യാത്രകൾ എന്നത് പലർക്കും പലതാണ് സമ്മാനിക്കുക… എന്നാൽ എന്റെ കാഴ്ചപ്പാടിൽ യാത്ര തികച്ചും ഒരു അന്വേഷണമാണ്… അനുഭവങ്ങൾക്കായുള്ള ഒരു അന്വേഷണ മാർഗം… ആഫ്രിക്കയിലെ വനാന്തരങ്ങളിൽ പിറവിയെടുത്ത മനുഷ്യൻ ലോകത്തിന്റെ മുക്കിലും മൂലയിലും എത്താൻ കാരണവും ഇത് കൊണ്ട് തന്നെയാണ് … പ്രാചീന ശിലായുഗം മുതൽ മനുഷ്യൻ തന്റെ ഉള്ളിലെ അന്വേഷണ ബുദ്ധി വളർത്തികൊണ്ടിരിക്കുന്നു… ഒരേ ദിനചര്യകളിലും കാഴ്ച്ചകളിലും നിന്നും സ്വയം പരിണമിക്കാൻ ആവശ്യമായവ തേടി പോയതിനാൽ അവർക്ക് മുന്നിൽ അതിർത്തികൾ ഉണ്ടായിരുന്നില്ല…ഒരുപക്ഷെ അവരാകും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സഞ്ചാരികൾ…ആദം ഹവ്വാ യെ കണ്ടെത്തിയതും ഇതേ അന്വേഷണത്തിലൂടെ തന്നെയായിരുന്നു…എല്ലാവരുടെ ഉള്ളിലും ഒതുങ്ങിയിരിക്കുന്ന കൗതുങ്ങളെയാണ് പിന്നെ അത് തേടിയുള്ള യാത്രകളാക്കി മാറ്റുന്നത്…ചിലർ അതിനെ പ്രണയമാക്കി… ചിലർ ജീവിതമാക്കി.
ഒരുപാട് വർഷത്തെ ആഗ്രഹവും കൗതുകവും ഒരുപാട് പ്രതിസന്ധികളെയും ഒക്കെ തരണം ചെയ്ത്, കഴിഞ്ഞ വർഷം ഞാനും സുഹൃത്തും നടത്തിയ ഒരു ലഡാക് യാത്ര…. ഉണർന്നിരുന്നപ്പോൾ കണ്ടിരുന്ന ആ സ്വപ്നത്തിലേക്ക് നടത്തിയ യാത്ര…..
Part -1
ഗോൾഡൻ ടെംപിൾ
സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആയി കരുതപ്പെടുന്ന പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സിഖ് കാരുടെ ഗുരുദ്വാരയെന്നറിയപ്പെടുന്ന ഹർമന്ദർ സാഹിബ് അഥവാ സുവർണ ക്ഷേത്രം. കഥകളിൽ മാത്രം കേട്ട് പരിചയമുള്ള ഗോൾഡൻ ടെംപിൾ അമൃത്സർ നഗരത്തിൽ നിന്നും ഉദ്ദേശം ഒരു മൂന്ന് കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയുന്നത് … അമൃത്സർ എന്ന് കേൾക്കുമ്പോൾ വളരെ ശാന്തമായ ഒരു ചിത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്…പക്ഷെ യഥാർത്ഥത്തിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത അത്ര തിരക്കാണ് അമൃത്സറിൽ അനുഭവപ്പെടുക..
