിൽ ഇടിത്തീ പതിച്ചത്.
യാത്രകളും ജീവിതം പോലെ തന്നെയാണല്ലോ … നിനച്ചിരിക്കാതെ ആയിരിക്കുമല്ലോ പലതും വന്നു ചേരുക.
ആദ്യത്തെ ആഴ്ചകൾ അതിമനോഹരമായിരുന്നു. വിചാരിച്ച പോലെ ഗ്രാമങ്ങളിലൂടെ പച്ചയായ മനുഷ്യ ജീവിതങ്ങൾ കണ്ടു സഞ്ചരിക്കാൻ പറ്റി. തമിഴ്നാടും , തെലങ്കാനയും, ഒഡിഷയും , ഛത്തിസ്ഗരും , ആന്ധ്രയും ബംഗാളും , ആസ്സാമും, നാഗാലാൻഡും, മണിപ്പൂരും എല്ലാം മറക്കാൻ പറ്റാത്ത ഒരുപാട് കാഴ്ചകൾ സമ്മാനിച്ചു.
മിസോറാം എത്തിയപ്പോഴാണ് കോറോണയുടെ രണ്ടാം വരവ് സ്ഥിതീകരിച്ചത്. പല സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. മകൻ കൂടെയുള്ളത് എനിക്ക് ആദ്യമായി ഭാരമായി അനുഭവപ്പെട്ടു. അവനെ സുരക്ഷിതനായി വീട്ടിലെത്തിക്കുന്നത് മാത്രമായിരുന്നു മുന്നിൽ. എങ്ങനെയെങ്കിലും ഐസവാളും, ത്രിപുരയും കണ്ടു ഷില്ലോങ്ങിൽ എത്തി.
മൂന്നു വഴികളായിരുന്നു മുന്നിൽ. ഒന്ന് മകനെ ഗുവാഹത്തിയിൽ നിന്ന് ഫ്ലൈറ്റിൽ നാട്ടിലേക്കയക്കുക, രണ്ട് കാർ ഗുവാഹത്തിയിൽ ഇട്ടു നാട്ടിലേക്ക് പോകുക, മൂന്നു യാത്ര തുടരുക. ഒറ്റക്ക് തിരികെ പോകാൻ മകൻ വിസമ്മതിച്ചു. റോസ് മോളേ ഗുവാഹാട്ടിയിൽ ഒറ്റക്കാക്കി പോകാൻ മനസ്സ് അനുവദിച്ചില്ല.
ഉറ്റ സുഹൃത്തുക്കൾ യാത്ര പൂർത്തിയാക്കാൻ പ്രേരിപ്പിച്ചു. കാരണം ഒരുപാടു രാത്രികൾ ഉറക്കമിളച്ചു തയ്യാറാക്കിയ യാത്രയാണ്. വളരെ ബുദ്ധിമുട്ടി കിട്ടിയ ലീവ് ആണ്. ഇനി ജീവിതത്തിൽ ഇങ്ങനെ ഒരു യാത്ര ഒരുപക്ഷെ ഉണ്ടാകില്ല. അത് കൊണ്ട് തുടങ്ങി വെച്ചത് പൂർത്തിയാക്കി വരാൻ അവർ നിർബന്ധിച്ചു.
വന്ന വഴിയേ തിരികെ പോകണമെങ്കിൽ 7 -8 സംസ്ഥാനങ്ങൾ കടക്കണം, ചുരുങ്ങിയത് ഒരാഴ്ച എടുക്കും . ഈ സംസ്ഥാനങ്ങളിൽ എല്ലാം തന്നേ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു. വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾ സുരക്ഷിതമായിരുന്നു. കേസുകൾ കുറവ്, എത്താൻ രണ്ടു ദിവസം മതി. പഞ്ചാബിലെ സുഹൃത്ത് ഗീതയുടെ നിർബന്ധം കൂടി ആയപ്പോൾ അങ്ങോട്ട് പോകാൻ തീരുമാനിച്ചു. അതിനു മുമ്പ് സിക്കിം കണ്ടിറങ്ങി. രണ്ടു ദിവസം കൊണ്ട് ബിഹാർ, ഉത്തർ പ്രദേശ് , ഡൽഹി , ഹരിയാന വഴി ലുധിയാന എത്തി. അവിടുന്ന് ജമ്മു , ശ്രീനഗർ കണ്ടു സോനാമാർഗിൽ പോയി.
