പോയ വർഷമാണ് എന്റെ ജീവതത്തിലൂടെ കടന്നുപോയ ഏറ്റവും മനോഹരമായ വർഷം. കുറെ യാത്രകൾ ചെയ്തു. പുതിയ പുതിയ സ്ഥലങ്ങൾ കണ്ടു. പുതിയ പുതിയ ആളുകളെ പരിചയപ്പെട്ടു. ഭക്ഷണം കഴിച്ചു. അങ്ങനെ ഒത്തിരി ഒത്തിരി ആഗ്രഹങ്ങൾ കൈയ്യിലൊതുക്കിയ വർഷം. 2019 അതിലും മികച്ചതാക്കാൻ പല പല പദ്ധതിയും മനസ്സിൽ കണ്ടു. പന്ത്രണ്ട് മാസം. പന്ത്രണ്ട് വ്യത്യസ്ഥ സ്ഥലങ്ങൾ. പന്ത്രണ്ട് സൂര്യോദയങ്ങൾ എന്നൊരു ആശയം മുൻനിർത്തി “പന്ത്രണ്ട് ” എന്നപേരിൽ തന്നെയൊരു യാത്രവിവരണ പരമ്പര തയ്യാറാക്കണം. കഴിഞ്ഞ വർഷം ഓടി തീർത്ത ഇരുപത്തി അയ്യായിരം കിലോമീറ്റർ മറികടന്ന് ഈ കൊല്ലം ഒരു മുപ്പതിനായിരം കിലോമീറ്ററെങ്കിലും തികയ്ക്കണം. ഇതിനു പുറമെ ഗോ പ്രോ വാങ്ങി വീഡിയോ ലോഗും ചെയ്തു തുടങ്ങണം. എടുത്താൽ പൊങ്ങാത്ത ആഗ്രഹങ്ങളും നെഞ്ചിലേറ്റി 2019ലെ ആദ്യ യാത്ര പോണ്ടിച്ചേരിയിൽ നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ ജനുവരി പത്തൊൻപതിനു തുടക്കം കുറിച്ചു. ലക്ഷ്യം ഫോർട്ട് കൊച്ചിയിൽ നിന്ന് സൂര്യോദയം കണ്ടിട്ട് ബിനാലെയിൽ പങ്കെടുക്കണം. കുറെ ചിത്രങ്ങൾ എടുക്കണം. സ്വപ്നതുല്യമായ തുടക്കമെന്നു പറഞ്ഞ് പരമ്പര എഴുതി തുടങ്ങണം. നിർഭാഗ്യവശാൽ ജനുവരി ഇരുപതിന് മൂവാറ്റുപുഴയിൽ ഒരു അപകടത്തിൽപെട്ട് എല്ലാ കണക്ക് കൂട്ടലുകളും തകിടം മറിഞ്ഞു. മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ near total ACL ligament tear plus lateral meniscus injury. നടക്കുമ്പോൾ കാൽമുട്ട് തെന്നി മാറും. കാലിന്റെ ബലം നന്നെ കുറഞ്ഞു. നിൽക്കാനോ, നടക്കനോ നല്ല ബുദ്ധിമുട്ട്. മുട്ട് തെന്നുമ്പോൾ സ്വർഗ്ഗം കാണുന്ന വേദനയൊക്കെയാണ് നേരിട്ട പ്രധാന പ്രശ്നങ്ങൾ. വിധിയുടെ വിളയാട്ടം എന്നൊക്കെ പറഞ്ഞാൽ മതിലോ…
ശേഷം രണ്ട് മാസം കട്ടിലിൽ തന്നെ കഴിച്ചുകൂട്ടി. എൺപത്തിനാല് കിലോഗ്രാം ഭാരമുണ്ടായിരുന്ന ഞാനങ്ങനെ ഇരുന്ന ഇരുപ്പിൽ തടിച്ച് കൊഴുത്ത് തൊണ്ണൂറ്റിരണ്ട് കിലോയിലെത്തി. ഇപ്പോൾ ഫിസിയോതെറാപ്പി ചെയ്ത് ചെയ്ത് കാല് ശെരിയാക്കിയെടുത്തു. എങ്കിലും കാലിന് പഴയ ബലമൊന്നുമില്ല. പൂർണ്ണമായി സുഖം പ്രാപിക്കാൻ ഒരു ശസ്ത്രക്രിയ കൂടി ചെയ്യെണ്ടതായിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് ഈ ശസ്ത്രക്രിയക്ക് മിക്ക ആശുപത്രികളിലും ഈടാക്കുന്നത്. ഓർക്കുക, വീഴുമ്പോഴും റൈഡിങ്ങ് ജാക്കറ്റും, ഹെൽമെറ്റും, gloves, kneepad ഒക്കെ ധരിച്ചിട്ടും എനിക്ക് ഈ ഗതി വന്നു. ഇതിന് കാരണമെന്താണ് ??. നിലവാരമില്ലാത്ത kneepad ആണ് ഉപയോഗിച്ചിരുന്നത്. ഒരു