1500 കാലഘട്ടത്തിൽ സിഖ്കാരുടെ നാലാമത്തെ ഗുരു ആയിരുന്ന ഗുരു രാംദാസ് പണികഴിപ്പിച്ച സുന്ദര നഗരമാണ് അമൃത്സർ…മുഗൾ ചക്രവർത്തി ആയിരുന്ന അക്ബർ ഗുരു രാംദാസിനും ഭാര്യക്കും സമ്മാനമായി നൽകിയ പ്രദേശം… ആ നഗരത്തിലെ ഇടവഴികളൂടെ ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ അന്വേഷിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്നു.. ഒടുവിൽ കുറച്ചു ബുധിമുട്ടിയിട്ടാണെങ്കിലും ഹോട്ടൽ കണ്ടുപിടിച്ചു… ഗോൾഡൻ ടെംപിളിൽ നിന്നും വളരെ അടുത്തായിരുന്നു ഹോട്ടലും..ബൈക്കും പാർക്ക് ചെയ്ത് റൂമിൽ കയറി ഫ്രഷ് ആയ ശേഷം വൈകുന്നേരം 5 മണിക്ക് ഗോൾഡൻ ടെംപിളിൾ ലക്ഷ്യമാക്കി നടന്നു..വളരെ പുരാതനമായ ഒരു നഗരത്തിന്റെ ഇടവഴിയിലൂടെയാണ് നടക്കുന്നത് എന്നകാര്യം നമുക്ക് ചുറ്റുമുള്ള കടകൾ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കും..പഞ്ചാബിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ തുടങ്ങി പലതരം വസ്ത്രങ്ങൾ വരെ അവിടെ ലഭ്യമാണ്..സുവർണ ക്ഷേത്രം എത്തുന്നത് ആദ്യം തിരിച്ചറിയാൻ കഴിയുന്നത് കണ്ണുകൾ കൊണ്ടല്ല.. കാതുകൾ കൊണ്ടാണ്…ദിനംപ്രതി വരുന്ന ലക്ഷകണക്കിന് ആളുകൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ലംഗാർ എന്ന ഭാഗത്ത് നിന്നുള്ള പാത്രങ്ങളുടെ ശബ്ദമാണ് ആദ്യം കേൾക്കാൻ കഴിയുക..സിക്കുമതത്തിൽ ഗുരുദ്വാരയിൽ വരുന്നവർക്കെല്ലാം ജാതിമതവിശ്വാസവ്യത്യാസങ്ങളില്ലാതെ സൗജന്യമായി ഭക്ഷണം നൽകുന്ന സ്വതന്ത്ര കൂട്ടായ്മയോടെ നടത്തുന്ന അടുക്കളയാണ് ലംഗാർ എന്നു പറയുന്നത്. ലക്ഷകണക്കിന് വരുന്ന ആളുകൾക്ക് ഇടവേള വരാതെ ആഹാരം നൽകുക എന്നത് ശെരിക്കും എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. ഏവർക്കും സ്വീകാര്യമാകുന്നതിനുവേണ്ടി സസ്യാഹാരമേ നൽകാറുള്ളൂ.ആരും പട്ടിണി കിടക്കരുത് എന്ന ഒരേയൊരു ആശയം മാത്രമേ പഞ്ചാബികൾക്കുള്ളു.. പഞ്ചാബികൾ വളരെ സത്ക്കാര മനോഭാവം ഉള്ളവരും യഥാർത്ഥ മനുഷ്യ സ്നേഹം പ്രകടമാക്കുന്നവരുമാണ്. ശരാശരി ആറടിയോളം ഉയരവുമുണ്ട് എല്ലാവർക്കും. നമ്മൾ ആളുകൾ തിങ്ങി നിറഞ്ഞ ഭാഗങ്ങൾക്കിടയിൽ കൂടി മുന്നോട്ടു നടന്നു, ക്ഷേത്രത്തിനു പുറത്ത് പാദരക്ഷകൾ സൂക്ഷിക്കാനായി