സോനാമാർഗിൽ എത്തിയപ്പോഴേക്കും കേരളത്തിലെ സ്ഥിതികൾ മോശമായി തുടങ്ങി. കേസുകൾ മുപ്പത്തി അയ്യായിരം കടന്നു. ഒരു ആരോഗ്യ പ്രവർത്തക എന്ന നിലയിൽ എന്റെ മനസ്സിൽ അത് ഒരുപാട് സംഘര്ഷങ്ങൾ ഉണ്ടാക്കി. തിരിച്ചു ഡ്യൂട്ടിക്ക് കയറണം എന്ന് മാത്രമായി ചിന്ത. സുഹൃത്തായ ജോ ക്ക് ലേയിൽ വന്നു പത്തു ദിവസം നിൽകാം എന്ന് കൊടുത്ത വാക്കു വിഷമത്തോടെ ഞാൻ തെറ്റിച്ചു. സോജില്ല പാസിൽ കൂടി ഖുംരി വരെ പോയി ഞാൻ നാട്ടിലിലേക്ക് മടങ്ങി.
തിരിച്ചു വരവിലെ യാത്ര അവിസ്മരണനീയമായിരുന്നു. എല്ലായിടത്തും ലോക്ക് ഡൌൺ ആയതു കൊണ്ട് ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി സുഹൃത്തുക്കൾ വഴിയിൽ ഭക്ഷണ പൊതിയുമായി കാത്തു നിന്നത് ഒരിക്കലും മറക്കാൻ ആകില്ല.
തിങ്കളാഴ്ച ജമ്മുവിൽ നിന്ന് പുറപ്പെട്ടു വ്യാഴാഴ്ച വൈകിട്ട് 3700 km താണ്ടി കൊച്ചിയിൽ എത്തി. കൊച്ചിയിൽ നിന്നും ആലപ്പുഴ വരെ വണ്ടി ഓടിക്കാൻ വിമുഖത കാണിക്കുന്ന ഞാൻ എന്നേ തന്നേ ഞെട്ടിച്ചു !
സ്ത്രീ സഞ്ചാരികളോട് ഒന്നേ പറയാനുള്ളു. ഒരു സാധാരണ സ്ത്രീയായ എനിക്ക് ഇതു പറ്റുമെങ്കിൽ നിങ്ങളേ കൊണ്ടും ഇതു സാധിക്കും.ഒരു സ്ത്രീക്ക് തരണം ചെയ്യാൻ പറ്റാത്ത ഒരു പ്രതിബന്ധവും ഈ ലോകത്തിൽ ഇല്ല. കല്യാണം കഴിഞ്ഞത് കൊണ്ടോ , കുട്ടികൾ ഉള്ളത് കൊണ്ടോ സ്വപ്നങ്ങൾ എത്തി പിടിക്കാൻ മടിക്കേണ്ടതില്ല. കുടുംബവും കുട്ടികളും എല്ലാം വെച്ച് തന്നേ നമ്മുക്ക് യാത്രകൾ ചെയ്യാൻ പറ്റും… എന്റെ ജീവിതം സാക്ഷി.
കൊറോണയുടെ താണ്ഡവം അവസാനിക്കുമ്പോൾ കൂടുതൽ സ്ത്രീകൾ യാത്രകൾ ചെയ്യാൻ മുന്നോട്ട് വരും എന്ന പ്രത്യാശയിൽ നിർത്തുന്നു…
No Comments