പക്ഷെ നല്ലൊരു kneepad അന്ന് വാങ്ങിയിരുന്നെങ്കിൽ ഇന്നെന്റെ മുട്ടിന് ഒന്നും സംഭവിക്കില്ലാന്നൊരു തോന്നൽ അതോടെ മനസ്സിൽ കടന്ന് കൂടി. ഇത് വായിക്കുന്ന റൈഡിങ്ങ് സുഹൃത്തുക്കൾ ശ്രദ്ധിക്കുക മൂവായിരം രൂപയുടെ kneepad ആർഭാടമല്ലേ, എണ്ണൂറ് രൂപയുടെ പോരെന്ന് ചിന്തിച്ച ഞാനിന്ന് മുടക്കാൻ പോകുന്നത് ഒരു ലക്ഷം രൂപ. നിങ്ങളും ഇതെ ചിന്താഗതിയിലാണ് മുന്നോട്ട് പോവുന്നതെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
മൂക്കിന് വളവ് ഉള്ളതിനാൽ ശ്വാസതടസം നേരിടുന്നകൊണ്ട് half face helmet ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. രണ്ട് മാസം കിടന്ന കിടപ്പ് കട്ടിലിൽ തന്നെ കിടന്നപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു. ഏതായാലും റൈഡിങ്ങ് നിർത്താൻ ഉദ്ദേശിക്കുന്നില്ല. കാണാൻ പറ്റുന്നത്ര സ്ഥലങ്ങൾ ഈ ജീവിതത്തിൽ കണ്ട് തീർക്കാൻ തന്നെയാണ് തീരുമാനം. എന്നാൽ പിന്നെ സുരക്ഷയുടെ കാര്യത്തിൽ ഇനിയൊരു വിട്ടുവീഴ്ച്ചയുമില്ല. അങ്ങനെ LS2 ന്റെ തന്നെ ഒരു full face helmet വാങ്ങി. പണം പോയി പവർ വരട്ടെ. പിന്നല്ല…
ഇപ്പോൾ Ankle protection വരെ നൽകുന്ന quechuaയുടെ shoe ഉണ്ട്, level one protection category ൽ വരുന്ന foxന്റ knee guard ഉണ്ട്, knuckles വരെ protection തരുന്ന Royal Enfieldന്റെ hand gloves ഉണ്ട്, LS2ന്റെ three layer chest, spine and hands protection നൽകുന്ന riding jacket ഉണ്ട്, ls2 full face anti glare double wisor helmet ഉണ്ട്.
പറഞ്ഞ് വന്നത് കുറച്ചധികം നാളത്തെ വിശ്രമത്തിനു ശേഷം പുതിയ സ്ഥലങ്ങൾ കാണാനും പുതിയ യാത്ര വിവരണങ്ങൾ എഴുതാനും ദീപക്ക് സുകുമാരൻ എത്തിയിരിക്കുകയാണ്. എല്ലാരും ആഹ്ലാദിപ്പിൻ. ഡെൻസ് കെളി മെക്കളെ…
NB : പടച്ചട്ട ധരിച്ചവർക്ക് പരുക്ക് പറ്റാതിരുന്നിട്ടില്ല..
പക്ഷെ പറ്റുന്ന പരുക്ക് ഒരു പരിധി വരെ കുറക്കാൻ സാധിച്ചിട്ടുണ്ട്….
(I met with a bike accident on January 20th. My right knee got injured and after that i was in my bed for a long two months doing nothing. I thought something big to execute in this year. And every plans got shattered. I was using a low quality kneepad. Thus i came to the conclusion that from here onwards i wont compromise in any of the safety measures that has to be taken along with riding. So i bought a new set of riding gears to explore and travel).
No Comments