“സൗന്ദര്യവും മനോഹാരിതയും സാഹസികതയും നിറഞ്ഞ ഒരു അത്ഭുതകരമായ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്…കണ്ണുകൾ തുറന്നു നാം അതിനെ നോക്കിയാൽ മാത്രമേ അവയെ കാണാനാകൂ…അത് ചിലപ്പോൾ സാഹസികതയായിരിക്കാം…കാരണം സാഹസികതയ്ക്ക് അവസാനമില്ല”…
ജവഹർലാൽ നെഹ്രു പറഞ്ഞിരിക്കുന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്…ഞങ്ങളുടെ സമയത്തെ അത്ഭുതകരമായ ഈ ലോകത്തിലെ കാഴ്ചകളിലൂടെ മധുരമുള്ളതാക്കാൻ…അവയെ ഓർമകളാകുന്ന നേട്ടമാക്കി മാറ്റാൻ…സാഹസികതയിലേക്ക് കണ്ണ് തുറക്കാൻ…അനുഭവങ്ങളാക്കി മാറ്റാനൊക്കെ വേണ്ടി പുറപ്പെട്ട യാത്രയെകുറിച്ചുള്ള വിവരണം…

PART – 1

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സ്റ്റേഷനിൽ എത്തിയത്..ഞങ്ങളുടെ കംപാർട്മെന്റ് ഏതെന്ന് വേഗം കണ്ടുപിടിക്കാൻ സാധിച്ചു…യാത്രയാക്കാൻ വന്നവരോടെല്ലാം യാത്ര പറഞ്ഞ് ട്രെയിനിനുള്ളിൽ കയറി ബാഗ് വെച്ച സമയം തന്നെ ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങി…ബൈക്ക് സുരക്ഷിതമായി പാർസൽ കമ്പാർട്ടുമെന്റിൽ കയറ്റിയോ എന്നറിയാൻ തലേദിവസം സഹായിച്ച ഒരു ചേട്ടനെ ഫോൺ ചെയ്ത ശേഷം കാഴ്ചകൾ കണ്ട് ഡോറിനു വശത്തായി നിന്നു… ചണ്ഡീഗഡ് എത്താൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും,അതുവരെ ട്രെയിനിൽ കിട്ടുന്ന ഭക്ഷണവും കഴിച്ച് തുടരണം..ഓരോ ദിവസവും ഞങ്ങൾ ഫോണിൽ സിനിമയൊക്കെ കണ്ട് കഴിച്ചുകൂട്ടി…ഒരുപാട് സ്ഥലങ്ങളിൽ ട്രെയിൻ പിടിച്ചിട്ടതും ചില ആളുകൾ ചെയിൻ വലിച്ച് ഇറങ്ങി പോകുന്നതും പോലുള്ള കാരണങ്ങൾ കൊണ്ട് രാജസ്ഥാൻ കഴിഞ്ഞപ്പോൾ തന്നെ ട്രെയിൻ നാലു മണിക്കൂർ വരെ ലേറ്റ് ആയിരുന്നു…ഒടുവിൽ മൂന്നാമത്തെ ദിവസം വൈകുന്നേരം നാലു മണിക്കൂർ വരെ ലേറ്റ് ആയിരുന്ന ട്രെയിൻ കൃത്യ സമയം ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ് ലോക്കോ പൈലറ്റ്..

ജവഹർലാൽ നെഹ്‌റുവിന്റെ സ്വപ്നമായിരുന്നു ചണ്ഡിഗഡ് എന്ന ആസൂത്രിത നഗരം അത് പ്രശസ്ത ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബൂസിയറിന്റെ സഹകരണത്തോടെ യാഥാർഥ്യമാക്കി… നഗര ആസൂത്രണത്തിലും ആധുനിക വാസ്തുവിദ്യയിലും നടത്തിയ ഏറ്റവും മികച്ച പരീക്ഷണങ്ങളിലൊന്നായിരുന്നു ചണ്ഡീഗഡ് എന്ന നഗരം.. നഗരത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന “ചണ്ഡി മന്ദിർ” ക്ഷേത്രത്തിൽ നിന്നാണ് ചണ്ഡിഗഡ് എന്ന പേര് ലഭിച്ചത്.. ആധുനിക ചണ്ഡിഗഡ് നിലനിൽക്കുന്ന ചരിഞ്ഞ സമതലങ്ങൾ പുരാതന കാലത്ത്, ചതുപ്പുനിലം നിറഞ്ഞ വിശാലമായ തടാകമായിരുന്നു. 8000 വർഷങ്ങൾക്ക് മുമ്പ് ആ പ്രദേശം ഹാരപ്പന്മാരുടെ വാസസ്ഥലമായിരുന്നു എന്നും കരുതപ്പെടുന്നു…കൂടാതെ അവിടെ നിന്നും വിവിധതരം ജല-ഉഭയജീവ ജീവികളുടെയും ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്…