പ്രതേക സ്ഥലമുണ്ട്. ചെരുപ്പുകൾ ലോക്കറിൽ ആണ് സൂക്ഷിക്കുന്നത്.. അത് വാങ്ങി വെച്ച ശേഷം ഒരു ടോക്കൺ തരും, തിരിച്ചു വരുമ്പോൾ ടോക്കൺ കാണിച്ച് ചെരുപ്പ് തിരികെയെടുക്കാം. വളരെ പ്രൗഡമായി വേഷം ധരിച്ച ആളുകളാണ് ചെരുപ്പ് വാങ്ങാൻ നില്കുന്നത് എന്നത് ഞങ്ങളെ ആശ്ച്ചര്യപെടുത്തി. ഞാൻ ലോഫർ ഷൂ ആയിരുന്നു ഉപയോഗിച്ചിരുന്നത് മഴ പെയ്ത ചെളിയിലൂടെ നടന്നകൊണ്ട് അതിൽ മുഴുവൻ ചെളി ആയിട്ടുണ്ട് ..ഞാൻ അത് കുറച്ചൊക്കെ വൃത്തി ആക്കാൻ ശ്രമിച്ചിട്ട് പരാജയപെട്ടുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് കുറച്ചു മടിയോടെ ആ ചെരുപ്പ് അവർക്ക് നേരെ നീട്ടി. അദ്ദേഹം അത് വെറും കൈകൾ കൊണ്ട് വാങ്ങിയത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്..ടോക്കണും വാങ്ങി ക്ഷേത്രത്തിന് അകത്തേക്ക്.. മുന്നിൽ ചെറിയ ഒരു കനാല്‍ പോലെ ഉണ്ട്, അതിൽ വെള്ളവും.. അതിലൂടെ ചവിട്ടി മാത്രമേ എല്ലാർക്കും പോകാനും കഴിയൂ… കാലുകൾ വൃത്തി ആക്കാനുള്ള വളരെ ലളിതമായ മാർഗം.. പ്രവേശന കവാടത്തിലേക്ക് കുറച്ച് ദൂരം കൂടിയുണ്ട് അങ്ങോട്ട് നടക്കുമ്പോൾ എല്ലാരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു…സിഖ് കാർ മതപരമായ വിശ്വാസങ്ങളിൽ കുറച്ച് കർശനമാണ് … എന്നാലും ജാതിമത ഭേദമന്യേ കയറാവുന്ന അവിടെ എല്ലാരും ഞങ്ങളെ അങ്ങനെ നോക്കുന്ന എന്തിനാണ് എന്ന് മനസിലായില്ല… അടുത്ത കനാല്ന്റെ ഭാഗം എത്തിയപ്പോഴാണ് കാര്യം മനസിലായത് ..തല മുടി മറച്ചേ അതിനുള്ളിൽ പ്രവേശിക്കാവു.. അത് ചെയ്യാത്തതിനാലാണ് ബാക്കിയുള്ളവർ തുറിച്ചു നോക്കിയതും.. ഉടനെ അവിടെ ഉണ്ടായിരുന്ന തുണി എടുത്തു തല മറച്ചു.. ശേഷം ഒരു വലിയ കവാടം കടന്നപ്പോൾ ഒരു തടാകത്തിന് നടുവിൽ സ്വർണത്തിൽ പൂശിയ സുവർണ ക്ഷേത്രം ദൃശ്യമായി തുടങ്ങിയിരുന്നു… പടികൾ ഇറങ്ങി താഴേക്ക്… അതി വിശാലമായ മുഴുവൻ മാർബിൾ കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന തറയും വിശ്രമ സ്ഥലങ്ങളും പ്രതേക തരം കുളിമുറികളും..ഒരു നടുമുറ്റമുള്ള വീടിന്റെ വരാന്തപോലെ സമചതുരത്തിൽ നിർമിച്ചിട്ടുള്ള നടപ്പാതയും സരോവർ എന്ന വിളിപ്പേരുള്ള പുണ്യ തടാകത്തിനു കൃത്യം നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന സുവർണ ക്ഷേത്രവും.. രാം ദാസ്സിന്റെ മകനായ ഗുരു അർജൻ ദേവ് പണികഴിപ്പിച്ച ക്ഷേത്രത്തിനു നാല് വാതിലുകളാണുള്ളത്. ഇത് ജാതി,മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നതിന് അർത്ഥം വെക്കുന്നു… ആ പുണ്യ തടാകത്തിനു മുന്നിൽ കാല് നീട്ടി ഇരിക്കാനോ കാൽ കഴുകാനോ പാടില്ല… ചില ആചാര മുറകളോടെ സ്നാനം ചെയ്യാൻ സാധിക്കും..ഗോൾഡൻ ടെംപിളിന്റെ ഫോട്ടോ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്, ഇത് ലംഘിക്കുന്നവർക്ക് താക്കീത് നൽകാനായി ഒരുകൂട്ടം സിഖ് സുരക്ഷ ഭടൻമാരെ നിയമിച്ചിട്ടുണ്ട്..അവർക്ക് പരമ്പരാഗത വേഷമാണ്.. പ്രതേകതരം വാളും കത്തിയും കുന്തവുമൊക്കെ ഏന്തി രാജഭടൻമാരെ പോലെ അവർ അവിടെ ഉലാത്തുന്നു…
ഒരുപാട് തവണ ഭാഗികമായി പൊളിഞ്ഞു പോയ ക്ഷേത്രം..മുഗൾ രാജാക്കമാരുടെ ആക്രമണം മുതൽ ഇന്ദിര ഗാന്ധിയുടെ വധത്തിനു വഴിവെച്ച ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വരെയുള്ള ചരിത്രമുണ്ട് സുവർണ ക്ഷേത്രത്തിനു .ഒരുപാട് ബോളിവുഡ് സിനിമകളിലും ഗോൾഡൻ ടെംപിൾ പ്രത്യക്ഷ പെട്ടിട്ടുണ്ട്… ഇപ്പോൾ കാണുന്ന ഗുരുദ്വാര 1700 കാലഘട്ടത്തിൽ ജസ്സ സിംഗ് അഹലുവാലിയ പുതുക്കിപണിതതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ രാജ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കുകയും, അദ്ദേഹത്തിന്റെ ആംഗലേയ നാമം വ്യക്തമാക്കുന്നത് പോലെ ഹർമന്ദർ സാഹിബിന്റെ മുകൾ നിലകളിൽ സ്വർണം പൂശുകയും ചെയ്തു.അതായത് മിനാരകളിൽ മാത്രം 500 kg യിൽ അധികം വരുന്ന സ്വർണം..അമൃത്സർ നഗരത്തിൽ നിന്നും പാകിസ്ഥാൻ വാഗാ ബോർഡർ വരെ വെറും 30 km മാത്രമാണ് ദൂരം..അതുകൊണ്ട് തന്നെ ഉള്ളിൽ ഒരു ഭയവും ഉണ്ടായിരുന്നു… 1980 കാലഘട്ടത്തിൽ സിഖ് കാർക്ക് മാത്രമായി ഒരു രാഷ്ട്രം എന്ന ആശയവുമായി ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകൻ യുവാക്കളെ ഒരുപാട് സ്വാധീനിച്ചു ആ പ്രസ്ഥാനത്തിന് ഖാലിസ്ഥാൻ എന്ന പേരും നൽകി.ഭിന്ദ്രന്‍ വാലാ ഹിന്ദുക്കളെയും ആധുനിക വാദികളായ സിഖുകാരേയും ഒരു പോലെ വെറുത്തു. ഭിന്ദ്രന്‍വാല സുവര്‍ണ ക്ഷേത്രത്തില്‍ ഒരു ഭാഗത്ത് കൂട്ടരുമായി താമസവും ഉറപ്പിച്ചു.