ഞങ്ങൾ ബാഗും സാധനങ്ങളുമായി പുറത്തിറങ്ങി… റൂം, ടാക്സി തുടങ്ങിയവ തരപ്പെടുത്തി കൊടുക്കുന്ന ആളുകൾ നമ്മുടെ പിന്നാലെ കൂടി…അവരിൽ നിന്നൊക്കെ ഒഴിവായി ലഗ്ഗേജ് ആയി കൊണ്ടുപോയ ബൈക്ക് സൂക്ഷിച്ചിരിക്കുന്ന കംപാർട്മെന്റിലേക്ക് നമ്മൾ നടന്നു..ട്രെയിനിൽ ആദ്യത്തെ ബോഗിയാണ് സാധാരണ പാർസൽ കംപാർട്മെന്റ് ആയി തിരഞ്ഞെടുക്കാറുള്ളത്…15 കിലോയോളം ഭാരമുണ്ടായിരുന്ന ബാഗും ചുമന്ന് ആദ്യത്തെ കംപാർട്മെന്റ് എത്തിയപ്പോഴേക്കും പാർസൽ ഓഫീസ് അടക്കാൻ സമയമായതിനാൽ പിറ്റേദിവസമേ ബൈക്ക് കിട്ടുകയുള്ളു എന്ന് അറിയാൻ സാധിച്ചു..അവിടെ നിന്നും ഞങ്ങൾ ഓൺലൈൻ ബുക്കിങ് ചെയ്ത റൂമിലെത്തി..റെയിൽവേ സ്റ്റേഷന് അടുത്തായി തിരക്കേറിയ ഇടുങ്ങിയ ഒരു റോഡിന്റെ വശത്തായിരുന്നു ഹോട്ടൽ…രാത്രി സമീപമത്തുള്ള കടയിൽ നിന്നും ഭക്ഷണവും കഴിച്ച് അന്ന് അവിടെ അന്തിയുറങ്ങി…

അടുത്ത ദിവസം രാവിലെ തന്നെ ബൈക്ക് തിരികെ എടുക്കാൻ റെയിൽവേ പാർസൽ ഓഫിസിലേക്ക്…. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായ ശേഷം വളരെ പ്രായമുള്ള ഒരാൾ ബൈക്ക് പുറത്ത് കൊണ്ട് തന്നു…ബൈക്ക് ഹോട്ടലിന് മുന്നിൽ വെച്ച ശേഷം പെട്രോൾ വാങ്ങാനായി പമ്പിലേക്ക് നടന്നു..റെയിൽവേ സ്റ്റേഷൻ മുതൽ പെട്രോൾ പമ്പ് വരെ മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്…ഞാൻ കാഴ്ചകൾ ഒക്കെ കണ്ട് പതുക്കെ നടക്കുകയാണ്..ജനങ്ങൾക്ക്‌ എല്ലാവിധ സൗകര്യങ്ങളും സുരക്ഷയും പ്രാധാന്യം നൽകി ചണ്ഡീഗഡ്ലെ റോഡുകൾ നിർമിച്ചിട്ടുള്ളത്.. സൈക്കിൾ ലൈനും…ജോഗിങ് ചെയ്യാൻ പ്രേത്യേകം വഴികളും… പൂന്തോട്ടങ്ങളും ഒക്കെ നിറഞ്ഞ കാഴ്ചകൾ…വൃത്തിയുള്ള ഒരു നഗരം ചിലപ്പോൾ ഇന്ത്യയിൽ വേറെ കാണാൻ കഴിഞ്ഞെന്നു വരില്ല… ഒടുവിൽ പെട്രോൾ പമ്പിൽ എത്തി.. പക്ഷെ എത്ര ശ്രമിച്ചിട്ടും ജീവനക്കാർ കാനിൽ പെട്രോൾ തരാൻ തയാറായില്ല… ഞാൻ തിരികെ ഹോട്ടലിൽ വന്ന് സുഹൃത്തുമായി ചേർന്ന് ബൈക്ക് ഉരുട്ടി പമ്പിലേക്ക് നടക്കാൻ തുടങ്ങി..ബൈക്കുമായി കുറച്ച് ദൂരം നടന്നപ്പോൾ തന്നെ ഞങ്ങൾ അവശരായിപോയിരുന്നു…പെട്ടെന്ന് പുരാതന സിഖ്കാരുടെ വേഷം ധരിച്ച ഒരു ഓട്ടോ ഡ്രൈവർ ഞങ്ങളെ സഹായിക്കാമെന്നും ഓട്ടോയിൽ ഒരാൾ കയറിയിരുന്നു കാൽ കൊണ്ട് ബൈക്കിൽ ചവിട്ടി നീക്കിയാൽ പമ്പിൽ എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു…ഞങ്ങൾ വേറെ ഒന്നും ആലോചിക്കാതെ അദ്ദേഹം പറഞ്ഞപ്രകാരം ഓട്ടോയിൽ കയറി ബൈക്കിൽ കാൽ വെച്ച് ചവിട്ടി പതുക്കെ മുന്നോട്ട് നീങ്ങി…ഓട്ടോയിൽ മറ്റൊരു യാത്രക്കാരൻ കയറിയിട്ടും നമ്മളെ എത്തിക്കേണ്ട സ്ഥലത്ത്‌ എത്തിച്ചു ഒരുരൂപ പോലും വാങ്ങാതെ അദ്ദേഹം അവിടെ നിന്നും പോയി…പഞ്ചാബിൽ വന്നാൽ ആരും വഴിയിലാകുമെന്നോ, പട്ടിണി കിടക്കേണ്ടിവരുമെന്നോ ഭയപ്പെടേണ്ടതില്ല എന്ന കാര്യം നേരിട്ടുള്ള അനുഭവത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു…

വണ്ടിയിൽ പെട്രോൾ നിറച്ച ശേഷം ബട്ടർഫ്‌ളൈ പാർക്ക്‌ ലക്ഷ്യമാക്കി യാത്ര തുടർന്നു…ഗേറ്റിനു സമീപം ബൈക്കും പാർക്ക്‌ ചെയ്ത് അതിന് മുന്നിൽ വെച്ചിട്ടുള്ള ബുക്കിൽ പേരും സമയവും രേഖപ്പെടുത്തി ഉള്ളിലേക്ക് കയറി.. ടിക്കറ്റ് എടുക്കണ്ട എന്നതായിരുന്നു പ്രേത്യേകത..ചിത്രശലഭങ്ങളെയും പക്ഷികളെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിൽ ഉള്ള പൂന്തോട്ടങ്ങളും തടാകങ്ങളും… കാടുകളും… നടപ്പാതയും ഒക്കെ കൊണ്ട് നിറഞ്ഞ ഒരു പാർക്കായിരുന്നു അത്…കൂടുതലും പ്രണയ ജോഡികളാണ് പാർക്കിനുള്ളിൽ…ചിത്രശലഭങ്ങൾ പൂക്കൾക്ക് ചുറ്റും പാറി നടക്കുന്നത് വളരെ അടുത്ത് നിന്ന് കാണാമായിരുന്നു…വിശിഷ്ടമായവയെ ഗ്ലാസ്‌കൊണ്ടുള്ള വീടുപോലെ ഉണ്ടാക്കി അതിൽ സംരക്ഷിക്കുന്നു…അവിടെ സംരക്ഷിക്കപ്പെടുന്ന ചിത്രശലഭങ്ങളുടെ വിവരങ്ങൾ അടങ്ങിയ പട്ടികയും മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്…പല തരം ഓർക്കിഡ് ചെടികൾ വാങ്ങാനുള്ള സൗകര്യവും പാർക്കിനുളളിൽ തന്നെയുണ്ട്..കുറച്ച് സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു.

അവിടെ നിന്നും പിന്നീട് പോയത് ഗാർഡൻ ഓഫ് സൈലെൻസ് എന്ന സ്ഥലത്തേക്കാണ് ഒരു ഉദ്യാനത്തിൽ സ്ഥാപിച്ചിട്ടുള്ള ബുദ്ധന്റെ പ്രതിമ കാണാനാണ് അവിടെ പോകാൻ പ്രേരിപ്പിച്ചത്…പോകുന്ന വഴി തന്നെ ഗോൾഫ് കോർട്ടുകളും ചെറിയ തടാകങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ വഴികൾ…പേരുപോലെ തന്നെ ചണ്ഡീഗഡിലെ നിശബ്ദവും ശാന്തവുമായ ഒരു ഉദ്യാനമാണ് ഗാർഡൻ ഓഫ് സൈലെൻസ്.. ചണ്ഡിഗഡിലെ സുഖ്‌ന തടാകത്തിന്റെ തീരത്തിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ശിവാലിക് റേഞ്ചിന്റെ ശാന്തമായ ദൃശ്യവും അവിടെ നിന്നും കാണാനാവും… പൂന്തോട്ടത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ബുദ്ധന്റെ പ്രതിമക്ക് മുൻഭാഗത്തായി വൃത്താകൃതിയിലുള്ള പടികളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്..
ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷൻ വികസിപ്പിച്ചെടുത്ത ആ ഉദ്യാനം ധ്യാന ആവശ്യങ്ങൾക്കായി പ്രത്യേകം നിർമ്മിച്ചതാണ്..ചുറ്റുമുള്ള പ്രദേശങ്ങൾ വളരെ സമാധാനപരവും പച്ചപ്പ് നിറഞ്ഞതുമാണ്, അതിനാലാവും ധ്യാനത്തിന് അനുയോജ്യമായ ഒരു സ്ഥലമായി മാറിയത്.. ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു…അവിടെയും പ്രവേശനം സൗജന്യമാണ്..പ്രതിമക്ക് ചുവട്ടിൽ ഇരുന്ന് കുറച്ച് ഫോട്ടോസ് ഒക്കെ എടുത്ത ശേഷം പടികൾ കയറി മുകളിലേക്ക് നടന്നു…മുകളിൽ വിശാലമായ മറ്റൊരു ഭാഗമുണ്ട്…അവിടെ നിന്നും നോക്കിയാൽ കാണാവുന്ന സുഖ്‌ന തടാകത്തിന്റെ മനോഹരമായ ദൃശ്യം…അവിടെയും ജോഗിങ് ലൈൻ…പൂന്തോട്ടങ്ങൾ… പൂന്തോട്ടം രാത്രി സമയങ്ങളിൽ അലങ്കാര ലൈറ്റുകളുടെ സഹായത്തോടെ കൂടുതൽ ആകർഷകമക്കാറുണ്ട്… വ്യായാമത്തിനായി പകലും സായാഹ്നത്തിലും ജനങ്ങൾ ഇവിടെയെതുന്നുണ്ട്… പൂന്തോട്ടം എല്ലായ്പ്പോഴും വിനോദസഞ്ചാരികളും നഗരവാസികളും കൊണ്ട് നിറഞ്ഞതായതുകൊണ്ട് സന്ദർശകർക്കായി ദിവസം മുഴുവൻ തുറന്നിരിക്കും..