രാജ്യത്തെ വിഭജിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിച്ച ഭിന്ദ്രന്‍ വാലായെയും കൂട്ടരെയും വധിക്കാൻ ഇന്ദിര ഗാന്ധി ഉത്തരവിട്ടതാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ… പക്ഷെ ആ പട്ടാള ഓപ്പറേഷനിൽ ക്ഷേത്രത്തിനുള്ളിലെ നിരപരാധികൾ ആയ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും സിഖ് കാർ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ തകർക്കപ്പെടുകയും ചെയ്തത് സിഖ് കാർക്ക് ഇന്ദിര ഗാന്ധിയിടുള്ള കടുത്ത വിദ്വേഷത്തിന് കാരണമായി… അതിനാൽ തന്നെ സിഖ് കാരായ സ്വന്തം ബോഡി ഗാർഡ്സിൻറെ കൈകളാൽ തന്നെ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതും….
സ്പീക്കറിൽ നിന്നുമുള്ള ഗസൽ പാട്ടും ആസ്വദിച്ച് ക്ഷേത്രത്തിന്റെ അടുത്തേക്ക് ഞങ്ങൾ നീങ്ങി… ഉള്ളിലേക്ക് പ്രവേശിക്കാൻ ഒട്ടനവധി ആളുകൾ ഉള്ളത് കൊണ്ടും സുരക്ഷ പരിശോധനകൾ ഉള്ളത് കൊണ്ടും ക്യുവിൽ നിൽക്കണം.അവസാനം ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു..ഉൾവശങ്ങളിലെ ചുമരുകളും സ്വർണം തകിടുകൾ പാകിയവ തന്നെയായിരുന്നു… സ്പീക്കറിലൂടെ നമ്മൾ ആസ്വദിച്ചു വന്ന ഗസൽ പാട്ടുകൾ റെക്കോർഡിങ് അല്ലായിരുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു…എല്ലാ സംഗീത ഉപകരണങ്ങളോടും കൂടെ യഥാർത്ഥ ഗസലിന്റെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് മതിമറന്നു ആസ്വദിച്ചു പാടുന്ന വ്യക്തികളെയും നോക്കി ഞങ്ങൾ മുകളിലത്തെ നിലയിലേക്ക് നീങ്ങി.അവിടെ വെച്ചിരുന്ന ഒരു ഗ്രന്ഥം കണ്ടു ഞാൻ വാ പൊളിച്ചു പോയി… ഒരു വലിയ കട്ടിലിന്റെ വലുപ്പമുണ്ട് അതിനു..അതൊരാൾ ഇരുന്നു വായിക്കുന്നുമുണ്ട് … അതെന്താണ് എന്ന് വെക്തമായി മനസിലാക്കാൻ സാധിച്ചിട്ടില്ല..ചിലപ്പോൾ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് ആവാൻ സാധ്യത ഉണ്ട്.. ഏറ്റവും മുകളിൽ പുറന്തിണ്ണ യിൽ നിന്നും ക്ഷേത്രത്തിന് ചുറ്റുപാടുമുള്ള കാഴ്ചകൾ വെക്തമായി കാണാൻ സാധിക്കും.. ചുറ്റാകെയുള്ള കെട്ടിടങ്ങൾ പലതും രാജഭരണ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്ന പോലെ തോന്നിക്കും…സുവർണ ക്ഷേത്രം ഏറ്റവും മനോഹരം ആകുന്നത് രാത്രിയിലാണ് അതുകൊണ്ട് തന്നെ ആ കാഴ്ച കാണാൻ കാത്തിരുന്നു…അവിടെ നിന്നിറങ്ങി ഭക്ഷണം കഴിക്കാൻ ലഗാറിലേക്ക് നടന്നു..