അവിടെ നിന്നും ഇറങ്ങി ഉച്ചയൂണും കഴിഞ്ഞ് നേരെ പോയത് റോക്ക് ഗാർഡനിലക്കാണ്..ചണ്ഡീഗഡ്ലെ റോക്ക് ഗാർഡൻ എന്നത് ഒരു ശില്പ ഉദ്യാനമാണ്..നെക്ക് ചന്ദ് റോക്ക് ഗാർഡൻ എന്ന പേരിലും അറിയപ്പെടുന്നു. തന്റെ ഒഴിവുസമയങ്ങളിൽ രഹസ്യമായി ഉദ്യാനം ആരംഭിച്ച സർക്കാർ ഉദ്യോഗസ്ഥനായ നെക് ചന്ദ്…വ്യാവസായിക, ഗാർഹിക മാലിന്യങ്ങൾ, ഉപേക്ഷിച്ച വസ്തുക്കൾ എന്നിവയിൽ നിന്നുമാണ് അത് നിർമ്മിച്ചത്… വണ്ടി പാർക്ക്‌ ചെയ്യാനും പ്രവേശനത്തിനും ടിക്കറ്റ് എടുക്കേണ്ടതായുണ്ട്…നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു പ്രദേശം.. ഞങ്ങൾ ടിക്കറ്റുമെടുത്ത്‌ ഒരു ചെറിയ കവാടത്തിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു.. കല്ല് പാകിയ നടപ്പാതയും അതുപോലെ കല്ല് കൊണ്ട് നിർമിച്ച ചുമരുകളുമുള്ള വളരെ ഇടുങ്ങിയ പാതയിലൂടെ വേണം ഉദ്യാനത്തിലേക്കു കടക്കാൻ…അതിന്റെ വശങ്ങളിൽ മനുഷ്യനിർമിത വെള്ളച്ചാട്ടങ്ങളും മരത്തിന്റെ വേരുകളും കാണാം..ഗാർഡനിൽ പ്രവേശിക്കുമ്പോൾ തന്നെ കുപ്പികൾ, ഗ്ലാസുകൾ, വളകൾ, ടൈലുകൾ, സെറാമിക്, സിങ്കുകൾ, വൈദ്യുത മാലിന്യങ്ങൾ, തകർന്ന പൈപ്പുകൾ മുതലായവയുടെ മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച നിരവധി ശില്പങ്ങൾ കാണാനാവും അതെല്ലാം തികച്ചും ആശ്ചര്യപ്പെടുത്തുന്നവയാണ്… ഒഴിവുസമയങ്ങളിൽ നെക്ക് ചന്ദ് ചുറ്റുമുള്ള സ്ഥലത്ത്‌ നിന്നും മാലിന്യവസ്തുക്കൾ ശേഖരിച്ചു ഉണ്ടാക്കിയതാണ് അവയെല്ലാം… ദിവ്യരാജ്യമായ സുക്രാണിയെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടിലേക്ക് അദ്ദേഹം ഈ വസ്തുക്കൾ പുനരുപയോഗിച്ചു…ചന്ദിന്റെ ജോലി നിയമവിരുദ്ധമായിരുന്നുവെങ്കിലും അധികാരികൾ കണ്ടെത്തുന്നതിനും 18 വർഷം രഹസ്യമായി സൂക്ഷിക്കാൻ അദ്ദേഹത്തിനായി..12 ഏക്കർ ആയി വളർന്ന് കഴിഞ്ഞ ഉദ്യാനത്തിലെ നൂറുകണക്കിന് സൃഷ്ടികൾ പൊളിച്ചു മാറ്റുമോ എന്ന ആശങ്കക്കൊടുവിൽ പിന്നീട്…റോക്ക് ഗാർഡൻ സൊസൈറ്റി ഈ സവിശേഷമായ പരിസ്ഥിതിയുടെ ഭരണവും പരിപാലനവും ഏറ്റെടുത്തു…മരങ്ങളുടെ വേരുകലക്കിടയിലൂടെ ഒഴുകുന്ന മനുഷ്യ നിർമിത വെള്ളച്ചാട്ടം…പാലങ്ങൾ… കൊച്ചു തടാകങ്ങൾ..തുടങ്ങി ഒട്ടനവധി നിർമിതികളാണ് ഉദ്യാനത്തിനുള്ളിൽ… പ്രതിദിനം അയ്യായിരത്തിലധികം ആളുകൾ ഉദ്യാനം സന്ദർശിക്കുന്നു എന്നാണ് കരുതപ്പെടുന്നത്..

ചണ്ഡിഗഡ് നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണം കൂടിയാണ് ഗാർഡൻ ഓഫ് ഫ്രാഗ്രൻസ് പൂക്കളും മരങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്ന ഉദ്യാനം… അതിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുന്നത് ഓപ്പൺ ജിം ആണ്…എല്ലാത്തരം വ്യായാമങ്ങളും ചെയ്യാൻ കഴിയുന്ന ആധുനിക മെഷീനുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്…വശങ്ങളിലായി ജോഗിങ് ലൈനും,ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.. നടപ്പാത ഉദ്യാനത്തിലെ പൂന്തോട്ടത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്…ഓരോ ഭാഗത്തായി വിശ്രമ മുറികളും ഇതിനിടയിൽ സ്ഥാപിച്ചിട്ടുണ്ട്… ജാസ്മിൻ, ഡമാസ്ക് റോസ്, നൈറ്റ്ക്വീൻ തുടങ്ങി പലതരം ചെടികളും നടപ്പാതക്ക് ചുറ്റും വളർന്ന് നിൽപ്പുണ്ട്..പൂക്കൾ പൂക്കുമ്പോഴാണ് പൂന്തോട്ടം സന്ദർശിക്കാൻ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്.. പിന്നെ പോയത് അടുത്ത് തന്നെയുള്ള മ്യൂസിക്കൽ ഫൗണ്ടൈൻ കാണാനാണ്..അവിടെ എത്തിയപൊഴേക്കും സന്ധ്യയായി തുടങ്ങിയിരുന്നു… ജനത്തിരക്കുള്ള പ്രദേശമാണ്….ആവശ്യമായ എല്ലാ സാധനങ്ങളും വിലകുറച്ചു കിട്ടുന്ന സ്ഥലം … എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ജലധാരകളെ സംഗീതത്തിനനുസരിച്ചു നൃത്തം ചെയ്യിക്കുന്ന വിദ്യ..അവയെ ലേസർ ലൈറ്റുകൾ കൊണ്ട് മനോഹരമാക്കുന്ന രീതിയിൽ തരപ്പെടുത്തിയിരിക്കുന്നു.. കാറ്റുണ്ടെങ്കിൽ അതിൽ നനയാം…അങ്ങനെ മികച്ച ചുറ്റുപാടുകൾ കൊണ്ട് സമ്പന്നമായ ഒരു അന്തരീക്ഷം..പക്ഷെ നിർഭാഗ്യവശാൽ അന്ന് അവിടെ വാട്ടർ ഷോ ഇല്ലായിരുന്നു..എന്തോ സാങ്കേതിക തകരാർ കാരണം അത് പരിഹരിച്ച ശേഷമേ തുടങ്ങുകയുള്ളു എന്ന് അറിയാൻ കഴിഞ്ഞു… കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ ശേഷം ഓൺലൈനായി ആഹാരവും ഓർഡർ ചെയ്ത് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി..