ചെല്ലുമ്പോൾ തന്നെ രണ്ട് പാത്രങ്ങളും ഒരു സ്പൂണും കൈയിൽ കിട്ടും.. ഒന്ന് ആഹാരം കഴിക്കാനും.. മറ്റൊന്ന് വെള്ളം കുടിക്കാനും….അതും വാങ്ങി നേരെ ഹാളിലേൽക്കു… എത്രപേർ വന്നാലും ഇരുന്നു ഭക്ഷണം കഴിക്കാൻ കഴയുന്ന അത്രയും വലിയ ഹാൾ.. എല്ലാവരും തുല്യർ… അത്കൊണ്ട് തന്നെ തറയിൽ ഇരിക്കണം… ആഹാരം ചപ്പാത്തി.. ചോറ്… പരിപ്പ് പോലുള്ള കറി… പിന്നെ പായസം പോലെ വേറെ എന്തോ ഒന്ന്.. ചപ്പാത്തി രണ്ടു കൈയും നീട്ടി ഉയർത്തി വെക്കുമ്പോൾ കൈലേക്ക് ഇട്ട് തരികയാണ് ചെയുന്നത്…അല്ലാതെ കൈ നീട്ടിയാൽ തരില്ല..കഴിക്കാതെ ബാക്കി വെക്കുന്നവരെയും അവർ തുറിച്ചു നോക്കാറുണ്ട്…നല്ല ഭക്ഷണം ആണ് അവിടന്ന് ലഭിക്കുന്നത്… കഴിച്ച് കഴിഞ്ഞ് ഓരോ പാത്രവും സ്പൂണും വെവ്വേറെ ആളുകളെ ഏൽപ്പിക്കണം…അതും കഴിഞ്ഞു നമ്മൾ വീണ്ടും പടികൾ ഇറങ്ങി മാർബിൾ തറയുടെ ഒരു ഭാഗത്ത് വിശ്രമിച്ചു..ഒരുപാട് ആളുകൾക്ക് വിശ്രമിക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമുള്ള ലോക്കർ സംവിധാനങ്ങളും എത്ര ദിവസം വേണോ തികച്ചും സൗജന്യമായി തന്നെ തങ്ങാനുള്ള സൗകര്യം ലഭ്യമാണ്..മുതിർന്ന സിഖ് കാരുടെ മുന്നിൽ കാണുന്നിടത്തു വെച്ച് തന്നെ സുജൂദ് ചെയ്യുന്ന ആചാരം അവർ പാലിക്കുന്നുണ്ട്… രാത്രിയിൽ ക്ഷേത്രത്തിലേക്കുള്ള ആളുകൾ നന്നായി കൂടുന്നുണ്ടായിരുന്നു … കൃത്യമ ലൈറ്റുകളുടെ പ്രകാശം കൊണ്ട് ക്ഷേത്രത്തിന്റെ സ്വർണ്ണ തകിടുകൾ കണ്ണ് മഞ്ഞളിക്കുന്ന ശോഭയിൽ തിളങ്ങി കൊണ്ടിരിക്കുന്നു.. രാത്രി വളരെ വൈകിയും അവിടെ ചിലവഴിച്ച ശേഷം റൂം എടുത്തത് അബദ്ധം ആയല്ലോ എന്ന ചിന്തയിൽ ചെരുപ്പ് തിരികെ വാങ്ങാൻ ചെന്ന എന്നെ അവർ വീണ്ടും ഞെട്ടിച്ചുകളഞ്ഞു… ചെരുപ്പ് വൃത്തിയാക്കി പോളിഷ് ചെയ്ത് പുതു പുത്തൻ എന്നപോലെ തിരികെ തന്നിരിക്കുന്നു..
തിരികെ റൂമിലേക്ക് നടക്കുമ്പോഴും മനസ് അവിടെ തന്നെയായിരുന്നു…അവരുടെ സ്നേഹം… അവർ തരുന്ന ഭക്ഷണം… നമുക്ക് കിട്ടുന്ന ബഹുമാനം…. പരിചരണം… പരിഗണന…ഇത്രയും മതി ശെരിക്കുമുള്ള സ്വർണം ആ ക്ഷേത്രത്തിനു പുറത്തല്ല… മറിച്ചു അവിടെയുള്ള ആളുകളുടെ മനസിലാണ് എന്ന് തിരിച്ചറിയാൻ.. ഇത് മതിയാകും ഗോൾഡൻ ടെംപിളിനെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാക്കാൻ…
നന്ദി
No Comments