പിറ്റേദിവസം രാവിലെ എല്ലാം പാക്ക് ചെയ്ത് കസോളിലേക്ക് യാത്ര തുടങ്ങി…പോകും വഴി മറ്റൊരു പ്രധാന ആകർഷണമായ വിരാസത് ഇ ഖൽസ എന്ന മ്യൂസിയം കൂടി കാണേണ്ടതുണ്ട്…ഇന്ത്യയിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ് കാരസ്ഥാമാക്കിയ മ്യൂസിയമാണ് വിരാസത്-ഇ-ഖൽസ… യാത്ര തുടങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശക്തമായ മഴ പെയ്തതതിനാൽ വഴിയിലെ ഒരു കടയിൽ കയറി മഴ തൊരുന്ന വരെ കാത്തിരിക്കേണ്ടി വന്നു… വീണ്ടും യാത്ര തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഞങ്ങൾ വിരാസ്ത് കൽസ എത്തി…ആദ്യ കവാടവും കഴിഞ്ഞു ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് പോകാനുണ്ട്…പഞ്ചാബിൽ അനന്തപൂർ സാഹിബിൽ സ്‌ഥിതി ചെയ്യുന്ന വിരാസത്-ഇ-ഖല്‍സ നേരിൽ കാണുമ്പോൾ കോട്ടയാണോ കൊട്ടാരമാണോ അതോ ഒരു മ്യൂസിയമാണോ എന്ന് വരെ സംശയം വരുക സ്വാഭാവികമാണ്.. 2011 ൽ പൂർത്തിയായ വിരാസത് ഖൽസ സിഖ് ചരിത്രത്തിന്റെ 500 ആം വാർഷികവും സിഖ്കാരുടെ അവസാന ഗുരുവായ ഗോബിന്ദ് സിംഗ് സ്ഥാപിച്ച ഖൽസ പ്രസ്ഥാനത്തിന്റെ 300 ആം വാർഷികത്തിന്റെയും ഭാഗമായി നിർമിച്ചതാണ്..ഞങ്ങൾ വണ്ടിയും പാർക്ക്‌ ചെയ്ത് കൗണ്ടറിൽ ചെന്നപ്പോൾ ഒരു പാസ്സ് തന്നു…വെക്തി വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് പാസ്സ് നൽകുന്നത്…പ്രവേശനം തികച്ചും സൗജന്യമാണ്….സെക്യൂരിറ്റി ചെക്കിങ്ങിനായുള്ള ഭാഗങ്ങൾ രണ്ടു മൂന്നിടത്തായി സ്ഥാപിച്ചിട്ടുണ്ട്… അതിൽ ആദ്യത്തെ ഭാഗം കടന്ന് കുറച്ച് മുന്നോട്ട് പോകുമ്പോൾ മ്യൂസിയത്തിന്റെ പുറം കാഴ്ചകൾ വ്യക്തമായി കാണാം… മ്യൂസിയം എന്ന വാക്കിനുമപ്പുറം കണ്ണുകൾ വഞ്ചിക്കുകയാണോ എന്ന് സംശയിച്ച് പോകുന്ന രീതിയിലുള്ള കാഴ്ചകള്‍ മുന്നിൽ വരുമ്പോൾ വിശ്വസിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല… അത്രക്കും പ്രൗഢമായ രൂപകൽപന…മ്യൂസിയത്തിനു ഉള്ളിലേക്ക് പ്രവേശിക്കാൻ ഒരുപാട് ദൂരം നടക്കേണ്ടതായുണ്ട്.. കുറച്ച് ദൂരം നടന്ന ശേഷം ഞങ്ങൾ അവിടെ സ്ഥാപിച്ചിരുന്ന ബെഞ്ചിൽ വിശ്രമിക്കാൻ ഇരുന്നു… സിഖ്കാരുടെ രണ്ടാമത്തെ വിശുദ്ധ ദേവാലയം കൂടിയായ വിരാസത് ഖൽസ നൂറ് ഏക്കറിൽ രണ്ടു കോംപ്ലക്സുകൾ ആയാണ് നിർമിച്ചിരിക്കുന്നത്…അവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലവുമുണ്ട്…ആ പാലം വാസ്തുവിദ്യയിലെ വിചിത്രമായ ഒരു പരീക്ഷണമായാണ് നിർമിച്ചിരിക്കുന്നത്…സൂര്യന്റെ എതിർദിശയിൽ സ്ഥിതിചെയ്യുന്നു എന്ന് മാത്രമല്ല അത് തണലും നൽകുന്നില്ല…പാലത്തിനു ചുവട്ടിൽ ഒരു ചെറു തടാകംപോലെയും അവ വൃത്തിയായി സൂക്ഷിക്കാൻ നിയമിച്ചിരിക്കുന്ന ജീവനക്കാരേയും കാണാം… കോംപ്ലക്സുകൾ പ്രാർഥനകൾക്ക് ഉയർത്തുന്ന രണ്ട് കരങ്ങളുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്… ഞങ്ങൾ പുറം കാഴ്ചകൾ ഒക്കെ കണ്ട് മ്യൂസിയത്തിനു ഉള്ളിലേക്ക് പ്രവേശിക്കാനായി പടികൾ കയറി പാലത്തിലേക്ക് നടന്നു.. പാലത്തിൽ നിന്നും ചുറ്റുമുള്ള കാഴ്ചകൾ കുറച്ചുകൂടി വ്യക്തമാണ്…മേൽക്കൂരയിലെ ഓരോ ദളത്തിനുള്ളിലും എല്ലാ ഗുരുക്കന്മാരുടെയും ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള ജീവിത ചരിത്രം ഉൾകൊള്ളുന്ന ഗാലറി സജ്ജമാക്കിയിട്ടുണ്ട്.. ഏറ്റവും ഉയരത്തിൽ നിലകൊള്ളുന്ന ദളത്തിൽ ഗുരു ഗ്രന്ഥ് സാഹിബിനെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശനങ്ങളും അടങ്ങുന്നതാണ്… മ്യൂസിയത്തിനു ഉള്ളിൽ കയറും മുമ്പ് സജ്ജമാക്കിയിട്ടുള്ള അടുത്ത സുരക്ഷ പരിശോധനകൾ കഴിഞ്ഞ് ബാഗും മറ്റു സാധനവും സൂക്ഷിക്കാനുള്ള മറ്റൊരു ഭാഗത്തേക്ക്‌ പോകേണ്ടതുണ്ട്… അവിടെ ബാഗ് പരിശോധിച്ചു ലോക്കറിൽ വെച്ച ശേഷം ടോക്കൺ തരും…മ്യൂസിയത്തിന്റെ ഉൾവശം മുഴുവനും ശീതികരിച്ചതാണ്… അത്യാധുനിക നിർമാണ ശൈലിയിലാണ് മ്യൂസിയത്തിന്റെ ഉൾവശം നിർമിച്ചിരിക്കുന്നത്…വിശാലമായ ഹാളുകളും, മാർബിൾ തറകളും, ശൗചാലയം പോലും ശീതികരിച്ചിരിച്ചിട്ടുള്ള ആ അത്യാഢംബര കെട്ടിടത്തിനുള്ളിലെ നടപ്പാതയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു… ഓരോ ചുമരുകളിലും സിഖ്കാരുടെ ചരിത്രങ്ങൾ പറയുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്… ഹാളുകളിൽ പ്രോജെക്ടർ ഉപയോഗിച്ച് ചരിത്രം വിശകലനം ചെയ്യുന്ന പ്രദർശനവുമുണ്ട്…ഓരോ പ്രദർശനങ്ങളും സൂര്യപ്രകാശം ഉള്ളിൽ കയറാത്ത ഇരുട്ട് മുറികളിൽ ആയിരിക്കും…ആദ്യത്തെ ഒരു മുറിയിൽ പക്ഷികളുടെ ശബ്ദവും നീല നിറത്തിലുള്ള ജ്വാലകളും അവ പെട്ടെന്ന്‌ തകർ‌ന്നു വീഴുന്ന മനോഹരമായ കാഴ്ചയും വാക്കുകളിൽ ഉൾപ്പെടുത്താൻ പ്രയാസമുള്ള മികച്ച ഒരു അനുഭവവുമാണ്…മറ്റൊരു മുറിയിൽ പ്രെവേശിക്കുമ്പോൾ ആഴത്തിലുള്ള കിണറിലെ മതിലിൽ അലങ്കാരപ്പണികൾ ചെയ്ത് ഒരു പോപ്പ്അപ്പ് കാർഡ് പോലെ അവയെ ലൈറ്റിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു.. പ്രണയകഥകൾ, പഞ്ചാബി ഉത്സവങ്ങൾ, ആചാരങ്ങൾ, തൊഴിൽ പ്രവൃത്തികൾ, ചരിത്ര കാലത്തെ സുവർണ്ണക്ഷേത്രം എന്നിവ സൂര്യൻ അസ്തമിക്കുന്നതോടെ അവസാനിക്കുന്ന രീതിയിലുള്ള വിസ്മയ കാഴ്ച… വൃത്താകൃതിയിലുള്ള നടപ്പാതയിലൂടെ സന്ദർശകർക്ക് വീക്ഷിച്ചുകൊണ്ട് മുകളിലേക്ക് പോകാൻ കഴിയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു…അവയോടൊപ്പം പഞ്ചാബി ഗസൽ ഗാനങ്ങളും കൂടി ആകുമ്പോൾ മറ്റൊരു ലോകത്തിൽ അകപ്പെട്ട അനുഭൂതിയാണ് നമുക്കുണ്ടാകുക…പ്രതീക്ഷിച്ചതിലും എത്രയോ മടങ്ങായിരുന്നു ഖൽസയുടെ ഉള്ളിലെ കാഴ്ചകൾ നമുക്ക് സമ്മാനിച്ചത്… ഞാൻ ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഒരു സർദാർ ജി ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞ് എന്നെ വിലക്കി…ഞങ്ങൾ കെട്ടിടത്തിന്റെ അടുത്ത ഭാഗത്തേക്ക്‌ നീങ്ങി… കെട്ടിടത്തിന്റെ അഞ്ച് ദളങ്ങളിലൂടെ ആദ്യത്തെ അഞ്ച് ഗുരുക്കന്മാരുടെ ജീവിതത്തിലേക്ക് ഒരു അത്ഭുതകരമായ യാത്ര ആരംഭിക്കുന്നു… ഗുരു നാനാക് ദേവിൽ ആരംഭിച്ച് ഗുരു അർജൻ ദേവിന്റെ കഥയിൽ അവസാനിക്കുന്ന ആഖ്യാനം…

തുടർന്നുള്ള ഗാലറികളിൽ ഗുരു അംഗദ് ദേവിന്റെയും ഗുരു അമർദാസിന്റെയും നേട്ടങ്ങൾ ചിത്രീകരിക്കുന്നു. ഗുരുവിന്റെ സംഭാവന എടുത്തുകാണിക്കുന്നതിനായി നടുക്ക് ഒരു ബാവോളി പുനർസൃഷ്‌ടിച്ചുകൊണ്ട് ഗാലറികളിലൊന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ഗാലറികളിലുടനീളം പാവകളുടെയും ഇന്ത്യൻ കരകൗശല വസ്തുക്കളുടെയും ഉപയോഗം പ്രധാനമായി എടുത്തുകാട്ടുന്നു.. നാലാമത്തെ ദളത്തിലെ ഗാലറിയിൽ രാംദാസ്പൂർ നഗരത്തിന്റെ നിർമ്മാണം ഉൾപ്പെടെ ഗുരു രാം ദാസിന്റെ സംഭാവനകളെക്കുറിച്ചുള്ള പ്രദർശനങ്ങൾ അടങ്ങിയിരിക്കുന്നു… രാംദാസ്പൂർ നഗരം എംബ്രോയിഡറി പാനലിൽ പുനർനിർമ്മിച്ചിട്ടുണ്ട്…. അഞ്ചാമത്തെ ദളത്തിലെ ഗാലറി സിഖ് മതത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ പ്രദർശിപ്പിക്കുന്നു.. ഹർമന്ദർ സാഹിബിന്റെ നിർമ്മാണവും ആദി ഗ്രന്ഥത്തിന്റെ രചനയും പ്രതിഷ്ഠയും തുടങ്ങിയവ….ചുറ്റുമുള്ള നാല് വാതിലുകൾ ഗുരു അർജൻ ദേവിന്റെ ജീവിതത്തെയും സമയത്തെയും വിവരിക്കുന്ന വ്യത്യസ്ത രംഗങ്ങൾ പുനർനിർമ്മിക്കുന്നു…ടെറസിലെ ശില്പത്തിന്റെ രൂപത്തിൽ ഗുരു അർജൻ ദേവിന്റെ രക്തസാക്ഷിത്വത്തെ ചിത്രീകരിക്കുന്ന മറ്റൊരു ഗാലറിയുണ്ട്. ഇത് ഒരു തട്ടിതവ യുടെ രൂപത്തിലാണ്… ജീവനോടെ ചുട്ടതിന്റെ ചൂട് ഗുരുവിന് എങ്ങനെ അനുഭവപ്പെടുമെന്ന് പ്രതീകാത്മകമായി ചിത്രീകരിക്കാനാണ് അത്..

മറ്റ് രണ്ട് ഗാലറികൾ ഗുരു തേജ് ബഹദൂറിന്റെ പരമോന്നത ത്യാഗത്തെയും ഗുരു ഗോബിന്ദ് സിങ്ങിനെയും കുറിച്ചാണ്.സിഖ് യോദ്ധാക്കൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആയുധങ്ങളും ഉപയോഗിച്ച് പുനർസൃഷ്ടിച്ച മെഴുകു പ്രതിമകൾ കാണേണ്ട ഒരു കാഴ്ച തന്നെയാണ്… ചിത്രപ്പണികൾ ചെയ്ത ഇടനാഴിയിലൂടെ ഞങ്ങൾ മുന്നോട്ടു പോയപ്പോൾ മഹാരാജ രഞ്ജിത് സിങ്ങിന്റെ കിരീടധാരണ ചടങ്ങ് പ്രദർശിപ്പിക്കുന്ന ഇരട്ട പനോരമ സ്ക്രീൻ സ്ഥാപിച്ച സ്ഥലം കാണാനായി …അവിടെ ഒരു കറുത്ത തിരശ്ശീല വന്ന് ഗാലറിയുടെ രണ്ട് ചുവരുകൾ ഒരു പനോരമ സ്‌ക്രീനായി മാറുന്നു അതായത് ഒരു ചുമരിൽ ചലിക്കുന്ന ഒരു കുതിരയെ മറ്റൊന്നിൽ പിന്തുടരാനാകും.. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത കാഴ്ചകളായിരുന്നു അതെല്ലാം…
അടുത്ത ഭാഗത്ത്‌ ഭഗത് സിംഗ്, കർതാർ സിംഗ് സാരഭ, മാസ്റ്റർ താര സിംഗ്, മറ്റ് രാഷ്ട്രീയ, മത സിഖ് നേതാക്കൾ എന്നിവർക്കും ഗാലറികളിൽ ഇടം ലഭിച്ചിട്ടുണ്ട്… മാസ്റ്റർ താര സിംഗിനെ ഒരു ആനിമേറ്റഡ് റോബോട്ടിലൂടെ അനശ്വരനാക്കുന്ന കാഴ്‌ചയാണ് പിന്നീട് കാണാൻ സാധിക്കുക… അദ്ദേഹത്തിന്റെ കൈകൾ ഉയർത്തിയുള്ള പ്രസംഗവും വേദി പങ്കിടുന്നവരും അവരുടെ കണ്ണുകളുടെയും, ചുണ്ടുകളുടെയും ചലനങ്ങൾ പോലും യാഥാർഥ്യം എന്നപോലെ പുനർസൃഷ്ടിച്ചിരിക്കുന്നു..കൊളോണിയൽ കാലവും ഗാദർ പ്രസ്ഥാനവും മ്യൂസിയത്തിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു. വിരസത് ഖൽസ ശെരിക്കും ഒരു അത്ഭുതം തന്നെയാണ്.. അതിനുള്ളിലെ കാഴ്ചകൾ എണ്ണിയാൽ ഒടുങ്ങുന്നവയല്ല…വളരെ കുറച്ച് സമയം മാത്രം ചിലവഴിക്കാൻ കയറിയ നമുക്ക് അവിടെ നിന്നും പുറത്തിറങ്ങാൻ തന്നെ മണിക്കൂറുകൾ വേണ്ടിവന്നു…ഒരു മനുഷ്യൻ ആരാണ് എന്ന് നിർവചിക്കുന്നത് അവൻ തന്റെ സമയം ചിലവഴിച്ച രീതി നിർവചിക്കുമ്പോഴാണ്…അങ്ങനെ നോക്കുമ്പോൾ പഞ്ചാബികൾ നമുക്കെല്ലാം ഒരുപടി മുന്നിലാണ്…

മ്യൂസിയത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനും ജീവിതത്തിൽ പ്രതിഫലിപ്പിക്കാനുമുണ്ട്…കഠിനാധ്വാനം, വെല്ലുവിളികളെ അഭിമുഖീകരിക്കൽ, പരസ്പരം പിന്തുണയ്ക്കുക ഇവയാണ് പഞ്ചാബും പഞ്ചാബി സമൂഹവും നമ്മളെ പഠിപ്പിക്കുന്നത്..പ്രതികൂല സാഹചര്യങ്ങളിൽ പോലും പുഞ്ചിരിക്കുന്നവരാണ് പഞ്ചാബികൾ…ഒരു രാജാവ് ജീവിതത്തിൽ ഒരിക്കൽ മാത്രം കിരീടധാരണം ചെയ്യപ്പെടുമ്പോൾ…പഞ്ചാബിൽ ഓരോ ദിവസവും ഒരു സിംഗിന്റെ കിരീടധാരണം നടക്കുന്നു എന്ന് അവർക്ക് അഭിമാനത്തോടെ പറയാം…

ചരിത്രപരമായ കാര്യങ്ങൾ നേരിൽ കാണാൻ പുരാതന കാലത്തേക്ക് തിരിഞ്ഞു നടന്ന അനുഭൂതിയാണ് വിരസത് ഇ ഖൽസ ഞങ്ങൾക്ക് സമ്മാനിച്ചത് ചണ്ഡീഗഡിലെ അനുഭവങ്ങളുമായി കസോളിലേക്ക് പുറപ്പെടുമ്പോൾ…ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…ഒരു സ്ഥലവും ആർക്കും പൂർണമായും വിട്ടുപോകാനാകില്ല…അവിടെയുള്ള ഒരു ഭാഗം നമ്മുടെ കൂടെവരും…നമ്മുടെ ഒരുഭാഗം അവിടെ ഉപേക്ഷിക്കപെടുകയും ചെയ്യും…അതെ…വളരെ ശരിയാണ്…..

നന്ദി

ജെബിൻ മുഹമ്മദ്‌.ജെ

Share this post: